Image

കേരളാ റൈറ്റേഴ്‌സ് ഫോറം 'ചിത്രം വരയ്ക്കുന്ന മേഘങ്ങള്‍ ' ചര്‍ച്ച ചെയ്തു

ജോസഫ് പൊന്നോലി Published on 21 May, 2020
 കേരളാ റൈറ്റേഴ്‌സ് ഫോറം  'ചിത്രം വരയ്ക്കുന്ന മേഘങ്ങള്‍ ' ചര്‍ച്ച ചെയ്തു
കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ യു.എസ്.എ 2020 മേയ് 17 ഞായറാഴ്ച ടെലി കോണ്‍ഫറന്‍സു വഴി 2020 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച   'ചിത്രം വരയ്ക്കുന്ന മേഘങ്ങള്‍ '' എന്ന പുസ്തകത്തെപ്പറ്റിയുള്ള ചര്‍ച്ച നടത്തി. പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ടെലി കോണ്‍ഫറന്‍സ് നടത്തേങ്ങി വന്ന സാഹചര്യം വിശദീകരിച്ചു.  പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ജോണ്‍ മാത്യു കഥ, കവിത, ലേഖനങ്ങള്‍ എന്നിവയുടെ  ഈ സമാഹാരം പ്രസിദ്ധീകരിക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മാത്യു നെല്ലിക്കുന്ന്, മാത്യു മത്തായി എന്നിവരുടെയും സാഹിത്യകൃതികള്‍ സമ്മാനിച്ച എല്ലാ എഴുത്തുകാരുടെയും യുവമേള  പബ്ലിക്കേഷന്‍സിന്റെയും സേവനങ്ങള്‍ എടുത്തു പറഞ്ഞു.  ദിവംഗതനായ ദേവരാജ് കുറുപ്പിനെ അനുസ്മരിച്ചു കൊണ്ട് താനെഴുതിയ 'പ്രകൃതിയെ സ്‌നേഹിച്ച ദേവരാജ് കാരാവള്ളില്‍ ' എന്ന ലേഖനം അദ്ദേഹം ചൂണ്ടിക്കാട്ടി ഈ പുസ്തകം ദേവരാജ് കുറുപ്പിന്റെ ഒരു അനുസ്മരണയാണ് എന്ന് അഭിപ്രായപ്പെട്ടു. 'കഥാ പാത്ര സങ്കല്പം ' എന്ന തന്റെ ലേഖനത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.  തുടര്‍ന്ന് തെക്കേമുറിയുടെ 'ജാതക രഹസ്യം' എന്ന കഥയുടെ ഹൃസ്വമായ ഒരു നിരൂപണം ജോണ്‍ മാത്യു അവതരിപ്പിച്ചു. 

ചീഫ് എഡിറ്ററും പബ്ലിഷിംഗ് കോ ഓര്‍ഡിനേറ്ററുമായ മാത്യു നെല്ലിക്കുന്ന് ജോണ്‍ മാത്യുവിന്റെ ഭാവനാവൈഭവും സേവനങ്ങളും എടുത്തു കാട്ടി സംസാരിച്ചു. കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ പതിനേഴാമത്തെ ഈ പ്രസിദ്ധീകരണത്തിനു വേണ്ടി സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ 1989 മുതലുള്ള നാള്‍വഴികള്‍ ഇതില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വനജാ നായര്‍, രാജന്‍ വാഴക്കുളം എന്നിവരുടെ  കവിതകള്‍, കാരൂര്‍ സോമന്റെ ലേഖനം, തെക്കേമുറിയുടെ കഥ ഇവയും ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 

എ. സി.ജോര്‍ജ് പുസ്തകത്തെപ്പറ്റിയുള്ള തന്റെ അവലോകനത്തില്‍ ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള കഥകള്‍ ലേഖനങ്ങള്‍ കവിതകള്‍ എന്നിവയിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി. ' വീണ്ടും വിഷുക്കണിയും കൈനീട്ടവും' , 'കണ്ണുനീര്‍ മുത്തുമായി മാവേലി' എന്ന തന്റെ കവിതകളെക്കുറിച്ചും ' അമേരിക്കന്‍ മലയാളികളുടെ വിവിധ ഓണാഘോഷങ്ങള്‍ - ഒരവലോകനം '  എന്ന തന്റെ ലേഖനത്തെക്കുറിച്ചും ചുരുക്കത്തില്‍ അദ്ദേഹം സംസാരിക്കുകയുണ്ടായി. 

ടോം വിരുപ്പന്‍ 'ചെറുകഥ ഒരു ചരിത്ര പഠനം' എന്ന തന്റെ ലേഖനത്തെക്കുറിച്ചു സംസാരിച്ചു.  ബാബു കുരവയ്ക്കല്‍ 'ഗ്യാരി ബ്രൗണ്‍ ' എന്നെ തന്റെ കഥ, മേരി കുരവയ്ക്കലിന്റെ 'നിസ്സഹായത '' എന്ന കഥ എന്നിവയെക്കുറിച്ച് സംസാരിച്ചു. 

ഷാജി പാംസ് ആര്‍ട്ട് ടിങ്കു എഴുതിയ കവിതകളുടെ പശ്ചാത്തലം വിവരിച്ചു ടിങ്കുവിന്റെ My Father's Eyes എന്ന ഹൃദയഭേദകവും മനോഹരവുമായ കവിത വായിക്കുകയുണ്ടായി.  ജോസഫ് പൊന്നോലി  ദേവരാജ് കുറുപ്പിനെക്കുറിച്ചും വാര്‍ദ്ധക്യത്തെപ്പറ്റിയും താനെഴുതിയ ലേഖനങ്ങള്‍,  'സുന്ദരിയായ കാന്‍സര്‍ രോഗി- ഒരു ഫേസ് ബുക്ക് സൗഹൃദത്തിന്റെ കഥ ' എന്ന കഥ  എന്നിവയെക്കുറിച്ചു സംസാരിച്ചു. 

തുടര്‍ന്ന് മാത്യു മത്തായി വെള്ളമറ്റം എഴുതിയ  'ദീനാപ്പിയുടെ പിത്രുത്വം' എന്ന കഥ അദ്ദേഹം തന്നെ വായിക്കുകയുണ്ടായി. 

തുടര്‍ന്നു  നടന്ന ചര്‍ച്ചയില്‍ പുസ്തക നിരൂപണം നടത്തിയവരെക്കൂടാതെ ജോണ്‍ തൊമ്മന്‍, റവ. ഡോ. തോമസ് അമ്പലവേലില്‍, ജോണ്‍ കുന്തറ എന്നിവര്‍ സജീവമായി പങ്കെടുത്തു. ജോസഫ് പൊന്നോലി മോഡറേറ്റര്‍ ആയിരുന്നു.

മാത്യു മത്തായിയുടെ നന്ദി പ്രകാശനം, ഡാ. വൈരമന്റെ ഉപസംഹാരം എന്നിവയോടുകൂടി ടെലികോണ്‍ഫറന്‍സ് സമാപിച്ചു.  പുസ്തകത്തിന്റെ ഇലക്ട്രോണിക്ക് കോപ്പി കേരളാ റ്റൈറ്റേഴ്‌സ് എന്ന ഫേസ് ബുക്ക് ഗ്രൂപ്പില്‍ വായിക്കാവുന്നതാണ്. ലിങ്ക് https://pubhtml5.com/okpw/pbne

 കേരളാ റൈറ്റേഴ്‌സ് ഫോറം  'ചിത്രം വരയ്ക്കുന്ന മേഘങ്ങള്‍ ' ചര്‍ച്ച ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക