Image

രണ്ട് പേരെ തീയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

Published on 20 May, 2020
രണ്ട് പേരെ തീയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു
കൊച്ചി : രണ്ട് പേരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീയിട്ട ശേഷം ഓട്ടോ െ്രെഡവര്‍ ആത്മഹത്യ ചെയ്തു. ബുധനാഴ്ച വൈകീട്ട് 6.45ഓടെ വടുതലയിലാണ് നാടിനെ ഞെട്ടിച്ച സംഭവങ്ങള്‍ അരങ്ങേറിയത്. പച്ചാളം പാത്തുവീട്ടില്‍ താമസിക്കുന്ന ഫിലിപ്പ് (64) ആണ് ആത്മഹത്യ ചെയ്തത്. ഫിലിപ്പ് മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലായിരുന്നതായി പോലീസ് പറഞ്ഞു.

ബുധനാഴ്ച വൈകീട്ട് ഷണ്‍മുഖപുരത്തെത്തിയ ഫിലിപ്പ് തന്റെ അയല്‍വാസി കൂടിയായ പങ്കജാക്ഷന്റെ തട്ടുകടയ്ക്ക് സമീപമെത്തി നാടന്‍ പെട്രോള്‍ ബോബ് എറിയുകയായിരുന്നു. തട്ടുകടയിലെ ഗ്യാസ് സ്റ്റൗവിനു കൂടി തീ പടര്‍ന്നതോടെ തീ ആളിക്കത്തി. ഇതോടെ തട്ടുകടയില്‍ സാധനം വാങ്ങാനെത്തിയ ലൂര്‍ദ് ആശുപത്രിയിലെ ജീവനക്കാരനായ റെജിന്‍ദാസിന്റെ ദേഹത്തും തീ പടര്‍ന്നു. ഇവിടെ നിന്ന് ഷണ്‍മുഖപുരത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെത്തിയ ഫിലിപ്പ് സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും, ഇയാള്‍ ഓടി രക്ഷപ്പെട്ടു. കലി അടങ്ങാത്ത ഫിലിപ്പ് പച്ചാളത്തെ തന്റെ അയല്‍വാസിയുടെ വീട്ടിലെത്തി തീയിടാന്‍ ശ്രമം നടത്തിയെങ്കിലും ഇതും വിജയിച്ചില്ല.

തുടര്‍ന്ന് ഇവിടെ നിന്ന് വടുതല കര്‍ഷക റോഡിലെത്തി ഓട്ടോറിക്ഷയിലും ദേഹത്തും പെട്രോള്‍ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. എറണാകുളം ക്ലബ്ബ് റോഡ് ഫയര്‍ സ്‌റ്റേഷനില്‍നിന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തിയാണ് തീയണച്ചത്. ഫിലിപ്പ് മരിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ശത്രുതയുള്ള എല്ലാവരെയും കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ആത്മഹത്യ ചെയ്യാനുള്ള പദ്ധതി നടപ്പിലാക്കിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് എറണാകുളം നോര്‍ത്ത് എസ്.ഐ. വി.ബി. അനസ് പറഞ്ഞു. ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍ പാര്‍ക്കിങ് സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നെന്നും ഇതാകാം സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക