Image

കുറുക്കന്റെ പത്രപ്രവർത്തനം (വാൽക്കണ്ണാടി - കോരസൺ)

Published on 10 May, 2020
കുറുക്കന്റെ പത്രപ്രവർത്തനം (വാൽക്കണ്ണാടി - കോരസൺ)
അമേരിക്കൻ തലസ്ഥാനമായ വാഷിങ്ങ്ടണിലാണ് സംഭവം. രാവിലെ വീട്ടുമുറ്റത്തു വന്നുവീഴുന്ന പത്രക്കെട്ടുകൾ ഒരു കുറുക്കൻ ദിവസവും അടിച്ചുമാറ്റുന്നു എന്ന് ശ്രദ്ധയിൽ പെട്ടതായി വൈറ്റ്ഹവുസിലെ വാഷിംഗ്‌ടൺ പോസ്റ്റ് ദിനപത്രത്തിന്റെ സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്യുന്ന ജെഫ്‌റി സ്റ്റെയിൻ. പത്രവും കടിച്ചുപിടിച്ചോടുന്ന കുറുക്കന്റെ ചിത്രം ജെഫ്‌റി ട്വീറ്റ് ചെയ്തു.

കുറുക്കന്റെ പത്രപ്രവർത്തനം ഏറ്റെടുത്ത മാധ്യമങ്ങൾ, രാഷ്ട്രീയ നിരീക്ഷകർ, ചാനൽ ചർച്ചകൾ  ഒക്കെ കുറുക്കന്റെ അഭിപ്രായത്തിനായി ഓടിക്കൂടി എന്ന് തോന്നുന്നു. എന്താണ് ഈ കുറുക്കൻറെ ഉദ്ദേശം? കൊറോണ കഠിനമായി ബാധിച്ച അമേരിക്കയിലെ മരണനിരക്ക് കുത്തനെ ഉയരുന്നു എന്ന ഒരു ചാർട്ട്, ഏതോ ഉല്‍പതിഷ്‌ണുക്കളായ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ടോ? എന്തുകൊണ്ട് അമേരിക്കൻ സർക്കാരുകൾ മഹാ വിപത്തിനെ കുറച്ചുകണ്ടു? വുഹാനിൽ നിന്നും പൊട്ടിപടർന്ന വൈറസിനു ചൈന മാത്രമാണോ ഉത്തരവാദി? അമേരിക്കൻ സർക്കാർ അതിന്റെ ഇടപാടുകൾ തുറന്നു പറയണം എന്നൊക്കെ തുടങ്ങി വിവിധ ചോദ്യശരങ്ങളുമായി ഓടിക്കൂടിയ പത്രപ്രവർത്തകർകണ്ടത്, തന്റെ കുറുക്കക്കൂട്ടിനു ചുറ്റും നിർത്തിവച്ചിരുന്ന തുറക്കാത്ത പത്രക്കെട്ടുകളുടെ ശേഖരം ആയിരുന്നു.

അതോ ഇനിം കുറുക്കൻറെ വേഷം ധരിച്ചുവന്ന തീവ്രവലതുപക്ഷ മാധ്യമങ്ങൾ ആണോ ഇതിനു പിന്നിൽ? എന്തായാലും നിരവധി ബലിതബിന്ദുക്കൾ ചേർന്ന കമ്മെന്റ് കോളങ്ങൾ അടിപൊളിയായി. ഒരു പക്ഷെ ഇപ്പോഴത്തെ ചില മാധ്യമങ്ങളുടെ റിപ്പോർട്ടിങ് കണ്ടാൽ ഏതു കുറുക്കനും എന്തെങ്കിലും ഒക്കെ ചെയ്യാൻ തോന്നും. അതൊക്കെ പിന്നെ കുറുക്കക്കൂട്ടിലല്ലാതെ എവിടെകൊണ്ടു വയ്ക്കും?. 

എന്തായാലും ട്വീറ്റിനു ഗംഭീരപ്രതികരണമാണ് ലഭിച്ചത്. സമർഥനായ കുറുക്കൻ ന്യായമായ, നേരായ വാർത്തക്കുള്ള ഓട്ടത്തിലാണ്,  ഫോക്സ് ന്യൂസിൽ ശരിയായ വാർത്തകൾ കിട്ടില്ലായിരിക്കാം, ആ കുറുക്കന് ശമ്പളം കൊടുക്കുന്നത് പ്രസിഡന്റ് ട്രമ്പായിരിക്കാം, ഇനി അഭിപ്രായ കോളത്തോടുള്ള എതിർപ്പാണോ എന്നറിയില്ല,   ആത്മാഭിമാനം ഉള്ള ഒരു കുറുക്കനും അടങ്ങിയിരിക്കില്ല,  ഒരു പക്ഷേ അവനു സംരക്ഷിക്കുന്ന കോഴിക്കൂടുകൾ നിലനിർത്താൻ കൂടുതൽ വിവരങ്ങൾ ശേഖരിക്കയാകാം എന്ന് തുടങ്ങി രസകരമായ അടിക്കുറിപ്പുകളാണ് പ്രത്യക്ഷപ്പെട്ടത്.

അമേരിക്കയുടെ പ്രാന്തപ്രദേശങ്ങളിൽ കുറുക്കനും മാനുകളും മുയലുകളും സജീവ സാന്നിധ്യമാണ്. ചിലപ്പോൾ കരടികളും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ കുറുക്കൻ പത്രപ്പൊതി സ്ഥിരമായി അടിച്ചുമാറ്റുന്നതാണ് കൗതുകം. വിവിധ വീടുകൾക്കു മുന്നിൽനിന്നും പത്രപ്പൊതികൾ കുറുക്കൻ അടിച്ചുമാറ്റി കൊണ്ടുപോകുന്നത് ശ്രദ്ധിച്ച ഒരാളാണ് ഈ ചിത്രം പകർത്തിയത്. ഒരു വീടിനു പിന്നിൽ കുറുക്കൻ കുടുംബം താമസിക്കുന്നുണ്ട് അവന്റെ കൂട്ടിനു ചുറ്റും കുറെയേറെ പത്രക്കെട്ടുകൾ കാണാനായി എന്ന് അയാൾ കുറിച്ചിട്ടുണ്ട്.

പ്രസിഡന്റ് ട്രംപിനെ പിന്താങ്ങുന്ന തീവ്രവലതുപക്ഷ മാധ്യമമായ ഫോക്സ് ന്യൂസിനെ ആക്ഷേപിക്കാൻ പറ്റിയ സന്ദർഭം എല്ലാ ഇടതുപക്ഷ മാധ്യമങ്ങളും ആഘോഷമാക്കി. വാഷിംഗ്‌ടൺ പോസ്റ്റും ന്യൂയോർക്ക് ടൈംസും ആരും വായിക്കാറില്ല എന്നും, അതൊക്കെ അടുത്തുതന്നെ  അടച്ചുപൂട്ടും എന്നുമൊക്കെ പ്രസിഡന്റ് ട്രംപ് ഇടക്ക് മടിയില്ലാതെ പറയുന്നുമുണ്ട്. വ്യവസ്ഥാപിതമായ മാധ്യമങ്ങൾ എല്ലാം വ്യാജവാർത്തകളാണ് പ്രചരിപ്പിക്കുന്നത് എന്ന് ട്രംപ് നിരന്തരം പഴിചാരാറുണ്ട്. തീവ്രവലതുപക്ഷ പത്രമായ ഫോക്സ്ന്യൂസ് ട്രംപിന്റെ നിലപാടിനെ ശക്തമായി പിന്താങ്ങുകയും ചെയ്യുന്നു എന്നുള്ളതാണ് ഈ വാർത്തക്ക് പിന്നിലെ രസകരമായ സത്യം.

ഏതായാലും കുറുക്കന്റെ നേരിട്ടുള്ള ഇടപെടലോടെ അമേരിക്കയിലെ മാധ്യമങ്ങളുടെ റിപ്പോർട്ടിങ് സംസ്കാരം  വീണ്ടും ശ്രദ്ധപിടിച്ചുപറ്റുകയാണ്.


കുറുക്കന്റെ പത്രപ്രവർത്തനം (വാൽക്കണ്ണാടി - കോരസൺ)കുറുക്കന്റെ പത്രപ്രവർത്തനം (വാൽക്കണ്ണാടി - കോരസൺ)കുറുക്കന്റെ പത്രപ്രവർത്തനം (വാൽക്കണ്ണാടി - കോരസൺ)
Join WhatsApp News
Sibi David 2020-05-11 17:04:16
ഒരു പക്ഷെ ട്രംപിനെതിരായ വാർത്തകൾ പ്രസിദ്ദികരിക്കുന്ന പത്രങ്ങൾ മുക്കാനായി ട്രംപ് കുറുക്കനെ സെറ്റ് അപ്പ് ചെയ്തതാവാം. തങ്ങൾക്കെതിരായ വാർത്തകൾ പബ്ലിഷ് ചെയ്താൽ പത്രക്കെട്ടുകൾ വാരി കൊണ്ടുപോയി കത്തിച്ചുകളയുന്ന രീതി നമ്മുടെ കേരളത്തിലുമുണ്ടായിരുന്നു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക