Image

കലയ്ക്കില്ല ലോക്ക്‌ ഡൗൺ (മീട്ടു റഹ്മത്ത് കലാം)

Published on 11 May, 2020
കലയ്ക്കില്ല ലോക്ക്‌ ഡൗൺ (മീട്ടു റഹ്മത്ത് കലാം)
സ്വയം അറിയാതെ മറ്റുള്ളവർക്ക് പ്രചോദനമായി തീരുന്നവരാണ് സെലിബ്രിറ്റികൾ. വിഷമഘട്ടങ്ങൾ അവരെങ്ങനെ തരണം ചെയ്യുന്നു എന്നത് സാധാരണക്കാർ ഉറ്റുനോക്കുന്നതും സ്വജീവിതത്തിൽ പകർത്താൻ വേണ്ടിയാണ്. അത്തരത്തിലൊരു പ്രചോദനത്തിന്റെ പേരിൽ ഒറ്റരാത്രികൊണ്ട്      "Buttons and Beads"   എന്ന പേരിൽ  യൂട്യൂബ് ചാനൽ തുടങ്ങിയ കഥയാണ് റൈസ സിജുവിന് പറയാനുള്ളത്... 

ഞാനൊരു കമ്പ്യൂട്ടർ എഞ്ചിനീയർ ആണ്. എറണാകുളത്ത് ജോലി ചെയ്തിരുന്നു. കല്യാണശേഷമാണ് സൗദിക്ക് പോകുന്നത്. ഇപ്പോൾ ഒൻപത് വർഷം കഴിഞ്ഞു. മകന്റെ വളർച്ചയുടെ ഓരോ ഘട്ടവും ആസ്വദിക്കണമെന്നതുകൊണ്ട് വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലി എന്ന നിലയിൽ ഫെയ്‌സ്ബുക്കിൽ "ബട്ടൺസ് ആൻഡ് ബീഡ്‌സ് " എന്നൊരു പേജ് തുടങ്ങിക്കൊണ്ടാണ് കലയെ ഒരു വരുമാനം ആക്കിമാറ്റാമെന്ന തിരിച്ചറിവ് ഉണ്ടാകുന്നത്. പാകിസ്ഥാനികൾ അടക്കം ഒരുപാടുപേർക്ക് കസ്റ്റമൈസ്ഡ് ആയുള്ള ആഭരണങ്ങൾ വിശേഷാവസരങ്ങളിൽ ചെയ്തുകൊടുത്തിരുന്നു. ആ സമയം മുതൽ പലരും അവ ഉണ്ടാക്കുന്നതിന്റെ  വീഡിയോ ചെയ്തുകൂടെ എന്നുചോദിച്ചിരുന്നു. പലവിധ തിരക്കുകൾകൊണ്ട് അതിന് ഗൗരവം കൊടുത്തില്ല. അവസാനം ഒരു ബോധോദയം ഉണ്ടാകാൻ കൊറോണ വേണ്ടിവന്നു.

ഭർത്താവിനും മകനുമൊപ്പം നാട്ടിലേക്ക് പോകാൻ ടിക്കറ്റു ബുക്ക് ചെയ്തത് മാർച്ച്‍ പതിനേഴിനാണ്. ലോക്ക് ഡൗൺ വരാൻ ഉള്ള സാധ്യത ഉണ്ടെന്നു സുഹൃത്തുക്കൾ പറഞ്ഞപ്പോൾ പതിനാലിനു തന്നെ പുറപ്പെട്ടു. കൊറോണയെ ഭയന്നുതുടങ്ങുന്ന സമയം ഒന്നും അല്ലാതിരുന്നതുകൊണ്ട്  മാസ്ക് വച്ച് വീട്ടിലേക്ക് സെൽഫി അയച്ചത് ജോളി മൂഡിലാണ്. നാട്ടിലെത്തിയാൽ  യാത്രചെയ്യാനുള്ള സ്ഥലങ്ങളുടെ ഒരു ബക്കറ്റ് ലിസ്റ്റും ഉണ്ടാക്കിയിരുന്നു. ഇവിടെ വന്നപ്പോൾ ഹോം ക്വാറന്റൈൻ ചെയ്യണമെന്ന നിർദ്ദേശം കിട്ടി. അതിനിടയിൽ ലോക്ക് ഡൗൺ പ്രഖ്യാപനവും വന്നു.പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടക്കാത്തതിന്റെ വിഷമം ഉണ്ടായിരുന്നു. ലോകംനേരിടുന്ന വെല്ലുവിളിക്കുമുൻപിൽ അത് നിസാരമാണെന്ന് അറിയാമെങ്കിലും സമയം തികയാതിരുന്ന ഒരാൾക്ക് സമയം തള്ളിനീക്കേണ്ടി വരുന്നതിന്റെ പ്രയാസം ഉണ്ടായിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ്  ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതുമുതൽ ഓരോ ദിവസവും ഓരോ ചിത്രങ്ങൾ വരച്ചുകൊണ്ട് മനസ്സിനെ വരച്ചവരയിൽ നിർത്തിയ നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീറിക്കയെക്കുറിച്ചുള്ള  വാർത്ത വായിക്കുന്നത്. ഷോകളുടെ ഭാഗമായി പല രാജ്യങ്ങളിൽ തിരക്കിട്ട് ഓടിനടന്ന വ്യക്തി എത്ര അനായാസമാണ് കലകൊണ്ട് മാനസിക പിരിമുറുക്കം മറികടന്നതെന്ന് ചിന്തിച്ചപ്പോൾ എനിക്കും ആത്മവിശ്വാസമായി. ഇൻഡോർ പ്ലാന്റുകൾ നടാൻ ഉമ്മ ശേഖരിച്ച കുപ്പികളിലാണ് കണ്ണുടക്കിയത്. ഒരു ദിവസം ഒരു കുപ്പി എന്ന രീതിയിൽ ബോട്ടിൽ ആർട്ട് ചെയ്തുതുടങ്ങിയപ്പോൾ മനസിന് വല്ലാത്ത കുളിർമ തോന്നി. ഞാൻ ചെയ്യുന്നതുകണ്ട്  ഉമ്മയും ബോട്ടിലിൽ വരച്ചുതുടങ്ങി. "കലാപരമായി അങ്ങനെ കഴിവില്ലാത്ത എനിക്ക് നീ ചെയ്യുന്നതുകാണുമ്പോൾ ഇത് പോലെ വരയ്ക്കാൻ പറ്റുന്നുണ്ടല്ലോ. ഇത് വീഡിയോ ചെയ്‌താൽ വെറുതെ സമയംപോക്കുന്നവർക്ക് അത് സഹായം ആയിരിക്കുമല്ലോ" എന്നും ഉമ്മ പറഞ്ഞപ്പോൾ ആ വഴിക്ക് ചിന്തിച്ചു. BREAK THE CHAIN എന്നും SOCIAL DISTANCING  എന്നും കേൾക്കുമ്പോൾ അവിടെ രൂപപ്പെടുന്ന ഒരുതരം ഒറ്റപ്പെടലുണ്ട്. അത് ഭീകരമാണ്. കൊറോണക്കാലത്ത് ഹൃദയാഘാതം മൂലമുള്ള മരണങ്ങളും ആത്മഹത്യയും  വിഷാദരോഗവും   നിരാശയും   കൂടുന്നതും ശാരീരിക അകലത്തോടൊപ്പം മാനസിക അകലവും കൂടുന്നതുകൊണ്ടാണ്. സോഷ്യൽ പ്ലാറ്റ്ഫോമുകളിലൂടെ പരസ്പരം കഴിവുകൾ പങ്കിടുന്നത് മാനസിക ഐക്യം ഉണ്ടാക്കിയെടുക്കാൻ ഉപകരിക്കുമെന്നാണ് എന്റെ വിശ്വാസം. പുറത്തേക്കു പോകാതെ എങ്ങനെ സന്തോഷത്തോടെ ഇരിക്കാം എന്നാണ് നമ്മൾ കണ്ടെത്തേണ്ടത്. ഓടിക്കളിച്ചു നടക്കേണ്ട പ്രായത്തിൽ കുട്ടികൾക്ക് മുഷിച്ചിൽ തോന്നാത്ത രീതിയിൽ ഇരുത്തുന്നതിന്  അവരുടെ അഭിരുചികൾ അനുസരിച്ചും എളുപ്പത്തിൽ ചെയ്യാവുന്നതുമായ വീഡിയോകൾക്കും പരിഗണന കൊടുക്കും.  മറ്റുള്ളവർ    ചെയ്തിരിക്കുന്ന വീഡിയോകൾ എല്ലാം തന്നെ കലാഭിരുചി ഉള്ളവരെ മാത്രം കേന്ദ്രീകരിച്ചാണ്. ആഗ്രഹവും സമയമുള്ള  ആർക്കും എളുപ്പം പഠിച്ചെടുക്കാവുന്നതും ഉൾപ്പെടുത്തിയുള്ള ചാനലാണ് എന്റെ പ്ലാൻ. ദൈർഘ്യം കുറച്ചുകൊണ്ട് വളരെ വേഗം കാര്യങ്ങൾ വ്യക്തമാക്കുന്ന രീതിയിലാണ് അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്.

എന്റെ വീഡിയോ കണ്ട ശേഷം അതിനെ അനുകരിച്ചുകൊണ്ടോ അതിന്റെ പ്രേരണയിലോ മറ്റൊരാൾ അങ്ങനൊന്നു ചെയ്ത് കമന്റ് ആയി പോസ്റ്റ് ചെയ്‌താൽ ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്. അതാണെന്റെ ആഗ്രഹവും. ഈവിഷമഘട്ടത്തെ അതിജീവിക്കാൻ കലയെ കൂട്ടുപിടിക്കൂ എന്നൊരു സന്ദേശമാണ്  ചാനലിലൂടെ നൽകാൻ ഉദ്ദേശിക്കുന്നത്.

Please subscribe : Buttons and Beads
https://youtu.be/5ubTk-PI3mo
കലയ്ക്കില്ല ലോക്ക്‌ ഡൗൺ (മീട്ടു റഹ്മത്ത് കലാം)കലയ്ക്കില്ല ലോക്ക്‌ ഡൗൺ (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക