'ഇരുപതാം നൂറ്റാണ്ടിനു' 33 വയസ്സ് (വാല്‍ക്കണ്ണാടി : കോരസണ്‍)
EMALAYALEE SPECIAL
18-May-2020
കോരസണ്‍
EMALAYALEE SPECIAL
18-May-2020
കോരസണ്‍

എണ്‍പതുകളിലെ കേരളസമൂഹത്തിലൂടെ കടന്നുപോയ ഒരു ധൂമകേതുആയിരുന്നു 'ഇരുപതാം നൂറ്റാണ്ട് ' എന്ന ചലച്ചത്രം. 1987 മേയ് 14 നു റിലീസ് നടത്തിയ ചിത്രത്തിന്റെ സംവിധായകന്‍ കെ.മധു. വളരെ അവിചാരിതമായിട്ടാണ് അദ്ദേഹത്തെ നേരില്‍ കാണുന്നത്.
തണുപ്പ് അത്ര മാറിയിട്ടില്ലാത്ത ഒരു ഉച്ചക്ക് ന്യൂയോര്‍ക്ക് സിറ്റിയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ പാര്‍ക്കില്‍വച്ചാണ് ഒരു പിന്‍വിളി കേട്ടത്. 'ക്യാന്‍ യു പ്‌ളീസ് ടേക്ക് എ പിക്ച്ചര്‍ ഓഫ് അസ്?' രണ്ടുപേര്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ബാക്ക്ഗ്രൗണ്ടില്‍ ഒരു പടം പിടിക്കാനുള്ള ശ്രമത്തിലാണ്. അപ്പോഴത്തെ തണുപ്പിന് പറ്റിയ ജാക്കറ്റ് ഇടാത്തതിനാല്‍ വിറക്കയും ചെയ്യുന്നു. അടുത്തുള്ള ഓഫീസില്‍ നിന്നും ഉച്ചനേരത്തു ട്രേഡ് സെന്റര്‍ വലംവെയ്പ്പാണ് സാധാരണ എന്റ്‌റെ നടപ്പുപാത. അങ്ങനെ വരുന്നവഴി ചിലപ്പോഴൊക്കെ ഇങ്ങനെ ചിലവിളികള്‍ ഉണ്ടാവാറുണ്ട്, പടം എടുത്തുകൊടുത്തു യാത്ര തുടരാറുമുണ്ട്. മിക്കവാറും മറ്റുഭാഷക്കാരാണ് ഏറെയും. ഇത്തവണ രണ്ടു സുഹൃത്തുക്കള്‍ ചേര്‍ന്ന് നില്‍ക്കുന്നതിനിടയില്‍ ' അല്‍പ്പം കൂടി അടുത്ത് നിന്നോളൂ' എന്ന് സുഹൃത്തിനോട് പറയുന്ന ഒരു മലയാളി ആണെന്ന് അറിഞ്ഞപ്പോഴാണ് അത്ഭുതം.
.jpg)
മലയാളം കേട്ടപ്പോള്‍ സന്തോഷമായി എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ പൊട്ടിച്ചിരിച്ചു. അപ്പോഴാണ് അവര്‍ പരിചയപ്പെടുത്തിയത് ഇത് എന്റെ സുഹൃത്ത് കെ.മധു, അറിയില്ലേ 'ഒരു സിബിഐ ഡയറിക്കുറിപ്പ്' എന്ന ചിത്രം ഒക്കെ പുറത്തിറക്കിയ പ്രസിദ്ധനായ ചലച്ചിത്ര സംവിധായകനാണ്. ഒട്ടും പ്രതീക്ഷിക്കാതെ ഈ സ്ഥലത്തും ഈ നേരത്തും, പരിഭ്രമിച്ചുപോയി. അദ്ദേഹത്തിന്റെ ചിത്രങ്ങളെക്കുറിച്ചു ഏതു മലയാളിക്കാണ് അറിയില്ലാത്തത്? ഒരു സിബിഐ ഡയറിക്കുറിപ്പിലെ മമ്മൂട്ടി അനശ്വരമാക്കിയ സേതുരാമ അയ്യര്‍, ഇരുപതാംനൂറ്റാണ്ട് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ സാഗര്‍ എലിയാസ് ജാക്കി, തുടങ്ങി എത്ര കഥാപാത്രങ്ങള്‍! മലയാളത്തില്‍ ഒരു കാലഘട്ടത്തെ അമ്പരപ്പിച്ച ഈ കഥാപാത്രങ്ങളുടെ ഗാംഭീര്യവും ശബ്ദവും ഡയലോഗുകളൂം ആ കാലഘട്ടത്തില്‍ ജീവിച്ച എല്ലാ മലയാള മനസ്സുകളിലും ത്രസിച്ചു നില്‍പ്പുണ്ട്.
സിനിമ, ഒരു പ്രദേശത്തിന്റെ ഒരു പ്രത്യേക കാലഘട്ടത്തെ അറിയാതെ അടയാളപ്പെടുത്തുന്ന ധര്‍മ്മവും നിര്‍വഹിക്കുന്നുണ്ട്. എത്ര കണ്ടാലും മടുക്കാത്ത ചില ചിത്രങ്ങള്‍ ഉണ്ട്. ജാക്ക് നിക്കോള്‍സണ്‍ അനശ്വരമാക്കിയ 'വണ്‍ ഫ്‌ലു ഓവര്‍ ദി കുക്കൂസ് നെസ്റ്റ്' എന്ന ചിത്രം ഇന്നും ഇഷ്ടപ്പെട്ട ചിത്രങ്ങളുടെ ഷെല്‍ഫിലെ ഏറ്റവും ഉയരത്തിലാണ് വച്ചിരിക്കുന്നത്. അമേരിക്കയുടെ സിവില്‍ റൈറ്‌സ് മൂവ്‌മെന്റ് എന്ന പരീക്ഷണഘട്ടത്തിലൂടെ ഒരു സമൂഹം കടന്നു പോകുമ്പോളുള്ള മാറ്റിവെക്കാനാവാത്ത വെല്ലുവിളികള്‍, അവയുടെ പ്രതീകാല്മകമായ അടയാളപ്പെടുത്തലുകള്‍, പ്രതിബിംബം, അന്തരാര്‍ത്ഥം ഒക്കെ ചേര്‍ന്ന ഒരു ക്ലാസിക് പ്രമേയം. അന്ന് അമേരിക്കയില്‍ മനഃശാസ്ത്രവും മനോരോഗവും തമ്മില്‍ വ്യവഹരിക്കപ്പെടുന്ന നിര്‍വചനങ്ങള്‍ ഒക്കെ ഭംഗിയായി ആ ചിത്രത്തില്‍ കോലം കെട്ടുന്നുണ്ട്.
അടുത്തിടെ കണ്ട, അനില്‍ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങ് - ദി ഫയര്‍ ഫ്ളൈ എന്ന മലയാളം ചിത്രവും ആധുനിക മലയാള സമൂഹ ചരിത്രത്തെ വേറൊരുവിധത്തില്‍ അടയാളപ്പെടുത്തുകയായിരുന്നു. പേരുപോലും വിളിക്കാന്‍ ഇല്ലാത്ത ഒരു വിധവയുടെ ജീവിതത്തോടുള്ള വെല്ലുവിളി, ഒരു സ്ത്രീയും അമ്മയും മകളും എന്നനിലയില്‍, മനഃശാസ്ത്രം, സാമ്പത്തികശാസ്ത്രം, സര്‍ഗ്ഗവൈഭവം, ആത്മനിഷ്ഠ, വേഗത, തനിമ, ത്യാഗം തുടങ്ങിയ ഘടകങ്ങള്‍ സന്നിവേശിപ്പിക്കുന്ന ഒരു അസാധ്യ കഥാപാത്രം. വിധിയോട് കലഹിക്കുമ്പോള്‍ ഒരിക്കല്‍പോലും പതറാതെ ഓരോ ശ്വാസത്തിലും പ്രതീക്ഷകളുടെ കാവടിഎടുത്താടുന്ന സ്ത്രീ. തനിക്കുചുറ്റും ഒലിച്ചിറങ്ങുന്ന കപടവേഷത്തിന്റെ തീപാറുന്ന ലാവയെ നിര്‍ഭയം കൈയ്യിലെടുത്തു താലോലിക്കുന്ന സ്ത്രീ. വിസ്മയജനകമായ ഒരു ഫയര്‍ ഫ്‌ലൈ ആയി നിറഞ്ഞാടുകയായിരുന്നു സുരഭി ലക്ഷ്മി എന്ന അഭിനിയേത്രി. പട്ടയഭൂമിയാണെകില്‍ പോലും സ്വന്തംദേശത്തു പ്രീയപ്പെട്ടവരുടെ നിശ്വാസങ്ങോളോടൊപ്പം സ്വപ്നങ്ങളുടെ കൂര സൃഷ്ടിക്കുമ്പോള്‍, ഈ നാട്ടില്‍ നിന്നും ഓടിയൊളിക്കാന്‍ വെമ്പുന്ന പുതിയ തലമുറ, ഒരിക്കലും ഒരു തിരിച്ചുവരവ് പോലും നടക്കില്ല എന്ന തിരിച്ചറിവോടെ എന്നെന്നേക്കുമായി ഉള്ള പലായനം. കരുത്തുള്ള യുവത്വത്തിനു യാതൊരു വിലയുമില്ലാത്ത മണ്ണായി നമ്മുടെ നാട് മാറുന്നു എന്നും ചൂണ്ടിക്കാണിക്കുകയാണ് ഈ ചലച്ചിത്രം. ആരാണ് എന്താണ് ഇതിനു കാരണം എന്ന മൂര്‍ച്ചയുള്ള ചോദ്യങ്ങളും സമൂഹത്തിനു നേരെ ചൂണ്ടുന്നുണ്ട്. ആധുനിക മലയാളസമൂഹത്തിന്റെ ഒരു നേര്‍കാഴ്ചകൂടിയായിട്ടാണ് ഈ കഥ പരിണമിക്കുന്നത്.
എന്നാല്‍ 1987 ലെ കെ. മധു സംവിധാനം നിര്‍വഹിച്ച ഇരുപതാം നൂറ്റാണ്ടു, കേരള സമൂഹം അഭിമുഘീകരിച്ച ഒരു മാറ്റത്തിന്റെ അടയാളപ്പെടുത്തല്‍ ആയിരുന്നു. സാധാരണ വിനോദ ചലച്ചിത്രം ഒരു ബോസ്ഓഫീസ് ഹിറ്റ് ആയത് സംവിധായകന്റെ മികവ് തന്നെയാണ്. രാഷ്രീയത്തിന്റെ കൗശലതന്ത്രം, അഴിമതിനിറഞ്ഞ സാമൂഹികപശ്ചാത്തലം, ലോകം തകര്‍ന്നാലും താന്‍മാത്രം രക്ഷപെടണമെന്ന ഇഞ്ചിക്കാടന്റെ ധനതത്വശാത്രം, അശ്വതീവര്‍മ്മയുടെ അതിലോലമായ മാധ്യമപ്രവര്‍ത്തനം, ഒരു ക്രിമിനല്‍ മനസുള്ള സാഗര്‍ എലിയാസ് ജാക്കിയുടെ നന്മയുള്ള മനസ്സ്, ഒക്കെ എണ്‍പതുകളിലെ മലയാളമനസ്സിന്റെ രേഘാചിത്രമായി പരിണമിക്കുകയായിരുന്നു. ഓള്‍മൈറ്റി എന്ന നോവലിലെ 'ബിഹൈന്‍ഡ് എവെരി ഗുഡ്‌ഫോര്‍ച്ചുണ്, ദെയ്ര്‍ ഈസ് എ ക്രൈം' എന്ന ഇര്‍വിങ് വാലസിന്റെ വാക്കുകള്‍ ഒക്കെ തങ്ങി നിറഞ്ഞ സമ്പുഷ്ടമായ ഒരു തിരക്കഥയാണ് ഈ സിനിമക്കുള്ളത്.
ഇന്ന് കെ. മധു കഥപറയുകാണെങ്കിലോ എന്ന് ശങ്കിക്കാതിരുന്നില്ല. വെറുപ്പ് പ്രചരിപ്പിക്കുന്ന നാമജപരാഷ്രീയം, മതത്തിന്റെ കളറുള്ള വേഷവും ആചാരങ്ങളുടെ ചൂഷണവും, വെട്ടികൊല്ലുമ്പോള്‍പോലും എണ്ണം നോക്കി വെട്ടുന്ന പ്രാകൃതരാഷ്ട്രീയം, അദ്ധ്യാപകരുടെ കൈവെട്ടുന്ന സമാധാനമതം, അതിനൊപ്പം വീണമീട്ടുന്ന സഹനമതം, സ്വതന്ത്ര പത്രപ്രവര്‍ത്തനത്തോട് കടക്കുപുറത്തു എന്ന് പറയുന്ന രാഷ്രീയധാര്‍ഷ്ട്യം, ഇടതായാലും വലതായാലും സാധാരണ പൗരനെ കഴുതയാക്കുന്ന സമ്മര്‍ദ്ദരാഷ്ട്രീയം, ഒക്കെ പ്രമേയമായി വരാതെയിരിക്കില്ല. പ്രളയവും, മഹാമാരിയും, പ്രവാസികളുടെ തിരികെവരവും, അതിഥി തൊഴിലാളികളും, ഒഴിഞ്ഞ മണിമാളികകളും, വാര്‍ദ്ധക്യത്തിലെ ഏകാന്തതകളും, ആള്‍ദൈവങ്ങളും ഇങ്ങനെ എത്ര എത്ര ഘടകങ്ങളാവും കൂട്ടിച്ചേര്‍ക്കാനാവുക.
മൂന്നുപതിറ്റാണ്ടു മുന്നിലെ ഒരു മലയാളനൂറ്റാണ്ട്, ഒരു ക്ലിക്കില്‍ അടയാളപ്പെടുത്തുമ്പോള്‍ സംവിധായകന്‍ കെ. മധു
അവലംബിച്ച മാനസീകഘടന എന്തായിരുന്നു എന്ന് ഊഹിക്കാം. ഒരു വലിയ തകര്‍ച്ചയില്‍ നിന്നും ഫീനിക്‌സ് പക്ഷിയിപ്പോലെ ഉയര്‍ന്നുവന്ന ന്യൂയോര്‍ക്കിലെ പുതിയ ട്രേഡ് സെന്റര്‍ പശ്ചാത്തലമാക്കി ഒരു ക്ലിക്ക് ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ എന്റെ കൈ വിറച്ചില്ല. അത് പുറത്തെ തണുപ്പിന്റെ കാഠിന്യം കൊണ്ടായിരിക്കയില്ല. 'ഇരുപതാം നൂറ്റാണ്ടിന്റെ' സൃഷ്ട്ടിയില്‍ നായകരും പ്രതിനായകരുമായി അവതരിക്കപ്പെട്ട വ്യക്തികളല്ല, അവരുടെ ജീവിതത്തില്‍ ചരിത്രവും സംഭവങ്ങളും എങ്ങനെയെല്ലാം ഇടപെടുന്നു എന്ന് ഓര്‍ത്തുപോയതാവാം. എന്നാലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഥ പറയുകയാണെങ്കില്‍, വിറയല്‍ കൂടാതെ ക്ലിക്ക് ചെയ്യാന്‍ എത്രപേര്‍ അവശേഷിക്കും എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.




Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments