Image

ഇപ്പോള്‍ സുരക്ഷിതമായ ഒത്തുചേരലിനെ അനുകൂലിക്കുന്നവര്‍ 9% മാത്രം (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 15 May, 2020
ഇപ്പോള്‍ സുരക്ഷിതമായ ഒത്തുചേരലിനെ അനുകൂലിക്കുന്നവര്‍ 9% മാത്രം (ഏബ്രഹാം തോമസ്)
കൊറോണ വൈറസ് പകരുന്നത് തുടരുന്ന സാഹചര്യത്തില്‍ അമേരിക്കക്കാര്‍ തങ്ങള്‍ക്ക് എപ്പോള്‍ സുരക്ഷിതമായി ഒന്നു ചേരാന്‍ കഴിയും എന്ന പ്രതീക്ഷ തല്‍ക്കാലം മാറ്റിവയ്ക്കുവാന്‍ തയ്യാറാണ്. മൂന്നില്‍ രണ്ടുപേര്‍ ഈ വര്‍ഷം ജൂലൈലിലോ അതിനു ശേഷമോ ആയിരിക്കാം ഇങ്ങനെ സംഭവിക്കുക എന്ന് പറയുമ്പോള്‍ 9% മാത്രം അമിത ശുഭപ്രതീക്ഷയിലാണ്. സുരക്ഷിതമായി ഇപ്പോള്‍ തന്നെ ഒന്നുചേരാന്‍ കഴിയും എന്ന് ഇവര്‍ പറയുന്നു. 2020 ന്റെ അവസാനത്തിലായിരിക്കാം ഇത് സുരക്ഷിതമെന്ന് 26% വും 2021 വരെ കാക്കണമെന്ന് 24% അഭിപ്രായപ്പെട്ടു. വാഷിംഗ്ടണ്‍ പോസ്റ്റും യൂണിവേഴ്‌സിറ്റി ഓഫ് മെരിലാഡും ചേര്‍ന്ന് നടത്തിയ സര്‍വേയുടെ ഫലങ്ങളാണ് ഇവ.

സര്‍വേ വ്യക്തമാക്കിയത് അമേരിക്കക്കാര്‍ ഇപ്പോഴും ഈ വൈറസ് ഭീഷണിയില്‍ ആശങ്കാകുലരാണെന്നും മുന്‍ കരുതലോടെയുള്ള സമീപനത്തില്‍ വിശ്വസിക്കുന്നു എന്നുമാണ്. സ്റ്റേ അറ്റ് ഹോമില്‍ ഇളവുകള്‍ അനുവദിച്ചതിനെക്കുറിച്ചും കടകമ്പോളങ്ങള്‍ തുറന്നതിനെകുറിച്ചും ഇതേ അഭിപ്രായമാണ് ഉള്ളത്. പല സംസ്ഥാനങ്ങളും പതുക്കെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുമ്പോള്‍ ഭൂരിപക്ഷം അമേരിക്കക്കാരും സോഷ്യല്‍ ഡിസ്‌റ്റെന്‍സിംഗും മറ്റ് സുരക്ഷാനിയന്ത്രണങ്ങളും തുടരണമെന്ന് പറയുന്നു. അമേരിക്കക്കാരുടെ നേര്‍പകുതിയും ഇപ്പോള്‍ 10 ല്‍ അധികം പേര്‍ ഒത്തുകൂടുന്നത് സുരക്ഷിതമല്ലെന്ന് പറയുന്നു. 25% പേര്‍ 2021 ലോ അതിന് ശേഷമോ ആയിരിക്കും ഇത് സുരക്ഷിതമെന്ന അഭിപ്രായക്കാരാണ്. ഈ മാസാവാസം ആകുമ്പോള്‍ ഒത്തുചേരലുകള്‍ സുരക്ഷിതമായിരിക്കുമെന്ന് അഞ്ചില്‍ ഒരാള്‍ക്ക് മാത്രമേ അഭിപ്രായമുള്ളൂ.
പ്രതീക്ഷകള്‍ നീണ്ടത് കഴിഞ്ഞ ചില ആഴ്ചകളിലെ കോവിഡ്-10 കേസുകളിലും മരണങ്ങളിലും വന്ന വര്‍ധനവ് മൂലമാണ്. ഏപ്രില്‍ മദ്ധ്യത്തില്‍ നടത്തിയ സര്‍വേയില്‍ 51% പേര്‍ ജൂണ്‍ അവസാനത്തോടെ 10ല്‍ അധികം പേര്‍ ഒത്തുചേരുന്നത് സുരക്ഷിതമായിരിക്കും എന്ന അഭിപ്രായക്കാരായിരുന്നു. ഇത് പുതിയ സര്‍വേയില്‍ 32% ആയി കുറഞ്ഞു. 66% ഒത്തുചേരലുകള്‍ സുരക്ഷിതമാവാന്‍ കൂടുതല്‍ കാത്തിരിക്കണമെന്ന് പറഞ്ഞു.

ഡെമോക്രാറ്റുകളാണ് കൂടുതലും ദീര്‍ഘനാള്‍ കാത്തിരിപ്പ് വേണമെന്ന് പറഞ്ഞത്. 80% ഡെമോക്രാറ്റുകളും 54% റിപ്പബ്ലിക്കനുകളും ജൂലൈ അവസാനമോ അതിന് ശേഷമോ സുരക്ഷിതമായ ഒത്തുചേരലുകളെ അനുകൂലിക്കുന്നു. എന്നാല്‍ കഴിഞ്ഞ സര്‍വേ ഫലത്തില്‍ നിന്ന് ഇത് 26% വര്‍ധിച്ചിട്ടുണ്ട്. സ്വതന്ത്രരുടെ ഇടയില്‍ 14 പോയിന്റുകളുടെ വര്‍ധന ഉണ്ടായി.

സുരക്ഷിതമായ ഒത്തുചേരലുകളെക്കുറിച്ച് അഭിപ്രായവ്യത്യാസം പാര്‍ട്ടി അനുസരിച്ച് മാത്രമല്ല. വൈറസ് പിടിക്കുവാനും ഗൗരവമായ രോഗം പിടിപെടാനും ഉള്ള സാധ്യതയെകുറിച്ചുള്ള വ്യക്തിപരമായ ആശങ്കയും കാരണമാണ്. 58% അമേരിക്കക്കാരും പറയുന്നത് രോഗം ബാധിക്കുവാനും കിടപ്പിലാകാനുമുള്ള സാധ്യതകളെ കുറിച്ച് വ്യാകുലരാണെന്നാണ്. കഴിഞ്ഞ ആഴ്ച ഇത് 63% ആയിരുന്നു.
പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവരില്‍ നിന്ന് 6 അടി അകലം പാലിക്കുന്നത് 86% അനുകൂലിക്കുന്നു. പൊതു ജനങ്ങളുമായി അടുത്തിടപഴകുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് 80% പറയുന്നു. കഴിയുന്നത്ര വീടുകളില്‍ തന്നെ ഇരിക്കണമെന്ന് 78% വും ആള്‍ക്കൂട്ടത്തെയും ഒപ്പം താമസിക്കാത്ത ബന്ധുമിത്രാദികളെയും ഒഴിവാക്കണമെന്ന് 75% വും പറയുന്നു.

റിപ്പബ്ലിക്കനുകളും റിപ്പബ്ലിക്കന്‍ ചായ് വുള്ള സ്വതന്ത്രരും ഗുരുതരമായി രോഗബാധിതരാവും എന്ന് കരുതുന്നവര്‍ 44% ആണ്. എന്നാണ് ഇതേ അഭിപ്രായക്കാരായ ഡെമോക്രാറ്റുകളും ഡെമോക്രാറ്റ് ചായ് വുള്ള സ്വതന്ത്രരും കൂടുതലാണ്.-68%. ഗുരുതരരോഗബാധ ഉണ്ടാവില്ലെന്ന് കരുതുന്ന റിപ്പബ്ലിക്കനുകളില്‍ 10 ല്‍ 6 പേര്‍ ജൂണ്‍ അവസാനത്തോടെ സുരക്ഷിതമായിരിക്കും എന്നും വിശ്വസിക്കുന്നു. 58% അമേരിക്കക്കാര്‍ റെസ്‌റ്റോറന്റുകളുടെയും സ്‌റ്റോറുകളുടെയും മറ്റ് വ്യാപാരസ്ഥാപനങ്ങളുടെയും മേല്‍ ഇപ്പോഴുള്ള നിയന്ത്രണങ്ങളില്‍ തൃപ്തരാണെന്നും സര്‍വ്വേ കണ്ടെത്തി.

ഇപ്പോള്‍ സുരക്ഷിതമായ ഒത്തുചേരലിനെ അനുകൂലിക്കുന്നവര്‍ 9% മാത്രം (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക