Image

നല്ല പാട്ട് ഏറ്റെടുക്കില്ല കോമാളിത്തരം ഏറ്റെടുക്കും; പുതിയ ലുക്കിനെ കുറിച്ച്‌ പി ജയചന്ദ്രന്‍

Published on 17 May, 2020
നല്ല പാട്ട് ഏറ്റെടുക്കില്ല കോമാളിത്തരം ഏറ്റെടുക്കും; പുതിയ ലുക്കിനെ കുറിച്ച്‌ പി ജയചന്ദ്രന്‍

മലയാളികളുടെ പ്രിയപ്പെട്ട ഭാവഗായകന്‍ പി ജയചന്ദ്രന്റെ ഏറ്റവും പുതിയ ലുക്ക് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുയാണ്. തന്റെ 76ആം വയസിലും മസില്‍ പെരുപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. പുതിയ ലുക്കിനെ കുറിച്ച്‌ ഭാവഗായകനും ചിലത് പറയാനുണ്ട്.

തന്റെ ബോഡിയുടെ സൂത്രമറിയാന്‍ അമേരിക്ക മുതല്‍ തൃശൂരില്‍നിന്നു വരെ തനിക്ക് കോളുകള്‍ വന്നു എന്നും തമിഴ് പത്രക്കാര്‍ വരെ തന്നെ വിളിച്ചു എന്നുമാണ് ഗായകന്‍ പറയുന്നത്. ബ്യൂട്ടിഫുളായൊരു പാട്ടുപാടിയാല്‍പോലും ഇതുപോലെ ആളുകള്‍ ഏറ്റെടുക്കില്ല എന്നാല്‍ ഇതുപോലെ കോമാളിത്തരം കാട്ടിയാല്‍ ഏറ്റെടുക്കുന്ന കാലമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


"അമേരിക്കയില്‍ നിന്ന് മുതല്‍ തൃശൂരില്‍നിന്നു വരെ വിളിച്ചു. തമിഴ് പത്രക്കാര്‍ വിളിച്ചു. എല്ലാവര്‍ക്കും അറിയേണ്ടതു ബോഡി ഇങ്ങനെ ആയതിന്റെ സൂത്രമാണ്. ഇതിലൊരു സൂത്രവുമില്ല. മസിലുമില്ല, പെരുപ്പിച്ചിട്ടുമില്ല. ജിമ്മിലും പോയിട്ടില്ല. വീട്ടില്‍ കിട്ടുന്നതു മിതമായി കഴിക്കും. സുഖമായിട്ടിരിക്കും. എന്നും മിതമായി എക്സര്‍സൈസ് ചെയ്യും. ഇതൊരു തമാശ കാണിച്ചതാണ്.

ന്യൂജെനറേഷനെ ഞാന്‍ കുറ്റം പറഞ്ഞിരുന്ന ആളാണ്.ഊശാന്‍ മുടിയും താടിയും വളര്‍ത്തി തോന്നിയ ഡ്രസെല്ലാം ഇടുന്നവരെന്നാണ് വിളിച്ചിരുന്നത്. ഇപ്പോള്‍ ഞാനും അതായി. മൊട്ടയടിച്ച ശേഷം കുറച്ചു മുടി മുകളിലേക്കു നിര്‍ത്തി. താടിയുടെ ഷേപ് മാറ്റി. അവരിടുന്ന ഡ്രസെല്ലാം ഇടാനും തുടങ്ങി. 


ആസനത്തിനു താഴെ ഊരിവീഴാന്‍ നില്‍ക്കുന്ന ജീന്‍സു മാത്രം ഇതുവരെ ഇട്ടിട്ടില്ല. ഇടാന്‍ തല്‍ക്കാലം ഉദ്ദേശ്യവുമില്ല. ഇനി രണ്ടു കാലും രണ്ടു നിറമായ ജീന്‍സ് ഇടാന്‍ തോന്നിയാല്‍ അതും ഇടും. ഇടത്തേക്കാലില്‍ പച്ച, വലത്തേതു ചുവപ്പ്, കറുത്ത ബനിയനും. ഇതൊന്നുമല്ലടോ കാര്യം, പാടുന്നുണ്ടോ എന്നതു മാത്രമാണു കാര്യം.

ഇനി ഷോകള്‍ തുടങ്ങിയാല്‍ ഞാന്‍ ഓരോ പാട്ടിനു ശേഷവും മസിലു കാണിക്കേണ്ടിവരും. പലര്‍ക്കും അതുമതി. വിളിച്ച ഒരാളോടു ഞാന്‍ പറഞ്ഞു, ഇനി പാട്ടുനിര്‍ത്തി ഈ മസില്‍ ഷോ മാത്രമാക്കാമെന്ന്. അതോടെ ഫോണുവച്ചിട്ടു പോയി. 


ബ്യൂട്ടിഫുളായൊരു പാട്ടുപാടിയാല്‍പോലും ഇതുപോലെ ആളുകള്‍ ഏറ്റെടുക്കില്ല. ഇതുപോലെ കോമാളിത്തരം കാട്ടിയാല്‍ ഏറ്റെടുക്കുന്ന കാലമാണിത്. 55 വര്‍ഷമായി പാടുന്നയാളാണു ഞാന്‍."

മോഹന്‍ലാല്‍,റിമി ടോമി തുടങ്ങിയവര്‍ തന്നെ ഫോണ്‍ വിളിച്ചിരുന്നു എന്നും മോഹന്‍ലാലിന് തന്റെ പുതിയ ലുക്ക് ഇഷ്ടപെട്ടതായി പറഞ്ഞുവെന്നും ജയചന്ദ്രന്‍ പറയുന്നു. 55 വര്‍ഷമായി താനൊരു ഗായകനാണെന്നും തന്നെ അറിയേണ്ടതും ഓര്‍ക്കേണ്ടതും പാട്ടിലൂടെ മാത്രമാണ്. അല്ലാതെ, മസിലിലൂടെയും തുണിയുടുത്തതിലൂടെയുമല്ല എന്ന് ജയചന്ദ്രന്‍ മനോരമയോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക