Image

പോകുക നീയെൻ മാനസ സോദരി (ഫ്രാന്‍സിസ് തടത്തില്‍)

Published on 10 May, 2020
പോകുക നീയെൻ മാനസ സോദരി (ഫ്രാന്‍സിസ് തടത്തില്‍)
ഇനിയൊരു യാത്രാമൊഴി നൽകുവാൻ എൻ
അന്തരംഗം കൊതിച്ചീടുകിലുമെങ്കിലും
കഴിയുകയില്ലെൻ സോദരി നിൻ സവിതേ
അണയുവാൻ
എങ്കിലുമെൻ ആത്‌മാവ്‌ കേഴുന്നു
പുഞ്ചിരി തൂകും നിൻ മുഖം കാണുവാൻ
ആശിപ്പതതുകൊണ്ടു കാര്യമില്ലെങ്കിലും നിൻ
മുഖമെന്നുമെൻ മാനതാരിലുണ്ടാകും
യേശുവിൻ മണവാട്ടിയായ് സമർപ്പിച്ച നിൻ പുണ്യ ജീവിത
കർമ്മങ്ങൾ ഓർക്കുമെന്നെന്നും നിൻ പ്രിയ സോദരങ്ങൾ.
പോകുക നീയെൻ പ്രീയ മാനസ സോദരി
സ്നേഹമതിരുകൾ ഇല്ലാത്ത ലോകത്ത്
ധന്യമാം നിൻ ഇഹലോകശ്രേഷ്ട്ടജീവിത്തിനു
ഉത്തമ സമ്മാനല്ലോ നീ പുൽകിയ നിത്യജീവൻ
.സ്വർഗം തുറന്നിരിക്കുന്നു നിനക്കായ് നിൻ നാഥൻ ‌
പോകുക നീയെൻ മാനസ സോദരി




നീ മായാത്ത ഒരു പുഞ്ചിരിയാണ്.......
മനസിൽ ഒരു വലിയ ശൂന്യത സൃഷ്ട്ടിച്ചുകൊണ്ടു അങ്ങനെ ആ വിരഹ വാർത്തയും കേൾക്കേണ്ടി വന്നു! ഞാൻ ഏറ്റവും സ്നേഹിച്ചിരുന്ന എന്നെ അത്രമേൽ സ്നേഹിച്ചിരുന്ന ഞങ്ങൾ അനീസ് ചാച്ചി എന്നു സ്നേഹപുരസ്‌കം വിളിച്ചിരുന്ന സിസ്റ്റർ സ്റ്റെല്ല തോമസ് തടത്തിൽ (71) കർത്താവിന്റെ സന്നിധിയിൽ നിത്യജീവിതത്തിലേക്ക് യാത്രയായി.

ഹോളി ക്രോസ്സ് സിസ്റ്റേഴ്സിന്റെ വടക്കേ ഇന്ത്യയിലും പിന്നീട് കേരള കർണാടക, തമിഴ്‌നാട്, എന്ന് വേണ്ട ഒട്ടുമിക്ക കോൺവെന്റുകളിലും നീണ്ട 51 വർഷത്തെ സേവനവും ജീവിതവും കൊണ്ട് ധന്യമാക്കിയ എനെറെ പിതൃ സഹോദര പുത്രിയുടെ അവസാനയാത്ര മഹാരാഷ്ടരയിലെ കല്യാണിലുള്ള കോൺവെന്റിൽ വച്ചായിരുന്നു.

ജീവിതം മുഴുവൻ തന്റെ സഭയുടെ വളർച്ചക്കായി സമര്പ്പിച്ച സിസ്റ്റർ സ്റ്റെല്ല തോമസ് എന്ന സന്യസ്ഥയെ ഹോളിക്രോസ് സഭ എന്നും സ്‌മരിക്കുക സഭയുടെ വളർച്ചയ്ക്ക് നൽകിയ സേവനങ്ങളെ ഓർത്ത് ആയിരിക്കും. എന്നാൽ ഞങ്ങൾസഹോദരങ്ങൾ ഒരുക്കുക നസീമമായ സ്നേഹം തുളുമ്പുന്ന ആ പുഞ്ചിരിയിൽ മാത്രമായിരിക്കും. ദൈവസന്നിധിയിലേക്കു യാത്രയാകുമ്പോൽ പോലും ആ മുഖത്തു നിന്നും പുഞ്ചിരിയുടെ വെട്ടം അണയുവാൻ സാധ്യതയില്ല. പുഞ്ചിരിക്കുന്ന ആ മുഖം എന്നും നമ്മുടെ മനസിൽ തുടരട്ടെ.

കന്യാസ്ത്രിയാകാൻ വടക്കേ ഇന്ത്യയിലേക്ക് പോയതുമുതൽ ഒരു പ്രവാസജീവിതമായിരുന്നുവല്ലോ ആനീസ് ചാച്ചി നയിച്ചിരുന്നത്. രണ്ടോ മൂന്നോ വർഷങ്ങൾ കൂടുമ്പോൾ വെറും രണ്ടോ മൂന്നോ ആഴ്ച്ചകളുടെ അവധിക്കായി നാട്ടിൽ വന്നിരുന്ന ചേച്ചി എപ്പോൾ വന്നാലും കോഴിക്കോട്ടേക്കൊരു സന്ദർശനം ഉറപ്പാണ്.
വെല്ലിപ്പാപ്പന്റെ ( എന്റെ പിതാവ്) ഏറ്റുവും പ്രിയപ്പെട്ട മരുമക്കളിൽ ഒരാളായിരുന്ന എപ്പോഴും ചിരിക്കുന്ന മുഖമുള്ള ഞങ്ങൾ ആങ്ങളമാരുടെ സ്വന്തം അനീസ് ചാച്ചി.ആ മുഖത്തു വിരിയുന്ന പുഞ്ചിരിയിൽ നിഷ്‌കളങ്കതയുടെ ഒരു വശ്യതതന്നെയാണ് ഉള്ളത്.

ആ പുഞ്ചിരി ഒരു നോക്ക് കൂടി കാണാനുള്ള ഭാഗ്യം നിഷേധിക്കപ്പെട്ടവനാണ് ഞാൻ.
ജീവിതനഷ്ട്ടങ്ങളുടെ കണക്കുപുസ്തകത്തിൽ ആ പുഞ്ചിരിക്കുന്ന മുഖം കൂടി ചേർത്തുവയ്ക്കുന്നു.ആ നിഷ്ക്കളങ്കമായ സ്നേഹത്തിനു പകരം വയ്ക്കാൻ ആനീസ് ചേച്ചി സമ്മാനിച്ച ഒരു പിടി ഓർമ്മകൾ മാത്രം മതിയാകും എന്റെ ഓർമ്മപുസ്തകത്തിൽ സൂക്ഷിക്കാൻ.

നല്ല കാലം, ദുരിതകാലം, കഷ്ട്ടകാലം എന്നിങ്ങനെ വർത്തമാന ജീവിതത്തിൽ പല മുഖങ്ങളുണ്ട്. അക്കൂട്ടത്തിൽ പുതുതായി വന്ന ചേർന്ന കാലമാണല്ലോ കോവിഡ് കാലം. എന്നും മരണങ്ങളുടെ മരണമണി മുഴങ്ങുന്ന ഈ കാലത്ത് ഞാൻ ജീവിക്കുന്ന ഈ ദേശത്ത് ആരുടെ ഫോൺ കോൾ എപ്പോൾ വന്നാലും ഒരു ഉൾ ഭയത്തോടെയാണ് എടുക്കുന്നത്. ഇന്നലെവരെ സംസാരിച്ചവർ, ജീവിതത്തിൽ ഒപ്പം സഞ്ചരിച്ചവർ, നമ്മൾ ഏറെ സ്നേഹിച്ചിരുന്ന ചില വ്യക്തിത്വങ്ങൾ എല്ലാം അപ്രതീക്ഷിതമായി ഒരു യാത്ര പോലും പറയാതെ പൊയ്ക്കളഞ്ഞ വാർത്തകളാണ് ഈ കോവിഡ് കാലത്ത് എനിക്കുണ്ടായിട്ടുള്ളത്.
വെള്ളിയാഴ്ച്ച അർധ രാത്രിയിൽ (ഇവിടെ) ലീന ചേച്ചി(എന്റെ മൂത്ത ചേച്ചി)യുടെ ഫോൺ കോൾ വന്നപ്പോൾ ഞാൻ ഉറക്കക്ഷീണം കാരണം എടുത്തില്ല. ഇവിടെയാണല്ലോ വിശേഷങ്ങളുടെ പെരുമഴ പെയ്യുന്നത്.ഞങ്ങളുടെ വിശേഷങ്ങൾ അറിയാൻ എല്ലാ ദിവസവും മുറതെറ്റാതെ വിളിക്കുന്നതാണ്. കാര്യമാക്കിയില്ല. ശനിയാഴ്ച്ച രാവിലെ എഴുന്നേറ്റ് വാട്സ് അപ്പ് സന്ദേശങ്ങൾ നോക്കിയപ്പ്പോഴാണ് അനീസ് ചാച്ചിക്കു തീരെ സുഖമില്ല പ്രാര്ഥിക്കണമെന്ന സന്ദേശം കണ്ടത്. ഒമ്പതുമണിയായപ്പോൾ ലീന ചേച്ചി വിളിച്ചു അനീസ് ചാച്ചിയുടെ കാര്യം അറിഞ്ഞല്ലോ എന്ന് ചോദിച്ചു. അറിഞ്ഞു ഇപ്പോൾ എങ്ങനെയുണ്ട് എന്ന് തിരിച്ചു ചോദിച്ചപ്പോൾ "മരിച്ചു". അപ്രതീക്ഷിതമായി ആ മരണവർത്തകേട്ടപ്പോൾ കണ്ണിൽ ഇരുട്ട് കയറി.

അനീസ് ചാച്ചിയുടെ മുഴുക്കെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു മനസിൽ മുഴുവനും. ഉള്ളിൽ നീറുന്ന കുറ്റബോധവും. നീണ്ട ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ഡിസംബറിൽ ഞാൻ നാട്ടിൽ പോയപ്പോൾ എന്റെ വരവ് കൂടി കണക്കിലെടുത്ത് വയ്യാത്ത അനീസ് ചേച്ചിയും നാട്ടിൽ വന്നിരുന്നു.കല്യാണിൽ നിന്നുള്ള യാത്ര മധ്യേ കോഴിക്കോട്ടിറങ്ങി എന്നെ കാണുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ എവിടെയോ ഉണ്ടായ ആശയക്കുഴപ്പം അനീസ് ചാച്ചി നാട്ടിലെത്തിയ ദിവസം ഞാൻ തിരിച്ചു പോകാനായി ബംഗളൂർക്ക്‌ വണ്ടി കയറി.

എന്നെ എന്തായാലും കാണണമെന്ന് നാട്ടിലേക്കു വരുന്നതിനു മൂന്ന് മാസം മുൻപ് ഞാൻ വിളിച്ചപ്പോൾ പറഞ്ഞതാണ്. ഒരു പക്ഷെ എന്നെക്കാണാനുള്ള അഭിനിവേശം കൂടിയായിരിക്കും യാത്രപോലും ചെയ്യാൻ പറ്റാത്ത സാഹചര്യത്തിലായിരിന്നിട്ടുകൂടി ചാച്ചി നാട്ടിൽ വന്നത്. ഒരു ബന്ധുവിന്റെ പുത്തൻ കുര്ബാനകൂടിയുണ്ടായിരുന്നതിനാൽ എല്ലാവരെയും മുഖതാവിൽ കാണാൻ കഴിഞ്ഞു.

അഞ്ചു മാസം മുൻപ് എന്നെ ഒഴികെ എല്ലാവരെയും കണ്ട് യാത്രയായത് നിത്യതയിലേക്കുള്ള യാത്രപറയാനയിരുന്നുവെന്നു ഞാനറിഞ്ഞില്ല.എന്റെ ദേഹം അനുവധിക്കുമായിരുന്നെങ്കിൽ ആ പുഞ്ചിരിക്കുന്ന മുഖം ഒരിക്കൽ കൂടി കാണുവാൻ എതു സാഹചര്യങ്ങളെയും തരണം ചെയ്‌ത്‌ ഞാനെത്തുമായിരുന്നു.

എന്നോട് ഒരു പ്രത്യേക അടുപ്പം ഇപ്പോഴും കാട്ടിയിരുന്നെവോ എന്ന് ഞാൻ പലപ്പോഴും ഓർത്തിട്ടുണ്ട്. ഞങ്ങൾ കസിൻസ് ആണെങ്കിലും മറ്റൊരു കാര്യത്തിൽ ഒരേ കുടുംബത്തിൽ പ്പെട്ടവരാണ്. ഞാനും അനീസ് ചാച്ചിയും, ചാച്ചിയുടെ അനുജത്തി ഗ്രേയ്‌സി ചാച്ചി ( സിസ്റ്റർ ഗ്രേസി തോമസ് തടത്തിൽ ), പിന്നെ മാനുവൽ (മാനു- കുഞ്ഞിപ്പാപ്പന്റെ മകൻ) എല്ലാവരും ഒരു കുടുബത്തിലെ കസിൻമാരാണ്.- കാൻസർ കുടുംബത്തിലെ വേറെ ജനുസുകളാണെങ്കിലും തുല്യ വേദന പങ്കിടുന്നവരാണല്ലോ ഞങ്ങൾ.

ലിവർ സിറോസിന്റെ കഠിന വേദനയിലും ആ മുഖത്ത് എങ്ങനെ പുഞ്ചിരി വിരിയുന്നുവെന്ന് പലപ്പോഴും ഒത്തുപോകാറുണ്ട്. ആനീസ് ചേച്ചിക്ക് അസുഖമാണെന്നറിഞ്ഞപ്പോൾ പലപ്പോഴും വിളിക്കാറുണ്ടായിരുന്നു. ഗ്രേസി ചേച്ചി വഴിയാണ് പലപ്പോഴും വിവരങ്ങൾ അറിഞ്ഞിരുന്നത്. എപ്പോൾ വിളിച്ചാലും എന്റെ കാര്യങ്ങൾ മാത്രം അറിഞ്ഞാൽ മതി. വിഷമിക്കരുത്, ഞാൻ എന്നും നിനക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. തുടങ്ങിയ ആശ്വാസവാക്കുകൾ.

ചാച്ചിക്കെങ്ങനെയുണ്ട് എന്ന് ചോദിച്ചാൽ കുഴപ്പമില്ലെടാ എന്ന് പറഞ്ഞൊരു ചിരിയും. ആ ചിരി വേദന അമർത്തിപിടിച്ചുള്ളതാണെന്ന് എന്നെനിക്കറിയാമായിരുന്നു.

എനിക്ക് ആനീസ് ചാച്ചിയുമായി മറ്റൊരു സ്നേഹ ബന്ധമുണ്ട്.50 വർഷം മുൻപ് ഞാൻ ജനിച്ച വർഷമാണ് ചാച്ചി മഠത്തിൽ ചേരുന്നത്. എന്റെ വീട്ടിലും പിതൃ സഹോദരങ്ങളുടെ വീട്ടിലും ചാച്ചന്റെ രണ്ടു സഹോദരിമാർ( ഒരാൾ മരിച്ചു), ഉൾപ്പെടെ 11 സഹോദരിമാർ സന്യാസം സ്വീകരിച്ചിട്ടുണ്ട്. ഇവരിൽ എന്തോ ഒരു പ്രത്യേക അടുപ്പം എനിക്ക് ആനീസ് ചാച്ചിയോടും ഗ്രേസി ചാച്ചിയോടും ഉണ്ട്.

എന്റെ ബാല്യകാലം മുതൽ സമപ്രായക്കാരോടെന്നപോലുള്ള ഒരു തരം പ്രത്യേക അടുപ്പം സൃഷ്ട്ടിക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്. കന്യാസ്ത്രീകളിൽ നിന്ന് ചെറുപ്പം മുതൽ ഉപദേശം മാത്രമേ കേൾക്കാറുള്ളു. എന്നാൽ ഈ രണ്ടു പേര് വ്യത്യസ്‌ത മുഖങ്ങളായിരുന്നു. " എടാ നിന്നോട് ഇച്ചിരി വർത്തമാനം പറയാനാ ഞാൻ വന്നേ"- സിസ്റ്റർമാരോടുള്ള ബഹുമാനത്താൽ അൽപ്പം അകന്നുനിൽക്കുമ്പോൾ ഇത്ര അടുപ്പത്തോടെ സംസാരിക്കുന്ന മറ്റാരുമുണ്ടായിരുന്നില്ല.

ഞങ്ങളുടെ ഈ തലമുറയിൽ നിന്ന് ദൈവസന്നിധിയിലേക്കു യാത്രയായ ആദ്യത്തെയാണ് ആനീസ് ചേച്ചിയെന്നു പറയാം. രണ്ടു സഹോദരൻമാർ പ്രായപൂർത്തിയാകും മുൻപ് മരിച്ചിരുന്നു. മുൻ തലമുറയിൽ ജീവിച്ചിരിക്കുന്ന മൂന്നുപേരിൽ ഏറ്റവും പ്രായം  കൂടിയത് എന്റെ അമ്മച്ചിയായിരുന്നു. രണ്ടുമാസം മുൻപ് അമ്മച്ചിക്ക് വയ്യായക വന്നപ്പോൾ ഏതാണ്ട് ഒരു മണിക്കൂർ ഫോണിൽ സംസാരിച്ചിരുന്നതായി എന്റെ സഹോദരൻ റോമി പറഞ്ഞു അറിഞ്ഞു. കഴിഞ്ഞ മാസവും വീണ്ടും വിളിച്ചിരുന്നതേ.

കോവിഡ് -19 ന്റെ നിയന്ത്രണം മൂലം സംസ്ക്കാരച്ചടങ്ങിൽ മറ്റാർക്കും പങ്കെടുക്കാൻ കഴിയില്ല. ഏറ്റവും ഇളയ സഹോദരൻ സോണിയും കുടുംബവും മാത്രമായിരിക്കും അത്യയാത്രാമൊഴി നൽകാനുണ്ടാകുക. എങ്കിലുംഇങ്ങു ദൂരെ ഞങ്ങളെല്ലാവരും ഉണ്ടാകും ചാച്ചിയെ യാത്രയാക്കാൻ.

തടത്തിൽ കുടുംബാംഗങ്ങങ്ങൾക്കു വേണ്ടി എന്നും ദൈവസന്നിധിയിൽ പ്രാർത്ഥന അർപ്പിച്ചിരുന്ന പ്രീയപ്പെട്ട ആനീസ് ചാച്ചി ഇനി മുതൽ സ്വര്ഗത്തുനിന്നും കർതൃസന്നിധി നേരീട്ട് പ്രാർത്ഥിക്കുമെന്നുറപ്പാണ്.

കോൺവെന്റുകൾ സ്ഥാപിക്കുക എന്ന ചുമതലയായിരുന്നു ചാച്ചിയ്ക്കു എപ്പോഴും ഉണ്ടായിരുന്നത്. ഒരു കോൺവെന്റ് നിർമ്മിച്ച് കഴിഞ്ഞു അതിന്റെ പ്രവർത്തനം ആരംഭിച്ചാൽ അടുത്ത സ്ഥലത്തേക്ക് മാറ്റമാകും. അങ്ങനെ ആ ജീവിത യാത്ര ഹോളിക്രോസ് കോൺവെന്റിനു ആസ്ഥാനങ്ങൾ നിർമ്മിക്കുക എന്ന ദൗത്യവുമായി മുഴുകുമ്പോഴാണ് കേരളം കർണാടക എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. കേരളത്തിലെ ആദ്യത്തെ മഠം ആയ തൃക്കാക്കരയിൽ മഠം സ്ഥാപിക്കാൻ നേതൃത്വം നൽകിയതും ചാച്ചിയാണ്. പിന്നീടങ്ങോട്ട് കേരളത്തിലും കര്ണാടകയിലുമായി നിരവധി കോൺവെന്റുകൾ.

ഒടുവിൽ ആദ്യ കർമ്മമണ്ഡലമായ കല്യാണിൽ എത്തിയപ്പോഴും വെറുതെയിരിക്കാൻ മനസ് അനുവദിക്കുവകയില്ലായിരുന്നു.
അങ്ങനെ സ്വന്തം കർമ്മമണ്ഡലത്തിൽ ഒരു നല്ല മാരത്തൺ ഓട്ടം പൂർത്തിയാക്കി യാത്രയായിരിക്കുകയാണ് എന്റെ പ്രിയപ്പെട്ട ചാച്ചി.

ഇനിയൊരിക്കലും കാണാൻ കഴിയുകയില്ലെന്നു ഉറപ്പാണെങ്കിലും മനസിന്റെ ഉള്ളിൽ ചില ഓർമ്മകളിൽ ഇടയ്ക്കെങ്കിലും കടന്നു വരാതിരിക്കില്ല ഞങ്ങളുടെ പ്രിയപ്പെട്ട ഈ സഹോദരി.
പ്രാത്ഥനാമഞ്ജരികൾ അർപ്പിച്ചുകൊണ്ട് ചാച്ചിയുടെ
പ്രിയപ്പെട്ട ഉണ്ണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക