Image

രാജ്യദ്രോഹ കേസ്: അമൂല്യ ലിയോണക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍

Published on 20 May, 2020
രാജ്യദ്രോഹ കേസ്: അമൂല്യ ലിയോണക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: പാകിസ്താന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന പേരില്‍ രാജ്യദ്രോഹകേസ് ചുമത്തി അറസ്റ്റ് ചെയ്ത കോളജ് വിദ്യാര്‍ഥിനിയും ആക്ടിവിസ്റ്റുമായ അമൂല്യ ലിയോണ നെറോണക്ക് (19) ജാമ്യം അനുവദിക്കുന്നതിനെ വീണ്ടും എതിര്‍ത്ത് കര്‍ണാടക സര്‍ക്കാര്‍. അമൂല്യ ‘സ്വാധീനമുള്ള വ്യക്തി’യാണെന്നും ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. ഒളിവില്‍ പോവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും അത് വിചാരണ നടക്കുന്ന കേസിനെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയ സര്‍ക്കാര്‍ സബ്മിഷന്‍, അമൂല്യക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു.

അമൂല്യയുടെ മുദ്രാവാക്യം വിളിക്ക് പിന്നാലെ നിരവധി സംഘടനകളും ജനങ്ങളും തെരുവിലിറങ്ങിയത് സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലായെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. കര്‍ണാടക ദലിത് സംഘര്‍ഷ സമിതി, ഹിന്ദു ജനജാഗ്രതി സമിതി തുടങ്ങിയ സംഘടനകള്‍ അമൂല്യക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഫെബ്രുവരി 20ന് ഫ്രീഡം പാര്‍ക്കില്‍ നടന്ന സമരവേദിയില്‍നിന്നാണ് അമൂല്യ ലിയോണയെ പൊലീസ് അറസ്റ്റ് ചെയ്തത്. എ.െഎ.എം.െഎ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പങ്കെടുത്ത ചടങ്ങിനിടെയായിരുന്നു സംഭവം.

മൂന്നു തവണ വേദിയില്‍നിന്ന് ‘പാകിസ്താന്‍ സിന്ദാബാദ്’ എന്ന് വിളിച്ചപ്പോള്‍ ജനങ്ങള്‍ പ്രതിഷേധിച്ച് ബഹളംവെച്ചു. തുടര്‍ന്ന്, ‘ഹിന്ദുസ്ഥാന്‍ സിന്ദാബാദ്’ എന്ന് മൂന്നുവട്ടം മുദ്രാവാക്യം മുഴക്കിയപ്പോള്‍ ജനം ഏറ്റുവിളിക്കുകയും ചെയ്തു. ഇതിനെ വിശദീകരിക്കാനുള്ള ശ്രമത്തിനിടെ സംഘാടകര്‍ തന്നെ മൈക്ക് പിടിച്ചുവാങ്ങുകയും പൊലീസ് വേദിയില്‍നിന്ന് അമൂല്യയെ വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു.

എന്നാല്‍, അമൂല്യക്ക് പറയാനുള്ളത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ അവരെ തടയാനും അറസ്റ്റ് ചെയ്യാനും അമിതാവേശം കാണിച്ച സംഘാടകരുടെയും പൊലീസിന്‍െറയും നടപടിയെ  കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ വിമര്‍ശിച്ചിരുന്നു. അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 153 എ, ബി  വകുപ്പുകള്‍ ചേര്‍ത്താണ് ബംഗളൂരു ഉപ്പാര്‍പേട്ട് പൊലീസ് െേകസടുത്തത്.

പരിസ്ഥിതി പ്രവര്‍ത്തകന്‍ ചിക്കമകളൂരു കൊപ്പ സ്വദേശി നൊസ്വാള്‍ഡ് നൊറോണയുടെ മകളാണ് അമൂല്യ. ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അമൂല്യയെ കൊലപ്പെടുത്തുന്നവര്‍ക്ക് 10 ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് ശ്രീരാമസേന പ്രഖ്യാപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക