Image

ഫിലിപ്പി - യൂറോപ്പിന്റെ വാതില്‍ (യാത്രാ വിവരണം: സാംജീവ്)

Published on 09 May, 2020
ഫിലിപ്പി - യൂറോപ്പിന്റെ വാതില്‍ (യാത്രാ വിവരണം: സാംജീവ്)
ഞങ്ങളുടെ ഗ്രീസു സന്ദര്‍ശനത്തിന്റെ അവസാന ദിനങ്ങള്‍ വന്നെത്തി; ഉത്തര മാസിഡോണിയായിലെ ഫിലിപ്പിയിലും കവാലയിലുമായി രണ്ടു ദിനരാത്രങ്ങള്‍. 1991 ല്‍ രൂപം കൊണ്ട മാസിഡോണിയന്‍ റിപ്പബ്‌ളിക്കിനു വെളിയിലായി ഗ്രീസിലാണു പ്രസ്തുത സ്ഥലങ്ങള്‍. കവാലയിലെ ഹോട്ടല്‍ ഗാലക്‌സിയിലാണു ഞങ്ങള്‍ അന്തിയുറങ്ങിയത്. 2018 സെപ്തംബര്‍ 16 ലെ വിശുദ്ധ സഭായോഗവും അവിടെത്തന്നെ നടത്തി.

കവാലാ, ഫിലിപ്പി യുദ്ധം

ഗ്രീസിന്റെ ത്രേസ് എന്ന ഭൂവിഭാഗത്തിലാണു കവാലാ. മലയാളം ബൈബിളില്‍ ഈ സ്ഥലത്തെ നവപ്പൊലി (ഇംഗ്ലീഷില്‍ നിയാപ്പൊലിസ്) എന്നാണു പറഞ്ഞിരിക്കുന്നത്. നവീന നഗരം എന്നാണു ശരിയായ തര്‍ജ്ജമ. ഇന്നത്തെ നാമധേയം കവാലാ എന്നാണ്. ഉത്തരപൂര്‍വ ഗ്രീസിലെ ഒരു വാണിജ്യനഗരമാണു ഇന്നു കവാലാ. കവാലായില്‍ നിന്നും ഏകദേശം 100 മൈല്‍ പടിഞ്ഞാറാണ് തെസ്സലോനിക്കി എന്ന വിശ്രുതനഗരം.
ബിസി 350 ല്‍ മാസിഡോണിയന്‍ രാജാവായിരുന്ന ഫിലിപ്പ് രണ്ടാമന്‍ നവപ്പൊലി പിടിച്ചടക്കുകയും അതു ഫിലിപ്പി നഗരത്തിന്റെ തുറമുഖമായി വികസിപ്പിക്കുകയും ചെയ്തു. കവാലയ്ക്കു 8 മൈല്‍ വടക്കു പടിഞ്ഞാറാണു പുരാതന ഫിലിപ്പിനഗരം.

ചരത്രത്തില്‍ ഫിലിപ്പി യുദ്ധം എന്നൊരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. ബിസി 44ല്‍ ആണു സംഭവം. റോമന്‍ സാമ്രാജ്യത്തിലെ ഏറ്റവും വലിയ ആഭ്യന്തര സമരമായിരുന്നു ഫിലിപ്പി യുദ്ധം. പ്രസ്തുത യുദ്ധത്തില്‍  റോമന്‍ റിപ്പബ്ലിക്കന്‍ നേതാക്കന്മാരായിരുന്ന ബ്രൂട്ടസും കാസ്യസും അവരുടെ താവളമായി നവപ്പൊലിയെ രൂപാന്തരപ്പെടുത്തി. റോമന്‍ സെനറ്റര്‍മാര്‍ ആയിരുന്ന ബ്രൂട്ടസും കാസ്യസും ചേര്‍ന്നാണു റോമന്‍ സൈന്യാധിപനും ഭരണാധികാരിയുമായിരുന്ന ജൂലിയസ് സീസറിന്റെ വധം ആസൂത്രണം ചെയ്തത്. മാര്‍ക്കു ആന്റണിയും ഒക്ടേവിയനും ഒരു വശത്തും ബ്രൂട്ടസും കാസ്യസും മറുവശത്തുമായി നേതൃത്വം കൊടുത്ത യുദ്ധമായിരുന്നു ഫിലിപ്പി യുദ്ധം.

ഒക്ടേവിയന്‍ പിന്നീടു ആദ്യത്തെ റോമന്‍ ചക്രവര്‍ത്തിയായി, ആഗസ്റ്റസ് സീസര്‍ എന്ന നാമധേയത്തില്‍. ജൂലിയസ് സീസര്‍ ഒക്ടേവിയന്റെ അമ്മാവനായിരുന്നു.  ആഗസ്റ്റസ് സീസറിന്റെ കാലത്താണ് യേശു ഭൂജാതനായത്.

ബൈസാന്തിയന്‍ കാലഘട്ടത്തില്‍ കവാലായുടെ പേര് ക്രിസ്‌റ്റോപ്പൊലിസ് എന്നായിരുന്നു.  ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ ഒരു സൈനികത്താവളമായിത്തീര്‍ന്നു ക്രിസ്‌റ്റോപ്പൊലിസ്. എഡി 1387 മുതല്‍ 1912 വരെ കവാലാ ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ബാള്‍ക്കന്‍ യുദ്ധങ്ങളുടെ ഫലമായി കവാലാ ഗ്രീസിന്റെ ഭാഗമായി.
കവാലാ എന്ന ഇറ്റാലിയന്‍ വാക്കിന്റെ അര്‍ത്ഥം കുതിര എന്നാണ്. ഇഗ്‌നാത്യന്‍ മഹാ രാജവീഥിയിലൂടെ ത്വരിതഗമനം നടത്തിയിരുന്ന അശ്വാരൂഢ സൈനികര്‍ക്കുും സഞ്ചാരികള്‍ക്കും വിശ്രമിക്കുവാനും കുതിരകളെ പരിചരിക്കുവാനും തെരഞ്ഞെടുക്കപ്പെട്ട സ്ഥലമായിരുന്നു കവാലാ.

ഫിലിപ്പി

കവാലയോടു ചേര്‍ന്നു കിടക്കുന്ന സ്ഥലമാണു ഫിലിപ്പൊ. ഐക്യരാഷ്ട്രസഭ ചരിത്ര സ്മാരക സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ള ഈ സ്ഥലം നൂറ്റാണ്ടുകള്‍ക്കു മുമ്പു ഫിലിപ്പി എന്നാണു അറിയപ്പെട്ടിരുന്നത്. ബിസി നാലാം നൂറ്റാണ്ടില്‍ തേസ്യന്‍ വംശജര്‍ (താസ്സോസ് ദ്വീപു വാസികള്‍) ലിക്കാനി പര്‍വ്വതനിരകളുടെ താഴ്വരയില്‍ നട്ടുണ്ടാക്കിയ ഗ്രാമം മാസിഡോണിയായിലെ ഫിലിപ്പു രാജാവു പിടിച്ചടക്കി. അതിനു അദ്ദേഹം തന്റെ നാമധേയം നല്കി ഫിലിപ്പി ആക്കി. അവിടെയുള്ള സ്വര്‍ണ്ണഖനികളായിരുന്നു ഫിലിപ്പു രാജാവിന്റെ ലക്ഷ്യം. ബിസി 356 ല്‍ ആണു പ്രസ്തുത സംഭവം.

ക്രിസ്തുമതം ഫിലിപ്പിയില്‍

ക്രിസ്തു മതം യൂറോപ്പിലേയ്ക്കു പ്രവേശിക്കുന്നതു ഫിലിപ്പി എന്ന കവാടത്തിലൂടെയാണ്. അപ്പൊസ്തലനായ പൌലോസിന്റെ മക്കദോന്യവിളി വിഖ്യാതമാണല്ലോ. ബൈബിള്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു.

“അവര്‍ മുസ്യ കടന്ന് ത്രോവാസില്‍ എത്തി. അവിടെവച്ചു പൌലോസ് രാത്രിയില്‍ മക്കദോന്യക്കാരനായ ഒരു പുരുഷന്‍ അരികെ നിന്നു: നീ മക്കദോന്യയിലേക്കു കടന്നു വന്ന് ഞങ്ങളെ സഹായിക്കുക എന്നു തന്നോട് അപേക്ഷിക്കുന്നതായി ഒരു ദര്‍ശനം കണ്ടു. ഈ ദര്‍ശനം കണ്ടിട്ട് അവരോടു സുവിശേഷം അറിയിപ്പാന്‍ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്ന് നിശ്ചയിച്ചു, ഞങ്ങള്‍ ഉടനെ മക്കദോന്യയ്ക്കു പുറപ്പെടുവാന്‍ ശ്രമിച്ചു.”

മുസ്യയും ത്രോവാസും ആധുനിക തുര്‍ക്കിയുടെ ഭാഗമാണ്. പൌലോസ് സന്ദര്‍ശിച്ച ആദ്യ യൂറോപ്യന്‍ നഗരമാണു ഫിലിപ്പി. പക്ഷേ മക്കദോന്യയില്‍ കാലുകുത്തിയ പൌലോസിനെയും ശീലാസിനെയും കാത്തിരുന്നതു കാരാഗൃഹമായിരുന്നു. മാസിഡോണിയ എന്ന ഇംഗ്ലീഷ് നാമധേയത്തിന്റെ മലയാളമാണു മക്കദോന്യ. ഗ്രീക്കിലും മക്കദോന്യ എന്നാണു ഉച്ചരിക്കുന്നത്.

ലുദിയ

തുയഥൈരക്കാരത്തിയും രക്താംബരവ്യാപാരിയുമായ ലുദിയ (ഇംഗ്ലീഷില്‍ ലിഡിയാ) എന്ന സ്ത്രീയെപ്പറ്റി ബൈബിള്‍ പരാമര്‍ശിക്കുന്നു. ഫിലിപ്പിയില്‍ ഒരു പുഴവക്കില്‍  പൌലോസ് നടത്തിയ പ്രസംഗം അവള്‍ ശ്രദ്ധയോടെ കേട്ടു; അനുസരിച്ചു. യൂറോപ്പിലെ ആദ്യത്തെ ക്രിസ്തുമത വിശ്വാസയാണു ലുദിയാ. ലുദിയ സ്‌നാനപ്പെട്ട സ്ഥലത്തു ഇന്നു ഗ്രീക്കു ഓര്‍ത്തഡോക്‌സു സഭയുടെ ഒരു തുറന്ന ചാപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നു. ബൈബിളില്‍ പറയുന്ന പുഴവക്കിന്റെ (സൈഗാക്ടിസ് പുഴ എന്നാണു വിശ്വാസം) സ്മരണയ്ക്കായി വെള്ളം ഒഴുകുന്ന ചാനലും കല്പടവുകളും മനോഹരമായി സൃഷ്ടിച്ചിരിക്കുന്നു. അധികം അകലെയല്ലാതെ ലുദിയായുടെ നാമധേയത്തിലുള്ള പള്ളിയില്‍ ശിശുക്കളെ സ്‌നാനപ്പെടുത്താന്‍ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറു കണക്കിനു വിശ്വാസികള്‍ അവരുടെ പിഞ്ചു കുഞ്ഞുങ്ങളെ സ്‌നാനപ്പെടുത്തുവാന്‍ സെന്റ് ലുദിയായുടെ പള്ളിയില്‍ എത്താറുണ്ട്.
പൌലോസും ശീലാസും ദീര്‍ഘനാള്‍ ഫിലിപ്പിയില്‍ താമസിച്ചതായി കാണുന്നില്ല. പക്ഷേ സംഭവബഹുലമായിരുന്നു ഫിലിപ്പിയിലെ അവരുടെ നാളുകള്‍. പുഴയോരത്തെ സുവിശേഷ പ്രസംഗം, ലുദിയായുടെ സ്‌നാനം, കാരാഗൃഹവാസം, കാരാഗൃഹത്തിന്റെ പ്രകമ്പനം, ജയില്‍ മേധാവിയുടെയും കുടുംബത്തിന്റെയും മാനസാന്തരം; അങ്ങനെ പോകുന്നു അവരുടെ ഫിലിപ്പിയിലെ ദിനങ്ങള്‍.

വയാ ഇഗ്‌നാത്യാ എന്ന വിഖ്യാതമായ റോമന്‍ മഹാരാജവീഥിയിലൂടെ ഫിലിപ്പിയില്‍ നിന്നും തെസ്സലോനിക്കിയിലേയ്ക്കു കാല്‍നടയായി യാത്ര ചെയ്യുമ്പോള്‍ പൌലോസും ശിഷ്യനും തികച്ചും ആഹ്ലാദചിത്തരായിരുന്നു. ഫിലിപ്പി നഗരത്തില്‍ ഒരു സഭ രൂപം കൊണ്ടു കഴിഞ്ഞിരുന്നു; യൂറോപ്പിലെ ആദ്യത്തെ െ്രെകസ്തവസഭ.

“എന്റെ സന്തോഷവും കിരീടവുമായുള്ളോരേ,” എന്നു വര്‍ഷങ്ങള്‍ക്കു ശേഷം അപ്പൊസ്തലനായ പൌലോസ് ഫിലിപ്പിയയിലുള്ള വിശ്വാസികളെ അഭിസംബോധന ചെയ്യുന്നു.

ഞങ്ങളുടെ യാത്രാസംഘവും ഉദ്വേഗഭരിതരായിരുന്നു. 2018 സെപ്തംബര്‍ 17 പ്രഭാതത്തില്‍ ഞങ്ങളുടെ ടൂറിസ്റ്റു ബസ്സ് കവാലയില്‍ നിന്നും തുര്‍ക്കിയുടെ അതിര്‍ത്തിയിലേയ്ക്കു നീങ്ങി. തുര്‍ക്കിയുടെ ചന്ദ്രക്കലയും നക്ഷത്രവും പതിച്ച ചുവന്ന പതാക ഞങ്ങളെ സ്വാഗതം ചെയ്തു.

ഫിലിപ്പി - യൂറോപ്പിന്റെ വാതില്‍ (യാത്രാ വിവരണം: സാംജീവ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക