Image

നഴ്‌സിങ് ഹോമിന് മികവിന്റെ അംഗീകാരം, വിന്‍സിക്ക് അഭിനന്ദനപ്പെരുമഴ

Published on 18 May, 2020
നഴ്‌സിങ് ഹോമിന് മികവിന്റെ അംഗീകാരം, വിന്‍സിക്ക് അഭിനന്ദനപ്പെരുമഴ
ലണ്ടന്‍: അടച്ചുപൂട്ടുമെന്ന് കരുതിയിരുന്ന നഴ്‌സിങ് സ്ഥാപനത്തെ മികച്ച നേതൃപാടവത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മികവിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് ബ്രിട്ടനിലെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലുള്ള മലയാളി നഴ്‌സ് വിന്‍സി വിന്‍സന്റ്. ബെല്‍ഫാസ്റ്റിലെ കോളിന്‍വേല്‍ നഴ്‌സിങ് ഹോമിന് തുടര്‍ച്ചയായ രണ്ടാംവര്‍ഷവും ''ടോപ്20 കെയര്‍ ഹോം അവാര്‍ഡ്'' നേടിക്കൊടുത്താണ് ഹോം മാനേജരായ വിന്‍സി അഭിമാനതാരമായി മാറിയിരിക്കുന്നത്.

2015ല്‍ കോളിന്‍വേല്‍ നഴ്‌സിങ് ഹോം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടപ്പോഴാണ് വിന്‍സി ഇവിടെ മാനേജരായി എത്തുന്നത്. അന്നുമുതല്‍ ഒട്ടേറെ വെല്ലുവിളികളെ നേരിട്ടാണ് നഴ്‌സിങ് ഹോമിനെ വളര്‍ത്തിയതും രീതിയിലാക്കിയതും മികവിന്റെ കേന്ദ്രമാക്കി മാറ്റിയതും.

ഡിമന്‍ഷ്യാ ബാധിച്ച രോഗികളുടെ പരിചരണത്തിനും സംരക്ഷണത്തിനുമായി ഊര്‍ജസ്വലതയോടെയും പുഞ്ചിരിയോടെയും അഹോരാത്രം അധ്വാനിച്ചതിന്റെ ഫലമാണ് ഈ അംഗീകാരവും ബഹുമതിയും. കെയര്‍ഹോമിലെ അന്തേവാസികളുടെ ബന്ധുജനങ്ങളുടെ അഭിപ്രായം അടിസ്ഥാനമാക്കിയാണ് ടോപ് 20 കെയര്‍ അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത്. തുടര്‍ച്ചയായ രണ്ടാംവര്‍ഷവും അവാര്‍ഡ് നിലനിര്‍ത്താന്‍ കോളിന്‍വേല്‍ നഴ്‌സിങ് ഹോമിനു കഴിഞ്ഞത് വിന്‍സിയുടെ നേതൃത്വത്തില്‍ സ്റ്റാഫ് അംഗങ്ങള്‍ നടത്തിയ ടീം വര്‍ക്കിന്റെ ഫലമാണ്.

ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍നിന്നും ബെല്‍ഫാസ്റ്റിലെ ക്ലോന്റര ഗ്രൂപ്പില്‍ കെയര്‍ അസിസ്റ്റന്റായാണ് വിന്‍സി ജോലി ആരംഭിച്ചത്. പിന്നീട് പടിപടിയായി ഉയര്‍ന്ന് ഡെപ്യൂട്ടി മാനേജര്‍ പദവി വരെയെത്തി. തുടര്‍ന്ന് മൂന്നുവര്‍ഷം ബെല്‍ഫാസ്റ്റ് റോയല്‍ ഹോസ്പിറ്റലില്‍ അത്യാഹിത വിഭാഗം നഴ്‌സായി സേവനം അനുഷ്ഠിച്ചു. പിന്നീടാണ് പലരുടെയും അഭ്യര്‍ഥന മാനിച്ച് കോളിന്‍വേല്‍ നഴ്‌സിങ് ഹോം മാനേജരായി മടങ്ങിയെത്തിയത്.

ജോലിക്കൊപ്പം നേര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പല മലയാളി കൂട്ടായമകളിലും സജീവമാണ് വിന്‍സി. തൊടുപുഴ വേങ്ങയില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് വയനാട് കണ്ടംതുരുത്തില്‍ ജോഷി പീറ്റര്‍. ജോവിന, ജോവിസ്, ഡേവിസ് എന്നിവരാണ് മക്കള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക