Image

യുകെയില്‍ മരണം 35,704, സ്കൂള്‍ തുറക്കലിനെതിരേ പ്രതിഷേധം

Published on 21 May, 2020
യുകെയില്‍ മരണം 35,704, സ്കൂള്‍ തുറക്കലിനെതിരേ പ്രതിഷേധം
ലണ്ടന്‍: യുകെയില്‍ മരണം 35,704 കഴിഞ്ഞു. ഇംഗ്ലണ്ടില്‍ ജൂണ്‍ ആദ്യവാരം സ്കൂളുകള്‍ ഭാഗികമായി തുറക്കുന്നതിനെതിരെ അധ്യാപക യൂണിയനു പിന്നാലെ നിരവധി പ്രാദേശിക കൗണ്‍സിലുകളും രംഗത്തെത്തി. 11 കൗണ്‍സിലുകളാണ് ഇതിനോടകം ശക്തമായ എതിര്‍പ്പറിയിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സാമൂഹിക അകലത്തിന്റെ ചട്ടങ്ങള്‍ പാലിച്ചും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയും സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുക പ്രായോഗികമല്ലെന്നാണ് അധ്യാപകരുടെ പരാതി.

ഇതുതന്നെയാണു കൗണ്‍സിലുകളും മുന്നോട്ടുവയ്ക്കുന്ന എതിര്‍പ്പ്. ഫ്രാന്‍സില്‍ സ്കൂളുകള്‍ തുറന്ന് ഒരാഴ്ചയ്ക്കകം 70 കുട്ടികള്‍ക്ക് കോവിഡ് രോഗം പിടിപെട്ട വാര്‍ത്ത ചൂണ്ടിക്കാട്ടിയാണു കൗണ്‍സിലുകളും അധ്യാപകരും തങ്ങളുടെ എതിര്‍പ്പിനെ ന്യായീകരിക്കുന്നത്. എന്നാല്‍ സയന്റിഫിക് ആന്‍ഡ് മെഡിക്കല്‍ അഡ്വൈസിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെന്നും ഇതില്‍ മാറ്റമില്ലെന്നുമുള്ള ഉറച്ച നിലപാടാണ് സര്‍ക്കാരിനുള്ളത്.

ജൂണ്‍ ഒന്നുമുതല്‍ ഇംഗ്ലണ്ടില്‍ നഴ്‌സറി, ഒന്നാം ക്ലാസുകളും ആറാം ക്ലാസും തുറക്കുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചിട്ടുള്ളത്. ജിസിഎസ്ഇ, എലെവല്‍സ് ഒന്നാംവര്‍ഷങ്ങളില്‍ പരീക്ഷയുള്‍പ്പെടെയുള്ളവ തീര്‍ക്കാനും ക്ലാസ് അസസ്‌മെന്റിനുമായി ഏതാനും ദിവസങ്ങളില്‍ ജൂണ്‍ അവസാനമോ ജൂലൈയിലോ സ്കൂളുകള്‍ തുറക്കാനും തീരുമാനമുണ്ട്. ബ്രിട്ടനില്‍ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 363 പേരാണ്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 35,704 ആയി.

ഒരാഴ്ച മുമ്പ് ഡറമിലെ ബിഷപ് ഓക്ലന്‍ഡില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളി ഡോക്ടര്‍ പൂര്‍ണിമ നായരുടെ (56)  സംസ്കാരം ഇന്നു നടക്കും. സ്റ്റോക്ക്ടണ്‍ ഓണ്‍ ടീസിലെ ക്രിമറ്റോറിയത്തിലാണ് സംസ്കാരം. കോവിഡ് ബാധിച്ച ഡോ. പൂര്‍ണിമയെ ചികില്‍സിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ക്ഷേമത്തിനായി മകന്‍ വരുണ്‍ സ്വരൂപിക്കുന്ന ഫണ്ടിലേക്ക് നിരവധി പേരാണ് ഇതിനോടകം സംഭാവനകള്‍ നല്‍കിക്കഴിഞ്ഞത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക