Image

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്, 23 പേരും മടങ്ങിയെത്തിയവര്‍

Published on 20 May, 2020
സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്, 23 പേരും മടങ്ങിയെത്തിയവര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചത് 24 പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി വിജയനാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചുപേരുടെ ഫലം നെഗറ്റീവായി.

പാലക്കാട്7, മലപ്പുറം4, കണ്ണൂര്‍3, പത്തനംതിട്ട,തിരുവനന്തപുരം,തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കു വീതവും കാസര്‍കോട്, കോഴിക്കോട്, എറണാകുളം,ആലപ്പുഴ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തൃശ്ശൂരില്‍ രണ്ടുപേര്‍ക്കും കണ്ണൂര്‍,വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്.

ഇന്ന് പോസിറ്റീവായതില്‍ 12 പേര്‍ വിദേശത്തുനിന്ന് വന്നതാണ്. 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നതാണ്; മഹാരാഷ്ട്ര8,തമിഴ്‌നാട്3. കണ്ണൂരില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.

ഇതുവരെ 666 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 161 പേര്‍ നിലവില്‍ ചികിത്സയിലാണ്. 74,398 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 73,865 പേര്‍ വീടുകളിലും 533 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 156 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇതുവരെ 48,543 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 46,961 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 6,090 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 5,728 എണ്ണം നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ ഹോട്ട്‌സ്‌പോട്ടുകളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാം കൂടുതല്‍ ഗുരുതരമായ സ്ഥിതിയിലേക്ക് പോവുകയാണെന്ന് ഇന്നലെ തന്നെ സൂചിപ്പിച്ചിരുന്നു. ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ വരുത്തി. പക്ഷെ തുടര്‍ന്നുള്ള നാളുകളില്‍ ചില പ്രത്യേക മേഖലകളില്‍ കടുത്ത നിയന്ത്രണം വേണ്ടതായി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മാസ്ക് ധരിക്കാത്ത 3,396 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘനത്തിന് 12 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതിക്ഷോഭം മൂലം ജോലി നഷ്ടപ്പെട്ട ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധത്തൊഴിലാളികള്‍ക്കും വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അഞ്ചുകോടി രൂപ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക