Image

വിസ്മയം;ജീവിതം (കഥ: പുഷ്പമ്മ ചാണ്ടി)

Published on 09 May, 2020
വിസ്മയം;ജീവിതം (കഥ: പുഷ്പമ്മ ചാണ്ടി)
അമ്മ രാവിലെ ആരോടോ ഫോണിൽ സംസാരിക്കുകയാണ്   , "അതേന്നേ
മഠം ചാടി .അല്ല  അൻപതാം വയസ്സിൽ ഇവർക്കിത് എന്തിന്റെ കേടാ ?" അമ്മയുടെ ഫോൺ വിളി അവസാനിച്ചപ്പോൾ അഞ്ചു ചോദിച്ചു
' ആരാ അമ്മെ മഠം ചാടിയത്? 
പേരപ്പന്റെ ഇളയമകൾ സിസ്റ്റർ നവോമി.
 "അതെന്താ മഠം ചാടിയെന്നു പറയുന്നത് , ശരിക്കും അവര് മതിൽ ചാടിയോ ? 
"പോ കൊച്ചെ രാവിലെ എന്നെ  ചൊറിയിക്കാതെ , അതൊരു പ്രയോഗം ആണ്. 
പറഞ്ഞു വരുമ്പോൾ ഗ്രേസ് എന്റെ അനുജത്തി അല്ലെ ?  ഞാൻ ഇനി നാട്ടുകാരോട് എന്ത് ഉത്തരം പറയും.?
" അല്ല കുറച്ചു നാൾ മുൻപേ  അമ്മയുടെ കസിൻ അച്ചൻ, അങ്ങ് ഇറ്റലിയിലുള്ള അങ്ങേര് ഇറങ്ങിയപ്പോൾ അമ്മ പറഞ്ഞത് അച്ചൻ തിരുവസ്ത്രം ഊരി എന്നാണല്ലോ ? ഈ കന്യാസ്ത്രീകളുടെ ഉടുപ്പും തിരുവസ്ത്രം അല്ലെ?"
അമ്മക്ക് ദേഷ്യം വന്നു തുടങ്ങി ' അഞ്ചു നിനക്ക് കോളജിൽ പോകാൻ സമയം ആയില്ലേ? പോയി ഒരുങ്ങാൻ നോക്ക്... 
അന്ന് മുഴുവനും സിസ്റ്റർ നവോമി ആയിരിന്നു മനസ്സിൽ..വല്ലപ്പോഴും അമ്മയെ കാണാൻ വരും..സൗമ്യശീല , തമാശക്കാരിയാണ്. ഒരിക്കൽ, സ്വന്തക്കാരുടെ കല്യാണങ്ങൾ എന്ത് കൊണ്ടാണ്  കന്യാസ്ത്രീകൾ പങ്കെടുക്കാത്തത് എന്നു ചോദിച്ചപ്പോൾ ചെവിയിൽ അമ്മ കേൾക്കാതെ പറഞ്ഞു "അതേ ഞങ്ങൾക്ക് ഒതപ്പ് ഉണ്ടാകാതെ ഇരിക്കാൻ ആണെന്ന്.."മാമോദീസ, മരണം അതിനൊക്കെ പോകാം  പക്ഷേ കല്യാണം കൂടാൻ പറ്റില്ല. എന്നാലും ഉറപ്പായിട്ടും ഞാൻ കെട്ടിയാൽ പുറകിൽ , അൾത്താര ഒരുക്കി , ആ പേരിൽ അവിടെ നിന്ന് കല്യാണം കൂടുമെന്ന് വാക്ക് തന്നതാണ് . ഇനി ഇപ്പൊൾ അതൊന്നും വേണ്ടല്ലോ...
പലപ്പോഴും ആലോചിച്ചിട്ടുണ്ട് അവർ എന്തിനായിരിക്കും മഠത്തിൽ ചേർന്നത് ? പ്രേമ നൈരാശ്യം ആയിരിക്കില്ല.. അത്ര വിവരംകെട്ട നിസ്സഹായയായ ഒരു കാമുകി ആയിരിക്കില്ല സിസ്റ്റർ നാവോമി എന്ന ഗ്രേസി ആന്റി. മഠത്തിൽ ചേരുമ്പോൾ എന്തിനാണോ പേര് മാറ്റുന്നത് ? സിസ്റ്റർ ഗ്രേസ് നല്ല പേരല്ലെ? ഒരിക്കൽ അത് ചോദിച്ചപ്പോൾ പറഞ്ഞത് ' വിഡ്ഢിത്തരത്തിന്റ പട്ടികയിൽ ചേർക്കാം എന്നാണ്.. 
അഞ്ചു തീരെ കുട്ടിയായിരുന്നപ്പോൾ വലിയമ്മച്ചി വയ്യാതെ കിടന്ന ഒരു ദിവസം ഗ്രേസി ആന്റി വീട്ടിൽ വന്നു .
അന്ന് രാത്രി തിരികെ പോകാതെ അവിടെ തങ്ങി , രാത്രി താൻ ഉറങ്ങാതെ കാത്തിരുന്നു അവരുടെ ശിരോവസ്ത്രം എടുത്ത് മാറ്റുന്നത് കാണാൻ. , എങ്ങനെ ഉണ്ടാകും  എന്നറിയാൻ ഒരു കൗതുകം. അന്നു ഗ്രേസി ആന്റി കുറെ ചിരിച്ചു..' നീ ഇത് നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇത് ഊരി കാണിക്കുമായിരുന്നല്ലോ.. വെറുതെ പെണ്ണ് ഉറക്കം കളഞ്ഞു. പിന്നെ പൊട്ടി ച്ചിരിച്ചു.. അന്നു ആ ചിരിയിൽ താൻ വീണു.. 

രണ്ടു ദിവസം കഴിഞ്ഞപ്പോൾ അഞ്ചു പേരെപ്പന്റെ വീട്ടിൽ പോയി. ഗ്രേസി ആന്റി അവിടെ ഉണ്ടായിരുന്നില്ല , പഴയ നമ്പർ വിളിച്ചിട്ട് ആന്റിയെ കിട്ടിയില്ല ..പുതിയ നമ്പർ ഉണ്ടോ എന്നു ചോദിച്ചപോൾ , മൂത്ത ആങ്ങള ഉറഞ്ഞു തുള്ളി ' 

"എന്തിനാണ് ആ നാണം കെട്ടവളേ അന്വേഷിക്കുന്നത് ? മഠത്തിൽ എന്ത് കുഴപ്പം ഉണ്ടാക്കിയിട്ടാണോ ചാടി പോന്നത് , ഞാൻ ഇനി എങ്ങനെ മനുഷ്യരുടെ മുഖത്തു നോക്കും , ഇവിടെയും ഒരു പെണ്ണിനെ കെട്ടിക്കാൻ ഉണ്ട് .
പേരമ്മ അപ്പോൾ അങ്ങോട്ട് വന്നു
, കരഞ്ഞു വീർത്ത കണ്ണുകൾ , ഒരു മരണ വീട്ടിലെ പ്രതീതി .
.ചേട്ടായി പിന്നെയും തുടർന്നു 
"ഡിഗ്രി കഴിഞ്ഞു മഠത്തിൽ ചേരണം എന്ന് പറഞ്ഞപ്പോൾ , ഞാനും ചാച്ചനും ആകുന്ന പറഞ്ഞതാ വേണ്ടാ എന്നു , അപ്പോൾ യേശുവിന്റെ മണവാട്ടി ആകണം ...ഇപ്പോൾ ദേ മുപ്പതു വർഷം കഴിഞ്ഞപ്പോൾ യേശുവിനെ ഡിവോഴ്സ് ചെയ്യണം എന്ന്...എന്ത് പറയാൻ"
.. നിറകണ്ണുകളോടെ അടുക്കളയിലേക്കു പോയ പേരമ്മയുടെ കൂടെ അഞ്ചുവും പോയി. ' "എന്നാലും എന്റെ അഞ്ചു അവൾ എന്തിനാ ഇങ്ങനെ ഒരു ദുർബുദ്ധി കാണിച്ചേ ... '
പേരമ്മ പിന്നെയും എന്തൊക്കെയോ പറഞ്ഞു . അവിടെ നിന്നും രക്ഷപ്പെട്ട് പൊന്നാൽ മതിയെന്നായി. ആന്റിയുടെ പുതിയ നമ്പർ വാങ്ങി പോരുമ്പോൾ ചേട്ടായി ' "അവളെ എങ്ങാനും ഫോണിൽ കിട്ടിയാൽ പറഞ്ഞേക്കു ഈ പടി ചവിട്ടരുതെന്ന് "
വല്ലാത്ത ഒരു മാനസിക അവസ്ഥയിൽ ആണ്‌ വീട്ടിൽ എത്തിയത് . ഇത്രയ്ക്ക് ഒരു കലാപത്തിന് എന്ത് സംഭവിച്ചു ? വിവാഹമോചിതർ ആയ പെണ്മക്കളെ വീട്ടുകാർ സ്വീകരിക്കില്ലേ ?
മഠം വിടുന്നത് ഇത്ര വലിയ ഒരു അപരാധം ആണോ ? അമ്മയോട് ഒന്നും പറയാൻ തോന്നിയില്ല ..പേരമ്മ തന്ന നമ്പർ വിളിച്ചിട്ടു ഫോൺ എടുത്തില്ല . ഒരു ടെക്സ്റ്റ് മെസേജ് അയച്ചു. ഉടനെ തന്നെ ഗ്രേസി ആന്റി തിരികെ വിളിച്ചു. 
' ആന്റി എവിടെ ആണ് ...? ഒരു കൂട്ടുകാരിയുടെ ' വീട്ടിൽ 
അഡ്രസ് തരാമോ ? ഞാൻ വരട്ടെ ? 
ഉച്ചവെയിൽ കണക്കാക്കാതെ  അഞ്ചു തന്റെ വണ്ടിയെടുത്ത് ആന്റിയെ കാണാൻ പോയി.

ഗ്രേസി ആന്റി കണ്ടമാത്രയിൽ ചിരിച്ചെങ്കിലും അഞ്ചുവിന് അവരെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയാൻ ആണ് തോന്നിയത്
" നീ എന്തിനാണ് കരയുന്നത്..? , 
സന്തോഷം കൊണ്ടാണ് ..."
കുറെ സമയം ആ കൈയും പിടിച്ച് ഇരുന്നു .
എന്തിനാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് നീ ചോദിച്ചില്ല .
കോളേജ് പ്രൊഫസർ ആയ ആന്റിക്ക് ആരുടേയും സാമ്പത്തിക സഹായം വേണ്ട .മാനസ്സികമായി ഒരു ചേർത്ത് നിർത്തൽ ആണ് ഇപ്പോൾ ആവശ്യം .

" അഞ്ചു നീ വന്നതിൽ സന്തോഷം, ഞാൻ എന്തിന് കോൺവെന്റ് വിട്ടു എന്നു ചോദിക്കാത്തിന് നന്ദി.  
ഗ്രേസി ആന്റി വാചാലയായി 
" ഞാൻ പിന്നിട്ട വഴികൾ , ആ ജീവിതം  എന്നെ മൃതപ്രായയാക്കി..കുറെ നാൾ ഞാൻ മൃതി അടഞ്ഞപോലെ നടിച്ചു....വേദന ഇല്ലെന്ന് ഭാവിച്ചു..ശരിക്കും ഞാൻ എന്തിനാണ് ശിരോവസ്ത്രം അണിഞ്ഞതെന്ന് എന്നോട് തന്നെ ചോദിച്ചു തുടങ്ങി ..ഇരുപതാമത്തെ വയസ്സിൽ അങ്ങനെ തോന്നി .പ്രായം ആകുന്നതോടൊപ്പം നമ്മുടെ ചിന്താഗതിയും മാറില്ലേ? ചിന്തിക്കാനുള്ള എന്റെ സ്വാതന്ത്ര്യം അവിടെ നഷ്ടപെട്ടു..അത് എനിക്ക് എന്നെ നഷ്ടമായതിനു തുല്യം..യേശുവിനെ സ്നേഹിക്കാൻ എനിക്ക് ഈ കുപ്പായം വേണോ എന്ന തോന്നൽ... നിനക്കറിയുമോ കഴിഞ്ഞ 5 വർഷം ഞാൻ വിഷാദ രോഗത്തിന് അടിമ ആയിരിന്നു.ഉറങ്ങാത്ത രാത്രികൾ..എപ്പോളോ നടന്ന ആദ്യ പാപം അതിന്റെ ഓർമകൾ  ചങ്ങല ആയി എന്നെ വരിഞ്ഞു മുറുക്കി. പലപ്പോഴും എന്റെമേൽ വീണ കൈകൾ , അത് പൊട്ടിക്കാൻ ഞാൻ കഷ്ടപെട്ടു.എന്റെ മരണം അത് ആരെങ്കിലും ഒക്കെ ആഘോഷിക്കുമെന്നുറപ്പായപ്പോൾ ഇറങ്ങി  പോന്നു .
ബാക്കി ഒന്നും എനിക്ക് കേൾക്കാൻ കെല്പുണ്ടായില്ല..' 

ആന്റി എന്റെ കൂടെ വീട്ടിലേക്ക് വരൂ. അവിടെ നിന്ന് നമുക്ക് ..
അത് മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല.ഞാൻ വാടകക്ക് എടുക്കുന്ന വീട്ടിൽ നീ വരണം സാധിക്കുമെങ്കിൽ ,ഒന്ന് സെറ്റൽ ആകുന്ന വരെ .. ആന്റിക്കും കൂട്ടുകരിക്കും ഒപ്പം ഇരുന്നു ഭക്ഷണം കഴിച്ച്, കൂട്ടുകാരിക്ക് ആയിരം നന്ദി  പറഞ്ഞു
 യാത്ര പറഞ്ഞു പോരുമ്പോൾ എനിക്ക് ഉറപ്പായിരുന്നു ഗ്രേസി ആന്റിയുടെ കൂടെ താമസിക്കാൻ അമ്മ സമ്മതിക്കും അല്ലെങ്കിൽ സമ്മതിപ്പിക്കും ...അമ്മയും ഒരു സ്ത്രീ അല്ലെ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക