Image

കഥയിത് തുടരുന്നു: ആൻസി സാജൻ

Published on 15 May, 2020
കഥയിത് തുടരുന്നു: ആൻസി സാജൻ
മനുഷ്യർക്ക് ആധിയും ആകുലങ്ങളുമേറെയുള്ള ഇന്നത്തെ സാഹചര്യം പ്രകൃതിക്കും മറ്റ് ജീവജാലങ്ങൾക്കും സമാധാനവും സൗന്ദര്യവുമേറ്റുകയാണ്. മനുഷ്യൻ സുന്ദരമെന്ന് കരുതിയ സ്വന്തം മുഖം മുക്കാലും മൂടി മാസ്കുകൾ ചിരിക്കുകയാണ്. പരസ്പരം കണ്ടാൽ തിരിച്ചറിയുക പോലും പ്രയാസം. പാൽപ്പുഞ്ചിരിയാണോ പൂപ്പുഞ്ചിരിയാണോ ചെഞ്ചോരി വായിലൂടെ ചൊരിയുന്നതെന്ന് ആർക്കറിയാം. 'ആക്കിച്ചിരിക്കാൻ പറ്റിയ സമയം .. ;ആരും കാണില്ല..'

എന്നാൽ പ്രകൃതിയിലേക്ക് നോക്കൂ... എന്തൊരു തെളിച്ചം !

രണ്ടു മൂന്ന് തകർപ്പൻ വേനൽ മഴയും കൂടി അലച്ചു വന്നപ്പോൾ എന്തൊരു വൃത്തി..
കലർപ്പും വിഷവും പുരണ്ട ഭക്ഷണം തനിയെ ഒഴിവായി പോവുകയാണ്...

പരിശോധനയും വേണ്ട പിടിച്ചെടുക്കലും വേണ്ട.. രാവിലെ പോയാൽ ഡോക്ടറെ കണ്ട് മരുന്നും വാങ്ങി വൈകുന്നേരം വീട്ടിൽ തിരിച്ചെത്തുന്ന ആശുപത്രിയിൽ പോക്കും തീരെ കുറഞ്ഞു.

ഇപ്പോൾ കേൾക്കുന്നത് കൊറോണ അങ്ങനെയിങ്ങനെ ഒന്നും വിട്ടു പോവില്ലെന്നാണ്. നമ്മൾ അതിനോട് യോജിച്ച് സാമാന്യ അകലം പാലിച്ചങ്ങ് പോകണമെന്ന് ...
എന്താണെന്നോ എന്താകുമെന്നോ നിശ്ചയമില്ലാത്ത അവസ്ഥ...

ഇപ്പോൾ റോഡിൽ വാഹനങ്ങളുടെ എണ്ണം കൂടി.. രാവിലെ പരിപ്പിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസ് കോട്ടയത്തിന് പോകുന്നത് കണ്ടു. കഴിഞ്ഞ ദിവസം ടൗണിൽ പോയപ്പോൾ ഇഷ്ടം പോലെ വണ്ടിയും അതിന്റെ ബഹളവും. തുറന്നിരുന്ന കടകളിലൊക്കെ തിരക്ക് തന്നെ.

കേടായ വാഷിംഗ് മെഷീൻ ശരിയാക്കാൻ ഇന്ന് ആളെ വിടാം എന്ന് സർവീസ് സെന്ററുകാർ പറഞ്ഞു.  

ജീവിതം മുന്നോട്ട് പോയല്ലേ മതിയാകൂ..

പണ്ട് , പ്രായമായ അപ്പാപ്പന്റെ മുടി വെട്ടാനും താടി വടിക്കാനുമൊക്കെ വീട്ടിലൊരു തമ്പി വരുമായിരുന്നു. ഞങ്ങൾ കുട്ടികളുടെ മുടിയും അപ്പോഴാണ് വെട്ടിയിരുന്നത് .. 
സൈക്കിളിൽ പരിസരത്തെവിടെയെങ്കിലും കൂടി തമ്പി പോകുന്ന കണ്ടാൽ കരഞ്ഞു വിളിച്ച് വീട്ടിൽ വരുത്തി ഒരാവശ്യവുമില്ലെങ്കിലും ശകലം മുടിയെങ്കിലും വെട്ടിച്ചിരുന്ന സ്നേഹമുള്ള ഒരോർമ്മ ഇന്നുണർന്നു.

ലോക് ഡൗൺ കാലമായതിനാൽ കുട്ടായിക്ക് 'വിസ്മയ ' തുറക്കാൻ വയ്യ. വീട്ടുമുറ്റത്ത് തന്നെ എ സി ഒക്കെയുള്ള അനൂപ് എന്ന കൂട്ടായിയുടെ ബ്യൂട്ടി സലൂൺ വിസ്മയ അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് ഇവിടുത്തെ പുള്ളിക്കാരന്റെ കൊറോണത്താടിയും മുടിയും വെട്ടിയൊതുക്കാൻ രാവിലെ കുട്ടായി വീട്ടിൽ വന്നു..
സന്തോഷമുള്ളൊരു കാഴ്ച. ഒരു ചെയ്ഞ്ച് ആരാണാഗ്രഹിക്കാത്തത് ?

ഇന്നലെ കുമരകത്ത് അട്ടിപ്പിടികയിൽ ദേവന്റെ മീൻ കടേൽ പോയിരുന്നു. കോടിമത ഫിഷ്മാർക്കറ്റിൽ മീനൊന്നും ഇല്ലെന്ന് മൊത്തക്കച്ചവടക്കാരൻ ഷാജി പറഞ്ഞിരുന്നു. ചൊവാഴ്ച പ്രതീക്ഷിക്കാമെന്ന്.

ദേവനെ വിളിച്ചപ്പോൾ രാവിലെ തന്നെ ചെല്ലാൻ പറഞ്ഞു. ഞങ്ങൾ സകുടുംബം (4 മാസ്ക് ധാരികൾ) അട്ടിപ്പിടികയിലേയ്ക്ക് ഉല്ലാസയാത്ര തിരിച്ചു.

ഒരു തോടിനരികെയാണ് ദേവന്റെ കട. അവിടെ കരിമീനുണ്ട്, പിന്നെ നാലഞ്ച് കൊഞ്ചും. പിടിച്ച പടി കടയിലെത്തുന്ന പെട പെട മീൻ. അത് മേടിച്ച് വെട്ടാനേൽപിച്ച് അവിടെ മണ്ടി നടക്കുമ്പോൾ തോട്ടിലൂടെ വള്ളം വരുന്നു. അതിലും കരിമീൻ , കൂട്ടത്തിൽ നീലക്കാലുള്ള വലിയൊരു കൊഞ്ചും. അങ്ങനെ പത്ത് മിനിട്ട് ഇടവിട്ട് വള്ളങ്ങൾ എത്തിക്കൊണ്ടിരുന്നു. ആ വീതി കുറഞ്ഞ തോട്ടിൽ രണ്ടും മൂന്നും വള്ളങ്ങൾ ഒന്നിച്ച് വിദഗ്ധമായി വളച്ചുതിരിച്ചു പോകുന്ന കാഴ്ച മനോഹരമായിരുന്നു.
വിഷമില്ലാത്ത കലർപ്പില്ലാത്ത മനോഹരമായ മീൻ കിട്ടുന്ന അസുലഭാവസരമാണിത്.

കുമരകത്ത് റിസോർട്ടുകളെല്ലാം അടഞ്ഞ് കിടക്കുന്നു.

ജില്ലയ്ക്ക് പുറത്ത് നിന്നും ആരും വരുന്നില്ല. അതു കൊണ്ട്, മായമോ കലർപ്പോ ഇല്ലാത്ത മീനേ ഇപ്പോൾ കിട്ടൂ... അല്ലെങ്കിൽ പിടിക്കുന്നത് ആറ് കൊട്ടയാണെങ്കിൽ 60 കൊട്ടയ്ക്കുള്ള ആവശ്യക്കാരാണ് എത്തുക. നാട്ടിലെ കരിമീനെന്ന് പറഞ്ഞ് ആന്ധ്രാക്കാരായ അതിഥി കരിമീനും കൂട്ടി വിൽക്കുമെന്ന് കേട്ടിട്ടുണ്ട്. (പാഴ്സൽ വരുന്ന തെർമോക്കോൾ പെട്ടികൾ മീൻ കടയിൽ കണ്ടതേയില്ല.) വെൻ ഡിമാൻഡ് ഇൻക്രീസസ്, സപ്ളൈ ഓൾസോ ഇൻക്രീസ് എന്നൊക്കെ പറയാറില്ലേ.

പ്രൊഡക്ഷൻ കൂട്ടാതെ ചില അഡ്ജസ്റ്റ്മെൻറുകളിലൂടെ സപ്ളൈ കൂടുന്നത് പേടിക്കേണ്ടതില്ലിപ്പോൾ...

അതുപോലെ കള്ള് ഷാപ്പ് തുറന്നുവെന്ന് പറഞ്ഞാലും കുമരകത്ത് ഇതുവരെ തുറന്നില്ല.
പാലക്കാട് 100 ലിറ്റർ 1 മണിക്കൂറിൽ വിറ്റ് തീർന്നു എന്ന് പറയുന്നു. നാഴൂരിപ്പാല് കൊണ്ട് നാടാകെ കല്ല്യാണം എന്ന പോലെ ഉള്ളത് കൊണ്ട് എല്ലാവർക്കും കൊടുത്തിരുന്ന പരിപാടിയൊന്നും ഇപ്പോൾ നടക്കുന്നില്ല'
ancysajans@gmail.com
കഥയിത് തുടരുന്നു: ആൻസി സാജൻകഥയിത് തുടരുന്നു: ആൻസി സാജൻ
Join WhatsApp News
Meera 2020-05-15 04:17:16
അതി രസകരം. അനുഭവിപ്പിച്ചു കൊണ്ടുള്ള വിവരണം. Ancee, Congrats..... Looking forwatd to more....
Meera 2020-05-15 04:21:27
Sooooo good. You took us to your place and we just experienced the episode. Congrats... Ancee......
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക