Image

ബ്രിട്ടനില്‍ മരിച്ചവരില്‍ 26 ശതമാനവും പ്രമേഹബാധിതര്‍

Published on 17 May, 2020
 ബ്രിട്ടനില്‍ മരിച്ചവരില്‍ 26 ശതമാനവും പ്രമേഹബാധിതര്‍

ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് ബാധിച്ചു മരിച്ച ആളുകളില്‍ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍ ആണെന്നു കണക്കുകള്‍. മാര്‍ച്ച് 31ന് ശേഷം മരിച്ച 22,332 രോഗികളില്‍ 5,873 പേര്‍ അതായത് 26 ശതമാനത്തോളം പേര്‍ പ്രമേഹരോഗ ബാധിതര്‍ ആയിരുന്നെന്നാണ് കണക്കുകള്‍. 18 ശതമാനം പേര്‍ ഡിമെന്‍ഷ്യ ബാധിതര്‍ ആയിരുന്നുവെന്നും എന്‍എച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. 15 ശതമാനം പേര്‍ വിട്ടുമാറാത്ത ശ്വാസകോശരോഗബാധിതരും പതിനെട്ടു ശതമാനം പേര്‍ കിഡ്‌നി സംബന്ധമായ അസുഖങ്ങളും ഉള്ളവര്‍ ആയിരുന്നു. 1,549 രോഗികള്‍ ആസ്ത്മ ബാധിതര്‍ ആയിരുന്നെന്നും കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ രണ്ടാഴ്ചയിലായി ഇംഗ്ലണ്ടിലെ അയ്യായിരം വീടുകളില്‍ കഴിയുന്ന പതിനോരായിരം ആളുകളില്‍ നടത്തിയ സ്വാബ് ടെസ്റ്റിലൂടെ രാജ്യത്തെ നാനൂറു പേരില്‍ ഒരാള്‍ വീതം വൈറസ് ബാധിതര്‍ ആയിട്ടുണ്ട് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ചൊവ്വാഴ്ച ലണ്ടനില്‍നിന്നു നെടുമ്പാശേരിയിലേക്കു നടത്തുന്ന ആദ്യ എയര്‍ ഇന്ത്യ സര്‍വീസില്‍ നാട്ടിലേക്കു പോകാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകള്‍ക്കു ലണ്ടനിലെ ഹൈകമ്മീഷനില്‍നിന്നും ഇ- മെയില്‍ മുഖേനയും തുടര്‍ന്ന് ടെലിഫോണിലൂടെയും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ലണ്ടന്‍- കൊച്ചി സര്‍വീസിന് ഇക്കോണമി ക്ലാസില്‍ 596 പൗണ്ടാണ് ഈടാക്കുന്നത്.

രോഗബാധിതര്‍

ഇതിനിടെ, കോവിഡ് ബാധിതരായി ദിവസേന ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണം നേര്‍ പകുതിയായി കുറഞ്ഞതായി നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് തലവന്‍ സൈമണ്‍ സ്റ്റീവന്‍സ് അറിയിച്ചു. രോഗം മൂര്‍ധന്യത്തില്‍നിന്ന സമയവുമായി താരതമ്യം ചെയ്യുമ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ആഴ്ചയില്‍ രാണ്ടായിരത്തോളം കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, അണുബാധയുടെ വേഗം കഴിഞ്ഞ ഒരാഴ്ചയായി ഉയരുന്നെന്നാണ് സയന്റഫിക് അഡൈ്വസറി ഗ്രൂപ്പ് ഓഫ് എമെര്‍ജന്‍സിസ് പറയുന്നത്. കഴിഞ്ഞ ആഴ്ച 0 .5നും 0 .9ഉം ഇടയില്‍ ആയിരുന്ന വൈറസിന്റെ റീപ്രൊഡക്ഷന്‍ ശേഷി ഇപ്പോള്‍ 0 .7നും ഒന്നിനും ഇടയിലേക്കുയര്‍ന്നു എന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.

നഴ്‌സുമാര്‍ ഉള്‍പ്പടെ ഉള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കു പാരിതോഷികം നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണയിലാണെന്നു ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് ഡെയ്ലി ബ്രീഫിംഗില്‍ പറഞ്ഞു. 1,33,784 പേരെയാണ് ഇന്നലെ പരിശോധനയ്ക്കു വിധേയരാക്കിയത്. ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിനു പതിന്നാലായിരം പേരില്‍നിന്ന് പിഴ ഈടാക്കി.


റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക