Image

പൈലറ്റ്‌ സമരം: എയര്‍ ഇന്ത്യ റിയാദില്‍ നിന്ന്‌ ജൂണ്‍ 30 വരെയുളള സര്‍വീസുകള്‍ റദ്ദ്‌ ചെയ്‌തു

Published on 26 May, 2012
പൈലറ്റ്‌ സമരം: എയര്‍ ഇന്ത്യ റിയാദില്‍ നിന്ന്‌ ജൂണ്‍ 30 വരെയുളള സര്‍വീസുകള്‍ റദ്ദ്‌ ചെയ്‌തു
റിയാദ്‌: എയര്‍ ഇന്ത്യ പൈലറ്റുമാരില്‍ ഒരുവിഭാഗം നടത്തുന്ന സമരം അനിശ്ചിതമായി തുടരുന്ന പശ്ചാത്തലത്തില്‍ റിയാദില്‍ നിന്ന്‌ ജൂണ്‍ 30 വരെയുളള സര്‍വീസുകള്‍ റദ്ദ്‌ ചെയ്‌തതായി അറിയിച്ച്‌ എയര്‍ഇന്ത്യ സര്‍ക്കുലര്‍ ഇറക്കി. മേയ്‌ 30 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ നേരത്തേ അറിയിപ്പ്‌ നല്‍കിയിരുന്നു. സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പു വ്യവസ്ഥകളും നിയമനടപടി ഭീഷണിയും സമരക്കാര്‍ തള്ളിയതോടെയാണ്‌ വിമാനസര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദുചെയ്യാനുള്ള തീരുമാനം. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളിലായി ആഴ്‌ചയില്‍ മൂന്നു വീതം റിയാദ്‌ കരിപ്പൂര്‍ സെക്ടറില്‍ സര്‍വീസ്‌ നടത്തിക്കൊണ്ടിരുന്ന എ.ഐ 922, ശനി, ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ റിയാദില്‍നിന്നു മുംബൈയിലേക്ക്‌ സര്‍വീസ്‌ നടത്തുന്ന എ.ഐ920 തുടങ്ങിയ സര്‍വീസുകളാണ്‌ ജൂണ്‍ അവസാനം വരെ റദ്ദ്‌ ചെയ്‌തിരിക്കുന്നത്‌.

ഇതോടെ എയര്‍ ഇന്ത്യയില്‍ നേരത്തെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌ത്‌ യാത്ര ഉദ്ദേശിച്ച പതിനായിരക്കണക്കിന്‌ പേര്‍ വിഷമവൃത്തത്തിലാകും. ബോയിംഗ്‌ 777 വിമാനങ്ങള്‍ പറക്കുന്ന റിയാദ്‌ സെക്ടറില്‍ മിക്ക വിമാനങ്ങളിലും 300 350ന്‌ ഇടയില്‍ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്‌തിരുന്നുവത്രെ. ഇത്‌ കൂട്ടത്തോടെ റദ്ദ്‌ ചെയ്യുമ്പോള്‍ യാത്രക്കാര്‍ നേരിടുന്ന പ്രതിസന്ധിക്ക്‌ സര്‍ക്കാറോ എയര്‍ ഇന്ത്യ അധികൃതരോ ഇതുവരെയും ഒരു പരിഹാരവും മുന്നോട്ടുവെച്ചിട്ടില്ല. ഒരു വിഭാഗം മാത്രമാണ്‌ സമരത്തില്‍ പങ്കാളികളെന്നും സമരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നതായും വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്‌ റിയാദില്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. സമരം വൈകാതെ അവസാനിക്കുമെന്ന്‌ അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

നാട്ടില്‍ സ്‌കൂള്‍ അടച്ചതോടെ മാര്‍ച്ച്‌ അവസാനം മുതല്‍ അവധിക്കാലം ചെലവിടാന്‍ ഗള്‍ഫിലെത്തിയ കുടുംബങ്ങളും കുട്ടികളും തിരിച്ചുപോക്കിന്‌ പ്രയാസപ്പെടും. അടുത്തയാഴ്‌ച സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ്‌ തിരിച്ചുപോകാനാകാതെ പെരുവഴിയിലാവുകയാണ്‌ പലരും. സന്ദര്‍ശന വിസയിലെത്തിയവരും, നാട്ടിലെ ജോലിയില്‍ നിന്ന്‌ അവധിയെടുത്ത്‌ വന്നവരും ഇക്കൂട്ടത്തിലുണ്ട്‌. സമരം പിന്‍വലിച്ചാലും നിലവില്‍ വിവിധ സെക്ടറുകളില്‍ ടിക്കറ്റെടുത്ത്‌ കാത്തിരിക്കുന്ന ആയിരക്കണക്കിനാളുകളെ നാട്ടിലെത്തിക്കാനുള്ള സാഹചര്യത്തില്‍ വിമാനസര്‍വീസുകള്‍ പൂര്‍വ്വ സ്ഥിതിയിലാകാന്‍ കാലതാമസമെടുക്കും.സര്‍വീസുകള്‍ പുനരാരംഭിച്ചാല്‍ നേരത്തെ ടിക്കറ്റെടുത്തവര്‍ക്ക്‌ മുന്‍ഗണന നല്‍കുമെന്നും അതേസമയം ടിക്കറ്റ്‌ കാന്‍സല്‍ ചെയ്‌താല്‍ ഈ ആനുകൂല്യം ലഭ്യമാകില്ലെന്നും എയര്‍ ഇന്ത്യ വൃത്തങ്ങള്‍ വ്യക്തമാക്കി. റിയാദ്‌ കൊച്ചി സര്‍വീസുകളും റിയാദ്‌ദല്‍ഹി സര്‍വീസുകളും ഫൈ്‌ളറ്റും പൈലറ്റും ലഭ്യമാകുന്ന മുറക്ക്‌ നടത്താനാണ്‌ എയര്‍ ഇന്ത്യയുടെ തീരുമാനം. അതേസമയം ഇതിന്‍െറ ഷെഡ്യുളുകള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കാനാകാത്ത സാഹചര്യമാണുള്ളത്‌. ഉംറ തീര്‍ഥാടകര്‍ ആശ്രയിക്കുന്ന ജിദ്ദ സര്‍വീസുകള്‍ താരതമ്യേന മുടക്കമില്ലാതെ നടക്കുമ്പോള്‍ ദമ്മാം സര്‍വീസുകളും താളംതെറ്റിയ നിലയിലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക