Image

കൊറോണയെക്കാൾ വലിയ ഭീകരൻ! (സന്തോഷ് പിള്ള)

Published on 17 May, 2020
കൊറോണയെക്കാൾ വലിയ ഭീകരൻ! (സന്തോഷ് പിള്ള)
അച്ഛനും അമ്മയും ഒരുകാരണവശാലും പുറത്തുപോകരുത് . വേണ്ടുന്ന ഭക്ഷണ സാധനങ്ങളെല്ലാം ഓൺ ലൈനിൽ ഓർഡർ ചെയ്ത് വീട്ടിൽ കൊണ്ടുവന്ന്  തരീക്കാം. വീടിന് മുന്നിലെ പോർച്ചിൽ കൊണ്ടുവന്നു വെക്കുന്ന പാക്കറ്റുകൾ ഗ്ലൗസ് ഇട്ടുകൊണ്ടുമാത്രം എടുത്ത് ഗാരേജിൽ കൊണ്ടുചെന്നു മൂന്ന് ദിവസമെങ്കിലും വെക്കണം. അതിനുശേഷം മാത്രമേ വീടിനുള്ളിലേക്ക് എടുക്കാവൂ. പച്ചക്കറികളും, ഫല വർഗ്ഗങ്ങളും നല്ലതുപോലെ കഴുകിയതിനു ശേഷമേ ഉപയോഗിക്കാവൂ. നിങ്ങൾ രണ്ടുപേരും പ്രായാധിക്യവും, അസുഖങ്ങളും ഉള്ളതുമൂലം ഹൈ റിസ്ക്  ഗ്രൂപ്പിലാണുള്ളത് . അതുകൊണ്ട് വീട്ടിനുള്ളിൽ നിന്നും പുറത്തേക്ക് പോകരുത് .

കോവിഡ് 19 ൻറെ ജാതകം അരിച്ചു പെറുക്കി പഠിച്ച ആരോഗ്യ പ്രവർത്തകയായ മകളുടെ ഉഗ്ര ശാസനം അനുസരിക്കാതെ തരമില്ലല്ലോ. ന്യൂയോർക്ക്‌ , ന്യൂജേഴ്‌സി മുതലായ സ്ഥലങ്ങളിൽ ദുരിതങ്ങൾ വാരിവിതറിയതിനു ശേഷം തെക്കൻ സ്ഥലങ്ങളിലേക്ക് നോക്കി, വായിൽ വെള്ളമൂറികൊണ്ടിരിക്കുകയാണല്ലോ വില്ലനായ വൈറസ് . ടെക്സസിൽ പലസ്ഥലങ്ങളിലും ഇതിനോടകം പടരാനും തുടങ്ങിയിട്ടുണ്ട്.  വളരെയധികം അനുസരണയുള്ള കുട്ടികളെ പോലെ അണുവിട വിടാതെ മകളുടെ നിർദേശങ്ങൾ അനുസരിച്ച്  വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടി കഴിയുമ്പോളാണ്, പ്രയോരിറ്റി മെയിലിൽ $2600ൻറെ ചെക്ക്  ലഭിച്ചത്.

വാൾമാർട്ട് കമ്പിനിയുടെ സേവനമായ ഗിഫ്‌റ്റ് കാർഡ് വ്യാപാരം നിങ്ങൾ ചെന്ന് വിലയിരുത്താനായിട്ടാണ്  മാർക്കറ്റിങ് കമ്പനി ഈ പണം അയച്ചുതരുന്നത് എന്ന നിർദേശവും ചെക്കിനോടൊപ്പം അയച്ചിട്ടുണ്ട്. $500ൻറെ രണ്ട് ഗിഫ്‌റ്റ്കാർഡുകൾ വ്യത്യസ്ത വാൾമാർട്ടുകളിൽ നിന്നും വാങ്ങി, ഗിഫ്റ്റുകാർഡിന്റെ നമ്പർ, ചെക്കിനോടൊപ്പം വന്ന നിർദേശത്തിലുള്ള ഫോൺ നമ്പറിലേക്ക്  ടെക്സ്റ്റ്  ചെയ്യാനും അറിയിച്ചിരിക്കുന്നു. ഗിഫ്റ്റുകാർഡ്  വിൽക്കുന്ന ജീവനക്കാരുടെ പെരുമാറ്റം, കാർഡ് വാങ്ങാനെടുക്കുന്ന സമയം, ഇവയെല്ലാം വിലയിരുത്താൻ കമ്പനി അയച്ചുതന്ന ഫോം പൂരിപ്പിച്ച് ഇമെയിലായി അയച്ചും കൊടുക്കണം. എല്ലാം കഴിയുമ്പോൾ $500 മിച്ചമായി ലഭിക്കും. എന്തായാലും കിട്ടിയ ചെക്ക്  ബാങ്കിൽ കൊണ്ട് ഡിപ്പോസിറ്റ്  ചെയ്ത്  അകൗണ്ടിൽ വന്നു എന്നുറപ്പുവരുത്തി.

മകൾ ജോലിക്കു പോയസമയം നോക്കി വാൾമാർട്ടിൽ ചെന്ന് ഗിഫ്‌റ്റ്  കാർഡ്  വാങ്ങി മാർക്കറ്റിങ്ങ്  കമ്പനി  അറിയിച്ചതു പോലെ ടെക്സ്റ്റ് ചെയ്ത്  അയച്ചു  കൊടുത്തു. താങ്കൾ അയച്ച നമ്പർ കിട്ടി എന്നും പെട്ടെന്നു തന്നെ അടുത്ത വാൾമാർട്ടിൽ നിന്നും രണ്ട് ഗിഫ്റ്റുകാർഡുകൂടി വാങ്ങി അയക്കൂ എന്നും അടുത്ത മെസ്സേജ്  കിട്ടി. വാൾമാർട്ടിൽ പഴയതു പോലെ ഓടിച്ചെന്ന്  കയറാൻ സാധിക്കുന്നില്ല. ആറടി ദൂരത്തിൽ ആളുകളെ മാറ്റി നിറുത്തിയിരിക്കുന്നു. കാർട്ടുകളുടെ കൈപ്പിടി അണുനാശിനി  ഉപയോഗിച്ച്  വൃത്തിയാക്കുന്നു. എല്ലാവരും ഫേസ് മാസ്ക് ധരിച്ചിരിക്കുന്നു. ഞങ്ങളുടെ കൈവശമുള്ള N95 മാസ്ക്  മുഖത്തു ഘടിപ്പിച്ചുകൊണ്ടാണ്  കസ്റ്റമർ സർവീസിൽ ചെന്ന്  ഗിഫ്റ്റ്‌കാർഡ്  വാങ്ങിയത്. മാസ്ക് ഫിറ്റ് ചെയ്തിരിക്കുന്നത്  കൊണ്ട്  ഗിഫ്‌റ്റ്  കാർഡ് വാങ്ങുമ്പോൾ കടയിലെ ജീവനക്കാരുമായി സംസാരിക്കരുത് എന്ന മാർക്കറ്റിങ് കമ്പനിയുടെ നിർദേശം പാലിക്കാൻ പ്രയാസമുണ്ടായില്ല.

ഈ കൊറോണക്കാലത്ത്  $500 ലാഭമായി കിട്ടിയ സന്തോഷത്തിൽ വീട്ടിലെത്തിയപ്പോഴെക്കും അടുത്ത ടെക്സ്റ്റ്  മെസ്സേജ്  എത്തി. ഇതുവരെ ആരും തന്നെ അഭിപ്രായം അറിയിച്ചിട്ടില്ലാത്ത വാൾമാർട്ടിന്റെ മണി ട്രാൻസ്ഫെർ സേവനം വിലയിരുത്തി അഭിപ്രായം അറിയിച്ചാൽ അടുത്ത ഒരുചെക്കുകൂടി അയച്ചു തരുന്നതായിരിക്കും. $170 പെട്ടെന്നു തന്നെ വാൾമാർട്ടിൽ ചെന്ന് അയച്ച്,  വീട്ടിൽ തിരികെ എത്തിക്കഴിഞ്ഞിട്ടാണ്  മകൾ ജോലിയിൽ നിന്നും എത്തിയത് . കടയിൽ പോയ വിവരം അവൾ  അറിയാതിരുന്നത്  ഭാഗ്യമായി.

മുൻവാതിലിനടുത്ത്  കാൽപെരുമാറ്റം കേൾക്കുമ്പോൾ എല്ലാം പോസ്റ്റുമാൻ ചെക്കുമായി വന്നു എന്നു കരുതി. എൻറെ ആകാംക്ഷ  വീക്ഷിച്ച ഭാര്യ, "ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്നു തോന്നും" എന്ന ഒരുശ്ലോകം ചൊല്ലി. കാത്തിരിപ്പിനവസാനം പോസ്റ്റുമാൻ കവർ കൊണ്ടുവന്ന്,  ഗ്ലൗസിട്ട കൈകളാൽ എനിക്കുനല്കി. വൈറസ്സിനെ ഭയന്നിട്ടാണ്  പോസ്റ്റുമാൻ കയ്യുറ ധരിച്ചിരിക്കുന്നത്. കവർ തുറന്നപ്പോൾ, ബാങ്കിൽ നിന്നും, താങ്കൾ നിക്ഷേപിച്ച $2600 ന്റെ ചെക്ക്,  കള്ള ചെക്കായിരിന്നു എന്നും അതിനോടൊപ്പം $12 ചെക്ക്  റിട്ടേൺ ഫീസായി ഈടാക്കുന്നു എന്നുമുള്ള അറിയിപ്പ്. $500 ലാഭിക്കാൻ പോയപ്പോൾ നഷ്ടം $2228. ചെക്കിലെ മാർക്കറ്റിംഗ് കമ്പനിയുടെ നമ്പറിൽ വിളിച്ചപ്പോൾ, ഇന്ന് വരുന്ന പത്തൊമ്പതാമത്തെ കാളാ ണ്  ഇത് എന്നും, ഞങ്ങൾ ആർക്കും ചെക്ക് അയച്ചു കൊടുത്തിട്ടില്ല എന്നുമായിരിന്നു മറുപടി.

ഈ കൊറോണക്കാലത്ത്  തട്ടിപ്പുനടത്തി കൊള്ളലാഭം കൊയ്യുന്ന ഇവരല്ലേ കൊറോണയെക്കാൾ വലിയ ഭീകരൻ?

ഇത് ഒരു യഥാർത്ഥ സംഭവവിവരണമാകുന്നു.
Join WhatsApp News
CHANDRA S MENON 2020-05-19 12:46:56
നല്ല ലേഖനം സന്തോഷ്.. ശ്രീ വിശ്വനാഥക്കുറുപ്പ് പറഞ്ഞതിനോട് യോജിക്കുന്നു. സ്വന്തം അനുഭവമാണെങ്കിൽ എന്റെ ഖേദം രേഖപ്പെടുത്തുന്നു. ഭാവനയിൽ ആണെങ്കിൽ അനുമോദനം അർഹിക്കുന്നു. ആൾക്കാരെ പറ്റിക്കുന്ന ഭീകരർ, ഭീകരർ തന്നെ സംശയമില്ല.
Tulasi 2020-05-20 07:57:05
Excellent
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക