Image

ഒന്നല്ലെങ്കിൽ വേറെയും വഴികളുണ്ടാകും (ദിനസരി-7: ഡോ. സ്വപ്ന.സി. കോമ്പാത്ത്)

Published on 17 May, 2020
ഒന്നല്ലെങ്കിൽ വേറെയും വഴികളുണ്ടാകും (ദിനസരി-7: ഡോ. സ്വപ്ന.സി. കോമ്പാത്ത്)
വിവർത്തനങ്ങളില്ലായിരുന്നുവെങ്കിൽ നിശ്ശബ്ദത അതിരുകൾ തീർക്കുന്ന പ്രവിശ്യകളിലെ ഒറ്റപ്പെട്ട  ജീവിതമായിരുന്നിരിക്കും നമ്മുടേതെന്ന് അഭിപ്രായപ്പെട്ടത് ഫ്രഞ്ച് - അമേരിക്കൻ സാഹിത്യനിരൂപകനായ ജോർജ് സ്റ്റൈനറാണ്. പല അക്കാദമിക് ബുദ്ധിജീവികൾക്കും ഇന്നും വിവർത്തനങ്ങളെ അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളത് അങ്ങാടിപ്പാട്ടാണല്ലോ. വിവർത്തനങ്ങളിലൂടെ അനാവൃതമാകുന്ന പാരിസ്ഥിതിക, സാംസ്കാരിക,സാമൂഹിക വ്യതിയാനങ്ങളെ അത്ഭുതത്തോടെയല്ലാതെ അനുഭവിച്ചറിയാനാവില്ല. 

 മലയാളത്തിലെ പ്രഗത്ഭരായ വിവർത്തകരുടെ കൂട്ടത്തിലിടം പിടിച്ച എഴുത്തുകാരിയാണ്    സ്മിത മീനാക്ഷി  .ബി ടെക്കുകാരിയും ബാങ്ക് ഉദ്യോഗസ്ഥയുമായിരുന്ന അവർ മലയാളത്തിലേക്ക് ഇരുപതോളം പുസ്തകങ്ങൾ തർജമ ചെയ്തിട്ടുണ്ട്. ചാർളി ചാപ്ലിന്റെ ആത്മകഥയും കേജരിവാളിന്റെ സ്വരാജും അനിതാനായരുടെ വിവിധ കൃതികളുമെല്ലാം ഇതിൽ പെടുന്നു. അനിതാനായരുടെ കൃതികളാണ് സ്മിത മീനാക്ഷി ഏറ്റവുമധികം പരിഭാഷപ്പെടുത്തിയിക്കുന്നത്.

താളബദ്ധമായ ഒഴുക്കാണ് അനിതാ നായരുടെ എഴുത്തിന്റെ സവിശേഷത. ഒഴുക്കിന്  ഭംഗം വരാതെ മറ്റൊരു ഭാഷയിലേക്ക് ആ കുളിരും തെളിമയും പകർത്തിയെടുക്കുക എന്ന ശ്രമകരമായ ദൗത്യം ഭംഗിയായി നിർവഹിക്കുവാൻ സ്മിത മീനാക്ഷിക്ക് സാധിക്കാറുണ്ട്. സിലിക്കൺവാലിയായും ,ഗാർഡൻ സിറ്റിയായും അറിയപ്പെടുന്ന ബംഗളുരൂ നഗരത്തിന്റെ ഇരുണ്ട വശങ്ങളെ ത്രസിപ്പിക്കുന്ന ഒരു ക്രൈംഫിക്ഷനാക്കി അവതരിപ്പിക്കാനുള്ള അനിതാനായരുടെ ശ്രമമായിരുന്നു Cut Like Wound എന്ന നോവൽ .ഇൻസ്പെക്ടർ ഗൗഡ എന്ന ധീരനായ ഒരു പോലീസുദ്യോഗസ്ഥനെ അവതരിപ്പിക്കുന്ന ആ നോവൽ ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്.  ഭുവന എന്ന പേരിൽ സ്മിത മീനാക്ഷി അതിന്റെ പരിഭാഷ തയ്യാറാക്കിയിട്ടുണ്ട്.

 ഇൻസ്പെക്ടർ ഗൗഡ സീരീസിലെ രണ്ടാമത്തെ നോവലാണ് Chain of Custody. അതിന്റെ സ്മിതാ മീനാക്ഷി തയ്യാറാക്കിയ പരിഭാഷയാണ്,  മാതൃഭൂമി ബുക്സ്  2020 ജനുവരിയിൽ പുറത്തിറക്കിയ കൃഷ്ണ. നല്ല ഒരു വായനാനുഭവം. സാധാരണ ക്രൈംഫിക്ഷനുകളിൽ നിന്ന് വ്യത്യസ്തമല്ലാതെ ഒരു കൊലപാതകത്തിൽ നിന്നാരംഭിക്കുന്ന കഥാതന്തു വികസിച്ചു വരുമ്പോൾ ബംഗളുരു കേന്ദ്രമായി പ്രവർത്തിക്കുന്ന സെക്സ് മാഫിയയുടെ, അതിർത്തി ഭേദമില്ലാത്ത ചൈൽഡ് ട്രാഫിക്കിന്റെ ഭീകര ദൃശ്യങ്ങളിലാണ് നമ്മുടെ കണ്ണുടക്കുക.

പ്രണയവും രതിയും കയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്നതിൽ അനിതാനായർ എന്നത്തേയും പോലെ വിജയിച്ചിട്ടുണ്ട്. സാധാരണ  ക്രൈം ഫിക്ഷനുകളുടെ മുഖമുദ്രയായ ത്രസിപ്പിക്കുന്ന രംഗങ്ങളോ, ഞെട്ടലുകളുണ്ടാക്കുന്ന  സന്ദർഭങ്ങളോ അല്ല, ആകാംക്ഷ അല്പം പോലും വിടാതെ നിലനിർത്തുന്ന മറ്റൊരു തരം രചനാ തന്ത്രമാണ് അനിതാനായർ ഇതിൽ പരീക്ഷിച്ചിരിക്കുന്നത്. നഷ്ടപ്പെടുന്ന കുട്ടികൾ, അവർ  നമുക്ക് നഷ്ടമാകുന്ന സാഹചര്യങ്ങൾ ഒക്കെ അതിസൂക്ഷ്മമായി അടയാളപ്പെടുത്തിയിരിക്കുന്നു. നമ്മുടെ കുട്ടികൾക്ക് മുകളിൽ എല്ലായ്പ്പോഴും റാകി പറക്കുന്ന  പരുന്തുകളെ ഓർമപ്പെടുത്തുന്നതോടൊപ്പം ഇരകളും വേട്ടക്കാരും തമ്മിലുള്ള  കൈവിരലകലത്തെ ,ഒരിക്കലും ഭേദിക്കാനാവാത്ത രീതിയിൽ അവരെ കോർത്തുകെട്ടുന്ന വലക്കണ്ണികളെ, മുകളറ്റത്ത് വലവിരിച്ചു കാത്തിരിക്കുന്ന പൊതുമധ്യത്തിൽ മാന്യന്റെ മുഖം മൂടി ധരിച്ചിരിക്കുന്ന  രാക്ഷസജന്മത്തെയൊക്കെ ദൃശ്യാത്മകമായി അടയാളപ്പെടുത്താൻ രചയിതാവിന് സാധിച്ചിട്ടുണ്ട്. 

 സ്വാഭാവികമായും ഈ സീരീസിലുള്ള ആദ്യ നോവലുമായി ഇതിനെ താരതമ്യപ്പെടുത്തുവാനുള്ള ജിജ്ഞാസ നമുക്കുണ്ടാകും .ഭുവന ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. എന്നാൽ കൃഷ്ണ ജീവിതത്തിന്റെ ചെറു പകർപ്പാണ് . ഒരിക്കൽ നമ്മളിൽ നിന്ന്  നഷ്ടമായാൽ പിന്നെ ലിംഗഭേദമന്യേ നമ്മുടെ കുട്ടികൾ നേരിടേണ്ടി വരുന്ന  ലൈംഗിക അതിക്രമങ്ങളുടെ  രക്തം മരവിപ്പിക്കുന്ന  നേർകാഴ്ചയാണ് കൃഷ്ണ. കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള ഇൻസ്പെക്ടറുടെ അതിസാഹസികമായ പ്രയാണമാണ് ഭുവനയെങ്കിൽ, ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതിലൂടെ ലോകത്തെ നടുക്കുന്ന ഭീകരതയുടെ മുഖം മൂടി വലിച്ചു കീറുകയാണ് കൃഷ്ണ .

 അതിർത്തികൾക്കപ്പുറവും വ്യാപിച്ചുകിടക്കുന്ന മാംസവ്യാപാരത്തിന്റെ വേരുകളിലേക്ക് കൃഷ്ണ ഇറങ്ങി ചെല്ലുന്നു. പത്താം ക്ലാസ് കഴിഞ്ഞ സാധാരണ പെൺകുട്ടികളെ പോലെ ബംഗ്ലാദേശിലെ വീട്ടിൽ നിന്ന് തയ്യൽ പഠിക്കാനായി പോയിരുന്ന മൊയ്ന എന്ന പെൺകുട്ടിയെ പഠിപ്പിച്ചിരുന്ന ആന്റി തന്നെയാണ് തന്റെ സഹോദരിയുടെ ഗാർമെന്റ് ഫാക്ടറിയിലേക്ക് അവളെ കൂട്ടിക്കൊണ്ടു പോകുന്നത്. ശമ്പള അഡ്വാൻസായി നൽകിയ പതിനയ്യായിരം രൂപ അവളുടെ അമ്മയ്ക്കൊരു ആശ്വാസമായിട്ടുണ്ടാവണം. കണ്ണിൽ ചോരയില്ലാത്തവരെന്ന് പേരുകേട്ട ബി എസ് എഫുകാരറിയാതെ മുള്ളു കമ്പി നൂണ്ട് അവൾ കടക്കുമ്പോൾ കൈ വെള്ള മുറിഞ്ഞ് അതിർത്തിയിലെവിടെയോ അവൾക്ക് ഒരു കഷ്ണം മാംസവും രക്തവും നഷ്ടപ്പെട്ടു. പിന്നീടുള്ള യാത്രയിൽ അവൾ വെറും മാംസം മാത്രമാണെന്ന മുന്നറിയിപ്പു പോലെ. എത്രയെത്ര മൊയ്നമാർ, സാനിയമാർ ,പേരില്ലാത്തവർ ...അവരുടെ കഥയാണിത്.

  കടപ്പാട് എന്ന തലക്കെട്ടിനു താഴെ ഈ സർഗാത്മകരചനക്കു വേണ്ടി താൻ നടത്തിയ കൃത്യവും വിശദവുമായ ഗവേഷണത്തെക്കുറിച്ച് അനിതാനായർ തന്നെ വ്യക്തമാക്കുന്നുണ്ട്. ആ ഗൃഹപാഠമാണ് രചനയുടെ കരുത്തും എന്ന് പറയാതെ വയ്യ." ഒന്നല്ലെങ്കിൽ വേറെ വഴികളുണ്ടാകും എന്ന് എല്ലായ്പ്പോഴും വിശ്വസിക്കുന്ന " ഇൻസ്പെക്ടർ ഗൗഡയുടെ കഥ മലയാളിക്കു പരിചയപ്പെടുത്തിയ സ്മിതാമീനാക്ഷിയുടെ സർഗാത്മകതയും കൃതിയെ ആസ്വാദകഹൃദയങ്ങളിലേക്കെത്തിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. പേരിൽ തുടങ്ങുന്ന ആ വൈദഗ്ധ്യം രചനയിലുടനീളം പ്രസരിക്കുന്നുമുണ്ട്. വിവർത്തനമെന്നതിൽ പരിഭാഷകരുടെ കൈചാതുരി കൂടി പ്രകടമാകുന്നതിന്റെ സ്പഷ്ടമായ ഉദാഹരണമാണ് കൃഷ്ണ.തീർച്ചയായും വിവർത്തനങ്ങൾ ഒരേപ്രമേയത്തിൽ  രണ്ടുപേരുടെ സർഗാത്മകതയെ ചേർത്തുവെക്കുന്നു.

Translation is that which transforms everything .So that nothing Changes
Gunter Grass
ഒന്നല്ലെങ്കിൽ വേറെയും വഴികളുണ്ടാകും (ദിനസരി-7: ഡോ. സ്വപ്ന.സി. കോമ്പാത്ത്)ഒന്നല്ലെങ്കിൽ വേറെയും വഴികളുണ്ടാകും (ദിനസരി-7: ഡോ. സ്വപ്ന.സി. കോമ്പാത്ത്)ഒന്നല്ലെങ്കിൽ വേറെയും വഴികളുണ്ടാകും (ദിനസരി-7: ഡോ. സ്വപ്ന.സി. കോമ്പാത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക