Image

ബിജി അച്ചന്റെ നിര്യാണത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അനുശോചിച്ചു

Published on 08 May, 2020
 ബിജി അച്ചന്റെ നിര്യാണത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അനുശോചിച്ചു


പ്രെസ്റ്റന്‍: ബ്രിട്ടനിലെ യാക്കോബായ സുറിയാനി സഭാ വൈദികനായിരുന്ന റവ.ഡോ. ബിജി മര്‍ക്കോസ് ചിറത്തലാട്ടിന്റെ ആകസ്മിക വിയോഗത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അനുശോചിച്ചു.

ബ്രിട്ടനില്‍ യാക്കോബായ സുറിയാനി സഭയുടെ ആത്മീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്ത് സഭാംഗങ്ങളെ നയിച്ചു വന്ന ബിജി അച്ചന്റെ നിര്യാണം യാക്കോബായ സഭക്ക് വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആത്മീയതയില്‍ അടിയുറച്ച പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന അവസരത്തിലാണ് അച്ചന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്.

സെന്റ് തോമസ് യാക്കോബായ ചര്‍ച്ച് റോംഫോര്‍ഡ്, ലണ്ടന്‍, സെന്റ് ജോര്‍ജ് യാക്കോബായ ചര്‍ച്ച് ബെര്‍മിംഗ്ഹാം, സെന്റ് ജോര്‍ജ് യാക്കോബായ ചര്‍ച്ച് പൂള്‍ എന്നിവയുടെ വികാരിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്ന ബിജി അച്ചന്‍, വര്‍ത്തിംഗ് ഹോസ്പിറ്റലിലെ ചാപ്ലയിന്‍ കൂടിയായിരുന്നു. കോട്ടയം വാകത്താനം സ്വദേശിയായ ബിജി അച്ചന്‍ ഓസ്ട്രിയയിലെ വിയന്നയില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് കുടുംബസമേതം യുകെയില്‍ എത്തി സഭയുടെ ആത്മീയനേതൃത്വം ഏറ്റെടുത്തത്.

ഈ മഹാമാരിയുടെ ആരംഭം മുതല്‍ രോഗവുമായി മല്ലിടുന്ന സഭാമക്കളുടെ ആത്മീയവും മാനസികവും ശാരീരികവുമായ മേഖലകളില്‍ അതീവശ്രദ്ധ പുലര്‍ത്തി പ്രവര്‍ത്തിച്ചു പോന്നിരുന്ന ബിജിയച്ചന്റെ സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും. അച്ഛന്റെ വിയോഗത്തില്‍ അതീവദുഃഖിതയായിരിക്കുന്ന ജീവിതപങ്കാളി ബിന്ദുവിന്റെയും മക്കളായ സബിത, ലസിത, ബേസില്‍ എന്നിവരുടെയും വേദനയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഒന്നായി പങ്കു ചേരുകയും അച്ചന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി അനുശോചന സന്ദേശത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഫാ. ടോമി എടാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക