Image

രോഗബാധയുടെ നിരക്ക് കൂടുന്നില്‍ ആശങ്കയില്ല: ജര്‍മന്‍ വിദഗ്ധര്‍

Published on 14 May, 2020
രോഗബാധയുടെ നിരക്ക് കൂടുന്നില്‍ ആശങ്കയില്ല: ജര്‍മന്‍ വിദഗ്ധര്‍

ബര്‍ലിന്‍: ജര്‍മനിയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച ശേഷം കൊറോണ വൈറസ് ബാധയുടെ നിരക്ക് വര്‍ധിച്ചത് ആശങ്കപ്പെടാനില്ലെന്ന് വിദഗ്ധര്‍.

വൈറസിന്റെ പ്രത്യുല്‍പാദന നിരക്ക് (ആര്‍ റേറ്റ്) തുടരെ മൂന്നു ദിവസങ്ങളില്‍ ഒന്നിനു മുകളിലെത്തിയതാണ് പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്കയ്ക്കു കാരണമായത്. നിരക്ക് ഒന്നിനു മുകളിലെത്തുക എന്നാല്‍, രോഗബാധിതനായ ഒരാള്‍ ശരാശരി ഒന്നിലധികം പേര്‍ക്ക് രോഗം പടര്‍ത്തുന്നു എന്നാണ് അര്‍ഥം.

എന്നാല്‍ 1.2, 1.3 നിരക്കിലുള്ള രോഗവ്യാപനം ഒറ്റപ്പെട്ട ദിവസങ്ങളില്‍ സംഭവിക്കുന്നത് ആശങ്കപ്പെടാനുള്ള സ്ഥിതിവിശേഷമല്ലെന്നും നിരന്തരം ഈ നിരക്ക് ഉയരുന്ന പ്രവണതയുണ്ടായാല്‍ മാത്രമേ ആശങ്കയ്ക്ക് അടിസ്ഥാനമുള്ളൂ എന്നുമാണ് സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാക്കള്‍ പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളേക്കാള്‍ ബുധനാഴ്ച ഫെഡറല്‍ സംസ്ഥനങ്ങളില്‍ വളരെ കുറച്ച് പുതിയ കേസുകള്‍ മാത്രമേ ഉണ്ടായതായി റിപ്പോര്‍ട്ടുള്ളൂ.

ബര്‍ലിനിലെ റോബര്‍ട്ട് കോഹ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ആര്‍കെഐ) നിന്നുള്ള നിലവിലെ കണക്കുകള്‍ പ്രോത്സാഹജനകമാണ്. മൂന്നു ദിവസത്തിനുശേഷം ആര്‍ മൂല്യം 1.0 പരിധിക്ക് താഴെയാണ്. ബുധനാഴ്ച രാവിലെ പുതിയ അണുബാധകളുടെ എണ്ണം മുന്‍ ദിവസത്തേക്കാള്‍ കുറവാണ്. അഞ്ച് ഫെഡറല്‍ സംസ്ഥാനങ്ങളില്‍, പത്തില്‍ താഴെ പുതിയ രോഗികളെ മാത്രമേ കണ്ടെത്തിയുള്ളു.

കൊറോണ വൈറസിന്റെ പിടിയില്‍ ജര്‍മനിയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കന്പനികള്‍ സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ടു. നിലവില്‍ കൂടുതല്‍ ചെലവും കുറഞ്ഞ വരുമാനവുമാണ് പ്രതിസന്ധിയ്ക്ക് കാരണം. നിയമപരമായ ആരോഗ്യ ഇന്‍ഷുറന്‍സ് കന്പനികള്‍ സാന്പത്തിക പ്രതിസന്ധിയിലാകാതിരിക്കാന്‍ സര്‍ക്കാര്‍ സഹായം അടിയന്തിരമായി നല്‍കണമെന്നാണ് ആരോഗ്യമന്ത്രി ജെന്‍സ് സ്പാനോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഇതു സംബന്ധിച്ച് തിങ്കളാഴ്ച ഫെഡറല്‍ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

അതുകൊണ്ടുതന്നെ വരും നാളുകളില്‍ ജര്‍മനിയിലെ ഇന്‍ഷ്വറന്‍സ് പ്രീമിയത്തില്‍ വര്‍ധനയുണ്ടാകുമെന്ന സൂചനയും നല്‍കുന്നു. കൊറോണയ്‌ക്കെതിരെ പടപൊരുതുന്ന ജര്‍മനിയിലെ
എല്ലാ നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഫെഡറല്‍ പ്രസിഡന്റ് ഫ്രാങ്ക്വാള്‍ട്ടര്‍ സ്റ്റെയ്ന്‍മിയര്‍ നന്ദി അറിയിച്ചു. വീഡിയോ സന്ദേശത്തിലൂടെയാണ് പ്രസിഡന്റ് നന്ദി അറിയിച്ചത്.

ജര്‍മനിയിലെ അറവുശാലയില്‍ പുതിയ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നത് സര്‍ക്കാരിന് തലവേദനയാവുകയാണ്. ഇപ്പോള്‍തന്നെ മൂന്നു സംസ്ഥാനങ്ങളിലെ ഇറച്ചി കന്പനികള്‍ പൂട്ടിയിരിയ്ക്കയാണ്. അതുകൊണ്ടുതന്നെ സാധനങ്ങളുടെ ദൗര്‍ലഭ്യം നേരിട്ടേക്കാമെന്നും സൂചനയുണ്ട്.

വര്‍ഷം യൂറോപ്പിലെ ഏറ്റവും വലിയ ഇന്‍ഷുറര്‍ കന്പനിയായ അലയാന്‍സിന് കൊറോണ വൈറസ് മൂലം ഒരു ബില്യണ്‍ യൂറോ അധികമായി ചിലവാകുമെന്നു കന്പനിയുടെ പത്രക്കുറിപ്പ് പറയുന്നു.
കൊറോണമൂലം ലോക്ക്ഡൗണിലായ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ വീണ്ടും തുറക്കുന്ന കാര്യത്തില്‍ ബുധനാഴ്ച തീരുമാനം ഉണ്ടാകും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക