Image

``സിനിമകള്‍ ഓണ്‍ലൈന്‍ റിലീസിങ്ങിനൊരുങ്ങിയാല്‍ തിയേറ്ററുകാര്‍ പിന്നെന്തു ചെയ്യും?'' സംവിധായിക വിധു വിന്‍സെന്റ്‌

Published on 16 May, 2020
``സിനിമകള്‍ ഓണ്‍ലൈന്‍ റിലീസിങ്ങിനൊരുങ്ങിയാല്‍  തിയേറ്ററുകാര്‍ പിന്നെന്തു ചെയ്യും?'' സംവിധായിക വിധു വിന്‍സെന്റ്‌

സിനിമകള്‍ ഓണ്‍ലൈന്‍ റിലീസിങ്ങിന്‌ തയ്യാറെടുക്കുമ്പോള്‍ ലോണെടുത്തും കടം വാങ്ങിയും തിയേറ്റര്‍ നടത്തുന്ന ഉടമകളെ മറന്നു പോകരുതെന്ന്‌ സംവിധായിക വിധു വിന്‍സെന്റ്‌. ജയസൂര്യ ചിത്രം സൂഫിയും സുജാതയും ആമസോണ്‍ പ്രൈം ടൈമില്‍ റിലിസിങ്ങിനൊരുങ്ങുന്നതായുള്ള വാര്‍ത്തകളോടാണ്‌ വിധുവിന്റെ പ്രതികരണം. 

ഈ തിയേറ്ററുകളില്‍ ജോലി ചെയ്യുന്ന അയ്യായിരത്തിലേറെ ജോലിക്കാര്‍, അവരുടെ കുടുംബങ്ങള്‍ ഇവരുടെയൊക്കെ ജീവിതം കൂടി ചേര്‍ത്തു വച്ചു കൊണ്ടു വേണം ഈ വിഷയത്തെ കാണാന്‍ എന്ന്‌ വിധു തന്റെ ഫേസ്‌ ബുക്ക്‌ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്‌.

വിധു വിന്‍സെന്റിന്റെ ഫേസ്‌ ബുക്ക്‌ പോസ്റ്റ്‌
ജയസൂര്യയും അതിഥി റാവുവും അഭിനയിക്കുന്ന സൂഫിയും സുജാതയും ആമസോണ്‍ പ്‌ളാറ്റ്‌ഫോമില്‍ റിലീസ്‌ ചെയ്യുന്നു. വിജയ്‌ബാബു, ജയസൂര്യ എല്ലാവര്‍ക്കും ആശംസകള്‍. തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്ന ഈ കാലത്ത്‌ സിനിമക്കു വേണ്ടി പണം മുടക്കിയവര്‍ക്കും പ്രതിഫലം കാത്തിരിക്കുന്നവര്‍ക്കുമൊക്കെ വലിയ ആശ്വാസമാണ്‌ OTT പ്‌ളാറ്റ്‌ഫോമുകള്‍. 

ഒപ്പം ഓര്‌ത്തിരിക്കേണ്ട മററു ചില കാര്യങ്ങള്‍ കൂടിയുണ്ട്‌. കേരളത്തില്‍ വലുതും ചെറുതുമായ അഞ്ഞൂറോളം തിയേറ്ററുകളുണ്ട്‌. മള്‍ട്ടിപ്‌ളക്‌സുകള്‍ വേറെയും. ഒരു സ്‌ക്രീന്‍ മാത്രമുള്ള തിയേറ്ററില്‍ മിനിമം 7-10 വരെ ജീവനക്കാരുണ്ടാകും. സ്‌ക്രീനിന്റെ എണ്ണമനുസരിച്ച്‌ ജീവനക്കാരുടെ എണ്ണവും കൂടും. 

കടം വാങ്ങിയും വായ്‌പയെടുത്തുമൊക്കെ തിയേറ്റര്‍ നടത്തുന്ന തിയേറ്റര്‍ ഉടമകള്‍ ( ഇങ്ങനെ തിയേറ്റര്‍ നടത്തിയ ബന്ധുക്കളിലൊരാള്‍ തിയേറ്റര്‍ പൊളിച്ച്‌ കല്യാണമണ്‌ഡപമാക്കിയിരുന്നു. ) ഈ തിയേറ്ററുകളില്‍ ജോലി ചെയ്യുന്ന അയ്യായിരത്തിലേറെ ജോലിക്കാര്‍, അവരുടെ കുടുംബങ്ങള്‍ ഇവരുടെയൊക്കെ ജീവിതം കൂടി ചേര്‍ത്തു വച്ചു കൊണ്ടു വേണം ഈ വിഷയത്തെ കാണാന്‍. 

ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണെങ്കിലും നാലഞ്ച്‌ പേര്‍ ഇപ്പോഴും തിയേറ്ററുകളില്‍ ജോലിക്കെത്തുന്നുണ്ട്‌. പ്രോജക്‌ടറും മറ്റും കേടാകാതെ നിര്‍ത്താന്‍ ഇടയ്‌ക്കിടെ പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്‌. OTT പ്‌ളാറ്റ്‌ഫോമുകളില്‍ സിനിമ റിലീസ്‌ ചെയ്യാന്‍ തുടങ്ങിയാല്‍ ഈ തിയേറ്ററുകാര്‍ പിന്നെന്തു ചെയ്യും? അവരുടെ ജോലി? ശമ്പളം?, ജീവിതം?. ഇക്കാര്യത്തില്‍ സര്‍ക്കാരും ബന്ധപ്പെട്ട വിഭാഗത്തിലുള്ളവരും തമ്മില്‍ വിശദമായ ചര്‍ച്ച വേണം.

അടുത്തിടെ തമിഴ്‌ നാട്ടിലും ബോളിവുഡിലും സിനിമകള്‍ ഡിജിററല്‍ റിലീസ്‌ ചെയ്‌തിരുന്നു. ഒരു പക്ഷേ അനിവാര്യമായ ഒരു `പരിഹാര'മായി കേരളത്തിനും ആ വഴി പോകേണ്ടി വരുമോ? കോവിഡ്‌ ഉടനെങ്ങും പോവില്ല എങ്കില്‍ ആ പ്രശ്‌നത്തിന്‌ ഒരു പരിഹാരം OTT പ്‌ളാറ്റ്‌ഫോമുകളില്‍ ഓണ്‍ലൈന്‍ റിലീസിങ്ങ്‌ മാത്രമാണോ? മറ്റെന്തൊക്കെ സാധ്യതകള്‍ ഉണ്ട്‌? സിനിമാ നിര്‍മാണത്തിലും വിതരണത്തിലുമൊക്കെ കാര്യമായ ചില പൊളിച്ചെഴുത്തുകള്‍ വേണ്ടി വരില്ലേ? കാര്യമായ ആലോചനയും വിശജമായ ചര്‍ച്ചയും ബുദ്ധിപൂര്‍വമായ ഇടപെടലും വേണം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക