Image

സ്വയംപര്യാപ്തതയുടെ ബോധമുണർത്തുന്ന തിരിച്ചറിവുകൾ ( പ്രവാസികൾ മടങ്ങിവരുമ്പോൾ - പാർട്ട് 2: ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)

Published on 12 May, 2020
സ്വയംപര്യാപ്തതയുടെ ബോധമുണർത്തുന്ന തിരിച്ചറിവുകൾ  ( പ്രവാസികൾ മടങ്ങിവരുമ്പോൾ - പാർട്ട് 2: ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)
“ കോവിഡിന് ശേഷം പുതിയ ജീവിതശൈലി രൂപപ്പെടുമെന്നും, എല്ലാവരുടെയും ആവേശം, ഈ പോരാട്ടം വിജയിപ്പിക്കുവാൻ നമ്മളെ സഹായിക്കും. കോവിഡ് മഹാമാരി ഇന്ത്യക്ക് സുവർണ്ണാവസരം- ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള 20 ലക്ഷം കോടിയുടെ  സാമ്പത്തിക ഉത്തേജന പാക്കേജുകൾ ( ആത്മ നിർഭർ അഭ് യാൻ) ഇതിനായി പ്രഖ്യാപിക്കുകയാണ് “ പ്രധാനമന്ത്രി മോഡി ധീരമായ പരിഷ്കരണ നടപടികൾ പ്രഖ്യാപിച്ചതിനോടൊപ്പം നമ്മളെ ഉത്ബോധിപ്പിച്ചതാണിത്.

കോവിഡ് മഹാമാരിയിൽ ലോകം ഇപ്പോഴും ഭീതിയുടെ നിഴലിൽ അനിശ്ചിതമായി തുടരുന്നു. വൻരാജ്യങ്ങൾക്കുപോലും പുതിയ തിരിച്ചറിവുകൾക്കു ഈ ലോക്ഡൗൺ കാലഘട്ടം വഴിതെളിച്ചു കൊണ്ടിരിക്കുന്നു. കഴിയുന്നതും മറ്റുള്ളവരെ ആശ്രയിക്കാതെ രാജ്യങ്ങളും വ്യക്തികളും നിലനില്പിനുള്ള തന്ത്രങ്ങൾ മെനഞ്ഞെടുക്കേണ്ട സമയമായി എന്ന് കോവിഡ് ലോകത്തെ പ്രത്യക്ഷമായി പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഉദാഹരണമായി ചൈനയെ ആശ്രയിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന അവസ്ഥയിൽ വൻ രാഷ്ട്രങ്ങൾ പോലും നിർവീര്യമാക്കപ്പെട്ട ശ്വാനന്മാരെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും കുരക്കാന്മാത്രം വിധിക്കപ്പെട്ടതുപോലെ മോങ്ങിക്കൊണ്ടിരിക്കുന്നു. പെട്ടെന്ന് നിത്യജീവിതത്തിലെ ഉപഭോഗ വസ്തുക്കൾ ലഭ്യമല്ലാതാകുമ്പോൾ സ്വയം നിലനില്പിനുള്ള മാർഗ്ഗങ്ങളും സ്രോതസ്സുകളും തേടേണ്ടിയത് അനിർവാര്യമായിരിക്കുന്നു. കൂടുതൽ മറ്റാരിലും ആശ്രയിക്കാതെ മുന്നോട്ടുപോകുവാൻ ഈ ദുരന്തങ്ങളുടെ നാൾവഴികൾ നമ്മെ ഉത്ബോധിപ്പിക്കുന്നു.

ഉദാഹരണമായി സൂപ്പർപവർ എന്ന് മസ്സിൽ പെരുപ്പിച്ചു നടക്കുന്ന അമേരിക്കപോലും ചൈനയെ എത്രമാത്രം ആശ്രയിച്ചാണ് ജീവിക്കുന്നതെന്ന് ഇപ്പോഴെങ്കിലും  മനസ്സിലാക്കാൻ തുടങ്ങിയെന്നതിൽനിന്നും,  നമുക്ക് പല  പാഠങ്ങൾ ഉൾക്കൊള്ളാനുണ്ട്. അമേരിക്കയിലെ ആഹാരസാധനങ്ങളിൽ 60% ലേറെ ചൈനയിൽനിന്നും ഇറക്കുമതി ചെയ്യുന്നതാണ്. മല്ലിയില മുതൽ തിലാപ്പിയായും ചിക്കനും വരെ  ചൈനയിലെ വന്മതിലിനപ്പുറത്തുനിന്നും പറന്നെത്തുന്നതാണ്. 365 ഓർഗാനിക് എന്ന ഓമനപ്പേരിൽ നിരന്നിരിക്കുന്ന മിക്കവാറും പച്ചക്കറി ഫലവ്യഞ്ജനങ്ങളുടെ വർണ്ണാഭമായ പുറംകവറുകളിൽ വലിയ ലിപികളിൽ “കാലിഫോർണിയ ബ്ലെൻഡ്” എന്നും, വളരെ ചെറിയലിപികളിൽ “പ്രോഡക്റ്റ് ഓഫ്‌  ചൈനാ” എന്ന് പ്രിന്റ് ചെയ്തിരിക്കുന്നതും പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല.

ഇവിടുത്തെ യുദ്ധോപകരങ്ങളുടെയും സുരക്ഷിതസന്നാഹങ്ങളുടെയും നിർമ്മാണഘടക വസ്തുക്കളിൽ രഹസ്യസ്വഭാവമുള്ള 80% ലധികവും ചൈനയിൽ നിന്നും വരുന്നതാണ്. മരുന്നുകളുടെ 90% ഘടകങ്ങളും മൊത്തമായി ഇവിടെ എത്തിക്കുന്നതും ചൈനാ തന്നെ. അപ്പോൾ ഭക്ഷ്യവസ്തുക്കളും, മരുന്നുകളും സുരക്ഷാഉപകാരണങ്ങളും, അമേരിക്കക്കാരന്റേതല്ല; ചൈനയെ അമിതമായി ആശ്രയിച്ചാണ് അമേരിക്ക പോലും നിലനിൽക്കുന്നതെന്ന ആ തിരിച്ചറിവ്, കോവിടിന്റെ ആക്രമണം നൽകുന്ന ചില തിരിച്ചറിവുകൾ, വ്യക്തികളും ഉൾക്കൊള്ളേണ്ടതാണെന്ന് സൂചിപ്പിക്കാൻ മാത്രമായി പറഞ്ഞെന്നു മാത്രം.

മറുവശത്തു “ലോകത്തിൽ എവിടെയും കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്” എന്ന് വാശിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പിച്ച പറഞ്ഞു കൊണ്ടിരിക്കുന്നു. വന്ദേ ഭാരത് മിഷനും സമുദ്രസേതുവുമൊക്കെ കേൾക്കാൻ സുഖമുള്ള ഇവാക്വേഷൻ പദ്ധതികൾ തന്നെ. അവയിലൂടെ  പ്രവാസികൾ സ്വന്തം കാശ് ചിലവാക്കിക്കൊണ്ടു,  ഇതാ ആശ്വാസ തീരങ്ങളിൽ പറന്നിറങ്ങിക്കൊണ്ടിരിക്കുന്നു
  
പക്ഷെ ഇവിടെ കൊണ്ടിറക്കിവിട്ടു കഴിഞ്ഞാൽ ഇനി ഒരു തിരിച്ചുപോക്കില്ലെന്നും ആരെയും ആശ്രയിക്കാതെ, മുന്നോട്ടു  ജീവിക്കാൻ എന്ത് മാർഗം എന്തായിരിക്കുമെന്ന് തിരിച്ചുവരുന്ന പ്രവാസികൾ ആലോചി ച്ചിരിക്കണം.

സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കുകയും ജനജീവിതത്തെ സ്തംഭിപ്പിക്കുകയും ചെയ്ത എല്ലാ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും ശമനം വന്നുകഴിയുമ്പോൾ സംജാതമാകുന്ന അനുകൂല സാഹചര്യത്തെ അഭിമുഖീകരിക്കാൻ ക്രിയാത്മകമായ മുന്നൊരുക്കം അനിവാര്യമാണ്. വിശിഷ്യാ തൊഴിൽ സംസ്കാരത്തിൽ ക്രിയാത്മകമായ മാറ്റം വരുത്തേണ്ടിയിരിക്കുന്നു.

കാരണം, തിരിച്ചുവരുന്ന പ്രവാസികൾ, വിദേശത്തേക്ക് പണ്ട് പോയ അന്നത്തെ സാഹചര്യങ്ങളിലേക്കു മനസ്സ്സിനെ തിരിച്ചുകൊണ്ടുവരണം. പക്ഷെ അന്നത്തെക്കാൾ സാങ്കേതികമികവും അനുഭവസമ്പത്തും കയ്യിലുള്ളതിനാൽ, എന്ത് ജോലിയും ചെയ്യാമെന്ന ആത്മവിശ്വാസം നൂറിരട്ടിയാക്കി സടകുടഞ്ഞെഴുനേൽക്കണം. ഇനി എന്ത് ചെയ്യണമെന്നത് മാത്രം, അവരവരുടെ യോഗ്യതയും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത്,   തീരുമാനിച്ചു മുന്നോട്ടുപോയാൽ  മതി. എന്തും ചെയ്യാൻ മനസ്സിനെ പാകപ്പെടുത്തിയാൽ സംഗതികൾ ഈസി.

•    ഒരുവിധം ജീവിക്കാനുള്ള സൗകര്യം ഉണ്ടെന്ന് തോന്നുന്നെങ്കിൽ, വീടിനു ചുറ്റും ഉള്ള സ്ഥലങ്ങളിൽ പച്ചക്കറികൾ നട്ടുവളർത്താൻ ശ്രമം തുടങ്ങിവെക്കുക. പണ്ടത്തെപ്പോലെ വേലക്കാരെക്കൊണ്ട് എല്ലാം  ചെയ്യിച്ചു മുതലാളി ചമഞ്ഞിരിക്കാൻ ആണെങ്കിൽ, അക്കളി നടക്കില്ല. നല്ല പണി ഉപകരണങ്ങളും വിത്തുകളും, ജലവിതരണ ഉപകരണങ്ങളും അവക്കെല്ലാം പുറമെ കൃഷി വകുപ്പിൽനിന്നും വേണ്ട ഉപദേശങ്ങളും ലഭ്യമാണ്. ആദ്യത്തെ വര്ഷം ചെറിയരീതിയിൽ ഒരു പച്ചക്കറിത്തോട്ടം വിഭാവനം ചെയ്യുക, ഇരുപതു മൂട് വാഴ, പത്തു മൂട് മുളകും, തക്കാളിയും, വെണ്ടയും, പയറും പാവലും  ചീരയുമൊക്കെ കൃഷി ചെയ്തു നോക്കുക. രാവിലെയും  വൈകിട്ടും അതൊക്കെ നനച്ചു ഫ്രഷ് പച്ചക്കറികൾ പറിച്ചു സ്വയം പര്യാപ്തതയിൽ എത്തുമ്പോൾ, അനുഭവിക്കുന്ന ആ സുഖമുണ്ടല്ലോ! അതിനോടൊപ്പം ഹരിത കേരളത്തിന്റെ മണവും പേറി വരുന്ന തെക്കന്കാറ്റ്‌ അടുത്തുനിൽക്കുന്ന പ്രിയതമയെ തഴുകി നമ്മെ തരളിതമാക്കുമ്പോൾ, ഇപ്പോഴെങ്കിലും സ്വന്തം നാട്ടിലെത്താൻ സാധിച്ചതിന് കോവിഡിനെ സ്തുതിച്ചുപോകും.

•    നാട്ടിൽ ആയിരുന്നപ്പോൾ ഒരു പണിയും ചെയ്യാഞ്ഞവർ “വാളയാർ സിൻഡ്രോം” മറന്ന്‌ അന്യ സ്റ്റേറ്റുകളിലും മറു രാജ്യങ്ങളിലും എത്തിപ്പെട്ടാൽ എന്ത് പണിയും ചെയ്യും. കൂലിപ്പണിയും ചെയ്യും, ടാക്‌സിയും ഓടിക്കും, വീടും പെയിന്റ് ചെയ്യും, വേണ്ടിവന്നാൽ അടുക്കളപ്പണിയും ചെയ്യുമായിരുന്നു. ഒരു മാനക്കേടുമില്ല അത് ആവശ്യമായിരുന്നു. തിരിച്ചുവരുന്ന പ്രവാസി അതേ മനസ്സോടെ എന്ത് പണിക്കും സന്നദ്ധനായാൽ, സുഖമായി ജീവിക്കാനുള്ള സൗകര്യങ്ങളും പണവും നേടാൻ കഴിയുമെന്ന് സംശയമേയില്ല.

•    തിരിച്ചുവന്ന പ്രവാസികൾക്ക് ഇനിയും ചിന്തിക്കാവുന്ന മഹത്തായ കൂട്ട് പദ്ധതിയാണ് സഹകരണ മേഖല. കൃഷി ആയാലും ബിസിനസ് ആയാലും ചെറുകിട വ്യവസ്സായം ആയാലും പരിഹാരം ചെയ്യാൻ ഏറ്റവും കൂടുതൽ സാധിക്കുക സഹകരണമേഖലയ്ക്ക് ആണ്. “ഐടി മേഖലയിലുള്ള ജോലി വിട്ടു വരുന്നവർ 30 പേർ ഒത്തൊരുമിച്ചാൽ ഐടി സഹകരണസംഘങ്ങൾ തുടങ്ങാൻ കഴിയും. അതുപോലെതന്നെ തിരിച്ചുവരുന്ന ഡ്രൈവർമാർ 30 പേർ കൂടിയാൽ അവർക്ക് യൂബർ പോലെയുള്ള ടാക്സി സർവീസ് നടത്താൻ കഴിയും. ഇത്തരത്തിൽ എൻജിനീയറിങ് രംഗത്തുള്ള ആളുകൾ ഓരോ ബ്രാഞ്ചുകൾ വെച്ച് 30 ആളുകൾ കൂടിയാൽ എൻജിനീയറിങ് ഗ്രൂപ്പുകൾ തുടങ്ങാൻ പറ്റും. കേരളത്തിൽ ഏറ്റവും കൂടുതൽ മെക്കാനിക്കൽ ഇൻഡസ്ട്രിക്ക്‌ സാധ്യതയുണ്ട്. ഇപ്പോൾ ബാംഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് സാധനങ്ങൾ എത്തിക്കുന്നത്. മാത്രമല്ല പി.ഡബ്ല്യു.ഡി, കെ.എസ്.ഇ.ബി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി സാധ്യത കൂടുതലാണ്. മറ്റു സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ ലേബർ കോൺട്രാക്ട് സൊസൈറ്റികൾ രൂപീകരിക്കുകയോ സിവിൽ എൻജിനീയറിങ് കൺസൾട്ടിംഗ് സർവീസ് ആരംഭിക്കുകയോ ചെയ്യാം. അങ്ങനെ തുടങ്ങുന്ന സഹകരണസംഘങ്ങൾക്ക് മാത്രമേ കേരളത്തിൽ തൊഴിൽ സാധ്യത ഉണ്ടാക്കി കൊടുക്കാൻ സാധിക്കൂ.”

•    പുതുതായി ഇനി കേരളത്തിലേക്ക് പുതിയ വ്യവസായികൾ കടന്നുവരുന്നതിനുള്ള സാധ്യതകൾ വളരെ കുറവ് ആയിരിക്കും. വന്നാൽ തന്നെ എന്താണ് സംഭവിക്കുക എന്നത് നമ്മൾ കണ്ടതാണ്. പക്ഷേ സഹകരണ മേഖലയിൽ ഒരു കൂട്ടത്തിന്റെ ആവശ്യം ആയതുകൊണ്ട് അവർ പറയുന്നതിന് വലിയ അംഗീകാരം കിട്ടും. സഹകരണ മേഖലയിൽ സൊസൈറ്റി തുടങ്ങാം എന്ന് മാത്രമല്ല സൊസൈറ്റികൾക്ക് എൻ സി ഡി സി പോലുള്ള കേന്ദ്ര സഹകരണ ഫിനാൻസ് സ്ഥാപനങ്ങളോ പൊതുമേഖല ബാങ്കുകൾ ഓ വായ്പ കൊടുക്കാൻ തയ്യാറാകണം. അങ്ങനെ കേരളത്തിൽ തൊഴിൽ സാധ്യത വർദ്ധിപ്പിക്കാൻ കഴിയും.

•    ഇതുവരെ ആയിരക്കണക്കിന്  അന്യസംസ്ഥാന തൊഴിലാളികൾ മാത്രമായി ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ഉണ്ടായിരുന്നല്ലോ.  അന്യസം സ്ഥാന അതിഥി തൊഴിലാളികൾ മിക്കവാറും തിരിച്ചു പോവുകയോ പോകാനുള്ള സമ്മർദ്ദത്തിലോ ആണ്. .അവരെല്ലാം പോയ്ക്കഴിയുമ്പോൾ ഇവിടെ പണിയെടുക്കാൻ ആളില്ലെന്ന് ഇനിയും കേൾക്കാൻ ഇടവരരുത്.  അതിഥിത്തൊഴിലാളികൾ വിട്ടിട്ടു പോയ ഈ ഒഴിവുകളിൽ പതിനായിരക്കണക്കിന് ജോലി സാധ്യതയാണുള്ളത്. പക്ഷേ ജോലിചെയ്യാൻ ആളുകൾ തയ്യാറാകണം. വിദേശങ്ങളിൽ നിന്ന് മാത്രമല്ല അന്യസംസ്ഥാനങ്ങളിൽനിന്ന് ജോലി ഇല്ലാതെ മടങ്ങുന്നവർക്കും ഈ സാധ്യതകൾ ഉപയോഗിക്കാം. മടങ്ങി വരുന്നവരെ പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ മുൻകൈയെടുക്കണം.

•    ഇപ്പോൾ. സർക്കാരായാലും സംഘടനകൾ ആയാലും അവരുടെ കുറേ സ്ഥാപിത താൽപ്പര്യങ്ങളും പ്രതിച്ഛായ മോടിയാക്കാനും,  വരുന്നവർക്ക് സ്വാഗതമോതി, അതു കഴിഞ്ഞ് അവരെ തിരിഞ്ഞു നോക്കാതെ വരുമ്പോഴാണ് അരാജകത്വം വരുന്നത്. ഇവർ വന്നുകഴിഞ്ഞാൽ എന്തെല്ലാമാണ് ചെയ്യുന്നത് എന്നത് സർക്കാർ നിരീക്ഷണ വിധേയമാക്കണം. നമ്മൾക്ക് വേണ്ട എല്ലാ സാധനങ്ങളും ഉല്പാദിപ്പിക്കാൻ നമുക്ക് കഴിയണം. “കൃഷി ചെയ്യണം എന്ന് പറഞ്ഞാൽ പോരാ കാലാവസ്ഥ മൂലം കൃഷിക്ക് ഉണ്ടാകുന്ന നഷ്ടം എങ്ങനെ നികത്തണം ആര് നികത്തും കൃഷിയുടെ ഉൽപ്പന്നങ്ങൾ ആര് മാർക്കറ്റ് ചെയ്യും ആര് വാങ്ങും ആര് പ്രോത്സാഹിപ്പിക്കും ഇതെല്ലാം സർക്കാർ പറയണം. കേരളത്തിൽ ടൂറിസം മേഖലയിൽ വലിയ സാധ്യതയുണ്ട്. ടൂറിസം സഹകരണ സംഘങ്ങൾ ഉണ്ടാക്കുകയും ഭംഗിയായി നടക്കുന്നുണ്ടോ എന്ന് മേൽനോട്ടം വഹിക്കുകയും വേണം”..

•    പൊതുമേഖലാ ബാങ്കുകൾ കേരളത്തിൽനിന്നും വാങ്ങിയിട്ടുള്ള ഡെപ്പോസിറ്റിൽ 80 ശതമാനം കേരളത്തിൽ തന്നെ വായ്പ കൊടുക്കാൻ സംസ്ഥാന സർക്കാർ ബാങ്കുകൾക്ക് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തണം. നമ്മുടെ ഡെപ്പോസിറ്റ് വാങ്ങുകയും അന്യസംസ്ഥാനത്ത് വിതരണം ചെയ്യുകയും ചെയ്യുന്ന രീതിയാണ് ഇപ്പോൾ എസ്.ബി.ഐ പോലുള്ള പൊതുമേഖലാ ബാങ്കുകൾ ചെയ്യുന്നത്. ഇതിന് പരിഹാരം കാണണം. ജനങ്ങളെ പരമാവധി സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കാൻ നിർബന്ധിക്കണം അർബൻ ബാങ്കുകൾക്ക് വ്യവസായ ലോൺ കൊടുക്കാൻ സംസ്ഥാന സർക്കാർ ആർ ബി ഐ യിൽ സമ്മർദ്ദം ചെലുത്താനെങ്കിലും ചർച്ചയവീരന്മാരും മന്ത്രിപുംഗവന്മാരും മുൻകൈയെടുക്കണം.

ഈ അവസ്സരത്തിൽ അർഹരായ പ്രവാസികളെ സഹായിക്കാൻ നോർക്ക എന്ന സംഘാടന മുന്നോട്ടു വന്നിരിക്കുന്നത് ഏറ്റവും സ്വാഗതാർഹം തന്നെ.
കുറഞ്ഞത് രണ്ട് വര്‍ഷം വരെ വിദേശത്ത് ജോലി ചെയ്ത ശേഷം സ്ഥിരമായി നാട്ടിലെത്തിയവര്‍ക്കാണ് 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കുവാൻ സാധ്യതയുള്ളത്.

സംയോജിത കൃഷി, ഭക്ഷ്യ സംസ്‌കരണം, ക്ഷീരോല്‍പ്പാദനം, മത്സ്യകൃഷി, ആട്, കോഴി വളര്‍ത്തല്‍, പുഷ്പ കൃഷി, പച്ചക്കറി കൃഷി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍, തേനീച്ച വളര്‍ത്തല്‍, ഹോംസ്‌റ്റേ, റിപ്പയര്‍ ഷോപ്പുകള്‍, ചെറുകിട വ്യാപാര സ്ഥാനപങ്ങള്‍, ടാക്‌സി സര്‍വ്വീസ്, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിങ്ങനെ വിവിധ സംരംഭങ്ങള്‍ തുടങ്ങാനാണ് വായ്പ അനുവദിക്കുക. 15 ബാങ്കുകളുടെ 5,000ലധികം ശാഖകള്‍ വഴിയാണ് വായ്പകള്‍ അനുവദിക്കുന്നത്.

https://norkaroots.org”  എന്ന വെബ്‌സൈറ്റിലൂടെ വായ്പയ്ക്ക് അപേക്ഷിക്കാം. പാസ്‌പോര്‍ട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. രണ്ടുവര്‍ഷം വിദേശവാസം തെളിയിക്കാനുള്ള പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും അപേക്ഷയ്‌ക്കൊപ്പം നല്‍കണം.” നല്ല രീതിയിൽ ആത്മാർത്ഥമായി എന്തെങ്കിലും സംരംഭം നടത്തി വിജയിപ്പിച്ചു്, ഇതുപോലെ വരാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാവാൻ ആത്മവിശ്വാസ്സമുള്ളവർ മാത്രം ഈ സാധ്യത ആരായാൻ ആഹ്വാനം ചെയ്യുന്നു.

കോവിഡാന.ന്തര കേരളത്തിന്റെ അതിജീവനത്തിനു പ്രതിസന്ധികളെ ആർജ്ജവത്തോടെ തരണം ചെയ്യുന്നതിനും. ആശയങ്ങളും ആത്മവിശ്വാസവുമേകി, കോവിഡ് കാലത്തെ അനിശ്ചിതത്വം മറികടക്കാൻ കാര്ഷികരംഗത്തും, ബിസിനസ് മേഖലയിലും കാലികമായ സാധ്യതകളും അവസ്സരങ്ങളും എത്രയും വേഗം വിനിയോഗിക്കാൻ നമ്മൾ തയ്യാറാവുകയാണ് വേണ്ടത്. .മനസ്സും സ്രോതസ്സുകളും വഴി തുറന്നുവരുമ്പോൾ, നാം ഈ പരീക്ഷണ കാലവും തരണം ചെയ്യും.
“ഹമേ ബച്ചനാ ഹേ ഔർ ആഗേ ബഡനാ ഹേ, യഹീ ഹമാരാ ജിമ്മേദാരി ഹേ. ഹം നഹീ ഹാരംഗേ, ന പീച്ചേ ഹടേംഗേ ” (നമുക്ക് രക്ഷ പെടണം, മുന്നോട്ട് പോകണം, ഇത് നമ്മുടെ ഉത്തരവാദിത്വമാണ് തോല്ക്കാനോ പിന്മാറാനോ നമ്മൾ തയ്യാറല്ല- മോഡിജി)
Join WhatsApp News
Thomas Kalladan 2020-05-13 12:52:04
ജോയി സാർ നല്ല ഒരു ആർട്ടിക്കിൾ ആണ്. വളെരെ കാര്യങ്ങൾ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.
Vipin 2020-05-13 15:26:43
Great article!!. Thank you for sharing
C.G. Daniel 2020-05-13 17:16:29
Dear Joys, Your proposals of how the expatriates can settle in Kerala and find self employment is really valuable. Thank for your free consultancy. The National Small Scale Industries Corporation (NSIC), a government of India undertaking can help to the new entrepreneurs by giving project reports, short term training, marketing strategies, opportunities to exhibit their products at national and international trade fairs etc. The HQ of the NSIC is at New Delhi but they have a branch at Kochi. When I started my small scale industry at Delhi, the NSIC helped me a lot. Through them I exhibited my products at national and international trade fairs. That helped me to generate more export orders. Also the small scale industry department in Kerala should introduce single door application processing that includes completing the project report, pollution control certificate, utility connections, bank loans etc. The most important thing is to ban all labor union activities for at least 10 years.
Binsu Rachel Thomas 2020-05-13 23:36:15
Good article and well explained.
Joshy 2020-05-14 11:05:10
*90% മരുന്നുകളും ചൈനയിൽ നിന്ന്, ഉള്ളി തൊട്ട് മീനും ഇറച്ചിയും ചൈനയിൽ നിന്ന്, എല്ലാ വസ്ത്രങ്ങളും തുണിത്തരങ്ങളും ചൈനയിൽ നിന്ന്, സ്റ്റേഷനറി സാധനങ്ങളും എല്ലാ വിധ ഗൃഹോപകരണങ്ങളും ചൈനയിൽ നിന്ന്, ഒരു വീട് ഉണ്ടാക്കാൻ ഉള്ള എല്ലാ സാധനങ്ങളും ചൈനയിൽ നിന്ന്, യുദ്ധോപകരണങ്ങളുടെ പാർട്സുകൾ ചൈനയിൽ നിന്ന്, എന്തിന് ഒരു കുഞ്ഞ്‌ ജനിക്കാൻ ആവശ്യമുള്ള സ്‌പേർമും ഓവവും വരെ ചൈനയോട് കടപ്പെട്ടിരിക്കുന്നു. ഇനി കുഞ്ഞു ജനിച്ചു കഴിഞ്ഞാലുള്ള കാര്യം പറയുകയും വേണ്ട. യുണൈറ്റഡ് സ്റ്റേറ്റ്സ്സ്‌ ഓഫ് അമേരിക്ക ( USA ) എങ്ങോട്ട് ? തങ്ങൾ അറിയാതെ ഓരോ അമേരിക്കക്കാരനും ആയുധമില്ലാതെ യുദ്ധമുന്നണിയിൽ നിസ്സഹായരായി നിൽക്കുന്നു. പല ക്ലിന്റന്മാരും മോണികമാരുടെ സുഖത്തിന് വേണ്ടി അമേരിക്കൻ ജനതയെ ആർക്കൊക്കെയോ വിറ്റിരിക്കുന്നു. അമേരിക്കയെ വിറ്റ അമേരിക്കൻ നേതാക്കൾ ആരൊക്കെ ? അവരെല്ലാം എന്ത് നേടി ? കോവിഡിന് മുന്നിൽ പകച്ചു നിന്ന അമേരിക്കൻ ജനത മാസ്കിന് വേണ്ടി ചൈനയുടെ കരുണയ്ക്കായി കാത്തിരുന്നു. ഇനിയും ചൈനയെ ആശ്രയിക്കാൻ കരുക്കൾ നീക്കുന്ന കപടതയുടെ മുഖം മൂടിയണിഞ്ഞ ഇത്തിൾക്കണ്ണികളെ ഹാ കഷ്ടം. ഭാരതത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച സ്വദേശി പ്രസ്ഥാനത്തെ അനുകരിച്ച് MADE IN AMERICA എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ പോലുള്ള വിശ്വസിക്കാൻ കൊള്ളുന്ന രാജ്യങ്ങളെ ആശ്രയിച്ച്‌ അമേരിക്ക കരുക്കൾ നീക്കുന്ന കാലത്തിനായി കാത്തിരിക്കാം*.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക