Image

ഇറ്റലിയില്‍ പള്ളികള്‍ മേയ് 18 മുതല്‍ വീണ്ടും തുറക്കും

Published on 09 May, 2020
 ഇറ്റലിയില്‍ പള്ളികള്‍ മേയ് 18 മുതല്‍ വീണ്ടും തുറക്കും


റോം: ഇറ്റലിയില്‍ പള്ളികള്‍ മേയ് 18 മുതല്‍ വീണ്ടും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കുര്‍ബാനയര്‍പ്പണത്തിനും അനുമതിയുണ്ട്. മാമ്മോദീസ, വിവാഹം, സംസ്‌കാരം തുടങ്ങിയ ചടങ്ങുകളും സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ട് നടത്തുന്നതിന് ഇനി തടസമില്ല.

മാര്‍ച്ച് ആദ്യം രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഇറ്റലിയിലെ മതപരമായ എല്ലാ പരിപാടികള്‍ക്കും നിരോധനം വന്നത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജൂസപ്പേ കോണ്ടെ, ആഭ്യന്തര മന്ത്രി ലൂസിയാന ലാമോര്‍ജി, ബിഷപ് കോണ്‍ഫറന്‍സ് പ്രസിഡന്റ് കര്‍ദിനാള്‍ ഗ്വാല്‍തിയേറോ ബസേത്തി എന്നിവര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ചര്‍ച്ചകളുടെ സമവായ പ്രോട്ടോക്കോളില്‍ 26 വ്യവസ്ഥകളും മൂന്ന് നിര്‍ദ്ദേശങ്ങളുമാണ് ഉള്‍ക്കൊള്ളുന്നത്.

പള്ളികളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പരമാവധി വിശ്വാസികളുടെ എണ്ണത്തെക്കുറിച്ച് ഇടവക അധികാരിക്ക് ബോധ്യമുണ്ടാകണം.വിശ്വാസികള്‍ ഒരു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് വികാരി ഉറപ്പുവരുത്തുകയും വേണം. പള്ളികളുടെ പ്രവേശന കവാടങ്ങളില്‍ മാസ്‌കുകളും കൈയുറയും ധരിച്ച സന്നദ്ധപ്രവര്‍ത്തകരുടെ സാന്നിദ്ധ്യമുണ്ടാവണം.പള്ളികളില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്നും കൃത്യമായ അകലം പാലിച്ച് നില്‍ക്കുകയോ ഇരിക്കുകയോ വേണമെന്നും സര്‍ക്കാര്‍ പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നു.

ഹസ്തദാനം അനുവദനീയമല്ല. വിശുദ്ധജലത്തില്‍ വിരല്‍ മുക്കി കുരിശ് വരയ്ക്കുന്നതു പോലുള്ള ചടങ്ങുകളും ഉണ്ടാകില്ല. നിയന്ത്രണങ്ങളോടെയാണെങ്കിലും മേയ് 18 മുതല്‍ തിരുക്കര്‍മങ്ങള്‍ക്കായി പള്ളികള്‍ തുറക്കാന്‍ അനുമതി നല്‍കിയത് വിശ്വാസികള്‍ക്ക് ആശ്വാസമായതിനൊപ്പം പള്ളികളിലെ മണികള്‍ക്കും മുഴങ്ങാനാവും.

പൊതുജീവിതത്തില്‍ മറ്റു നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടും ഇറ്റാലിയന്‍ കത്തോലിക്കാ സഭ ഏപ്രില്‍ അവസാനം വരെ സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തിരുന്നു.പൊതു ആരാധന പുനരാരംഭിക്കുന്നതിന് സമാനമായ ക്രമീകരണങ്ങളെക്കുറിച്ച് ഇറ്റലിയിലെ മറ്റ് മതവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിവരികയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക