Image

സിനിമ എവിടെ എപ്പോള്‍ കാണണമെന്ന് പ്രേക്ഷകന്‍ തീരുമാനിക്കട്ടെ: സംവിധായകന്‍ ലിജോ പെല്ലിശേരി

Published on 16 May, 2020
സിനിമ എവിടെ എപ്പോള്‍ കാണണമെന്ന് പ്രേക്ഷകന്‍ തീരുമാനിക്കട്ടെ: സംവിധായകന്‍ ലിജോ പെല്ലിശേരി

കോഴിക്കോട്: ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ സിനിമകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയരുമ്ബോള്‍ അഭിപ്രായം രേഖപ്പെടുത്തി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. ഏത് സിനിമ എവിടെ എപ്പോള്‍ കാണണമെന്ന് പ്രേക്ഷകന്‍ തീരുമാനിക്കട്ടെയെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.


തങ്ങളുടെ സിനിമകള്‍ എവിടെ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍മാതാക്കളും ഏതു സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് തീയേറ്റേഴ്‌സും തീരുമാനിക്കട്ടെ. ഇനി അതെങ്ങനെ എവിടെ എപ്പോള്‍ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ചക്കാരനുമുണ്ട്.

നിലവില്‍ എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവര്‍ക്കും ഒരു പോലെ പ്രായോഗികമല്ല എന്നുള്ളത് പരമമായ സത്യം മാത്രം. ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ട് -ലിജോ പറഞ്ഞു.


ജയസൂര്യയും അതിഥി റാവുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സൂഫിയും സുജാതയും എന്ന സിനിമയാണ് ആമസോണ്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നത്. ഒാണ്‍ലൈനിലൂടെ (ഒ.ടി.ടി-ഓവര്‍ ദ ടോപ്) റിലീസ് ചെയ്യുന്നത് തിയേറ്ററുകള്‍ക്ക് തിരിച്ചടിയാകുമെന്നും ജീവനക്കാര്‍ക്ക് ജോലിയില്ലാതാകുമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.


ആമസോണ്‍ പ്രൈമില്‍ സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്‍റും തിയറ്ററുടമയുമായ ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തിയിരുന്നു. ഒാണ്‍ലൈന്‍ റിലീസുമായി മുന്നോട്ടുപോയാല്‍ ലോക്​ഡൗണ്‍ കഴിഞ്ഞതിന്​ ശേഷം തിയറ്റര്‍ തുറക്കുമ്ബോള്‍ ജയസൂര്യ, വിജയ്​ ബാബു എന്നിവരുടെ ഒറ്റ സിനിമകളും തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ്​ അദ്ദേഹത്തിന്‍റെ നിലപാട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക