Image

ഈ ചിത്രത്തോട് നമ്മൾ കടപ്പെട്ടിരിക്കുന്നു (ഷിബു ഗോപാലകൃഷ്ണൻ)

Published on 14 May, 2020
ഈ ചിത്രത്തോട് നമ്മൾ കടപ്പെട്ടിരിക്കുന്നു (ഷിബു ഗോപാലകൃഷ്ണൻ)
ഇറ്റലിയിൽ കോവിഡ് രോഗികൾ കൂട്ടത്തോടെ ആശുപത്രിയുടെ പുറത്തേക്കും പ്രവേശിപ്പിക്കപ്പെട്ടപ്പോൾ, കാര്യങ്ങൾ കൈയിൽ നിൽക്കാതെ കവിഞ്ഞു തുടങ്ങിയപ്പോൾ, രാത്രി മുഴുവൻ വിശ്രമമില്ലാതെ പണിയെടുത്ത നഴ്സ് അറിയാതെ അതിരാവിലെ ഉറങ്ങിപ്പോയപ്പോൾ, സഹപ്രവർത്തകനായ ഡോക്ടർ അനുവാദം ചോദിക്കാതെ പകർത്തിയ ഈ ചിത്രം.

ഒരുപക്ഷേ, സോഷ്യൽമീഡിയ ഏറ്റവും അധികം പങ്കുവച്ച, അവരോടു അത്രമേൽ ഐക്യദാർഢ്യവും കടപ്പാടും പ്രഖ്യാപിച്ച ചിത്രം. ആശുപത്രിക്കുള്ളിൽ ഇവർ എങ്ങനെയാണു പോരാടുന്നതെന്നും തളർന്നു വീണുറങ്ങിപ്പോകുന്നതെന്നുമുള്ള നെഞ്ചുലയ്ക്കുന്ന നേർക്കാഴ്ചയായി ഈ ചിത്രം മാറി.

നിരവധി ചിത്രങ്ങൾ പിന്നെയും വന്നു, നിങ്ങൾ വീട്ടിലിരിക്കൂ, നിങ്ങൾക്കു വേണ്ടി ഞങ്ങൾ ഇപ്പോഴും പണിയെടുത്തുകൊണ്ടിരിക്കുകയാണ് എന്നവർ ഐസിയുവിനുള്ളിൽ പ്ലക്കാർഡുകൾ ഉയർത്തി. ഗർഭിണികളായ അമ്മനഴ്‌സുമാർ ഞങ്ങളുടെ ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി വീട്ടിലിരിക്കൂ, അവരും ഞങ്ങളോടൊപ്പം പണിയെടുത്തുകൊണ്ടിരിക്കുകയാണ് എന്നവർ ഓർമിപ്പിച്ചു. മറ്റൊരു മാസ്ക് എടുക്കാനില്ലാതെ അവരുടെ മുഖത്തു ചോരച്ചാലുകൾ ചത്തുകിടന്നു, ഉപയോഗിച്ച മാസ്കുകൾ സ്വന്തമായി കഴുകിയുണക്കി പണിസ്ഥലങ്ങളിലേക്കു അവർ തിരിച്ചുവന്നു. കോവിഡ് നെഗറ്റിവായി പേഷ്യന്റ്സ് പുറത്തേക്കു വരുമ്പോൾ അവർ തുള്ളിച്ചാടി, സന്തോഷം കൊണ്ട് കണ്ണുകൾ നിറച്ചു. ആരുമില്ലാതെ മരിച്ചു പോയവരുടെ ജീവിതത്തിലെ ഏറ്റവും അവസാനത്തെ സ്പർശമായി, ശബ്ദമായി.

ഇന്നലെവരെ വലംകൈയായി കൂടെ ഉണ്ടായിരുന്ന നഴ്‌സിനെ, അവർകൂടി ചേർന്നു വെന്റിലേറ്ററിൽ ആക്കിയ രോഗിയുടെ തൊട്ടടുത്ത് ഡോക്ടർമാർക്ക് വെന്റിലേറ്ററിൽ ആക്കേണ്ടിവന്നു. വീട്ടുകാരിൽ നിന്നും മക്കളിൽ നിന്നും മാറിനിന്നുകൊണ്ടു അവർ ക്വാറന്റൈനിൽ നിന്നും ക്വാറന്റൈനിലേക്ക് അടയ്ക്കപ്പെടുകയും തുറക്കപ്പെടുകയും ചെയ്തു. ഇറ്റലിയിൽ മാത്രം 160 ആരോഗ്യപ്രവർത്തകരാണ് കോവിഡ് പോരാട്ടത്തിനിടയിൽ മരിച്ചു വീണത്.

ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 60 ദശലക്ഷം നഴ്‌സുമാരുടെ കുറവാണു ലോകത്തുള്ളത്. നിലവിലുള്ളവർ ചേർന്നാണ് അവരുടെകൂടി പണി എടുത്തുകൊണ്ടിരിക്കുന്നത്. എന്നിട്ടും അവർക്കു ലഭിക്കുന്നത് തുച്ഛമാണ്, ഗതികേടിനെ ചൂഷണം ചെയ്യുന്ന തൊഴിലിടമായി അതിപ്പോഴും കുപ്രസിദ്ധിയുടെ നെറുകയിലാണ്‌. അവിടെയും അവർ പോരാട്ടത്തിലാണ്.

ലോകത്തെ പലയിടങ്ങളിലും നഴ്‌സുമാർ പലരീതിയിലാണ് ആദരിക്കപ്പെട്ടത്. മാനസികമായി ഒരുപാടു സംഘർഷങ്ങളിലൂടെ കടന്നുപോയതിനാൽ അത്തരം ആതുരസഹായങ്ങളെല്ലാം സൗജന്യമാക്കി, പഠിച്ചുകൊണ്ടിരിക്കുന്നവരുടെ വിദ്യാഭ്യാസ ലോണുകൾ എഴുതി തള്ളുമെന്നു പ്രഖ്യാപിച്ചു, ശമ്പളത്തോടുകൂടിയ വെക്കേഷനുകൾ പ്രഖ്യാപിച്ചു, വിമാനക്കമ്പിനികൾ സൗജന്യ ഫ്ലൈറ്റ് ടിക്കറ്റുകൾ നൽകാൻ മുന്നോട്ടുവന്നു.

ആശുപത്രിയിൽ നിന്നും തിരിച്ചു വീടെത്തുമ്പോൾ അവർക്കു നമ്മൾ കൈയടിക്കുകയും, കൈയിൽ കിട്ടിയതു അതിപ്പോൾ പിഞ്ഞാണമാണെങ്കിലും കൊട്ടി വരവേൽക്കുകയും വേണം, മഴമേഘങ്ങളുടെ കണ്ണുവെട്ടിച്ചുള്ള മലർമാരികളും തരക്കേടില്ല. എന്നാൽ, അതുമാത്രം മതിയെന്ന് കരുതി കണ്ണടയ്ക്കരുത്, അവർ അതിലും ആദരവും അംഗീകാരവും അന്തസ്സും അഭിമാനവും അർഹിക്കുന്നുണ്ട്.ആധുനിക നഴ്സിങ്ങിനു ആത്മസമർപ്പണത്തിന്റെ അടിക്കല്ലുകൾ പാകിയ ഫ്ലോറൻസ് നൈറ്റിങ്ഗേലിന്റെ വംശത്തിൽ ജനിച്ച എല്ലാ നഴ്‌സുമാർക്കും അഭിവാദ്യങ്ങൾ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക