Image

വെറുതെ, വീണ്ടും ഒരു കുത്തിക്കുറി..ഒരു കടലക്കഥ : മീര കൃഷ്ണൻകുട്ടി ,ചെന്നൈ..

Published on 21 May, 2020
വെറുതെ,  വീണ്ടും  ഒരു  കുത്തിക്കുറി..ഒരു  കടലക്കഥ : മീര കൃഷ്ണൻകുട്ടി ,ചെന്നൈ..

ഒരു  പിടി ചുണ്ടൽ  കടലമണികൾ  ഞാനും  നനച്ചു വെച്ചു. 
ചോറ് വാർക്കുന്ന അരിപ്പത്തട്ടിൽ.
വേരിറങ്ങാൻ  ഒരുവട്ടചെമ്പ്‌ അടിയിലും  വെച്ചു.  
(വെറുതെ  ..!   ഒരു  ലോക്ക് ഡൌൺ  നേരമ്പോക്കായി! )

ഇടയ്ക്കിടയ്ക്ക് പിന്നീടതിനെ  നനച്ചു  കൊടുത്തു.  ഇടവേളകളിൽ അരുമയോടെ എത്തിനോക്കി . 
 ചെമ്പെടുത്ത് നിഴലിലും വെളിച്ചത്തുമായി മാറ്റിവെച്ചു. 
കടലയുടെ വയർ  ചീർക്കുന്നത്  ഒരു  കൗതുകമായി.
എന്നാൽ.......!  

പിന്നീടതിനോട്  അടുക്കാനാവാത്ത  വിധം ഒരു വല്ലാത്ത  ചീഞ്ഞ നാറ്റം  പടരുന്നതറിഞ്ഞു .  നനയ്ക്കുന്നത്  പോലും  ഒരകലം പാലിച്ചു വേണമെന്ന അവസ്ഥ !  പച്ച പൊടിയുന്നത്  വരെ  അത്  തുടർന്നു. അത്‍ഭുതം ! പച്ചത്തലപ്പുകൾ തലയെടുത്തുപിടിച്ചതോടെ,  ദുർഗന്ധം  പാടെ  നീങ്ങി.  അടുക്കാമെന്നായി  തലോടാമെന്നും! 

ഇത്,  പേറ്റു നോവിന്റെ   വിങ്ങലിന്റെ താങ്ങലിനും,  പുതു പൊടിപ്പുകളുടെ  പരിരക്ഷക്കുമായി ചുണ്ടൽ കടല  സ്വയം  തീർത്ത  പ്രതിരോധമോ ?? 

സൃഷ്ടിക്രിയയുടെ  നേരത്തും, പിന്നീട് പിറവികൾ ഒന്നു  പിടിച്ചുനിൽക്കും വരെയും,  ഏതൊരു ജീവിയും  അനുഭവിക്കുന്ന  പ്രാണവെപ്രാളമാണ് പെട്ടെന്നോർമ്മ  വന്നത്.  പെറ്റുകിടക്കുന്ന  സിംഹമായാലും  പൂച്ചയായാലും  പട്ടിയായാലും എന്തിനു  പറയുന്നു, മുട്ട വിരിയിക്കുന്ന  തള്ളക്കോഴിയായാലും അന്നേരത്തു ആരും അടുക്കാതിരിക്കാൻ  കാട്ടുന്ന  ശൗര്യം,   അതൊരു   സത്യമല്ലേ..!
 പ്രകൃതിയുടെ രസവിലാസാതിശയങ്ങൾ  എത്രയെത്ര,അല്ലെ? 

-- വാൽക്കഷ്ണം....
സർഗാത്മതയുടെ സൃഷ്ടി പ്രക്രിയയിലേർപ്പെടും  നേരം കലാകാരർക്കും ഈ  അസ്വസ്ഥതയുണ്ടാകും എന്ന് , ഒരശരീരി!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക