Image

ദേശീയ നേഴ്‌സസ് അംഗീകാരവാരം (ലേഖനം: തെക്കേമുറി)

Published on 10 May, 2020
ദേശീയ നേഴ്‌സസ് അംഗീകാരവാരം (ലേഖനം:  തെക്കേമുറി)
ഫ്‌ളോറന്‍സ് നേറ്റിംഗേല്‍ ഇന്നും ജീവിക്കുന്നു. സേവനത്തിന്റെ പര്യായമായ വെള്ളവസ്ത്രവും ധരിച്ച് കൈയില്‍ കത്തുന്ന മെഴുകുതിരിയുമായി അനേക ലക്ഷങ്ങളുടെ ഭാവനാ മനസില്‍. ആതുരശുശ്രൂഷാരംഗത്ത് ജ്വലിച്ചു നില്‍ക്കുന്ന ഒരു ദീപശിഖയായ അവരുടെ ജന്മദിനം മെയ്മാസം 12ന് ആയിരുന്നു. സേവനത്തിന്റെയും ത്യാഗത്തിന്റെയും സാഹോദര്യബോധത്തിന്റെയും കൈത്തിരിയുമേന്തി ലക്‌ഷോപലക്ഷങ്ങള്‍ അവരെ പിന്തുടരുന്നു. വൈകിയാണെങ്കിലും സമൂഹത്തിന്റെ അംഗീകാരം ഈ തൊഴിലിനു ലഭിച്ചിരിക്കുന്നു. അങ്ങനെയാണ് മെയ് 6മുതല്‍ 12വരെ നേഴ്‌സസ് വാരാചരണം അരങ്ങേറിയത്. ഈ തൊഴിലില്‍ വ്യാപൃതരായിക്കുന്നവരില്‍ പലരും ഇതറിഞ്ഞിരിക്കാന്‍ സാദ്ധ്യതയില്ല.
 
എന്നുമെന്നും കുറ്റങ്ങളും കുറവുകളും മാത്രം ഉള്‍ക്കൊള്ളുന്ന വാക്ശരങ്ങള്‍കൊണ്ട് മുറിവ് സൃഷ്ടിച്ചിട്ടുള്ളതും, പരിഹാസത്തിന്റെ മുനയില്‍ തളെച്ചിട്ടതുമായൊരു പ്രൊഫഷനായിരുന്നു നേഴ്‌സിംഗ്. ഇന്നോ? അമേരിക്കന്‍ മലയാളിസമൂഹത്തെ മുന്നില്‍ കണ്ടുകൊണ്ട്  ഒരു ആത്മപരിശോധനയ്ക്ക് മുതിരുകയാണ്. വിമര്‍ശനത്തിന്റെ ക്രൂരമ്പുകള്‍ ഒളിഞ്ഞും ചരിഞ്ഞും എയ്യുന്ന ലേഖനങ്ങള്‍, കവിതകള്‍, കഥകള്‍, നോവലുകള്‍ ഈ അമേരിക്കന്‍ മലയാളിലോകത്ത് ഈ പ്രൊഫഷനെ നിന്ദയുടെയും പുച്ഛത്തിന്റെയും കണ്ണുകളോട് വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വേണ്ടവിധമൊരു പ്രതികരണം മാന്യനേഴ്‌സുമാരില്‍ നിന്നും ഉണ്ടായിട്ടില്ല. വായനക്കുള്ള സമയക്കുറവും എഴുതിഫലിപ്പിക്കാനുള്ള സാഹിത്യബോധക്കുറവുമായിരിക്കാം.
 
 ‘ഭാരതസ്ത്രീയുടെ ഭാവശുദ്ധി’യെന്നൊരു പവിത്രത സങ്കല്പലോകത്തില്‍ നിന്നും വീണുകിട്ടിയത് കാത്തുസൂക്ഷിക്കുന്ന പുരുഷമേധാവിത്വം നിലനില്‍ക്കുന്ന ഭാരതകേരള സംസ്കാരത്തിലെ കപടതയുടെ ആദ്ധ്യാത്മികതയില്‍ നിന്നും മുളെച്ച്  വളര്‍ന്ന് പന്തലിച്ചിരിക്കുന്ന മൂഢതയുടെ ബോധവുമായി ഇന്നും ജീവിക്കുന്നവര്‍ നിരവധിയാണ്.

മതാന്ധതയില്‍ തളെച്ചിട്ട ലൈംഗീകബോധമോ, അതോ ലൈംഗീകബോധത്തില്‍ ഉടലെടുത്ത മതാന്ധതയോ?. നിര്‍വചിക്കുക വളരെ പ്രയാസം. സ്ത്രീയുടെ ചാരിത്രശുദ്ധിയെപ്പറ്റി മുതലക്കണ്ണീര്‍ പൊഴിക്കുന്ന സംസ്കാരം.
 
ആരാണ് നേഴ്‌സ്? എന്താണ് ഈ തൊഴിലിന്റെ മാന്യത? ആത്മീയത്തിന്റെ. അമരത്തിരുന്നുകൊണ്ട് ‘അമര്‍ത്തിക്കുലുക്കിയുള്ള പ്രതിഫലം നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ നിന്ന് ലഭിക്കുമെന്ന്’ പ്രലോഭിപ്പിച്ച്  നേഴ്‌സിന്റെ അദ്ധ്വാനഫലത്തിന്റെ വിഹിതം കൈപ്പറ്റി കേരളത്തില്‍ ദൈവരാജ്യം പണിയുന്നവരും, സേവനത്തിന്റെ പാതയില്‍ കാരുണ്യം വിതറുന്നവരും  കേരളത്തിലെ സ്‌റ്റേജില്‍  കയറുമ്പോള്‍ അമേരിക്കന്‍ മലയാളിയെപ്പറ്റി പരദൂഷണം പ്രസംഗിക്കയാണ്. ആ പ്രസംഗത്തിലും നേഴ്‌സ് ഒരു നീചകഥാപാത്രമാണ്.
 
കുതിര ശക്തിയുള്ള മൃഗമാണ്. പക്‌ഷേ അതിനെ നയിക്കുന്നവന് ലക്ഷ്യബോധമില്ലെങ്കില്‍ പിന്നെ കുതിരയുടെ ശക്തി കൊണ്ടെന്തു ഫലം? കുതിരയെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം?
 
ആരാണ് നേഴ്‌സ്? ‘സത്കര്‍മ്മനാരീ കുലധര്‍മ്മ പത്‌നി’യെക്കുറിച്ച് ആറ് വിശേഷണങ്ങള്‍ ‘നീതിസാര’ത്തില്‍ കാണുന്നു.  ഇതു ആര്‍ജ്ജിച്ചവളാണ് നല്ല സ്ത്രീ അഥവാ ശ്രേഷ്ഠകുടുംബിനി.  ഇത് വിദ്യയിലൂടെ ആര്‍ജ്ജിക്കാമെന്ന അര്‍ത്ഥത്തിലല്ല നീതിസാരത്തില്‍ കാണുന്നത്. എന്നാല്‍ ഇതെല്ലാം ആര്‍ജ്ജിക്കാനുള്ള വിദ്യയാണ് നേഴ്‌സിംഗ്. മനുഷ്യനെന്ന പ്രതിഭാസത്തെ വ്യക്തമായി അറിയുന്ന തൊഴില്‍.

കാര്യേഷു മന്ത്രി: പ്രവര്‍ത്തരംഗത്ത് വീഴ്ചകള്‍ വരാതെ ഉത്തരവാദിത്വത്തോട് ചെയ്യേണ്ട ഉദ്യോഗം. കുടുംബത്തിനുള്ളിലും ഇതേ റോള്‍ നിലനിര്‍ത്താന്‍ കഴിവുള്ളവര്‍.
കരണേഷുദാസി: പ്രവര്‍ത്തികള്‍ ദാസിയേപ്പോലെ. ഒരു രോഗിയോടുള്ള സമീപനം, ശാന്തത, സമയനിഷ്ഠ   .

സ്‌നേഹേഷുമാതാ: മാതാവിന്റെ സ്‌നേഹം. രോഗശയ്യയില്‍ കിടക്കുന്നവര്‍ക്ക്, വേദനയില്‍ പുളെയുന്നവര്‍ക്ക് മാതാവിനെ ഓര്‍മ്മിക്കുമ്പോള്‍ അരികത്തുള്ളത് നേഴ്‌സല്ലേ!
ക്ഷമയാ ധരിത്രി: ഭൂമിയോളം ക്ഷമിക്കുക. പരിസരത്തിന്റെ പരിഹാസങ്ങളിലും, പരാതികളുടെ കുത്തുവാക്കുകളിലും പുഞ്ചിരിയോട് സമീപിക്കാന്‍ ഇവര്‍ക്കല്ലാതെ ആര്‍ക്കാണു കഴിയുക?
രൂപേഷു ലക്ഷ്മി: ശാരീരിക സൗന്ദര്യബോധം, ദേഹശുദ്ധി, രോഗനിവാരണമാര്‍ഗങ്ങളെപ്പറ്റിയുള്ള അറിവ്, ശുചിത്വത്തിന്റെ ആവശ്യം, വസ്ത്രധാരണത്തിലുള്ള സൗന്ദര്യബോധം എന്നിങ്ങനെ  .
ശയനേഷു വേശ്യ: മനുഷ്യ ശരീരശാസ്ത്രത്തിന്റെ അറിവുകള്‍ ഉള്‍ക്കൊണ്ടവര്‍. ലൈംഗീകപരമായ അജ്ഞതയോ, അല്പാറിവുകളോ അല്ല.
 
ഈ യാഥാര്‍ത്ഥ്യം മനസിലാക്കാതെ  ഒരു കാലത്ത് നേഴ്‌സിനെ മങ്ങിയ കണ്ണുകളോട് കണ്ടവര്‍ വിദേശരാജ്യങ്ങളിലെ വിവേകചിന്താഗതിയില്‍ നേഴ്‌സ് അംഗീകരിക്കപ്പെടുകയും ധനാഗമനത്തിന്റെ പ്രൊഫഷനായി മാറുന്നതും കണ്ടപ്പോള്‍ ഇന്ന് നേഴ്‌സിംഗിനു പുതിയ നിര്‍വചനം എഴുതിത്തുടങ്ങിയിരിക്കുന്നു. നേഴ്‌സ് കൊയ്ത വിദേശപ്പണം കൊണ്ട് ഉപജീവനം മുതല്‍ പ്രൗഢഭാവം വരെ നിലനിര്‍ത്തുന്ന സമൂഹമാണ് ഇന്നുള്ളത്.  എന്നിട്ടും മാന്യരായി നിന്ന്, മൗന്യതയോട് നേഴ്‌സിനെ സ്‌നേഹിക്കാതെ, അംഗീകരിക്കാതെ അവളുടെ പണത്തെ മാത്രം സ്‌നേഹിക്കുന്ന അനേകര്‍ ഉണ്ട്.
 
ഈ ലോകത്ത് അനേകവിധ തൊഴിലുകള്‍ ഉണ്ടല്ലോ. എന്നാല്‍ നേഴ്‌സിംഗിനോട് ഉപമിക്കാന്‍ നേഴ്‌സിംഗ് മാത്രം. യൗവനാരംഭത്തിലേ അണിയുന്ന യൂണിഫോം. ഒരായുസ് മുഴുവന്‍ അതിനുള്ളില്‍. ഈ ലോകത്തെ സമസ്തജനങ്ങളുടെയും ശുശ്രൂഷകര്‍. ഒരു അദ്ധ്യാപകന് കുട്ടികളെ പഠിപ്പിച്ചാല്‍ മതി. വക്കീലിന് കുറ്റവാളികളെ കൈകാര്യം ചെയ്താല്‍ മതി.. എന്നാല്‍ നേഴ്‌സിനോ? പ്രായഭേദമെന്യേ, ലിംഗഭേദമെന്യേ, വര്‍ണ്ണവര്‍ഗജാതിയില്ലാതെ കുബേരകുചേല പണ്ഡിതപാമരഭേദമെന്യേ അവര്‍ ശുശ്രൂഷിക്കുന്നു.  ഇവിടെയാണ് ഈ പ്രൊഫഷന്റെ മഹത്വം ദര്‍ശിക്കേണ്ടത്.  അംഗീകരിക്കപ്പെടേണ്ടത്. ഇവരുടെ അനുഭവസമ്പത്ത് കുടുംബജീവിതത്തില്‍ പ്രയോജനപ്പെടുത്തുവാനുള്ള മാനസിക വളര്‍ച്ചയാണ് സമൂഹത്തിന് ഉണ്ടാകേണ്ടത്.
 
നേഴ്‌സിംഗ് ഒരു ഉപജീവനമാര്‍ക്ഷം  മാത്രമല്ല. പ്രത്യുത ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധമെന്ന ആത്ദ്ധ്യാത്മികതയിലെ സേവനത്തിന്റെ പാതയും, മനുഷ്യനും മനുഷ്യനും തമ്മിലുള്ള സാഹോദര്യത്തിന്റെ പ്രത്യക്ഷഭാവവുമാണ്. മാന്യ  നേഴ്‌സുമാര്‍ക്ക് അക്ഷരസീമകള്‍ക്കപ്പുറം തുളുമ്പി നില്‍ക്കുന്ന അനുമോദനങ്ങള്‍, അഭിനന്ദനങ്ങള്‍, അഭിവാദനങ്ങള്‍, ആശംസകള്‍.!




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക