Image

ആരംഭശൂരത്വമുള്ളവർക്ക് ആത്മഹത്യ ചെയ്യാൻ പറ്റുമോ? (പ്രസന്ന ജനാർദ്ദൻ)

Published on 17 May, 2020
ആരംഭശൂരത്വമുള്ളവർക്ക് ആത്മഹത്യ ചെയ്യാൻ പറ്റുമോ?  (പ്രസന്ന ജനാർദ്ദൻ)
ആരംഭശൂരത്വമുള്ളവർക്ക് ആത്മഹത്യ ചെയ്യാൻ പറ്റുമോ? ബുദ്ധിമുട്ടാണ് എന്നുള്ളതു കൊണ്ടാണ് നിങ്ങളെന്നെയിപ്പോൾ വായിക്കുന്നത്.

എന്താണീ ആരംഭശൂരത്വം? വളരെ ചെറിയ നാൾ മുതൽ കേൾക്കുന്ന ഒരാരോപണമാണ് പ്രസന്നക്ക് ആരംഭശൂരത്വമാണെന്നത്. എന്നാൽ അതിനേക്കാൾ മുൻപ് അക്ഷരങ്ങൾ കൂട്ടിവായിക്കാനാകുന്നതിനു മുമ്പ് പ്രസന്നയെന്ന വാക്കിന്റെ അർത്ഥമാലോചിക്കും മുമ്പ് ഞാനർത്ഥമന്വേഷിക്കാൻ തുടങ്ങിയ മറ്റൊരു വാക്കുണ്ട്- അഹങ്കാരം. പ്രസന്നക്ക് അഹങ്കാരമാണെന്നു വെച്ചാൽ എന്താണർത്ഥമെന്നറിയാതെ ഓർമ്മ വെച്ച നാൾ മുതൽ ഉഴന്നിട്ടുണ്ട് മനസ്സ്. മനസ്സിലാക്കിത്തുടങ്ങിയപ്പോൾ മുതൽ അതിനെ ജയിക്കാനായി ശ്രമം. അഹങ്കാരത്തെ ജയിക്കുന്നതെങ്ങിനെ? അതിനിതു വരെ പൂർണ്ണമായി കഴിഞ്ഞിട്ടില്ല. പകരം വഴികാട്ടാനാളില്ലാത്ത പ്രായത്തിൽ അഹംബോധത്തെ ഹനിക്കാനുള്ള പ്രയത്നത്തിലായി. അപകർഷത കൊണ്ടും ആത്മനിന്ദ കൊണ്ടും ഓരോ നിമിഷവും ഞാനെന്നോടു യുദ്ധം ചെയ്തു. അഹങ്കാരത്തെ എന്നു കരുതി ഞാനെന്റെ സ്വത്വത്തെ, വ്യക്തിത്വത്തെത്തന്നെ ഇല്ലായ്മ ചെയ്യാനുള്ള നിരന്തര സമരത്തിലേർപ്പെട്ടു. സ്വത്വഹത്യയോളം വരുന്ന ആത്മത്യാഗങ്ങൾ സ്ത്രീകളെ ശ്രേഷ്ഠരാക്കും എന്നു ധരിച്ചിരുന്ന സ്ത്രീകളെ ചുറ്റും കണ്ടാണു ഞാൻ വളർന്നതും. അക്ഷരങ്ങളോടാർത്തിയായിരുന്നു. അച്‌ഛമ്മയുടെ നാലഞ്ചു പേജുള്ള 'ശീലാവതി' എന്ന കുഞ്ഞു കൈപ്പുസ്തകം വായന തുടങ്ങും മുമ്പേ എനിക്കിഷ്ടമായിരുന്നു!

പന്ത്രണ്ടു വയസ്സൊക്കെ ആയപ്പോഴേക്കും അടുത്തിടപഴകുന്ന ബന്ധുക്കളിൽ നിന്നും തുടരെത്തുടരെയുണ്ടായ ശാരീരിക ചൂഷണങ്ങൾ എന്നെ കനത്ത അന്ധകാരത്തിലും ആത്മഹത്യാ ചിന്തയിലും തള്ളിയിട്ടു. ഒന്നിനും കൊള്ളാത്ത ഒരു സമ്പൂർണ്ണമാലിന്യമാണ് ഞാനെന്ന് എന്റെ ചുറ്റുമുള്ളവർ വിശ്വസിച്ചിരുന്നതുപോലെ ഞാനും വിശ്വസിക്കാൻ തുടങ്ങി. അതെന്നിൽ ഒരിക്കലും മായാത്ത മുറിപ്പാടുകളുണ്ടാക്കി.

എങ്ങനെയെങ്കിലുമൊന്ന് ഇല്ലായ്മ ചെയ്ത് ഈ ലോകത്തെ എന്നിൽ നിന്നും രക്ഷിക്കേണ്ട ബാദ്ധ്യത എനിക്കായിരുന്നു. അപ്പോഴും പുസ്തകങ്ങളും വായന കൊണ്ടു കിട്ടുന്ന ഉയർന്ന മാർക്കുകളും എന്നെ എന്തിനോ പിടിച്ചു നിർത്തി.

അപ്പോൾ ആരംഭശൂരത്വം പിടിച്ചു നിർത്തിയില്ലേ? ഉവ്വ്. സങ്കടം വരുമ്പോൾ ഒരുപാടു കരയും. രാത്രി മുഴുവൻ ഉറങ്ങാതെ ആത്മഹത്യ ചെയ്യുന്നതെങ്ങനെയെന്നു ചിന്തിക്കും. അതിലും വലിയ സങ്കടമാണെങ്കിൽ പെട്ടെന്നുറങ്ങിപ്പോകും. ഒറ്റ നിമിഷം കൊണ്ട്. ഉണരുമ്പോൾ ആത്മഹത്യ ചെയ്യാൻ മൂഡുണ്ടാകില്ല. മിക്കവാറും വിശക്കുന്നുണ്ടാകും. ജീവന്റെ തമാശയാണ്.

ആരംഭശൂരത്വമുള്ളവർ കാര്യങ്ങൾ വളരെ കേമമായി തുടങ്ങി വെക്കും. ന്യൂ ഇയർ റെസൊലൂഷൻ പോലൊക്കെ ഇടക്കിടക്കുണ്ടാക്കും. തീരുമാനങ്ങൾ, പ്ലാനിംഗുകൾ, പ്രഖ്യാപനങ്ങൾ, ഒരുക്കങ്ങൾ.. കാര്യം തുടങ്ങിക്കഴിഞ്ഞാൽ താത്പര്യം നശിച്ച്.. നിങ്ങൾ യോഗ തുടങ്ങിയതു പോലെ.. കഴിഞ്ഞ വർഷം നടത്തം തുടങ്ങിയതു പോലെ.. പക്ഷെ എന്റെ വിചാരം ഞാൻ മാത്രമാണ് ലോകത്തിൽ ഇങ്ങനെ എന്നായിരുന്നു. ആ ചെറിയ പ്രായത്തിൽ എന്നെ അങ്ങനെ വിശ്വസിപ്പിക്കാൻ പ്രേരിപ്പിക്കുന്ന പലവർത്തമാനങ്ങളും ഞാൻ കേട്ടു. മുൻപു പറഞ്ഞ ഒരുക്കങ്ങൾ, ചിലപ്പോൾ അലമാരയുടെ വശത്ത് ഒട്ടിച്ചു വെച്ചൊരു ടൈം ടേബിൾ, പഴയ പുസ്തകങ്ങളുടെ ഒഴിഞ്ഞ പേജുകളൊട്ടിച്ചു ഗംഭീരമായുണ്ടാക്കിയ ഒരു എക്സ്ക്ലൂസീവ് പുസ്തകം തുടങ്ങിയവയൊക്കെ എന്നിൽ ജാള്യതയുണ്ടാക്കി. ഉപേക്ഷിച്ച ലക്ഷ്യങ്ങൾ എന്നെ നോക്കി പല്ലിളിച്ചു കൊണ്ടിരുന്നു. വന്നു വന്ന് എനിക്കൊരു ഡയറിയുടെ ആദ്യ പേജിലെഴുതാൻ പോലും പേടിയായി. ഞാനതു തുടർന്നില്ലെങ്കിലോ എന്ന ഭയത്താൽ തുടങ്ങുക തന്നെ ചെയ്യാത്ത പലതും എന്നെ ജാള്യതയിൽ നിന്നും ചുറ്റുമുള്ളവരുടെ കളിയാക്കലിൽ നിന്നും രക്ഷിച്ചിട്ടുണ്ടാകണം.

പക്ഷേ, വീണ്ടുമൊരാലോചനയിൽ ആരംഭ ശൂരത്വം എനിക്കേറെ ഗുണം ചെയ്തിട്ടുണ്ട്. ഒന്നിനും ശ്രമിക്കാതെ ഒന്നും പഠിക്കാതെയിരിക്കുന്നതിൽ നിന്ന് എത്രയോ ഭേദമാണ് ഒരു കാര്യത്തെപ്പറ്റി കൂലങ്കുഷമായി ചിന്തിക്കുന്നതും അതിനു വേണ്ടി തയ്യാറെടുക്കുന്നതും അതിലേക്കിറങ്ങിച്ചെല്ലുന്നതും. അല്ലേ? എല്ലാറ്റിന്റെയും (ഒന്നിന്റേയും) ഒടുക്കം വരെയെത്തില്ലെങ്കിലും എല്ലാതുമായി ഹ്രസ്വമായെങ്കിലുമുള്ള സമ്പർക്കത്താൽ നാമെന്തെല്ലാമോ പഠിച്ചിരിക്കും.

ആരംഭശൂരത്വമുള്ളവർക്ക് പിന്നീട് തീരുമാനമെടുക്കാൻ വളരെ ഭയമായിരിക്കുമെന്നാണനുഭവം. എടുത്ത തീരുമാനത്തിലോ അഭിപ്രായത്തിലോ നിലപാടിലോ ഉറച്ചുനിൽക്കാനായില്ലെങ്കിലോ എന്നു ഭയന്ന് ഒഴിഞ്ഞുമാറാൻ പരമാവധി ശമിക്കും.

നിങ്ങളിപ്പോൾ എന്നെ വായിക്കുമ്പോൾ ദശകങ്ങൾ പഴകിയ ഭാഷയും ശൈലിയുമാണെന്ന തോന്നുന്നെങ്കിൽ അതിനു കാരണവും തുടരാതെ തുടക്കത്തിലേ ഒടുങ്ങിയ ഒന്നാണ്- വായന. ഞാൻ വായിച്ച കാലത്തെ ഭാഷയും അതിലെ ലോകവും മനുഷ്യരുമേ ഇന്നുമെനിക്ക് പരിചയമുള്ളൂ.
..........

തണുത്തു വിറച്ച് റോഡിലുപേക്ഷിക്കപ്പെട്ട പൂച്ചക്കുഞ്ഞാണെന്റെ ഏറ്റവും ഭയാനകമായ സ്വപ്നം. ആ പൂച്ചക്കുഞ്ഞിനെ ഞാൻ ഓമനിച്ചു വളർത്താനാശിച്ച് വീട്ടിലേക്കു കൊണ്ടുവന്നതായിരുന്നു. അതൊരിക്കലും മലമൂത്രവിസർജനത്തിന് പുറത്തു പോകണമെന്ന് പഠിക്കില്ലെന്നും അതിനെ ഓമനിക്കലെന്നാൽ ദിവസവും മൂത്രം മണക്കുന്ന വീട്ടിൽ കഴിയേണ്ടി വരികയെന്നാണെന്നും ഒന്നു രണ്ടാഴ്ച കൊണ്ടു ഞാൻ പഠിച്ചെടുത്തു. സോഫക്കടിയിൽ നിന്ന് അതിന്റെ അപ്പി കോരി ഞാൻ മടുത്തു.

ബാംഗ്ലൂരിലെ ആളൊഴിഞ്ഞ തണുത്ത റോട്ടിൽ ഒരു സന്ധ്യക്ക് അതിനെ വെച്ച് തിരിച്ചു ബൈക്കിൽ കയറുമ്പോൾ അത് വേവലാതിയോടെ ഉറക്കെ കരയുന്നുണ്ടായിരുന്നു. അന്ന് ഇരുട്ടുമ്പോൾ വീട്ടിനകത്തിരുന്ന് ഞാൻ തൊണ്ടയിലനുഭവിച്ച വേദന ഒരു നീറ്റലായി അവസാന ശ്വാസം വരെ കൂടെയുണ്ടാകും. അന്നു ഞാനെന്നെ ശകാരിച്ചതുപോലെ മുൻപൊരിക്കലും ഉണ്ടായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക