Image

കുറഞ്ഞുനിന്ന ബ്രിട്ടനിലെ കോവിഡ് ബാധ വീണ്ടും കൂടി, ഇന്നലെമാത്രം മരിച്ചത് 545 പേര്‍

Published on 20 May, 2020
കുറഞ്ഞുനിന്ന ബ്രിട്ടനിലെ കോവിഡ് ബാധ വീണ്ടും കൂടി,  ഇന്നലെമാത്രം മരിച്ചത് 545 പേര്‍
ലണ്ടന്‍: കോവിഡ് മരണനിരക്കില്‍ ബ്രിട്ടനിലെ വാരാന്ത്യങ്ങളിലെ കണക്കിലെ കുറവ് താല്‍കാലികം മാത്രമാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. ശനിയാഴ്ച മുന്നൂറില്‍ താഴെയും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഇരുന്നൂറില്‍ താഴെയുമായിരുന്ന മരണനിരക്ക് ഇന്നലെ 545ല്‍ എത്തി. ഇതോടെ രാജ്യത്തെ മരണസംഖ്യ ഔദ്യോഗികമായി 35,341ല്‍ എത്തി. എന്നാല്‍ ഇതിലും പതിനായിരത്തോളം മരണങ്ങള്‍ നഴ്‌സിങ് ഹോമുകളിലും കമ്മ്യൂണിറ്റിയിലുമായി കൂടുതലായി സംഭവിച്ചിട്ടുണ്ടെന്നും ഇതുകൂടി ചേര്‍ത്താല്‍ രാജ്യത്തെ കോവിഡ് മരണങ്ങള്‍ 44,000നു മുകളിലാണെന്നുമാണ് ഓഫിസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ മരണനിരക്കിലും രോഗികളാകുന്നവരുടെ എണ്ണത്തിലും ആശുപത്രികളില്‍ ചികില്‍സ തേടിയെത്തുന്നവരുടെ എണ്ണത്തിലുമെല്ലാം സ്ഥായിയായ കുറവ് അനുഭവപ്പെടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.

ഇതുവരെ 248,818 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റിങ്ങുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ലക്ഷ്യമായ പ്രതിദിനം ഒരുലക്ഷം എന്നത് ഏതാനും ദിവസങ്ങളില്‍ കൈവരിക്കാനായെങ്കിലും ഈ ടാര്‍ജറ്റ് സ്ഥിരമായി നിലനിര്‍ത്താന്‍ കഴിയുന്നില്ല. ഇന്നലെ 89,784 പേരെയാണ് ടെസ്റ്റിങ്ങിന് വിധേയരാക്കിയത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ദിവസേന രണ്ടു ലക്ഷം ടെസ്റ്റുകള്‍ എന്ന ലക്ഷ്യം മാസാവസാനം കൈവരിക്കുക എളുപ്പമാകില്ല.

കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യം സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നതെന്ന് ചാന്‍സിലര്‍ ഋഷി സുനാക് മുന്നറിിപ്പു നല്‍കി. രാജ്യത്ത് ഇതിനോടകം തന്നെ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിച്ചവരുടെ സംഖ്യ 21 ലക്ഷം കഴിഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക