Image

152 യാത്രക്കാരുമായി റിയാദില്‍ നിന്നും കരിപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ പുറപ്പെട്ടു

Published on 08 May, 2020
 152 യാത്രക്കാരുമായി റിയാദില്‍ നിന്നും കരിപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ പുറപ്പെട്ടു

റിയാദ്: കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിസന്ധിയില്‍പെട്ട പ്രവാസി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള പ്രത്യേക പദ്ധതി പ്രകാരം സൗദി അറബ്യയില്‍ നിന്നുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം 152 യാത്രക്കാരുമായി റിയാദില്‍ നിന്നും ഉച്ചക്ക് ഒന്നിനു പുറപ്പെട്ടു. രാത്രി എട്ടോടെ വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരും. 12.45 നു പുറപ്പെടേണ്ട വിമാനം 15 മിനിറ്റ് വൈകിയാണ് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നത്. നാലു കുട്ടികളടക്കം 152 പേരുള്ള വിമാനത്തില്‍ നാല് ക്യാപ്റ്റന്മാരും നാലു ക്യാബിന്‍ ക്രൂവുമുണ്ട്.

രാവിലെ ഒമ്പതു മുതല്‍ റിയാദിന് പുറമെ മറ്റു പ്രവിശ്യയില്‍ നിന്നുള്ള യാത്രക്കാരും വിമാനത്താവളത്തില്‍ എത്തിത്തുടങ്ങിയിരുന്നു. ഗര്‍ഭിണികളും പ്രായം ചെന്നവരും രോഗികളും വിസ കാലാവധി കഴിഞ്ഞവരുമാണ് ആദ്യ വിമാനത്തിലുള്ളത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും സുരക്ഷാ പരിശോധനകള്‍ക്കും മറ്റു മേല്‍നോട്ടങ്ങള്‍ക്കുമായി വിമാനത്താവളത്തിലെത്തിയിരുന്നു. കെ എം സി സി അടക്കമുള്ള ചില സംഘടനകളുടെ വളണ്ടീയര്‍മാരും യാത്രക്കാര്‍ക്ക് വേണ്ട സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്യാനും മറ്റുമായി എയര്‍പോര്‍ട്ടില്‍ എത്തി.

അല്‍ ഖസീം, ദാവാദ്മി, അല്‍ ഖര്‍ജ്, അല്‍ ഹസ്സ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള യാത്രക്കാരും വിമാനത്തിലുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലേക്കുള്ളവരും ഈ വിമാനത്തില്‍ കോഴിക്കോട്ടേക്ക് പോയിട്ടുണ്ട്. ഇവര്‍ക്ക് ക്വാറന്റൈന്‍ സംവിധാനം വേണ്ടതുണ്ടെങ്കില്‍ അതിനുള്ള സൗകര്യവും നാട്ടിലേക്ക് ഗര്‍ഭിണികളടക്കമുള്ളവര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള വാഹനവും എല്ലാ സുരക്ഷയോടും കൂടി സംസ്ഥാന ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു യാത്രക്കാര്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് തെര്‍മല്‍ ടെസ്റ്റ് മാത്രമാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയത്. ആര്‍ക്കും കോവിഡിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടെത്താനായില്ലെന്ന് എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക