Image

കോര്‍ ബിഷപ്പ് ഡോ. കുരിയാക്കോസ് തോട്ടുപുറം പൗരോഹിത്യത്തിന്റെ അര നൂറ്റാണ്ട് നിറവില്‍

ഷേബാലി Published on 21 May, 2020
കോര്‍ ബിഷപ്പ് ഡോ. കുരിയാക്കോസ് തോട്ടുപുറം പൗരോഹിത്യത്തിന്റെ അര നൂറ്റാണ്ട് നിറവില്‍
1969-ൽ പ്രശസ്ത സാഹിത്യ നിരൂപകൻ സി.പി.ശ്രീധരൻ പ്രസിദ്ധീകരിച്ച --ഇന്നത്തെ സാഹിത്യകാരന്മാർ--എന്ന മലയാള സാഹിത്യ നിരൂപണ ഗ്രന്ഥത്തിൽ ഭാവി വാഗ്ദാനമായി ച്രിതീകരിക്കപ്പെട്ട ഒരു പേരുണ്ടായിരുന്നു. തോട്ടുപുറത്ത്‌

കടപ്പാടുകൾ (നോവൽ) പെരുമ്പേപ്പാടവും ശാന്തിയും (നോവൽ), കളരി (ചെറുകഥാ സമാഹാരം) എന്നിവയാണ്‌ അന്ന്‌  തോട്ടുപുറത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ. 12-)ം വയസിൽ കുട്ടികളുടെ ദീപികയിലൂടെ കവിതയെഴുതിത്തുടങ്ങിയ  തോട്ടുപുറത്ത്‌ പിന്നീട്‌ ആനുകല പ്രസിദ്ധീകരണങ്ങളിലൂടെ ചെറുകഥകളും കവിതയുമൊക്കെ എഴുതി ശ്രദ്ധേയനായ മലയാളി പ്രതിഭ. അക്കാലത്തെ മലയാള സാഹിത്യാസ്വാദകർക്കിടയിൽ സുപരിചിതനായ ഈ കഥാകൃത്തിന്‌ വയസന്ന്‌ 25. സി.പി.യുടെ പുസ്തകം ഇറങ്ങുമ്പോൾ തോട്ടുപുറത്തെന്ന ഈ കഥാകാരൻ മലങ്കര സഭയിലെ ഒരു ശെമ്മശനായിക്കഴിഞ്ഞിരുന്നു വായനക്കാരറിയാതെ.

ദൈവവിളി ഉൾക്കൊണ്ട്‌ സെമിനാരി പഠനം പൂർത്തീകരിച്ചെങ്കിലും പൗരോഹിത്യത്തിലേക്ക്‌ കടക്കാതെ എഴുത്തുകാരന്റെ ത്രാസിൽ തൂങ്ങിയാടിയ തോട്ടുപുറത്ത്‌ പല പ്രമുഖ പ്രസീദ്ധീകരണങ്ങളുടെയും പത്രാധിപ സ്ഥാനം സ്വീകരിച്ച്‌ തൊഴിലിടാമാക്കി. പെരുമകേട്ട പത്തനാപുരം തോമ്മാ മാർ ദിവന്നാസ്യോസ്‌ പട്ടം കൊടുക്കാനായി കൂടെക്കൂട്ടിയെങ്കിലും വഴുതി മാറിനടന്ന തോട്ടുപുറത്തെന്ന കഥാകാരന്റെ അന്ത്യം കുറിച്ച്‌ അയാളെ ദൈവവും വിട്ടില്ല. തോട്ടുപുറം തളർവാദ രോഗിയായി. രോഗക്കിടക്കയിൽ വച്ച്‌ രോഗം മാറിയാൽ ഇനി ഒളിച്ചോടില്ല..ദൈവത്തിനു വാക്കു കൊടുത്തു..അത്ഭുതമെന്നു പറയട്ടെ തോട്ടുപുറത്ത്‌ സുഖം പ്രാപിച്ചു. ആ സംഭവം കേരളത്തിലെ ഒരു സാഹിത്യകാരന്റെ അസ്തമയവും ഒരു പുരോഹിതന്റെ ഉദയവുമായി. 23-)ം വയസിലാണ്‌ മലങ്കര സഭയുടെ ശെമ്മാശനായത്‌. ആ ശെമ്മാശനാണ്‌ കുര്യൻ തോട്ടുപുറം. ഇന്ന്‌ മലങ്കര സഭ കണ്ട ലോകപ്രശസ്തരായ ഡോ.പൗലോസ്‌ മാർ ഗ്രിഗോറിയോസ്‌, ഫാ.ഡോ.വി.സി.ശമുവേൽ ഇവർക്കൊപ്പം കിടപിടിക്കുന്ന ദൈവശാസ്തജ്ഞനും, വാഗ്മിയും, ചിന്തകനും എഴുത്തുകാരനുമായ ഡോ. കുര്യാക്കോസ്‌ തോട്ടുപുറം കോർ എപ്പിസ്കോപ്പാ, ചിക്കഗോ.

1987-ൽ അമേരിക്കയിൽ അദ്ദേഹത്തിന്റെ വീട്ടിൽ ഒരാഴചക്കാലം കഴിഞ്ഞപ്പോൾ മുതൽ ആരംഭിച്ച ഗുരു-ശിഷ്യ ബന്ധമാണ്‌ ഈ എഴുത്തുകാരന്‌ ഡോ.കുര്യാക്കോസ്‌ തോട്ടുപുറവുമായുള്ളത്‌. മലങ്കരയുടെ ഒരു വലിയമൽപ്പാൻ. സഭയുടെ വിശ്വാസ, ദൈവ ശാസ്ത്ര, ആരാധനാ അറിവുകൾക്കു മുന്നിൽ ഒരു വിസ്മയത്തോടെ മാത്രമെ നമുക്കു  നോക്കിക്കാണാനാവൂ ഈ മലങ്കരയുടെ വലിയ മൽപ്പാനെ. 2002-ൽ അമേരിക്കയിൽ ആരംഭിച്ച ഓർത്തഡോക്സ്‌ ഹെറാൾഡ്‌ ഓൺലൈൻ പ്രസിദ്ധീകരണത്തിന്റെ ചീഫ്‌ എഡിറ്ററായി  സേവനകാലമെല്ലാം അദ്ദേഹത്തിന്റെ വായനക്കാർ ലോകമെമ്പാടുമുള്ള ഓർത്തഡോക്സ്‌ സഭകളിലെ വൈദികരും ബിഷപ്പുമാരും ആയിരുന്നു എന്നത്‌ എന്നെ നേരിട്ട്‌ അത്ഭുതപ്പെടുത്തിയിരുന്നു. മലങ്കര സഭയൊഴികെ എല്ലാ ഓർത്തഡോക്സ്‌ സഭകളുടെയും  ഡബ്ള്യു.സി.സിയുടെയും ഔദ്യോഗിക വെബ്സൈറ്റുകളെല്ലാം തന്നെ ഹെറാൾഡിന്റെ ലിങ്ക്‌ പ്രമുഖ സ്ഥാനത്ത് ചേർത്തിരുന്നത്‌ ഇദ്ദേഹത്തിന്റെ പത്രാധിപത്യം ഒന്നുകൊണ്ടു മാത്രമായിരുന്നു. 2017-ൽ ഹെറാൾഡ്‌ നിർത്തിയപ്പോൾ അത്‌ തുടരാൻ കഴിയില്ലേ എന്നു ചോദിച്ചതും ഇതര ഓർത്തഡോക്സ്‌ സഭകളാണ്‌. അദ്ദേഹത്തിന്റെ വായനക്കാർ ആരായിരുന്നുവെന്ന്‌ സുചിപ്പിക്കാൻ മാത്രമാണിതെഴുതുന്നത്‌.

ചെറുപ്പം മുതൽ സ്വപ്നങ്ങളുടെ രാജകുമാരനായിരുന്നെങ്കിലും പഠനത്തിലും മികവു തെളിയിച്ചുകോണ്ടാണ്‌ കുര്യൻ മുന്നേറിയത്‌. 23-)ം വയസിൽ സഭയുടെ ശെമ്മാശനായപ്പോൾ സെമിനാരി പഠനത്തിനു മുമ്പു തന്നെ ഉന്നത നിലവാരത്തിൽ ബിരുദം കരസ്ഥമാക്കിയിരുന്നു.ഇംഗ്ളണ്ടിലെ ഓക്സ്ഫോർഡ്‌ സർവ്വകലാശാല പഠന  കാലത്ത്‌  രാഷ്ട്രപതി ഡോ. രാധാകൃഷ്ണന്റെ സതീത്ഥ്യൻ കൂടിയായിരുന്ന ഡോ. തോമസ്‌ മാർ ദിവന്നാസ്യോസിന്റെ സെക്രട്ടറിയായാണ്‌ കുര്യൻ ശെമ്മാശന്റെ സഭയിലുള്ള ആദ്യകാല പ്രവർത്തനം.അദ്ദേഹത്തോടൊപ്പമുള്ള കാലയളവ്‌ തുടർ പഠനത്ത്ന്‌ ശെമ്മാശനു പ്രേരകമായി.  അങ്ങനെ തുടർ പഠനത്തിനായി 1971-ൽ അമേരിക്കയിലെ ചിക്കഗോയിലെത്തി ഗുരുവിന്റെ ആശിർവാദത്തോടെ.

സഭ പ്രവർത്തനത്തോടൊപ്പം 1973-ൽ ചിക്കാഗോ മുണ്ടലൈൻ കോളേഗിൽ നിന്നും ഓർത്തഡോക്സ്‌ ആരാധന ഐശ്ചികമായി ദൈവശാസ്ത്രത്തിൽ എം.എ. ബിരുദം കരസ്ഥമാക്കി. പിന്നീടുള്ള 8-വർഷങ്ങൾ സഭാ പ്രവർത്തനവും ഡോക്ടറേറ്റിനുള്ള  പഠനവും ഒരുപോലെ തുടർന്നു. വീട്ടു ചിലവിനും പഠനത്തിനുമായി സെക്യൂരിറ്റി ഗാർഡ്‌ മുതൽ നിരവധി ജോലികൾ നോക്കി പഠനത്തിൽ നിന്നും തെല്ലും പിന്നോക്കം പോകാതെ. 1981-ൽ ഫിലോസഫിയിൽ ലയോളാ സർവ്വകലാശാലയിൽ നിന്നും ഡോടറേറ്റ്‌ നേടി. തുടർന്ന്‌ നിരവധി കോളേജുകളിൽ അധ്യാപകൻ, ഫിലോസഫി പ്രൊഫസർ. 81-ൽ തന്നെ അദ്ദേഹത്തിന്റെ ഗവേഷണ ഗ്രന്ഥം അമേരിക്കയിലും ഇംഗ്ളണ്ടിലും ഒരേസമയത്ത്‌ പ്രസിദ്ധീകരിക്കപ്പെട്ടു. 1987-89 കളിൽ അദ്ദേഹത്തിന്റെ ഗവേഷണ ഗ്രന്ഥത്തോടനുബന്ധമായുള്ള രണ്ടു മികച്ച മികച്ച പഠന ഗ്രന്ഥങ്ങൾ മിഡ്വെസ്റ്റ്‌ ഹിസ്റ്ററി ഒഫ്‌ എഡ്യുക്കേഷൻ സൊസൈറ്റി പ്രസിദ്ധീകരിച്ചു. അക്കാലയളവിൽ അമേരിക്കയിലെയും ഇൻഡ്യയിലെയും  നിരവധി സർവ്വകലാശാലകളിലെയും പ്രഭാഷകനായിരുന്നു.

സത്യ വിശ്വാസത്തിൽ അടിയുറച്ച ജീവിതചര്യ. വിവാഹിതനായ ഒരു സന്ന്യാസവര്യൻ. അറിവിന്റെ അഹന്ത ഇല്ലാത്ത ഒരു സാധാരണ പച്ച മനുഷ്യൻ. ഒന്നേ അദ്ധേഹത്തെ ചൊടിപ്പിക്കാറുള്ളു..സ്വന്ത സഭയിലെ അപഭ്രംശംങ്ങൾ കാണുമ്പോൾ മാത്രം. അതിനെതിരെ ശബ്ദം ഉയർത്താനും അദ്ദേഹം മടിക്കാറുമില്ല. എന്നാൽ ഇതര മതങ്ങളോടുള്ള അദ്ദേഹത്തിന്റെ അദരം നിരവധി സുഹൃത്തുക്കളെയാണ്‌ സമ്മാനിച്ചത്‌. അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച്‌ അറിവില്ലെന്നും പഠിച്ചും പരിശോധിച്ചും പറയാം എന്നു പറയുന്ന ഒരു ശ്രേഷ്ഠാധ്യപകൻ. ഇത്തരമൊരു ഇതിഹാസ പുരുഷനുമായി ഇടപഴകാൻ കഴിഞ്ഞ ഭാഗ്യത്തിലാണ്‌ ഈയുള്ളവൻ

നിരവധി പഠന ഗവേഷണ പുസ്തകങ്ങളുടെയും കർത്താവ്‌, നിരവധി ദൈവ ശാസ്ത്ര ഗ്രന്ഥങ്ങൾ, സഭയുടെ അരാധന ഗ്രന്ഥങ്ങളുടെ ആദ്യകാല വിവർത്തകൻ, പ്രസാധകൻ..ഇവയിലൂടൊക്കെ കടന്നു പോകുന്നവർക്ക്‌ വിസ്മയം വിതറി നടന്നു നീങ്ങുന്നു ഈ ഇതിഹാസ പുരുഷൻ.

ചെറുപ്പകാലത്ത്‌ കുഞുമോൻ എന്ന ചെല്ലപ്പേരിൽ അറിയപ്പെട്ട കുര്യൻ ചെറിയനാട്‌ നക്കോലക്കൽ തോട്ടുപുറത്ത്‌ ചെറിയാൻ -ഏലിയാമ്മ ദമ്പതികളുടെ മകനാണ്‌. കൊല്ലം തേവലക്കര പുതുവീട്ടിൽ-മുളയ്ക്കൽ തരകൻ കുടുംബമാണ്‌ മൂല കുടുംബം. അമ്മയിൽ നിന്നും ഇംഗ്ളീഷിന്റെ ആദ്യാക്ഷരങ്ങളും വേദപഠനവും സ്വീകരിച്ചു വളർന്ന സ്കൂൾ പഠനത്തിലും ഏറെ മുമ്പനായിരുന്നു. സത്യം പറയാനും മുഖത്ത്‌ നോക്കി നേരെ പറയാനും അപ്പനിൽ നിന്നാണ്‌ പഠിച്ചത്‌. ചെറുപ്പത്തിൽ പ്രാർത്ഥനയുടെ നിമന്ത്രണങ്ങൾ കേടു വളർന്ന ഈ ബാലൻ കേരള സാഹിത്യ ലോകമുപേക്ഷിച്ച്‌ ദൈവരാജ്യത്തിന്റെ കാവൽക്കാരനും എഴുത്തുകാരനും ആയത്‌ ദൈവ നിയോഗം.

തന്നെ പഠിപ്പിച്ച അദ്ധ്യാപരും, തനിക്കു ഗുരുകുലമായി മാറിയ പത്തനാപുരം ദയറായും അതിലെ ഡോ. തോമസ്‌ മാർ ദിവന്നാസ്യോസ്‌ മെത്രാപ്പോലീത്തായും, മാതാപിതാക്കളും ഒക്കെ തന്നെ സ്വാധീനിച്ച കഥളൊക്കെ നമുക്കും ഒരു പാഠമാണ്‌.

കോളേജ്‌ വിദ്യാഭ്യാസ കാലത്ത്‌ മെഡിക്കൽ രംഗം കൈവിട്ടുപോയതും, വക്കീലിന്റെ കുപ്പയത്തിലേക്കുള്ള ചുവടുമാറ്റവും, എഴുത്തുകാരന്റെ തലയെടുപ്പും കയ്യൊഴിഞ്ഞു പോയതൊക്കെ ദൈവ വിളിയുടെ ശ്രേഷ്ഠമായ  നിയോഗമെന്ന്‌ ഇപ്പോൾ നമുക്കു പറയാം. 1986-ൽ സഭയുടെ കോർ എപ്പിസ്കോപ്പാ ആയി ഉയർത്തപ്പെട്ടു. സ്ഥാനാരോഹണത്തോടനുബന്ധിച്ചു നടന്ന വിരുന്നു സൽക്കാരണം  ഒരു കത്തോലിക്കാ വിശ്വാസിയുടെ സ്വന്തം ചിലവിലാണ്‌ നടന്നതെന്നോർക്കുമ്പോൾ നമുക്ക്‌ അത്ഭുതം തോന്നും. അന്ന്‌ സ്വീകരണ സമ്മേളനത്തിൽ നിരവധി അമേരിക്കൻ പ്രതിനിധികളാണ്‌ സംബന്ധിച്ചത്‌. അന്ന്‌ സെനറ്റർ അലൻ ജെ. ഡിക്സൺ ഡോ. കുര്യാക്കോസ്‌ തോട്ടുപുറം കോർ എപ്പിസ്കോപ്പാ സംസ്ഥാനത്തിനും സിറ്റിക്കും നല്കിയ വിദ്യാഭ്യാസ രംഗത്തെ സംഭാവനകളെ  പ്രകീർത്തിച്ചാണ്‌ പ്രസംഗം അവസാനിപ്പിച്ചത്‌. ഡോക്ടർ താങ്കൾ ഒരു വിദ്യാഭ്യാസ വിചക്ഷകനും ദൈവശാസ്ത്ര പണ്ഡിതനുമാണ്‌. അങ്ങയെ ഇവിടെ ലഭിച്ചതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. ഇതാണ്‌ അമേരിക്കൻ സമൂഹം ഡോ. തോട്ടുപുറത്തെക്കുറിച്ച്‌ പറയുന്നത്‌.

വോയിസ്‌ ഓഫ്‌ ഓർത്തഡോക്സി ത്രൈ മാസികയുടെ സ്ഥാപനവും പ്രസിദ്ധീകരണവും അനേകം ഇതര ക്രൈസ്തവ സമൂഹത്തിന്‌ പുരാതന ഭാരത സഭയെയും വിശ്വാസത്തെയും പരിചയപ്പെടുത്തി. വോയിസ് ഓഫ് ഓർത്തഡ്ക്സി ഫൗണ്ടേഷൻ വഴി കേരളത്തിനും മറ്റുപല രാജ്യുങ്ങളിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഡോ. കുര്യാക്കോസ് തോട്ടുപുറം കോർ എപ്പിസ്കോപ്പായുടെ നിരവധി ഈടുറ്റ ദൈവശാസ്ത്ര ലേഖനങ്ങളുടെയും കലവറയാണ്‌ വോയിസ് ഓഫ് ഓർത്തഡോക്സി ത്രൈ മാസിക.ലോകപ്രശസ്തരായ ഓർത്തഡോക്സ് ദൈവശാസ്ത്രജ്ഞന്മാരുടെയും ലേഖനങ്ങളും കൊണ്ട് സമ്പുഷ്ടമാണ്‌ ഈ മാസിക.

സ്വന്ത വിശ്വാസത്തെ ബലികഴിക്കാതെ ഇതര ക്രൈസ്തവ വിഭാഗങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഡോ.തോട്ടുപുറം തികഞ്ഞ ഒരു എക്യുമെനിസ്റ്റ് കൂടിയാണ്‌. ചിക്കഗോയിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തി പുതുപ്രവർത്തനങ്ങൾക്ക് കൈ കോർത്തുകൊണ്ടാണ്‌ അദ്ദേഹം ചിക്കാഗോ ക്രൈസ്തവ എക്യുമെനിക്കൽ സംരംഭത്തിനു തുടക്കം കുറിച്ചത്. അര നൂറ്റാണ്ടോളമ്മായി ഇന്നും ആ പ്രസ്ഥാനം അവിടെ സജീവമായി നിലകൊള്ളുന്നു. മലങ്കര സഭയുടെ ചിക്കാഗോയിലെ പള്ളികളുടെ സ്ഥാപകൻ, എകുമെനിക്കൽ പ്രസ്ഥാനത്തിന്റെ ചിക്കാഗോയിലെ ജനയിതാവ്, വിവിധ ഓർത്തഡോക്സ് സഭകളിലെ പ്രധാന വേദികളിലെ മുഖ്യ പ്രഭാഷകൻ എന്നീ നിലകളിൽ അമേരിക്കയിൽ മാത്രമായി അദ്ദേഹം ഒതുങ്ങിയില്ല. 1984-ൽ തുർക്കിയിലെ ഇസ്തമ്പൂളിൽ നടന്ന ലോക സമാധാന സമ്മേളത്തിലും കോറെപ്പിസ്കോപ്പാ ഡോ. കുര്യാക്കോസ് തോട്ടുപുറമായിരൂന്നു മുഖ്യ പ്രഭാഷകൻ. 1992-93-ൽ ഹൂ ഈസ് ഹൂ ഇൻ അമേരിക്കൻ എഡ്യുക്കേഷനിലും 1995-ൽ മിഡ് വെസ്റ്റ്  അമേരിക്കൻ ഹൂ ഈസ് ഹൂ-യിലും ഡോ. തോട്ടുപുറം പരാമർശിക്കപ്പെട്ടിരിക്കുന്നു എന്നത് മലയാളികൾക്ക് അഭിമാനം.

സൂസൻ കൊച്ചമ്മയാണ്‌ സഹധർമ്മിണി. പുരോഹിതനെന്ന നിലയിൽ ഭർതൃ ദൗത്യത്തെക്കുറിച്ച്‌ ബോധ്യമുള്ള ഒരു ഉത്തമ കുടുംബിനി. മക്കൾ മൂന്നു പേർ. ഡോ. ചെറിയാൻ (ഗൈനോക്കോളജിസ്റ്റ്‌), കുര്യൻ (അദ്ധ്യാപകൻ), ഡോ. തിയോഡോർ. മൂന്നു പേരും വിവാഹിതർ.

സാഹിത്യകാരന്റെ വേഷം അഴിച്ചു വച്ച് ദൈവത്തിന്റെ സഭയിലെ പുരോഹിതനായി ശുശ്രൂഷ നിർവ്വഹിച്ചു തുടങ്ങിയിട്ട് മെയ് 20-ന്‌ 50 വർഷം പൂർത്തിയ ഈ വേളയിൽ ഈ വന്ദ്യ പുരോഹിത ശ്രേഷ്ഠന്‌ ഈ ശിഷ്യന്റെ ആദരങ്ങൾ...ആശംസകൾ...പ്രാർത്ഥനകൾ..

---ഷേബാലി
കോര്‍ ബിഷപ്പ് ഡോ. കുരിയാക്കോസ് തോട്ടുപുറം പൗരോഹിത്യത്തിന്റെ അര നൂറ്റാണ്ട് നിറവില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക