Image

മരിക്കാത്ത ഞങ്ങളെ ഇങ്ങനെ കൊല്ലരുതേ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 10 May, 2020
മരിക്കാത്ത ഞങ്ങളെ ഇങ്ങനെ കൊല്ലരുതേ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
കഴിഞ്ഞ രണ്ട് മാസമായി നാം കേള്‍ക്കുന്നതും കാണുന്നതുമെല്ലാം മരണമായിരുന്നു. മരണമെന്ന് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ ഭയം. കഴിഞ്ഞ മാസം വരെ നമ്മോടു സംസാരിച്ചു കൊണ്ടിരുന്ന പല ആളുകളും ഇന്ന്  ല്ല. കൂടെ പഠിച്ചവര്‍, കൂടെ ജോലി ചെയ്യുന്നവര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍,  സമൂഹത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്ന സഹപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി ആളുകള്‍ മരണത്തിന് കിഴടങ്ങി. ഏകദേശം അറുപതില്‍ പരം അമേരിക്കന്‍ മലയാളികള്‍ വൈറസ് കാരണം മരണപ്പെടുകയും ചെയ്തു.

കേരളത്തിലെ മീഡിയ അമേരിക്കന്‍ മലയാളികളുടെ മരണം ഒരു ആഘോഷമാക്കി. അമേരിക്കന്‍ മലയാളികള്‍ എല്ലാം മരിക്കാന്‍ പോവുകയാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരെ പുറത്തുവന്നു. ഇവരെല്ലാം ഇന്ത്യയില്‍ ജീവിച്ചിരുന്നെങ്കിൽ   ഇന്ന് ജീവനോടെ  ഉണ്ടായേനെ, കൂടുതല്‍ സുഖസൗകാര്യങ്ങള്‍ നോക്കി പോയതു കൊണ്ടാണ് അമേരിക്കന്‍ മലയാളികള്‍ക്ക് ഈ ഗതി വന്നത് എന്നുവരെ പല മീഡിയക്കാരും പറയാതെ പറഞ്ഞു.

ന്യൂ യോര്‍ക്ക് ആയിരുന്നു വൈറസിന്റെ താണ്ഡവ സ്ഥാനം എന്നത് കൊണ്ട് ന്യൂയോര്‍ക്കിനു കൂടുതല്‍ മീഡിയാ പ്രാധാന്യം ലഭിച്ചു.

ഇതു കേട്ട് കേരളത്തിലെ നമ്മുടെ ഓരോ സഹോദരങ്ങളും വിചാരിച്ചത് ന്യൂ യോര്‍ക്കില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളും മരിച്ചു കൊണ്ടിരിക്കുകയാണ്എന്നാണ്. പേടിച്ചു വിരണ്ട അവര്‍ രാത്രിയിലും പകലുമായി നമ്മളെ ഓരോരുത്തരെ വിളിച്ചു സ്‌നേഹാന്വേഷണം നടത്തി. പലരുടെയും ചോദ്യം കേട്ട നമ്മളില്‍ പലരും ഞെട്ടി. മറ്റു പലരും മരിക്കാതെ മരിക്കുകയായിരുന്നു.

ചില ആളുകള്‍ക്ക്ഒരു പ്രത്യക സ്വഭാവം ഉണ്ട്, മറ്റുള്ളവരുടെ കാര്യങ്ങളില്‍ തലയിടുക, അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ തിരക്കുക അതിനു അഭിപ്രായം പറയുക, അത് മറ്റുള്ളവരോടെ പറയുക എന്നിങ്ങനെ. അത് ചിലരുടെ സ്വഭാവമാണ്. നടക്കാത്ത കാര്യങ്ങള്‍ വരെ നടന്നു എന്ന് പറഞ്ഞു പരത്തും. എന്നിട്ടതില്‍ സന്തോഷം കൊള്ളും. അങ്ങനെയുള്ളവരും നമ്മളെ വിളിക്കുകയുണ്ടായി. പലരുടെയും ചോദ്യം പല രൂപത്തില്‍ ആയിരുന്നു.

എന്റെ സുഹൃത്തിന്റെ ഒരു ബന്ധു വിളിച്ചു തിരക്കിയത് ഇങ്ങനെയാണ്. ഞങ്ങള്‍ പത്രത്തിലെ ചരമ കോളത്തില്‍ ഒക്കെ നോക്കി പിക്ചര്‍ ഒന്നും കണ്ടില്ല, അതുകൊണ്ടു വിളിച്ചതാണ്. അതിന് ശേഷം കുറെ കുശ്വലന്വേഷണം കഴിഞ്ഞു ഫോണ്‍ വെക്കുബോള്‍ പിന്നെയും ഒരു കമന്റ് കൂടി. ഞങ്ങള്‍ ഇനി എന്നും ചരമകോളം നോക്കി കൊള്ളാം. എന്തെങ്കിലും സംഭവിച്ചാല്‍ അവിടെ നിന്നു അറിയാമല്ലോ.

ഇതില്‍ കൂടുതല്‍ എന്താണ് നാം കേള്‍ക്കാന്‍ ആഗ്രഹിക്കുക?

മറ്റു പലരും ഇത്രയും ചെറുപ്പത്തില്‍ നിങ്ങള്‍ക്ക് ഒക്കെ ഈ ഗതി വരുമെന്നു ചിന്തിച്ചിട്ട് പോലുമില്ല, നാട്ടിലെ സ്വത്തുക്കളെല്ലാം എങ്ങനെയാണു എഴുതി വെച്ചിരിക്കുന്നത്, അല്ലെങ്കില്‍ തന്നെ അമേരിക്കയില്‍ ഉള്ള നിങ്ങള്‍ക്ക് ന്തിനാണ് സ്വത്തും വകയുമെക്കെ, നാട്ടില്‍ ഉള്ള ആര്‍ക്കെങ്കിലും എഴുതി കൊടുത്തുകൂടെ. എന്തിനാ ഇതെല്ലാം കെട്ടിപിടിച്ചു കൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള വിളികളും എത്തി.

മറ്റു പലരുടെയും പരാതി നിങ്ങള്‍ അമേരിക്കയില്‍ പോയതു കൊണ്ടല്ലേ നിങ്ങള്‍ക്ക് ഈ ഗതി വന്നത്. കേരളത്തില്‍ ആയിരുങ്കില്‍ നിങ്ങള്‍ക്ക് ഈ ഗതി വരില്ലായിരുന്നു. വിധിയെ തടുക്കാന്‍ പറ്റില്ലലോ?

ഞാന്‍ നാട്ടിലെ ഒരു പ്രമുഖപത്രത്തില്‍ ഒരു ആര്‍ട്ടിക്കിള്‍ എഴുതി. അത് ആദ്യത്തെ പേജില്‍ തന്നെ എന്റെ ഒരു ഫോട്ടോയും വെച്ച് അച്ചടിച്ചു വന്നു. പക്ഷേ അതിന്റെ തൊട്ടു മുകളില്‍ വേറൊരു ന്യൂസ് ഉണ്ടായിരുന്നു, അമേരിക്കയില്‍ നാലു മലയാളികള്‍ മരിച്ചു. അവരുടെ ഫോട്ടോയും കൊടുത്തിരുന്നു. അതിന്റെ തൊട്ടു താഴെയാണ് എന്റെ ആര്‍ട്ടിക്കള്‍. ആളുകള്‍ വിചാരിച്ചതു പ്രവാസിയായ ഞാനും മരിച്ചു എന്നതാണ്.

എന്റെ ഭാര്യക്ക് എന്റെ ചരമം അന്വേഷിച്ചു കുറെ കാളുകളും കിട്ടി. മരിക്കുബോള്‍ മാത്രം ആളുകള്‍ക്ക് ലഭിക്കുന്ന ആ സ്‌നേഹത്തില്‍ കുറച്ചു എനിക്കും അനുഭവിക്കാന്‍ യോഗം കിട്ടി.

രണ്ടു മാസം മുന്‍പ് വരെ ഏതൊരു ഇന്ത്യക്കാരനാണ് അമേരിക്ക സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കാതിരുന്നത്? ഇന്ന് അമേരിക്ക എന്ന് കേള്‍ക്കുബോള്‍ തന്നെ ആളുകള്‍ക്ക് ഭയമാണ്. ആ ഭീതി അവരുടെ സംസാരത്തില്‍ നിന്നും വ്യക്തം. സാഹ്യചര്യങ്ങള്‍ക്കു അനുസരിച്ചു ആളുകളുടെ മനോഭാവം മാറുന്നുഎന്നത് ഒരു സത്യമായിരിക്കാം. പക്ഷേ ഇങ്ങനെയുള്ള ചോദ്യം ചോദിക്കുമ്പോള്‍ മറ്റുള്ളവരുടെ മനസ്സിനെ വിഷമിപ്പിക്കുന്ന ചോദ്യങ്ങള്‍ എങ്കിലും ചോദിക്കാതെ ഇരുന്നു കൂടെ?

ഈ ഒരു വൈറസ്സ് കാരണം അമേരിക്ക തകര്‍ന്നടിഞ്ഞു എന്ന് പലരും വിചാരിക്കുന്നുണ്ടാകും. പക്ഷേ നാം ഇതില്‍ നിന്നും വളരെ വേഗത്തില്‍ മുക്തിനേടും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ഇതിലും വലിയ പ്രതിഭാസങ്ങള്‍ സംഭവിച്ചിട്ടും വളരെ വേഗം ഉയര്‍ത്തു എഴുന്നേറ്റ് മുന്നോട്ടു പോകാന്‍ കഴിഞ്ഞ രാജ്യമാണ് അമേരിക്ക. ഈ വൈറസിനെയും നാം അതിവേഗം അതിജീവിക്കും. ഈ അവസ്ഥ താല്‍ക്കാലികം മാത്രം.
Join WhatsApp News
Ramesh Panicker 2020-05-10 14:18:34
ഇപ്പോഴും അമേരിക്കക്ക് വിസ ഉണ്ടെന്ന് പറഞ്ഞാൽ പകുതി മലയാളികളും ഇവിടെയെത്തും!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക