Image

കൊറോണായുടെ സുവിശേഷം (ഷേബാലി)

Published on 16 May, 2020
കൊറോണായുടെ സുവിശേഷം (ഷേബാലി)
കുഞ്ഞേനച്ചായാ..ഇന്നെന്താ പ്രാതലിനവിടെ?
ആരാടാ, ഇത്‌ ചാക്കപ്പനാണോ?
അതേ അച്ചായ..ശബ്ദം കേട്ടിട്ട്‌ മനസിലായില്ലേ?.. ഫോണിന്റെ മറു തലയ്ക്കൽ നിന്നു മറുപടി
.
ഇന്നു നല്ല കുത്തരിയുടെ കഞ്ഞീം ചക്കപ്പുഴുക്കും...അവിടിന്നെന്നാരുന്നെടാ?

ഇവിടേം അതു തന്നെ..അതുകൊണ്ട്‌ വയറിനൊക്കെ നല്ല സുഖമാ..ആദ്യമൊക്കെ ജോയി മോന്റെ കൊച്ചുങ്ങക്ക്‌ അതൊന്നും പിടിക്കുകേലായിരുന്നു. പിള്ളാരെ തണുപ്പിക്കാൻ മരുമോളൊരു ചക്കക്കുരു ഷേക്കുണ്ടാക്കി..അതോടെ പിള്ളാരും ചക്ക ഫാൻസായി. ഇപ്പൊ അവൾ ചക്ക ഹൽവായും ചക്ക ഉപ്പേരീം ഉണ്ടാക്കിയതോടെ പിള്ളാരും വീണു.

എത്ര കാലമായി കൊതിച്ചിരുന്നു നല്ലൊരു ചക്കപ്പുഴുക്കും കഞ്ഞീ കഴിക്കാൻ, ദാ--ഇതിപ്പം കൊറോണാ വേണ്ടി വന്നു പഴയ കാലത്തേക്കു കൂട്ടിക്കൊണ്ടു പോകാൻ...ഇവിടുത്തെ മരുമോൾ വഴക്കുമ്പ്‌ കട്ട്ലേറ്റ്‌ ഉണ്ടാക്കി പിള്ളാരെ കയ്യിലെടുത്തു. ഇപ്പൊ മരുമോളു ചാച്ചി കഞ്ഞന്നാമ്മേടെ പിറകേ പഴയ പാചക വിധിയും തപ്പി നടക്കുവാ..ഇപ്പൊ അമ്മയിയമ്മേം മരുമോളും നല്ല ചക്കരേം അടേം പോലാ..കുഞ്ഞേനാച്ചൻ പറഞ്ഞു.

അപ്പൊ അച്ചയൻ അറിഞ്ഞില്ലാരുന്നോ?..
എന്തോന്ന്‌?

നമ്മുടെ മരുമക്കൾ ചേർന്ന്‌ പാചകവിധിയുടെ ഒരു യുട്യൂബ്‌ തുടങ്ങുവാ..നമ്മുടെ മക്കടെ  പിള്ളേരാ ചാനൽ ഉണ്ടാക്കിയത്‌. ഇന്ന്‌ സൂമിലൂടെ രണ്ടു പേരും ചേർന്ന്‌ ഇറക്കുവാ...കൊച്ചു മരുമക്കളും പാചകം പഠിക്കാൻ വീടിലിരുന്നുള്ള ജോലിക്കിടയിൽ ഉത്സാഹത്തിലാ. എത്ര നാളായി നമ്മളൊക്കെ പിള്ളാരെ കണ്ടതൊക്കെ ഫേസ്‌ ടൈമിലാരുന്നു. ലോക്ഡൗൺ കാരണം വൈകിയാണെങ്കിലും പിള്ളരെല്ലാം വീട്ടിലെത്തി..ക്വാറന്റൈൻ ആയതുകൊണ്ട്‌ അവന്മാരെയൊക്കെ കണ്ടോണ്ടെങ്കിലും ഇരിക്കാം....കൊറോണാ കാരണം അത്രേമെങ്കിലും ഗുണമുണ്ടായി...ചാക്കപ്പൻ പറഞ്ഞു.

ഈ കുഞ്ഞേനാച്ചനും ചാക്കപ്പനും ചേട്ടനും അനിയനുമാണ്‌. വയസ്‌ 92-ഉം 88-ഉം. വയസന്മാരാണെന്നു കരുതി തള്ളിക്കളയാൻ വരട്ടെ. കുഞ്ഞേനാച്ചായനും ചാക്കപ്പനും കൽക്കട്ടാ ബിഷപ്സ്‌ കോളേജിൽ നിന്നും ബി.എ. ഹോണേഴ്സുകാരാണ്‌. മെസപ്പൊട്ടോമ്യായിലും, മലേഷ്യായിലും അക്കലത്ത്‌ ജോലി ചെയ്ത്‌ പത്തമ്പതു വർഷമായി റിട്ടയർമെന്റിലാണെന്നേ ഉള്ളു. അത്യാവശ്യം വായനയും കമ്പ്യൂട്ടറും ഫോണുമൊക്കെ വഴങ്ങും.  ഒരേ പറമ്പിന്റെ രണ്ടത്താണ്‌ താമസം.  കോവിഡായതുകൊണ്ട്‌ ഇപ്പൊ പുറത്തിറങ്ങാറില്ല. അതാ ഇപ്പം ഫോണിൽ..മക്കളും മക്കടെ മക്കളും കെട്ടി..പിന്നെ അവരുടെ പിള്ളേരും. ഈ ലോക്ഡൗൺ കാലത്ത്‌ എല്ലാരേം അടുത്തു കിട്ടിയ സന്തോഷം മാത്രമല്ല..ശാപ്പാട്‌ തനി നാടൻ ആയതിന്റെയും ഉണ്ടെന്നു കൂട്ടിക്കോളൂ..

കുഞ്ഞേനാച്ചായാ..പിള്ളേരു പാചക യുട്യൂബ്‌ ഷൂട്ടിലാന്നാ തോന്നുന്നെ..ഇപ്പൊ ഉണ്ടാക്കുന്നതൊക്കെയാവും ഉച്ചക്കു മേശയിൽ ഉണ്ടാവുക..അപ്പോ ഉച്ചക്കു വിളിക്കാം...ചാക്കപ്പൻ ഫോൺ വച്ചു.

കുഞ്ഞേനാച്ചായൻ പുഴുക്കലരിയുടെ കഞ്ഞി വെള്ളത്തിൽ കഞ്ഞന്നാമ്മ കൊണ്ടുവന്ന കാച്ചി മോരു കുടിക്കുന്നതു കണ്ട്‌ കൊച്ചുമോന്റെ മോൻ ജോക്കുട്ടൻ ചോദിച്ചു..അതെന്നാ ഗ്രേറ്റ്‌ ഗ്രാൻപാ?.. കഞ്ഞന്നാമ്മ അവനും കൊടുത്തു ഇച്ചിരെ..
അപ്പച്ചാ..ദിസ്‌ ഇസ്‌ സോ ഡെലിഷ്യസ്‌...ജോക്കുട്ടൻ പറഞ്ഞു...ഐ നീഡ്‌ മോർ...
അമ്മച്ചീ..ഐ ആൾസോ വാണ്ടു ട്രൈ..ജോക്കുട്ടന്റെ അനിയത്തിയും കിണുങ്ങി..
അപ്പൊ കഞ്ഞിവെള്ളത്തിന്റെ കാര്യത്തിനും ഒരു തീരുമാനമായി...
കഞ്ഞി വെള്ളം മാത്രമല്ല, പോലീസിന്റെ അടി പേടിച്ച്‌ പച്ചക്കറികളെല്ലാം പറമ്പിൽ നിന്നു തന്നെ.
ചക്കക്കുരു തോരൻ, ചക്കപ്പുഴുക്ക്‌, ചക്കക്കുരു വറുത്തരച്ചത്‌. ചക്കക്കുരു മെഴുക്കുപെരട്ടി, ചക്ക പായസം, ചക്ക വറത്തത്‌, ചക്കക്കുരു മില്ക്ക്‌ ഷേക്ക്‌, ചക്ക ഹൽവാ, വാഴക്കുമ്പ്‌ കട്ട്ലേറ്റ്‌, തോരൻ, ചേമ്പു വറത്തത്‌, ചേനത്താൾ തോരൻ, ചേന അസ്ത്രം....അങ്ങനെ  മരുമക്കടെ കൊറോണാ പാചക വീഥി ചാനൽ യുട്യൂബിൽ ഹിറ്റായി.
ചാനലിൽ ഇടിച്ചക്ക ഉലർത്തിയതു വന്നപ്പോളാണ്‌ ഇറച്ചിക്കൊതിയന്മാർ ഈ ചാനൽ ശ്രദ്ധിച്ചു തുടങ്ങിയത്‌.
ഇപ്പം മരുമക്കടെ പേരിലാ ഭർത്താക്കന്മാർ അറിയപ്പെടുന്നത്‌. സോഷ്യൽ മീഡിഡിയാ ഏറ്റെടുത്തതോടെ പിന്നെ ചാനലുകാരും അതങ്ങ്‌ ഏറ്റെടുത്തു.

അപ്പൊഴാണ്‌ രാജ്യം മുഴുവനും ഗ്രീൻ സോണിലേക്ക്‌   വരുന്ന 15-ന്‌ മാറുമെന്ന പ്രധാന മന്ത്രിയുടെ അറിയിപ്പ്‌ ടിവിയിൽ വന്നത്‌..

കുഞ്ഞേനാച്ചായനും ചാക്കപ്പനും മാത്രം ഒരു മ്ളാനത. പിള്ളേരൊക്കെ മടങ്ങുമല്ലോ?..

അപ്പൊഴാ ചാക്കപ്പന്റെ വിളി വന്നത്‌..കൊച്ചു മക്കൾ ഐ.ടി..ജോലി വിട്ട്‌ വീട്ടിൽ പുതിയ സം രംഭം തുടങ്ങാൻ ആലോചന തുടങ്ങിയെന്ന്‌. മരുമക്കൾക്ക്‌ യൂടൂബ്‌ ചാനൽ വരുമാനമൊക്കെയായി...എങ്കിൽ ചക്ക കയറ്റി അയച്ചാലോ എന്നാ ഇപ്പൊ പിള്ളേരു പറയുന്നെ. അതിനെന്തോ പുതിയ പ്രോജക്ട്‌ തയ്യാറാക്കുന്നു പോലും കൊച്ചു മക്കള്‌.

ചാക്കപ്പാ...പിള്ളേർ ഇവിടേം ഇതൊക്കെത്തന്നെയാ പറയുന്നത്‌.  കൂട്ടു കുടുംബം ഉപേഷിച്ച്‌ അണുകുടുംബത്തിലേക്കു ചേക്കേറിയ കുട്ടികളും പട്ടിയും പൂച്ചയും പശുക്കുട്ടിയും ആട്ടിൻ കുട്ടിയുമൊക്കെയായി പാറി പറന്നു നടക്കുന്നു.

പണി ആയുധങ്ങളായി പലതും വികസിപ്പിക്കാനുള്ള പുറപ്പാടിലാണ്‌ ഐ.ടി. കൊച്ചുമക്കളും മരുമക്കളും. 10 വരെ ഓൺലൈൻ സ്കൂളിങ്‌ മതിയെന്നാ അവരുടെ തീരുമാനം. ബാക്കി സമയം പറമ്പിൽ സഹായിച്ചു വളരെട്ടെയെന്ന്‌..

പിള്ളാരുടെ രാജിക്കാര്യം കേട്ട്‌ ഐ.ടി.കമ്പനിക്കാർ പറഞ്ഞു..ശംബളം ഇരട്ടിയാക്കാം, വീട്ടിലിരുന്നു പണി ചെയ്താൽ മതി.

കൊച്ചു മക്കളും മരുമക്കളും ഫോണിൽ ഇക്കാര്യം കൂലംകഷമായി ചിന്തിക്കുമ്പോഴേക്കും വൈകിട്ടത്തെ ചക്കക്കൊണ്ടാട്ടവും മറ്റുമായി കുഞ്ഞന്നാമ്മയും മരുമകളും അത്താഴ മേശ ഒരുക്കുകയായിരുന്നു.പുതിയ വിശേഷങ്ങൾ പറയാൻ ചാക്കപ്പന്റെ വിളിയും കാത്ത്‌ കുഞ്ഞേനാച്ചായനും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക