Image

നൂറ്റിമൂന്നുകാരി മുത്തശിക്കു മുന്പില്‍ കൊറോണ തോറ്റുമടങ്ങി

Published on 13 May, 2020
നൂറ്റിമൂന്നുകാരി മുത്തശിക്കു മുന്പില്‍ കൊറോണ തോറ്റുമടങ്ങി

ഡബ്ലിന്‍: കൊറോണയെ തോല്‍പ്പിച്ച നൂറ്റിമുന്നുകാരി മുത്തശി അയര്‍ലന്‍ഡിന്റെ താരമായി. പ്രായമായവരെ കോവിഡ് പെട്ടെന്നു കീഴ്‌പ്പെടുത്തുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് മുത്തശി രോഗ മുക്തയായത്. ഡബ്ലിന്‍ റഹെനിയില്‍ ജോസഫൈന്‍ സിലോയാ(103)ണ് കോവിഡിനു പിടി നല്‍കാതെ രക്ഷപ്പെട്ടത്. രോഗബാധയേത്തുടര്‍്ന്ന് ഇവര്‍ രണ്ടാഴ്ചയായി റഹേനി നഴ്‌സിംഗ് ഹോമില്‍ ഐസലേഷനില്‍ കഴിയുകയായിരുന്നു. പെട്ടെന്ന് ആരംഭിച്ച ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ ടെസ്റ്റിലാണ് സിലോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

അയര്‍ലന്‍ഡില്‍ കോവിഡ് രോഗബാധിതരായ എണ്‍പത്തന്‍ഞ്ചുകഴിഞ്ഞ മൂന്നിലൊന്നോളം പേരും മരണത്തിനു കീഴടങ്ങുന്ന അവസ്ഥയിലാണ് സിലോയുടെ അത്ഭുതകരമായ തിരിച്ചു വരവ്. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധനിര്‍ദ്ദേശങ്ങള്‍ ഓരോരുത്തരും കര്‍ശനമായി പാലിക്കണമെന്നാണ് നൂറ്റിമൂന്നുകാരി മുത്തശിയുടെ അഭ്യര്‍ത്ഥന. രോഗത്തെ അത്ഭുതകരമായി അതിജീവിച്ചതിന്റെ ആഹ്‌ളാദത്തിലാണിവര്‍. ഈ സന്തോഷം നേരിട്ട് പങ്കുവയ്ക്കാന്‍ തന്റ ബന്ധുമിത്രാദികളെ കാണാന്‍ പറ്റാത്തതിലുള്ള വിഷമം മാത്രമാണ് ഇവര്‍ക്കിപ്പോഴുള്ളത്.

അയര്‍ലന്‍ഡില്‍ കോവിഡ് പശ്ചാത്തലത്തില്‍ എഴുപത് കഴിഞ്ഞവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. നൂറ്റിമൂന്നാം വയസിലും മുത്തശി ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ തന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ അതീവശ്രദ്ധ പുലര്‍ത്തിവരുന്നു. ഇതിനാലാണ് കൊറോണ വൈറസിനു തന്നെ കീഴ്‌പ്പെടുത്താന്‍ കഴിയാതിരുതെന്നാണ് ഇവരുടെ വിശ്വാസം. വരുന്ന ജൂലായ് 22 ആകുന്‌പോഴേക്കും സിലോ മുത്തശി 104 വയസിലേക്ക് കടക്കും.

അയര്‍ലന്‍ഡില്‍ രോഗബാധിതരുടെ എണ്ണം ഇരുപത്തിമൂവായിരം കടന്നു. മരണസംഖ്യ ആയിരത്തിഅഞ്ഞൂറിലേക്കടുത്തു. പതിനേഴായിരം പേര്‍ക്ക് രോഗം ഭേദമായി. കര്‍ശന ലോക്കഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ രാജ്യത്ത് ഇപ്പോള്‍ രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും കുറവ് വന്നിട്ടുണ്ട്.

റിപ്പോര്‍ട്ട്; ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക