Image

അമ്മയ്ക്ക് മാത്രം ... (കവിത : ബിന്ദു ടിജി)

ബിന്ദു ടിജി Published on 10 May, 2020
അമ്മയ്ക്ക് മാത്രം ...   (കവിത : ബിന്ദു ടിജി)
അകലെയാകാശത്ത് 

നക്ഷത്രങ്ങളിലേതാണു നീ 

ജാലക ചില്ലിലൂടൊന്നു

കണ്‍ചിമ്മി  ചിരിക്കാമോ

ദൂരെ  നിന്നെന്നെയൊന്നു 

കൈ നീട്ടി  വിളിക്കാമോ

ഈ രാത്രി യെന്നുള്ളില്‍ ഹിമം

കനംവെച്ചു  മരവിക്കും പോല്‍

കനല്‍ തൊട്ടു പൊള്ളും പോലെ

സ്വയം ഞാന്‍ ദഹിക്കും പോലെ

 

പോയതില്‍ പിന്നെ നീ

നിത്യ സന്ദര്‍ശകയോ

വിട്ടു പിരിയാത്ത സ്പന്ദനമോ 

ഉള്ളം തണുക്കുന്നൊരുമ്മയോ

ചുംബിച്ചുണര്‍ത്തും മൃദു സൂര്യാംശുവോ

എനിക്ക് കാവലായി നില്‍ക്കും

വെള്ള മാലാഖ യോ

വിദൂരത്തു നിന്ന് ജ്വലിക്കും

നയനങ്ങളാല്‍ അരുതെന്നു വിലക്കും

ആരുമയാം കരുതലോ

പോയതില്‍ പിന്നെ നീ ആരാണ് 

 അമ്മേ ...

ഈ രാത്രി  വെളുക്കുമ്പോള്‍

ഉണര്‍ത്തുമോ യെന്നെ

നിന്‍ ഹൃദയത്തുടിപ്പിലേയ്ക്ക്

നെഞ്ചു പറ്റി  ഞാന്‍ കിടക്കട്ടെ

വിറയ്ക്കും കുരുന്നായി

സ്‌നേഹനൂല്‍ ചേര്‍ത്തു നീ

നെയ്‌തൊരാ തൊട്ടിലില്‍

എന്നെ യൊന്നാ ട്ടീ ടാമോ

പട്ടുപോല്‍ പൊതിയുമോ

അമ്മയ്ക്ക് മാത്രം നല്‍കാന്‍ കഴിയുമാ

സ്‌നേഹാമൃത മുണ്ണുമ്പോള്‍

വീണ്ടും വീണ്ടും എന്നെയീ ജന്മം

വിട്ടു പോകരുതെന്ന്

കൊഞ്ചി ചിണുങ്ങും കുരുന്നായി!

അമ്മയ്ക്ക് മാത്രം ...   (കവിത : ബിന്ദു ടിജി)
Join WhatsApp News
Sudhir Panikkaveetil 2020-05-11 09:24:33
'അമ്മ നഷ്ടപ്പെട്ട ഒരു മകളുടെ വേദനയും അവളുടെ മോഹങ്ങളും ഹൃദയസ്പർശിയായി ആവിഷ്കരിച്ചിരിക്കുന്നു. അഭിനന്ദനം ശ്രീമതി ബിന്ദു ടിജി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക