Image

ക്രിസ്തീയ ഭക്തിഗാനത്തിന്റെ കുലപതി (സണ്ണി മാമ്പിള്ളി)

സണ്ണി മാമ്പിള്ളി Published on 11 May, 2020
ക്രിസ്തീയ ഭക്തിഗാനത്തിന്റെ കുലപതി (സണ്ണി മാമ്പിള്ളി)
ക്രൈസ്തവ സംഗീത നഭസ്സില്‍ അനശ്വരങ്ങളായ അനേകം ഗാനസ്ഥാവ്‌നികള്‍ വാരിവിതറിയെ കെ.കെ.ആന്റണി മാസ്റ്റര്‍ നമ്മില്‍ നിന്നും വേര്‍പിരിഞ്ഞിട്ട് 33 വര്‍ഷങ്ങളായി. കാലത്തിന്റെ തിരകള്‍ക്ക് മായ്ക്കാനാവാത്ത വിധം സംഗീതാസ്വാദകരില്‍ ആ നാമം തിളങ്ങിനില്‍ക്കുന്നു.

1965 മുതല്‍ 1970 വരെയുള്ള കാലയളവില്‍ കത്തോലിക്ക സഭയുടെ ആരാധനാക്രമം സമഗ്രമായൊരു മാറ്റത്തിന് വിധേയമായി. 2-ാം വത്തിക്കാന്‍ സുനഹദോസിന്റെ നിര്‍ദേശമനുസരിച്ച് ഓരോ പ്രാദേശിക സഭകളും അതാതു ഭാഷകളില്‍ വിശുദ്ധ കുര്‍ബ്ബാനയും മറ്റ് ആരാധനാക്രമങ്ങളും പരിവര്‍ത്തനം ചെയ്യപ്പെട്ടു. കാര്‍ഡിനല്‍ പാറേക്കാട്ടില്‍ തിരുമേനിയുടെ നിര്‍ദ്ദേശാനുസരണം, സുറിയാനി ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് ഫാ.ആബേല്‍ സി.എം.ഐ. പരിവര്‍ത്തനം ചെയ്യുകയും അതിലെ, ഗാനങ്ങള്‍ക്ക് കെ.കെ.ആന്റണി മാസ്റ്റര്‍ സംഗീതം ചെയ്യുകയും ചെയ്തു.
മറ്റാരും കൈകാര്യം ചെയ്യാത്ത അപൂര്‍വ്വരാഗങ്ങളെടുത്ത്, അവയുടെ ചാരുത മുഴുവനും ശ്രോതാക്കളിലേക്ക് പകര്‍ത്താനുള്ള അനിതര സാധാരണമായ കഴിവ് ആന്റണി മാസ്റ്ററിനുണ്ടായിരുന്നു. 15-ാം മേളകര്‍ത്തരാഗമായ മായാമാളവഗൗള രാഗത്തിന്റെ കാകളിനിഷാദം മാറ്റി കൈശികി നിഷാദമായി പാടിയാല്‍ അത് വകളാഭരണ രാഗമായി. 'പരിശുദ്ധാത്മാവേ, നീയെഴുന്നെള്ളി വരണമേ, എന്‍ ഹൃദയത്തില്‍' എന്നു തുടങ്ങുന്ന ഗാനം ഈ രാഗത്തില്‍ തിട്ടപ്പെടുത്തിയതാണ്.

ആന്റണി മാസ്റ്ററുടെ സംഗീതപ്രതിഭ ക്രിസ്തീയ സംഗീതശാഖയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. ശ്രീലങ്കയില്‍ റേഡിയോ ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിരുന്ന സമയത്ത് തമിഴ് കവിയത്രിയായ സിനിതത്തിന്റെ കീര്‍ത്തന സമാഹാരത്തിന് സംഗീതം നല്‍കി. കനകാംഗി, രത്‌നാംഗി, ഗാനമൂര്‍ത്തി തുടങ്ങി അപൂര്‍വ്വങ്ങളായ രാഗങ്ങളില്‍ ചിട്ടപ്പെടുത്തിയ ഈ കൃതികള്‍ തമിഴ് സംഗീതത്തിന് മികച്ച മുതല്‍ കൂട്ടായി മാറി. ഈ കീര്‍ത്തനസമാഹാരം പ്രൊഫഷ്‌നലായി റിക്കോര്‍ഡ് ചെയ്ത് ഭാവി തലമുറയ്ക്ക കൈമാറണമെന്ന്, അതിയായ ആഗ്രഹം ആന്റണി മാസ്റ്ററിനുള്ളതായി, ഈ ലേഖകനോട് പലതവണ സൂചിപ്പിച്ചിരുന്നു. യേശുദാസിനുമാത്രമല്ല, ഈ അപൂര്‍വ്വരാഗങ്ങള്‍ ആലപിക്കാന്‍ കഴിയുമെന്ന്, ആന്റണിമാസ്റ്റര്‍ വിശ്വസിച്ചിരുന്നു. സഫലീകരിക്കാന്‍ പോകാതെ പോയ ഒരു സ്വപ്‌നയാത്ര അതിന്നും തുടരുന്നു.

കേരള കത്തോലിക്കസഭയുടെ സംഗീതശാഖയ്ക്ക് ചരിത്രപ്രസിദ്ധമായ ഒട്ടേറെ സംഭാവനകള്‍ നല്‍കിയ ആന്റണി മാസ്റ്റിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലയെന്നുള്ളത് ഒരു ദുഃഖസത്യമെന്നേയുള്ളൂ. എങ്കില്‍ കൂടി 1982 ലെ ചാവറ അവാര്‍ഡിന് അദ്ദേഹം അര്‍ഹനായത് തെല്ലൈാരാശ്വാസം ഏകുന്നു.
മറവിയുടെ മാറാപ്പിനുളളില്‍ നിന്നും, ഓര്‍മ്മകളുടെ വിശ്വവിഹായസ്സില്‍ എന്നും തെളിഞ്ഞുനില്‍ക്കും ആ ധന്യനാമം....

ക്രിസ്തീയ ഭക്തിഗാനത്തിന്റെ കുലപതി (സണ്ണി മാമ്പിള്ളി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക