Image

സിംഹത്തിന്റെ മടയിൽ ( മുരളി തുമ്മാരുകുടി)

Published on 14 May, 2020
സിംഹത്തിന്റെ മടയിൽ ( മുരളി തുമ്മാരുകുടി)
ജ്ഞാനപ്പാന എനിക്ക് പ്രിയപ്പെട്ട കാവ്യമാണ്, കാലത്തെ അതിജീവിക്കുന്ന അർത്ഥമുള്ള ജീവിത സത്യങ്ങളാണ് അതിൽ ഏറെയും. ശാസ്ത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദം ഒക്കെ ഉണ്ടായിട്ടും കേശവൻ മാമന്മാരായി നാസ ശാസ്ത്രങ്ങൾ വാട്ട്സ് ആപ്പ് ഫോർവേർഡ് ചെയ്യുന്നവരെ കാണുമ്പോൾ എനിക്ക്,

വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലർ;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുന്പോലെ ഗർദ്ദഭം.

എന്ന ശ്ലോകം ഓർമ്മ വരും.

പിസയും ബർഗറും കഴിച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്ന ആളുകൾ ചക്ക എരിശ്ശേരിയുടെ പടമിടുമ്പോൾ

രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍

കൊറോണക്കാലത്ത് പൂന്താനത്തെ ഓർക്കുന്നത് ഞാൻ മാത്രമാണോ ?

ജ്ഞാനപ്പാനയിൽ മനുഷ്യനായുള്ള ജന്മം എത്ര അസുലഭമാണെന്ന് പറയുന്ന കുറച്ചു വരികളുണ്ട്

എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം
അത്ര വന്നു പിറന്നു സുകൃതത്താൽ!
എത്ര ജന്മം മലത്തിൽ കഴിഞ്ഞതും
എത്ര ജന്മം ജലത്തിൽ കഴിഞ്ഞതും
എത്ര ജന്മങ്ങൾ മണ്ണിൽ കഴിഞ്ഞതും
എത്ര ജന്മം മരങ്ങളായ്‌ നിന്നതും
എത്ര ജന്മം അരിച്ചു നടന്നതും
എത്ര ജന്മം മൃഗങ്ങൾ പശുക്കളായ്‌
അതു വന്നിട്ടിവണ്ണം ലഭിച്ചൊരു
മർത്ത്യജന്മത്തിൻ മുന്പേ കഴിച്ചു നാം!

പണ്ടൊക്കെ ഞാനും ഇങ്ങനെയാണ് വിചാരിച്ചിരുന്നത്. മനുഷ്യ ജന്മം എത്ര ഉദാത്തമാണ്, സുന്ദരമാണ്, എന്നൊക്കെ. പൂന്താനം പറഞ്ഞു കേട്ടപ്പോൾ അല്പം കൂടി ഉറപ്പിച്ചു.

കെനിയയിൽ ചെന്ന് മസായ് മാരയിലെ സിംഹങ്ങളുടെ ജീവിതം കണ്ടു കഴിഞ്ഞപ്പപ്പോൾ ആ തെറ്റിദ്ധാരണ മാറി.

സിംഹത്തിന്റെ ജീവിതമാണ് മക്കളെ, ജീവിതം!

കുറച്ചു സിംഹങ്ങളും കുറച്ചു സിംഹികളും ചേർന്നതാണ് അവിടുത്തെ സിംഹക്കൂട്ടങ്ങൾ. ‘അഭിമാനം’ എന്നാണ് കൂട്ടത്തിന്റെ പേര് തന്നെ (Pride). എത്ര അഭിമാനമുള്ള പേര്, പറയാൻ തന്നെ ഒരു അഭിമാനമുണ്ട് !

ഓരോ സിംഹക്കൂട്ടത്തിനും ആധിപത്യമുള്ള പ്രത്യേക ഭൂപ്രദേശമുണ്ട്, അഭിമാനത്തിന്റെ ഭൂമി (Pride Area) എന്നാണ് അതിന്റെ പേര്. അവിടെ മറ്റൊരു സിംഹമോ സിംഹക്കൂട്ടമോ വരാൻ ഈ കൂട്ടത്തിലെ ആൺസിംഹങ്ങൾ സമ്മതിക്കില്ല. അങ്ങനെ സ്വന്തം അഭിമാനത്തിന്റെ ഭൂമി സംരക്ഷിക്കുക എന്നൊരു ജോലി മാത്രമേ ആൺസിംഹങ്ങൾക്ക് ഉള്ളൂ. ആരോഗ്യമുള്ള കാലത്ത് ഇതത്ര വലിയ പണിയല്ല. നല്ല ഉഷാറുള്ള സിംഹങ്ങളുടെ അധികാര പരിധിയിലേക്ക് മറ്റു സിംഹങ്ങൾ സാധാരണഗതിയിൽ കടന്നു കയറാറുമില്ല (പണി കിട്ടും എന്നറിയാം).

സ്വന്തം കൂട്ടത്തിന് അവകാശപ്പെട്ട ഭൂമിയിൽ എത്തിപ്പെടുന്ന ഏതൊരു ജന്തുവിനെയും വേട്ടയാടിപ്പിടിക്കുക എന്നതാണ് പെൺ സിംഹങ്ങളുടെ ജോലി. ആണുങ്ങൾക്കും കുട്ടികൾക്കും പ്രായമായവർക്കും വേണ്ട ഭക്ഷണമെല്ലാം അവരാണ് വേട്ടയാടി പിടിക്കുന്നത്. അതും അത്ര ബുദ്ധിമുട്ടുള്ള പണിയല്ല. പെൺസിംഹങ്ങൾ കൂട്ടുകൂടിയാണ് വേട്ടക്കിറങ്ങുന്നത്. മാൻ മുതൽ ജിറാഫിനെ വരെ അവർക്ക് വേട്ടയാടി പിടിക്കാം. ഏതാണ്ട് ഫുട്ബാൾ കളി പോലെയാണ് സിംഹം വേട്ടയാടാൻ പോകുന്നത്. ഓരോ സിംഹികൾക്കും ഒരു പൊസിഷൻ ഉണ്ട്, ഇടത്തും വലത്തും നിൽക്കുന്നവർ, ഇരയെ ചാടി പിടിക്കുന്നവർ എന്നിങ്ങനെ. അത് ഏതു വേട്ടയിലും ഒരുപോലെ ആയിരിക്കും. അങ്ങനെ എപ്പോഴും ഒരേ ഫോർമേഷനിൽ പോകുന്നതിനാലും ഒരുമിച്ച് വേട്ടയാടുന്നതിനാലും അധികം ഊർജ്ജം ചിലവാകില്ല, അതുകൊണ്ടു തന്നെ അധികം ഭക്ഷണവും വേണ്ട.

സിംഹങ്ങളും സിംഹികളും ഭക്ഷണം കഴിച്ചു കഴിഞ്ഞാൽപ്പിന്നെ പാറപ്പുറത്തോ മരച്ചുവട്ടിലോ കുറ്റിക്കാടിന്റെ തണലിലോ പോയി വിശ്രമിക്കും. കാട്ടിൽ സിംഹത്തിനെ ഇരയായിക്കാണുന്ന സ്വാഭാവിക ശത്രുക്കൾ ഇല്ലാത്തതിനാൽ പേടിക്കാനില്ല. കുട്ടികൾ ചുറ്റുവട്ടത്ത് കളിക്കുന്നതും നോക്കി ആസ്വദിച്ച് സിംഹികൾ ഇരിക്കും, കിടക്കും, ചിലപ്പോൾ ഉറങ്ങും. പിള്ളേരുടെ കാര്യത്തിലൊന്നും സിംഹങ്ങൾക്ക് വലിയ താല്പര്യമില്ല, പുള്ളി ഗൗരവത്തിൽ അല്പം മാറിക്കിടക്കും.

ഇടക്ക് സിംഹിക്ക്, ‘ഇങ്ങനെ ചുമ്മ കിടന്നാൽ മതിയോ, ചെറിയ ചുറ്റിക്കളി ഒക്കെ വേണ്ടേ’ എന്ന് തോന്നും.
സിംഹി മൂത്ത സിംഹത്തിന്റെ അടുത്തെത്തും, പുള്ളിയുടെ മനസ്സിലുമുണ്ട് അതേ ഐഡിയ.
സുന്ദരി നീയും സുന്ദരൻ ഞാനും ചേർന്ന് നിന്നാൽ അനുരാഗം...
ഇനി കുറച്ചു നേരം പിള്ളേര് കണ്ണുപൊത്തിക്കോളൂ, കാര്യം കർമ്മത്തിലേക്ക് കടക്കുകയാണ്...
അധിക നേരമൊന്നും വേണ്ട, ഒരു ഇരുപത് സെക്കൻഡ് തൊട്ട് ഒരു മിനുട്ട് വരെയേ കർമ്മം നീണ്ടു നിൽക്കൂ. Slam, bam thank you mam തുടങ്ങിവെച്ചത് സിംഹത്താൻ ആണെന്ന് തോന്നുന്നു.
സിംഹമാണെങ്കിലും മനുഷ്യരാണെങ്കിലും കാര്യം കഴിഞ്ഞാൽ ആണുങ്ങൾ ഒരുപോലാണ്, മാറിക്കിടന്ന് ഉറങ്ങിക്കളയും.
സിംഹിയുടെ കാര്യം പക്ഷെ അങ്ങനെയല്ല.
(ഇനി പറയാൻ പോകുന്ന കാര്യം അനുകരിക്കാൻ പോകരുത്).

മൂത്ത സിംഹം ഉറങ്ങാൻ പോകുന്ന തക്കം നോക്കി സിംഹി കൂട്ടത്തിലെ രണ്ടാമൻ സിംഹത്തെ കണ്ണ് കാണിക്കും. അഭിമാനത്തിന്റെ ഭൂമി പരന്നുകിടക്കുകയല്ലേ, രണ്ടുപേരും കൂടി അപ്പുറത്തെ പുൽത്തകിടിയിൽ പോയി കാര്യം സാധിക്കും. അവിടെയും കാര്യങ്ങൾ വേഗം കഴിയും. കാര്യം കഴിഞ്ഞാൽ രണ്ടാമന്റെയും കയ്യിലിരിപ്പ് പഴയത് തന്നെ.
സിംഹി മൂന്നാമനെ കണ്ണ് കാണിക്കും. പിന്നെ അടുത്ത റൌണ്ട്.
അപ്പോഴേക്കും ഒന്നാമൻ ഉണർന്നിട്ടുണ്ടാകും, സിംഹി അവിടെയെത്തും. വീണ്ടും കെട്ടിപ്പിടുത്തം, സ്ലാം ബാം....

ഒരു കൂട്ടത്തിൽ നാലോ അഞ്ചോ സിംഹികൾ ഉണ്ടാവുകയും അവർ ഒരേ സമയം തുനിഞ്ഞിറങ്ങുകയും ചെയ്താൽ സിംഹങ്ങളുടെ കാര്യം കട്ടപ്പൊക. പകലും രാത്രിയുമെന്നില്ലാതെ ദിവസം ഇരുപതിൽ കൂടുതൽ പ്രാവശ്യം സിംഹങ്ങൾ ഇണചേരും. പാവം ആൺ സിംഹങ്ങൾ തളർന്നു പണ്ടാരമടങ്ങും (ആരാണെങ്കിലും തളർന്നു പോകില്ലേ!).

സാധാരണഗതിയിൽ സ്വന്തം കുടുംബത്തിന് പുറത്ത് കൂട്ടുകൂടാൻ സിംഹങ്ങൾ പോകാറില്ല. പക്ഷെ ഇതൊരു അപൂർവ്വ സാഹചര്യമാണ്. വീട്ടിലെ ആണുങ്ങൾ തളർന്നുറങ്ങുകയാണ്.

ഇവിടെയാണ് നാടോടി സിംഹങ്ങളുടെ വരവ്.

സാധാരണ ഗതിയിൽ സിംഹങ്ങൾ കുടുംബമായിട്ടാണ് താമസിക്കുന്നതെങ്കിലും ചില സാഹചര്യങ്ങളിൽ ആൺ സിംഹങ്ങൾക്ക് കുടുംബത്തിന് വെളിയിൽ പോകേണ്ട സാഹചര്യം ഉണ്ടാകും. അവരങ്ങനെ ഒറ്റയാനായി (ചിലപ്പോൾ ഇരട്ടയാനായി) കറങ്ങി നടക്കും. നാടോടി (നോമാഡ്) എന്നാണ് ഇവരുടെ പേര്.

സാധാരണഗതിയിൽ ഇവരെ "അഭിമാനികളായ" സിംഹങ്ങൾ അടുപ്പിക്കാറില്ല. പക്ഷെ ഈ പ്രത്യേക സാഹചര്യത്തിൽ സിംഹികൾ അവരുമായും ബന്ധം സ്ഥാപിക്കും. കാര്യം കഴിഞ്ഞാൽ പിന്നെ കിടന്ന് വിശ്രമിക്കാനൊന്നും അവർക്ക് പറ്റില്ല. "ചേട്ടൻ ഉണരുന്നതിന് മുൻപ് സ്ഥലം വിട്ടോ" എന്നും പറഞ്ഞ് സിംഹികൾ അവരെ യാത്രയാക്കും.

ഇതാണ് സിംഹങ്ങളുടെയും സിംഹികളുടെയും ജീവിതം.

കേട്ടിട്ട് കുളിരു കോരി !

ഇതൊക്കെയാണ് നമ്മളും ചെയ്തുകൊണ്ടിരുന്നത്. മരത്തിന്റെ മുകളിലോ ഗുഹയിലോ ചെറിയ കൂട്ടമായി ജീവിച്ച്, അത്യാവശ്യത്തിന് മാത്രം വേട്ടയാടി പിടിച്ച്, പച്ചക്കോ ചുട്ടോ തിന്ന്, ഒന്ന് മയങ്ങി, കുട്ടികൾ കളിക്കുന്നതു നോക്കിയിരുന്ന്, ഇണയേയും കെട്ടിപ്പിടിച്ച്, തോന്നുന്പോഴെല്ലാം ഇണചേർന്ന് ജീവിച്ചിരുന്ന മനുഷ്യനാണ്.

എന്നിട്ടിപ്പോൾ സംസ്കാരവും പരിഷ്കാരവും ഒക്കെയായപ്പോൾ കിട്ടിയിരിക്കുന്നതെന്താണ്?

മൂന്നാം വയസ്സിലേ ടൈ ഒക്കെ കെട്ടി ഓട്ടോ റിക്ഷയിൽ കുത്തി നിറച്ച് സ്‌കൂളിലേക്ക്.

അവിടെ പുസ്തകത്തിലും കംപ്യൂട്ടറിലും ആയി പശുവിന്റെ ആമാശയം മുതൽ പാർഷ്യൽ ഡിഫറൻഷ്യൽ ഇക്വേഷൻ വരെ എന്തിനെന്നറിയാതെ പഠിച്ചുകൂട്ടുന്ന വിഷയങ്ങൾ.

ഒടുവിൽ

പത്താം ക്ലാസും പ്ലംബിങ്ങും പഠിച്ച്, വിസയും സംഘടിപ്പിച്ച്, മണലാരണ്യത്തിൽ ലേബർ ക്യാന്പിൽ താമസിച്ച്, ആഴ്ചയിൽ ആറു ദിവസവും പന്ത്രണ്ടു മണിക്കൂർ തൊഴിലും യാത്രയുമായി നടക്കുന്ന ആണുങ്ങൾ...

ഡിഗ്രി കഴിഞ്ഞ് പി എസ് സി പരീക്ഷ എഴുതി ജോലി നേടി രാവിലെ അഞ്ചു മണിക്കെണിക്കെഴുന്നേറ്റ് കഞ്ഞിയും കറിയും ഉണ്ടാക്കി ട്രാൻസ്‌പോർട്ട് ബസ്സിൽ അള്ളിപ്പിടിച്ചു കയറി അടുത്ത നഗരത്തിൽ പോയി രാത്രി ഏഴുമണിയാകുന്പോൾ വീടെത്തുന്ന പെണ്ണുങ്ങൾ.

വർഷത്തിൽ ഒരു മാസം ഒരുമിച്ചു കിട്ടിയാൽ ഭാഗ്യം. കുട്ടികളെ കളിപ്പിക്കാൻ, അവർ വളരുന്നത് കാണാൻ സമയമില്ല. കെട്ടിയവളെ/നെ കെട്ടിപ്പിടിക്കാൻ നല്ല നേരം നോക്കണം.

പുരോഗതിയാണത്രെ !

കൊച്ചിയിലാണെങ്കിലും അമേരിക്കയിലാണെങ്കിലും ഒരുമിച്ചു ജീവിക്കുകയാണെങ്കിലും വേറിട്ട് ജീവിക്കുകയാണെങ്കിലും ‘ജോലി’ ജീവിതത്തിന്റെ മുഖ്യ ഉദ്ദേശം ആയതോടെ മനുഷ്യന്റെ ജീവിതം വാസ്തവത്തിൽ ഒരു സുഖമില്ലാത്തതായി. എന്താണ് ജീവിതത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് നമ്മൾ മറന്നു പോയി. ഇത് നമ്മൾ മനസ്സിലാക്കണമെങ്കിൽ സിംഹത്തിന്റെ ജീവിതം കാണണം. അത് കാണാതെ അടുത്ത വീട്ടിലെ ചേട്ടന്റെയും ചേച്ചിയുടെയും ജീവിതം മാത്രം കാണുന്നത് കൊണ്ടും അതുമായി നമ്മുടെ ജീവിതത്തെ താരതമ്യം ചെയ്യുന്നതുകൊണ്ടുമാണ് അവരെക്കാൾ നല്ല കാറു മേടിക്കാൻ വേണ്ടി അച്ചായൻ ഒരു വർഷം കൂടി ഗൾഫിലെ മണലാരണ്യത്തിൽ കിടക്കേണ്ടി വരുന്നത് !

ഇതൊക്കെ മാറ്റാനുള്ള അവസരമാണ് വരാൻ പോകുന്നത്. കൊറോണക്ക് മുൻപേ തുടങ്ങിയ മാറ്റമാണ്, കൊറോണ അതിന് വേഗത കൂട്ടും എന്നേ ഉള്ളൂ.

നിർമ്മിത ബുദ്ധിയുടെയും റോബോട്ടിക്സിന്റെയും ലോകം ലോകത്തെ തൊഴിലുകൾ ഇല്ലാതാക്കും എന്ന് വിദഗ്ദ്ധർ പറഞ്ഞു തുടങ്ങിയിട്ട് നാളേറെ ആയി. 2013 ൽ ഓക്സ്ഫോർഡ് മാർട്ടിൻ സ്‌കൂൾ, The Future of Employment എന്ന റിപ്പോർട്ടിൽ പറഞ്ഞത് 2030 രണ്ടായിരത്തി മുപ്പത് ആവുന്പോഴേക്ക് ഇന്നുള്ള തൊഴിലുകളിൽ 47 ശതമാനം തൊഴിലുകളും ഇല്ലാതാകും എന്നാണ്. അത് വായിച്ച ഞാൻ ആദ്യം അന്തം വിട്ടു, പിന്നെ അതൊന്നും അത്ര പെട്ടെന്ന് സംഭവിക്കില്ല എന്ന് ആശ്വസിച്ചു.

അപ്പോഴതാ കൊറോണ വരുന്നു. തൊഴിൽ ശാലകൾ മൊത്തമായി പൂട്ടുന്നു. ടൂറിസം മുതൽ ട്രാവൽ വരെ, കാറു കച്ചവടം മുതൽ കഥകളി വരെ എല്ലാ തൊഴിൽ രംഗത്തും പ്രതിസന്ധിയാണ്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്കനുസരിച്ച് 160 കോടി ജോലികളെ ഇത് ബാധിച്ചിട്ടുണ്ട് (ലോകത്തെ ആകെ തൊഴിലെടുക്കുന്നവരുടെ പകുതി വരും ഇത്). ടൂറിസം സെക്ടറിൽ തന്നെ അഞ്ചു കോടി ജോലികൾ ഇല്ലാതാകുമെന്നാണ് വേൾഡ് ടൂറിസം കൗൺസിൽ പറയുന്നത്. സാന്പത്തിക മഹാശക്തിയായ അമേരിക്കയിൽ രണ്ടു മാസത്തിനകം മൂന്ന് കോടിയിലധികം ആളുകൾ തൊഴിൽ നഷ്ടപ്പെട്ട് തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിച്ചിരുന്നു.

കേരളത്തിലും ധാരാളം തൊഴിലുകൾ നിശ്ചലാവസ്ഥയിലാണ്. ഇതിന് പുറമെയാണ് എണ്ണയുടെ വില കുറഞ്ഞതിനാൽ മധ്യേഷ്യയിൽ ഉണ്ടാകുന്ന തൊഴിൽ നഷ്ടവും അതിനെ തുടർന്നുള്ള മലയാളികളുടെ തിരിച്ചൊഴുക്കും.

ഈ തൊഴിലുകൾക്ക് എന്താണ് സംഭവിക്കുന്നത് ?

ഇനിയും തൊഴിലുകൾ നഷ്ടപ്പെടുമോ?

കൊറോണ കഴിഞ്ഞാൽ നഷ്ടപ്പെട്ട തൊഴിലുകൾ തിരിച്ചു വരുമോ?

ഇല്ലെങ്കിൽ തൊഴിൽ നഷ്ടപ്പെട്ടവർ എന്ത് ചെയ്യും?

പുതിയതായി തൊഴിൽ തേടുന്ന തലമുറ എന്ത് ചെയ്യും?

ഭരണ കർത്താക്കളുടെയും തൊഴിലെടുക്കുന്നവരുടെയും, വിദ്യാർത്ഥികളുടെയും മനസ്സിൽ ഈ ചോദ്യങ്ങളുണ്ട്. ചോദിക്കാനും ചിന്തിക്കാനും ആളുകൾക്ക് പേടിയാണ്, കിട്ടുന്ന ഉത്തരങ്ങൾ സുഖകരമല്ലാത്തതിനാൽ.

ചോദ്യങ്ങൾ ചോദിച്ചേ പറ്റൂ. ഉത്തരം ഏതു തരം ആണെങ്കിലും അതിന് തയ്യാറെടുത്തേ പറ്റൂ.

ഈ കൊറോണക്കാലം അടുത്തൊന്നും തീരാൻ പോകുന്നില്ല. ഒരു ലോക്ക് ഡൗണിന് അപ്പുറവും ഇപ്പുറവുമായി കൊറോണയുണ്ടായിരുന്ന കാലം, കൊറോണ കഴിഞ്ഞ കാലം എന്നിങ്ങനെ എളുപ്പമല്ല കാര്യങ്ങൾ. കൊറോണക്ക് മരുന്ന് കണ്ടുപിടിക്കാൻ ഒരു വർഷം എടുത്തേക്കാം, അത് എല്ലാവർക്കും ലഭ്യമാക്കാൻ പിന്നെയും സമയം വേണം. അതിനിടയിൽ ലോക്ക് ഡൗണുകൾ വരും, പോകും.

കൂടുതൽ തൊഴിലുകൾ തീർച്ചയായും നഷ്ടപ്പെടും. പല സ്ഥാപനങ്ങളും തിരിച്ചു വരാനാകാത്ത വിധം നഷ്ടത്തിലാകും, ഒട്ടേറെ സേവനങ്ങൾക്കും ആവശ്യക്കാരുണ്ടാകില്ല. കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്തൊക്കെ ഇനി ആളനക്കം ഉണ്ടാകണമെങ്കിൽ റിസർവ്വ് ബാങ്ക് നോട്ടടിച്ച് ആളുകൾക്ക് സൗജന്യമായി കൊടുക്കേണ്ടി വരും.

കൊറോണ എളുപ്പത്തിൽ കഴിയില്ല എന്ന് മാത്രമല്ല, കഴിഞ്ഞാൽത്തന്നെ പോയ ജോലികളിൽ അധികവും തിരിച്ചെത്തുകയുമില്ല. അതിവേഗതയിൽ ആണ് ഓട്ടോമേഷൻ നടക്കുന്നത്. കോർപ്പറേറ്റ് ഓഫീസുകളിൽ നിന്നും ജോലി ആരും ചിന്തിച്ചിട്ടില്ലാത്ത വേഗത്തിലാണ് വീട്ടിലെ സിറ്റിംഗ് റൂമിൽ എത്തിയത്. ഈ മാറ്റങ്ങൾ തിരിച്ചു പോയി എന്ന് വരില്ല.

ഇപ്പോൾ ഉള്ള ജോലിയും തിരിച്ചു വരുന്ന ജോലികളും ഒക്കെത്തന്നെ താൽക്കാലികമാകും. ആയുഷ്കാലമുള്ള ജോലി, പെൻഷൻ ഇതൊന്നും ഇനി സ്വപ്നത്തിൽ മാത്രമേ കാണൂ. ഇതൊന്നും വിദേശത്തെ ജോലികളുടെ കാര്യമോ സ്വകാര്യ ജോലികളുടെ കാര്യമോ മാത്രമല്ല. ആറു ദിവസത്തെ ശന്പളം പിടിച്ചുവെച്ചപ്പോൾ പരാതിപ്പെട്ടവർ വർഷത്തിൽ നൂറു ദിവസം ശന്പളം കിട്ടിയാൽ ഭാഗ്യം എന്ന് പറയുന്ന കാലം വരും. തൊഴിലാളികളുടെ അവകാശങ്ങൾ പഴംകഥയാകും.

വർഷത്തിൽ നൂറു ദിവസം പോലും തൊഴിലുറപ്പില്ലാത്ത ശതകോടി ആളുകൾ ലോകത്ത് ഉണ്ടാകും. ഇത് കൊറോണകൊണ്ട് മാത്രം വന്നതല്ല, കൊറോണ പോകുന്പോൾ പോകുന്നതുമല്ല. നിർമ്മിത ബുദ്ധിയും റോബോട്ടിക്‌സും തക്കം പാർത്തിരിക്കുകയായിരുന്നു, ഇത് റാഡിക്കൽ ആയ ഒരു മാറ്റമാണ്.

ഇതൊക്കെ കേട്ട് പേടിച്ചെങ്കിൽ ഞാൻ നിങ്ങളെ വീണ്ടും മസായി മാരയിലേക്ക് കൊണ്ടുപോകാം, സിംഹങ്ങളുടെ അഭിമാനമുള്ള ഭൂപ്രദേശത്തേക്ക്. അവിടെ കുടുംബവും കുട്ടികളുമായി, ഉണ്ടും ഉറങ്ങിയും, കളിച്ചും രമിച്ചും ഇരിക്കുന്ന സിംഹങ്ങളിലേക്ക് ശ്രദ്ധ തിരിക്കാം.

ഇങ്ങനെ മനോഹരമായ ഒരു ജീവിതം മനുഷ്യനും ഉണ്ടാക്കാം. ആഴ്ചയിൽ മൂന്നു ദിവസം ജോലി, നാലു ദിവസം അവധി, ജനിച്ച ഗ്രാമം വിട്ട് ഒരിടത്തും പോകേണ്ട, പഠനവും ജോലിയും വീട്ടിൽ തന്നെ ചെയ്യാം, കുടുംബത്തിന്റെ കൂടെ ഏറെ സമയം ചിലവഴിക്കാം, കുട്ടികൾ വളരുന്നത് കാണാം, കെട്ടിയവരെ കെട്ടിപ്പിടിക്കാം. അതിനായി തൊഴിൽ ചെയ്യുക എന്നത് മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണെന്നുള്ള തെറ്റിദ്ധാരണ അങ്ങ് മാറ്റിവെച്ചാൽ മാത്രം മതി.

"സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ, നിങ്ങൾക്ക് നഷ്ടപ്പെടാൻ തൊഴിൽ മാത്രമേ ഉള്ളൂ. കിട്ടാനുള്ളതോ സ്വന്തം സമയം സ്വന്തം നിയന്ത്രണത്തിലുള്ള സ്വാതന്ത്ര്യത്തിന്റെ ലോകമാണ്.

ഈ റോബോട്ടുകളെക്കൊണ്ടും നിർമ്മിതബുദ്ധിയെക്കൊണ്ടും ഒക്കെ നമുക്ക് ശരിക്ക് പണിയെടുപ്പിക്കണം. എന്നിട്ട് നമുക്ക് വെറുതെയിരുന്ന് സുഖിക്കണം.

റോബോട്ടുകളും നിർമ്മിതബുദ്ധിയും ഒക്കെ പണിയെടുത്താലും അവർക്ക് ബിരിയാണി വാങ്ങേണ്ട, കാറും മേടിക്കേണ്ട, യാത്ര പോകേണ്ട. അങ്ങനെ അവർ ഉണ്ടാകുന്ന പണം ഒക്കെ നമുക്ക് വീതിച്ചെടുക്കാം. ലോകത്തെല്ലാവർക്കും (തൊഴിൽ ഉള്ളവർക്കും ഇല്ലാത്തവർക്കും) ഈ റോബോട്ടിന്റെ പണിക്കൂലിയിൽ നിന്നും എല്ലാ ആഴ്ചയിലും കൃത്യമായ ഒരു അലവൻസ് കിട്ടുന്ന ലോകം ആണ് നമുക്ക് മുന്നിലുള്ളത്.

"ന്യായ"മായ ഈ അലവൻസും വാങ്ങിയിട്ട് (universal basic income) ജീവിതത്തിൽ താല്പര്യം ഉള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടാകും. അതല്ല അതും വാങ്ങിയിട്ട് നിർബന്ധമാണെങ്കിൽ വേറെ എന്തെങ്കിലും തൊഴിൽ ചെയ്യാൻ പോവുകയുമാകാം.

ഇങ്ങനെ സമയം വെറുതെ കിട്ടിയാൽ എങ്ങനെ ചെലവഴിക്കണം എന്നൊക്കെ ഈ ലോക്ക് ഡൌൺ കാലത്ത് അല്പം പരിശീലനം കിട്ടിയിട്ടുണ്ട്, ഇനിയത് സ്‌കൂളുകളിൽ ഒക്കെ പഠിപ്പിക്കണം. ഹോബി ആണെങ്കിലും, വോളന്റിയർ പണി ആണെങ്കിലും, കൂട്ടുകൂടി ക്രിയേറ്റിവ് ആയിട്ട് എന്തെങ്കിലും ചെയ്യുന്നതാണെങ്കിലും ഒക്കെ. ചുറ്റിക്കളിയുടെ കാര്യം പറയാനുമില്ല.

ഇങ്ങനെയൊക്കെ ഒരു സാഹചര്യം ഉണ്ടായാലും വീട്ടിൽ സുഖമായിരിക്കാതെ രാവിലെ എഴുന്നേറ്റ് തൊഴിൽ ചെയ്യാൻ പോകുന്നവർ മണ്ടശിരോമണികൾ ആണെന്ന് ആളുകൾ ചിന്തിച്ചു തുടങ്ങും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക