Image

മുഖ്യമന്ത്രി പിണറായി വിജയൻ നോർത്ത് അമേരിക്കൻ മലയാളികളുമായി മെയ് 23 നു സംവദിക്കുന്നു

ഫ്രാൻസിസ് തടത്തിൽ  Published on 17 May, 2020
മുഖ്യമന്ത്രി പിണറായി വിജയൻ നോർത്ത് അമേരിക്കൻ മലയാളികളുമായി മെയ് 23 നു സംവദിക്കുന്നു
 
ന്യൂജേഴ്‌സി: കോവിഡ് 19ന്റെ ദുരിതം ഏറെ അനുഭവിക്കേണ്ടി വന്ന അമേരിക്കയിലെയും കാനഡയിലെയും   മലയാളികളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കുന്നു. അടുത്ത ശനിയാഴ്ച്ച മെയ് 23 നു ന്യൂയോർക്ക് സമയം രാവിലെ 10.30 നായിരിക്കും നോർത്ത് അമേരിക്കൻ മലയാളികൾക്ക് കോവിഡ് കാലത്തുണ്ടായ ദുഃഖ നഷ്‌ടങ്ങളിൽ ആശ്വാസ വചനവുമായി സൂം (Zoom) മീറ്റിംഗിൽ മുഖ്യമന്ത്രി പങ്കു ചേരുക. ഇന്ത്യൻ സമയം കൃത്യം വൈകുന്നേരം 8 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മീറ്റിംഗിൽ പ്രവേശിക്കും. 
 
കേരളത്തിൽ വ്യാപകമായിരുന്ന കൊറോണ വൈറസിനെ തുരത്തി പായിക്കുന്നതിൽ ആരോഗ്യമേഖലയിലെ പ്രവർത്തകരെ മുന്നിൽ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ  ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന കോവിഡ് മുന്നണിപോരാളി എന്ന പേരിന് അർഹനായിരിക്കുകയാണ്. കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിലെ ആരോഗ്യ വകുപ്പ് കൈവർച്ച നേട്ടങ്ങൾക്ക്  ലോകാരോഗ്യ സംഘടന,യുനൈറ്റഡ്‌ നേഷൻസ്, തുടങ്ങിയ അന്തർദേശീയ സംഘടനകളുടെ പ്രശംസയ്ക്ക് പാത്രമായിരുന്നു.  കോവിഡ് 19 നെ ഫലപ്രദമായി നേരിട്ട  കേരള മന്ത്രിസഭയുടെ നായകനായ  പിണറായി വിജയൻ  യുറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലുള്ള വിവിധ ദൃശ്യ - പ്രിന്റ് മാധ്യമങ്ങളിൽ പലവട്ടം പ്രധാന വാർത്താപുരുഷനുമായിരുന്നു. ദി ഗാർഡിയൻ പത്രം അദ്ദേഹത്തെ "കോവിഡിനെ തോൽപ്പിച്ച അന്തർദേശീയ ഹീറോ"  എന്നായിരുന്നു  വിശേഷിപ്പിച്ചത്.
 
തിരക്ക് പിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും ലോകം മുഴുവനുമുള്ള മലയാളികളുമായി കോവിഡ് ദുരന്തത്തെക്കുറിച്ചും അവരുടെ ആവലാതികളെക്കുറിച്ചും  നേരിട്ടറിയാൻ നിരന്തരം സൂം(Zoon)( മീറ്റിംഗുകൾ വഴി സംവാദം നടത്താറുണ്ട്.എന്നാൽ 19  കോവിഡ് ഏറ്റവും വ്യാപകമായ നോർത്ത്അമേരിക്കയിലെ  മലയാളികളുമായി  ആദ്യമായിട്ടാണ് കേരള മുഖ്യമന്ത്രി സൂം (zoom) മീറ്റിംഗിലൂടെ സംവദിക്കാനൊരുങ്ങുന്നത്. തികച്ചും ഔദ്യോഗികമായിട്ടാണ് കേരള മുഖ്യമന്ത്രി നോർത്ത് അമേരിക്കയിലെ കക്ഷിഭേദമില്ലാതെ ഫൊക്കാന, ഫോമ, വേൾഡ് മലയാളി കൗൺസിൽ, അസോസിയേഷൺ ഓഫ് കേരള മെഡിക്കൽ ഗ്രാജുവേറ്റ് (എ.കെ.എം. ജി.) നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നേഴ്സസ് ഓഫ് അമേരിക്ക( നൈന) ലോക കേരള സഭ, നോർക്ക ഹെൽപ് ഡെസ്‌ക് ഓഫ് അമേരിക്ക,നോർക്ക ഹെൽപ് ഡെസ്ക്ക് ഓഫ് കാനഡ തുടങ്ങിയ  മലയാളി സംഘടനാ നേതാക്കളുമായി അഭിസംബോധന ചെയ്യുന്നത്. 
 
വിവിധ സംഘടനകളിൽ നിന്നായി ഏതാനും പേർക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള സമയം ലഭിക്കും.ലഭിക്കുന്ന ചോദ്യങ്ങൾ സൂക്ഷ്‌മ പരിശോധന നടത്തി ആവർത്തന ചോദ്യങ്ങൾ ഒഴിവാക്കി ഏറെ പ്രസക്തിയുള്ളവ തെരഞ്ഞെടുക്കും. വിവിധ ദേശീയ സംഘടനകളുടെ നേതാക്കന്മാർക്കു ചോദ്യങ്ങൾ ചോദിയ്ക്കാൻ മുൻഗണന നൽകും. സമയ പരിമിതി മൂലമാണ് ചോദ്യോത്തരവേളയിൽ ചോദ്യങ്ങളുടെ എണ്ണം ചുരുക്കുന്നത്. എന്നിരുന്നാലും സമയ പരിധിക്കുള്ളിൽ  നിന്നുകൊണ്ട് പരമാവധി ചോദ്യങ്ങൾ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്നതാണെന്ന് സംഘാടകർ പറഞ്ഞു..ചോദ്യങ്ങൾ അയക്കാനുള്ള സമയ പരിധി മെയ് 20ന് ബുധനാഴ്‌ച രാത്രി 8 മണിവരെയാണ്. ചോദ്യങ്ങൾ മീറ്റിംഗ് കോർഡിനേറ്റർ സജിമോൻ ആന്റണിക്ക് അയച്ചു നൽകേണ്ടതാണ്.ഇമെയിൽ:sajimonantony1@yahoo.com
 
കോവിഡ് കാലത്തു അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മലയാളികൾ മരിച്ചത്. മരണമടഞ്ഞ എല്ലാ കുടുബങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുകയാണെന്നും മുഖ്യമന്ത്രി എന്ന നിലയിൽ നോർത്ത് അമേരിക്കൻ മലയാളികൾക്ക് ചെയ്യാൻ പറ്റുന്ന എല്ലാ സഹായങ്ങളും ചെയ്യാൻ പ്രതിജ്ഞാബദ്ധരാണ് തന്റെ സർക്കാരെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കൻ മലയാളികളുടെ പ്രശ്ങ്ങളും ആവശ്യങ്ങളും അവരുടെ പ്രതിനിധികളിൽ നിന്നു തന്നെ നേരിട്ടറിയാൻ താൽപര്യമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.നോർത്ത് അമേരിക്കൻ മലയാളികളോടുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ സ്നേഹവും താല്പര്യവും കണക്കിലെടുത്ത് എല്ലാ  മലയാളി സംഘടനാ നേതാക്കളും സൂം മീറ്റിംഗിൽ പങ്കെടുക്കണമെന്ന് നോർക്ക റൂട്ട്സ് ഡയറക്ടറും കേരള ലോക സഭ സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറുമായ ഡോ.എം.അനിരുദ്ധൻ അഭ്യർത്ഥിച്ചു.
 
കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്ററാമാരായ പോൾ കറുകപ്പള്ളിൽ-ഫോ:845-553-5671, സജിമോൻ ആന്റണി: ഫോ:862-438-2361 , ജെസി റിൻസി-ഫോ:773-775-4059 എന്നിവരുമായി ബന്ധപ്പെടുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക