Image

പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: മസ്‌കറ്റ് ഇന്ത്യന്‍ എംബസി

Published on 19 May, 2020
 പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: മസ്‌കറ്റ് ഇന്ത്യന്‍ എംബസി


മസ്‌കറ്റ്: നാട്ടില്‍ പോകാന്‍ കാത്തിരിക്കുന്ന ഇന്ത്യക്കാരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനും വിവരങ്ങള്‍ ശേഖരിക്കാനും മസ്‌കറ്റിലെ ഒരു സാമൂഹ്യ സംഘടനയെയും ട്രാവല്‍ ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ള ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നാട്ടില്‍ പോകാന്‍ സാധാരണ നിലയില്‍ വിമാന സര്‍വീസുകള്‍ നിലവില്‍ ഇല്ലാത്ത സ്ഥിതിക്ക് എംബസിയുടെ വെബ് സൈറ്റ് വഴി മാത്രമാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ടിക്കറ്റ് ബുക്കിംഗിനായി എയര്‍ ഇന്ത്യയുടെ ഓഫീസില്‍ നിന്നും നേരിട്ട് ബന്ധപ്പെടും.

50000 ത്തില്‍ അധികം ഇന്ത്യക്കാരാണ് നാട്ടില്‍ പോകാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. ഇതില്‍ മുക്കാല്‍ പങ്കും മലയാളികളാണ്.

സലാല കോഴിക്കോട് വിമാനം ഇന്ന്

ലോക്ക്ഡൗണില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വന്ദേഭാരത് എന്ന പേരില്‍ എയര്‍ ഇന്ത്യ വിവിധ രാജ്യങ്ങളില്‍ നിന്ന് ഒഴിപ്പിക്കല്‍ നടത്തുന്നുണ്ട്. വന്ദേഭാരതിന്റെ രണ്ടാം ഘട്ടത്തില്‍ ഒമാനില്‍ നിന്നും ഇന്ത്യയിലേക്ക് 9 സര്‍വീസുകളാണ് നടത്തുന്നത്.

കേരളത്തിലേക്കുള്ള സര്‍വീസുകളില്‍ സലാലയില്‍ നിന്ന് ഇന്നുച്ചകഴിഞ്ഞ് 3.25 നു പുറപ്പെട്ട് രാത്രി 8.40 ന് കോഴിക്കോട്ടെത്തുന്ന ഐ. എക്‌സ് . 0342 വിമാനമൊഴിച്ച് മറ്റെല്ലാ സര്‍വീസുകളും മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ്.

നാളെ മസ്‌കറ്റില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ഐ.എക്‌സ് .0350 വിമാനം രാവിലെ 11.25 ന് പുറപ്പെട്ട് വൈകുന്നേരം 4.25 ന് കോഴിക്കോട്ടെത്തും. മെയ് 22 ന് കണ്ണൂരിലേക്കുള്ള വിമാനം (ഐ.എക്‌സ്. 0714 വിമാനം ഉച്ച കഴിഞ്ഞ് 2.45 ന് പുറപ്പെട്ട് രാത്രി 8 മണിക്ക് കണ്ണൂരെത്തും. 23 ന് തിരുവനന്തപുരത്തേക്കുള്ള ഐ.എക്‌സ്. 0554 വിമാനം ഉച്ചകഴിഞ്ഞ് 3.45 ന് പുറപ്പെട്ട് 9.05 ന് എത്തും.

ഗള്‍ഫില്‍ നിന്നുള്ള വന്ദേഭാരത് ദൗത്യം  21, 22, 23 തീയതികളില്‍ പൂര്‍ത്തിയാകും.ഗള്‍ഫില്‍ നിന്നും 15 സര്‍വീസുകള്‍ കൂടിയാണ് ഓപ്പറേറ്റ് ചെയ്യാനുള്ളത്.

ഇതിനിടയില്‍ ഈദ് വരുന്നത് പ്രമാണിച്ച് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഒമാനികളെ ദേശീയ വിമാനക്കമ്പനി ആയ ഒമാന്‍ എയര്‍ മസ്‌കറ്റിലെത്തിച്ചു. ലണ്ടന്‍ ഹീത്രൂ, സൗദിയിലെ റിയാദ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍, ഇന്ത്യയില്‍ ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്നും ഒമാനികളെ മസ്‌കറ്റിലെത്തിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നും ഒമാന്‍ പൗരന്മാരെ എത്തിക്കുമെന്ന് ഒമാന്‍ എയര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഈ വര്‍ഷം ഒമാനില്‍ ഈദ് മേയ് 24 നാകാനാണ് സാധ്യത.

കൂടുതല്‍ വിമാനങ്ങള്‍ വേണം പി.എം. ജാബിര്‍

നിലവിലെ സാഹചര്യങ്ങളില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി കൂടുതല്‍ വിമാനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തണമെന്ന് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ സെക്രട്ടറി പി.എം. ജാബിര്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

ഗുരുതരമായ രോഗം ബാധിച്ചവരും ഗര്‍ഭിണികളും വയോധികരും മറ്റ് അത്യാവശ്യക്കാരുമായ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ നാട്ടില്‍ പോകാനായി തങ്ങളുടെ ഊഴവും കാത്തു നില്‍ക്കുകയാണ്. ഇത്തരക്കാരെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുന്നതിന് കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കുക മാത്രമാണ് പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ കണക്കിലെടുക്കാതെ പ്രവാസി സമൂഹം ഒന്നടങ്കം കേന്ദ്ര ഗവണ്‍മെന്റില്‍ ഇതിനായി സമ്മര്‍ദ്ദം ചെലുത്തുന്നില്ലെങ്കില്‍ വലിയ ദുരന്തത്തിനായിരിക്കും സാക്ഷ്യം വഹിക്കേണ്ടി വരികയെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

മുഖാവരണം ഇല്ലെങ്കില്‍ പിഴയല്ലെങ്കില്‍ തടവ്

പൊതുസ്ഥലങ്ങളില്‍ മുഖാവരണം നിര്‍ബന്ധമാക്കികൊണ്ട് നിയമം ഇറക്കി. നിയമ ലംഘകര്‍ക്ക് 200 ഒമാനി റിയാല്‍ പിഴയോ, 3 വര്‍ഷം തടവോ ആയിരിക്കും ശിക്ഷ. നിയമ ലംഘകരെ കണ്ടെത്താനും വേണ്ടി വന്നാല്‍ കരുതല്‍ തടങ്കലില്‍ വയ്ക്കാനും റോയല്‍ ഒമാന്‍ പോലീസിന് കോവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് രൂപീകൃതമായ ഉന്നതാധികാര സമിതിയായ സുപ്രീം കമ്മിറ്റി അധികാരം നല്‍കി.

തലസ്ഥാന നഗരിയില്‍ എയര്‍പോര്‍ട്ടിന് സമീപം സ്ഥിതി ചെയ്യുന്ന മവേല പഴം-പച്ചക്കറി മാര്‍ക്കറ്റില്‍ ചില്ലറ വില്‍പന കടകള്‍ അടപ്പിച്ചു. മൊത്തക്കച്ചവടക്കാര്‍ക്ക് വെളുപ്പിനെ 6 മുതല്‍ രാവിലെ 10 വരെ മാത്രം പ്രവര്‍ത്തിക്കാം.

റംസാന്‍, ഈദ് കൂട്ടായ്മകള്‍ക്ക് നിരോധനം

സമൂഹ നോമ്പ്തുറക്കുള്‍പ്പെടെ നിലവിലെ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുള്ള ഒമാനില്‍ ഈദ് ആഘോഷങ്ങള്‍ക്കും കര്‍ശന വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈദ് നിസ്‌കാരം, ഹബ്ത, കൂട്ടം ചേര്‍ന്നുള്ള ആഘോഷം ഉള്‍പ്പെടെ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ബുസയിദിയുടെ അധ്യക്ഷതയില്‍ കൂടിയ സുപ്രീം കമ്മറ്റി യോഗം നിരോധിച്ചു.

കൂടുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കുന്നു

സുപ്രീം കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 63 സേവനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി. ഇതോടെ ഒട്ടുമിക്ക സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍ പുതിയ പട്ടിക പുറത്തുവിട്ട റീജണല്‍ മുനിസിപ്പാലിറ്റിസ് ആന്‍ഡ് വാട്ടര്‍ റിസോഴ്‌സസ് മന്ത്രാലയം സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സ്ഥാപന നടത്തിപ്പുകാര്‍ക്ക് ബാധ്യത ഉണ്ടെന്ന് ഓര്‍മപ്പെടുത്തി.

ഇന്നലെ 292 രോഗികള്‍, ആകെ മരണം 26

ഇന്നലെ ഒമാനില്‍ ആരോഗ്യ മന്ത്രാലയത്തില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ 173 വിദേശികളും 119 സ്വദേശികളും ഉള്‍പ്പെടുന്നു. ഇന്നലെ 78 രോഗികള്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ 1574 രോഗികളാണ് ഇതിനോടകം രോഗമുക്തി നേടിയിട്ടുള്ളത്. 18 വിദേശികളും 8 സ്വദേശികളും ഉള്‍പ്പെടെ 26 പേര്‍ക്കാണ് ഇതിനോടകം വൈറസ് ബാധ മൂലം ജീവന്‍ നഷ്ടപ്പെട്ടത്. രാജ്യത്ത് രോഗബാധിതരായവര്‍ 5671 ആണ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക