Image

ശേഷന്റെ പിറന്നാള്‍ ഇന്നാണ്; തോമസിനുറപ്പുണ്ട്

സതീഷ് മല്ലപ്പള്ളി Published on 14 May, 2020
ശേഷന്റെ പിറന്നാള്‍ ഇന്നാണ്; തോമസിനുറപ്പുണ്ട്
മല്ലപ്പള്ളി: 'അങ്ങയുടെ അച്ഛന്‍ നുണ പറയുമോ?' കര്‍ക്കശക്കാരനായറിയപ്പെട്ടിരുന്ന ടി.എന്‍.ശേഷനോട് ഇത് ചോദിച്ചത് തോമസ് തോമസ് പാലത്തറ എന്ന കുട്ടനാട്ടുകാരന്‍. 1995 ജൂലായ് മൂന്നിന് ലോക മലയാളി കൗണ്‍സിലിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ അമേരിക്കയില്‍ എത്തിയതായിരുന്നു അതിന്റെ ചെയര്‍മാന്‍ കൂടിയായ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍. കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനായ തോമസിനെ പരിചയപ്പെടുത്തിയത് അന്ന് യു.എന്നില്‍ ഇന്ത്യന്‍ പ്രതിനിധിയായ ടി.പി.ശ്രീനിവാസന്‍. അങ്ങയെക്കുറിച്ച് എല്ലാമറിയാവുന്ന ആള്‍ എന്ന് പറഞ്ഞ് മുന്നോട്ട് നിര്‍ത്തിയപ്പോള്‍ ആദ്യം വന്ന ചോദ്യമായിരുന്നു, പിറന്നാള്‍ എന്നാണെന്ന് പറയാമോയെന്ന്. ഉത്തരം ശരിയായില്ലെങ്കില്‍ പിന്നെ ഒരക്ഷരം മിണ്ടണ്ട എന്നായിരുന്നു ഉത്തരവ്.

അപ്പോഴാണ് 'അച്ഛന്റെ നുണ' ഉന്നയിച്ചത്. ഇങ്ങനെയൊരു ചോദ്യത്തിന് എങ്ങനെ ധൈര്യം വന്നു എന്നായി ശേഷന്‍. തീയതിയിലെ വ്യത്യാസം തോമസ് എടുത്തുകാട്ടിയപ്പോള്‍ എന്റെ പരീക്ഷയില്‍ നീ വിജയിച്ചുവെന്ന് പറഞ്ഞ് ആശ്ലേഷിച്ചു. 1933 മേയ് 15-ന് ജനിച്ചെങ്കിലും സ്‌കൂളില്‍ ചേര്‍ക്കാന്‍നേരം ജനനത്തീയതി തലേവര്‍ഷം ഡിസംബര്‍ 15 എന്ന് അച്ഛന്‍ സ്‌കൂളില്‍ മാറ്റി നല്‍കിയത് വിശദീകരിച്ചു. മടങ്ങുംവരെ തോമസിന്റെ ആതിഥേയത്വത്തിലായിരുന്നു താമസം.

കുട്ടനാട്ടിലെ ചേന്നങ്കരിയില്‍ പാലത്തറ കുടുംബത്തില്‍ ജനിച്ച തോമസ് ഹൈദരാബാദില്‍ അധ്യാപകനായിരിക്കെ മാസ്റ്റര്‍ ബിരുദമെടുക്കാനാണ് 1973-ല്‍ അമേരിക്കയിലെത്തിയത്. ഇപ്പോള്‍ സ്റ്റേറ്റന്‍ ഐലന്‍ഡില്‍ താമസിക്കുന്നു.

ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ച് ശേഷന്‍ ചെന്നൈയില്‍ കഴിയുമ്പോഴും സൗഹൃദം തുടര്‍ന്നു. 2019 സെപ്റ്റംബര്‍ 11-നാണ് അവസാന കൂടിക്കാഴ്ച.

നവംബര്‍ 11-ന് ശേഷന്‍ കഥാവശേഷനായി

കടപ്പാട്: മാത്രുഭൂമി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക