Image

ഈ രാജ്യം എങ്ങനെയാണ് കോവിഡിനെ അതിജീവിച്ചത് (ഷിബു ഗോപാലകൃഷ്ണൻ)

Published on 11 May, 2020
ഈ രാജ്യം എങ്ങനെയാണ് കോവിഡിനെ അതിജീവിച്ചത് (ഷിബു ഗോപാലകൃഷ്ണൻ)
പഞ്ചസാര തിന്നരുതെന്നു ഉപദേശിക്കുന്നതിനു മുൻപായി ആ ശീലം ഉപേക്ഷിക്കാൻ ശ്രമിച്ച ഗാന്ധിജിയുടെ കഥയുണ്ട്. മാസ്ക് ധരിക്കാതെയും മാസ്ക് കഴുത്തിൽ കല്ലുമാല പോലെ അണിഞ്ഞും, അല്ലെങ്കിൽ മാസ്‌കെന്ന മട്ടിൽ മറ്റെന്തോ ചുറ്റിയും നമ്മുടെ ഭരണാധികാരികൾ മാസ്കിന്റെ ആവശ്യത്തെ കുറിച്ചു വാചാലപ്പെടുന്നതു കാണുമ്പോൾ ഗാന്ധിജിയെ ഓർമ്മവരും.

മാസ്ക് ന്യൂ നോർമലാണ്, ഇതുവരെ ചെയ്തുകൊണ്ടിരുന്നതെല്ലാം ഇനി മാസ്ക് വച്ചുകൊണ്ടു ചെയ്യൂ എന്നാണ് ആപ്തവാക്യം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാത്രമല്ല നിത്യജീവിതത്തിന്റെ ഓരോ അണുവിലും മാസ്കിനെ കൂടെകൂട്ടൂ എന്നതാണ് നവസാധാരണത്വം. സംസാരിക്കുമ്പോൾ അതു താഴേക്ക് പിടിച്ചു താഴ്ത്താൻ തോന്നും, അത്തരമൊരു അസൗകര്യത്തെ പോലും മറികടക്കാനും മാസ്ക് അനുശീലിക്കാനുമാണ് കാലം ആവശ്യപ്പെടുന്നത്.

അതിനുള്ള മാസ്കുമാതൃകകളും ധരിച്ചുകൊണ്ടാകണം ഭരണാധികാരികൾ പോലും ജനങ്ങളോടും ചാനൽ മൈക്കുകളോടും മിണ്ടാൻ. ആരാധ്യരായ നേതാക്കന്മാർ അതു ചെയ്തു മാതൃകയാകുമ്പോൾ മാസ്ക് ഒരു സർവ്വസാധാരണത്വമായി ജനങ്ങൾ ഏറ്റെടുക്കും. ജീവിതത്തിന്റെ സ്വാഭാവികമായൊരു ആവരണമായതു അംഗീകരിക്കപ്പെടും.

വൈറസ് ബാധ ഉള്ളവർ മാത്രം മാസ്കിട്ടാൽ മതി എന്നായിരുന്നു ആദ്യത്തെ ആഹ്വാനം. പിന്നീടാണ് ഏതുതരത്തിലുള്ള മാസ്കും ഈ സമയത്തു നല്ലതാണെന്നും ഒന്നും ധരിക്കാതെ പുറത്തിറങ്ങുന്നതിനേക്കാൾ സുരക്ഷിതമാണ് അതെന്നുമുള്ള ബോധ്യത്തിലേക്കും ലോകം മാറുന്നത്. എന്നാൽ അതിനു മുൻപ് തന്നെ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മാസ്കിനെ പ്രധാന ആയുധമാക്കിയ ഒരു രാജ്യമുണ്ട്, സ്ലോവാക്യ.

പൊതുജനാരോഗ്യ സൂചികയിലൊന്നും വലിയ സ്ഥാനം അവകാശപ്പെടാനില്ലാത്ത ഈ രാജ്യം എങ്ങനെയാണ് കോവിഡിനെ അതിജീവിച്ചതെന്നത് ഒരു അത്ഭുതമാണ്. മൂന്നു കാര്യങ്ങളാണ് അവർ ചെയ്തത്, ആദ്യത്തെ കേസ് കണ്ടെത്തി പത്തുദിവസത്തിനുള്ളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു, വിദേശത്തു നിന്നുവന്ന എല്ലാവർക്കും ക്വാറന്റൈൻ നിർബന്ധമാക്കി, മാസ്ക് ജനങ്ങൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി, കാരണം ലോക്ക്ഡൗണിലും വ്യക്തിഗത സഞ്ചാരങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല.

കോവിഡിന് മുൻപ് രാജ്യത്തു പാർലമെന്റ് ഇലക്ഷൻ നടന്നു, കോവിഡിനിടയിൽ പുതിയ കൂട്ടുകക്ഷി സർക്കാർ നിലവിൽ വന്നു. അതിനുമുൻപായി നിയുക്ത പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും പങ്കെടുത്ത ചാനൽ ഷോയിൽ മാസ്കുവച്ച അവതാരക അവരെ മാസ്ക് വച്ചുകൊണ്ടു പങ്കെടുക്കാൻ ആഹ്വാനം ചെയ്തു. അവർ പരിപാടിയിലുടനീളം മാസ്ക് വച്ചു സംസാരിച്ചു. മാസ്ക് രാജ്യത്തിൻറെ പുതിയ നോർമലായി മാറി. അടുത്തദിവസം മാസ്ക് ധരിച്ചുകൊണ്ട് സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു, ചാനൽ അവതാരകർ മുഴുവൻ മാസ്ക്ധാരികളും മാസ്ക്ധാരിണികളും ആയി, ജനങ്ങൾ മാസ്ക് ഏറ്റെടുത്തു. ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തു രണ്ടുമാസം പിന്നിടുമ്പോൾ അവിടെ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 1455 ഉം, മരണസംഖ്യ 26 ഉം ആണ്.

photo: മാസ്കും കൈയുറകളും ധരിച്ചുകൊണ്ട് അധികാരമേറ്റെടുത്ത പുതിയ ദേശീയ സർക്കാർ പ്രസിഡന്റിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നു.
ഈ രാജ്യം എങ്ങനെയാണ് കോവിഡിനെ അതിജീവിച്ചത് (ഷിബു ഗോപാലകൃഷ്ണൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക