Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ മേയ് 28 മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും

Published on 21 May, 2020
സ്വിറ്റ്‌സര്‍ലന്‍ഡില്‍ മേയ് 28 മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും
സൂറിച്ച്: എല്ലാ വിശ്വാസസമൂഹങ്ങള്‍ക്കും മെയ് 28 മുതല്‍ പൊതുമതജീവിതവും, ആഘോഷങ്ങളും ആരാധനാലയങ്ങളില്‍ പുനരാരംഭിക്കാന്‍ സ്വിസ് സര്‍ക്കാര്‍ അനുമതി നല്‍കി. ഇതനുസരിച്ചു കൂട്ടം ചേര്‍ന്നുള്ള പ്രാര്‍ഥനകള്‍, വിവാഹങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാവിധ ചടങ്ങുകളും സാദ്ധ്യമാണ്. ലോക്ഡൗണിലെ അടുത്ത ഇളവുകള്‍ ജൂണ്‍ എട്ടിന് വരുന്നതിനു മുമ്പേതന്നെ മതസ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.

മതപരമായ ഒത്തുചേരലുകള്‍ സംഘടിപ്പിക്കുന്നവര്‍, പങ്കെടുക്കുന്നവരുടെ പേരും ടെലിഫോണ്‍ നമ്പറും ഉള്‍പ്പെട്ട പട്ടിക തയാറാക്കിയിരിക്കേണ്ടതാണ്. ആരാധനയില്‍ പങ്കെടുത്തവര്‍ ആരെങ്കിലും പിന്നീട് രോഗബാധിതരാണെന്ന് വന്നാല്‍, ഈ ലിസ്റ്റ് അധികൃതര്‍ക്ക് കൈമാറേണ്ടതുണ്ട്. 14 ദിവസ്സം വരെ ഈ പട്ടിക സൂക്ഷിച്ചിരിക്കണം. കൊറോണ പ്രതിരോധ നടപടികള്‍ പാലിച്ചുള്ളതായിരിക്കണം ചടങ്ങുകള്‍ എന്നും സംഘാടകര്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്.

ജൂണ്‍ എട്ടിന് സ്വിസ്സിലെ പ്രദര്‍ശനശാലകള്‍, പ്രഫഷണല്‍ സ്‌പോര്‍ട്‌സ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മ്യുസിയങ്ങള്‍, മൗണ്ടന്‍ ട്രാന്‍സ്‌പോര്‍ട് തുടങ്ങിയവ വീണ്ടും ആരംഭിക്കും. അഞ്ചു പേരില്‍ കൂടുതല്‍ ഒത്തു ചേരുന്നതിനും അന്നുമുതല്‍ അനുമതിയുള്ളത്. എങ്കിലും ആയിരം പേരില്‍ കൂടുതലുള്ള സമ്മേളനങ്ങള്‍ക്ക് ഓഗസ്റ്റ് അവസാനം വരെ നിരോധനമുണ്ട്.

പുതിയ കൊറോണ രോഗികളുടെ പ്രതിദിന എണ്ണം ആഴ്ചകളായി സ്വിസ്സില്‍ 50 ല്‍ താഴെയാണ്. കോവിഡ് പ്രതിരോധത്തിനായുള്ള കൊറോണ ആപ്പ് അടുത്ത ദിവസങ്ങളില്‍ പ്രാബല്യത്തിലാകുമെന്നും അധികൃതര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക