Image

ഖത്തര്‍ ലിബിയന്‍ ദൗത്യ സേനക്ക്‌ ഡെപ്യൂട്ടി അമീറിന്‍െറ ആദരം

Published on 26 May, 2012
ഖത്തര്‍ ലിബിയന്‍ ദൗത്യ സേനക്ക്‌ ഡെപ്യൂട്ടി അമീറിന്‍െറ ആദരം
ദോഹ: ലിബിയയില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച ഖത്തര്‍ ദൗത്യ സേനക്ക്‌ കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ്‌ തമീം ബിന്‍ ഹമദ്‌ ആല്‍ഥാനിയുടെ ആദരം. ശഹാനിയ സൈനിക ക്യാമ്പില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം സൈന്യത്തിന്‍െറ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ സ്വീകരിച്ചു. ലിബിയന്‍ ജനതയെ സൈനികമായി സഹായിക്കാനുള്ള അമീര്‍ ശൈഖ്‌ ഹമദ്‌ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ തീരുമാനം ചരിത്രപരവും ധീരവുമായിരുന്നുവെന്ന്‌ അദ്ദേഹം അനുസ്‌മരിച്ചു.

മുഴുവന്‍ സൈനികരുടെയും ആത്മാര്‍ഥതക്കും മനക്കരുത്തിനും നന്ദി അറിയിക്കുകയാണ്‌. സുസ്ഥിര വികസനത്തിനും ആധുനിക രാഷ്ട്ര നിര്‍മാണത്തിനുമുള്ള ഖത്തറിന്‍െറ ശ്രമം തുടരും. ലിബിയയിലെ ജനങ്ങളുടെ വിപ്‌ളവ ശ്രമങ്ങള്‍ക്ക്‌ നിരുപാധിക പിന്തുണയാണ്‌ ഖത്തര്‍ നല്‍കിയതെന്നും എന്നാല്‍ ഏതെങ്കിലും രാജ്യത്തിന്‍െറ അധികാരാവകാശങ്ങളില്‍ ഇടപെടുകയോ അടിച്ചേല്‍പിക്കുകയോ ചെയ്യുന്നത്‌ രാജ്യത്തിന്‍െറ നയമല്ലെന്നും ഡെപ്യൂട്ടി അമീര്‍ പറഞ്ഞു.

ലിബിയയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവെച്ച സൈനികരെ അദ്ദേഹം അഭിനന്ദിച്ചു. ഖത്തര്‍ സായുധ സേനാ മേധാവി മേജര്‍ ജനറല്‍ ഹമദ്‌ ബിന്‍ അലി അല്‍ അതിയ്യ, ഡെപ്യൂട്ടി അമീറിനെ സ്വാഗതം ചെയ്‌തു.

ലിബിയയിലെ സമാധാന, ആരോഗ്യ സേവന, പരിശീലന രംഗങ്ങളില്‍ ഖത്തര്‍ സൈന്യത്തിന്‍െറ സേവനം പ്രശംസനീയമായിരുന്നുവെന്ന്‌ സായുധ സേനാ മേധാവി പറഞ്ഞു. മറ്റ്‌ സുരക്ഷാ വിഭാഗങ്ങളുമായി ചേര്‍ന്ന്‌ സൈന്യം നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്‍െറ പ്രതിഛായ വര്‍ധിക്കാന്‍ സഹായകമായി. ലിബിയന്‍ ദൗത്യത്തില്‍ ഖത്തര്‍ വ്യോമ സേനക്ക്‌ മികച്ച പ്രകടനം കാഴ്‌ചവെക്കാന്‍ കഴിഞ്ഞത്‌ കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ്‌ തമീം ബിന്‍ ഹമദ്‌ ആല്‍ഥാനിയുടെ നിരന്തര ശ്രമങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും കാരണമാണ്‌.

ദൗത്യം വിജയത്തിലേക്ക്‌ നയിച്ചതും ഇതു തന്നെയാണെന്നും മുഴുവന്‍ സൈനിക വിഭാഗങ്ങള്‍ക്കും ഭാവിയിലും എല്ലാ വിജയവും ആശംസിക്കുകയാണെന്നും മേജര്‍ ജനറല്‍ ഹമദ്‌ ബിന്‍ അലി അല്‍ അതിയ്യ പറഞ്ഞു. ലിബിയന്‍ പരിവര്‍ത്തന കൗണ്‍സില്‍ (എന്‍.ടി.സി) ഡെപ്യൂട്ടി ചെയര്‍മാന്‍ സലീം ഖനാനും ചടങ്ങില്‍ സംസാരിച്ചു. സേനാംഗങ്ങളുടെ വിവിധ പ്രകടനങ്ങളും അരങ്ങേറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക