Image

മഴ (കവിത: വിഷ്ണു പകൽക്കുറി)

Published on 08 May, 2020
മഴ (കവിത: വിഷ്ണു പകൽക്കുറി)
ഇന്നെന്റെ ഉള്ളിന്റെയുള്ളിൽ
സങ്കടം പൂത്തുലഞ്ഞു
മഴപെയ്തു തോരാതെ
വികടമാം ചിന്തകളെന്നിൽ
ഭ്രാന്തുണർത്തി ചിരിച്ചു

കാലമെന്നെ
നാടുകടത്തും മുൻപെ
ഒരു കുഞ്ഞുവേരിനെ
മണ്ണിലവശേഷിപ്പിച്ചിരുന്നു
സങ്കടപ്പെരുമഴയിൽ
വിയർത്തൊലിച്ച
മരുച്ചൂടിന്റെ തണലിൽ
വേരൊരു മരമായി,
പണം കായ്ക്കുന്നൊരു മരം
 
ശിഖരങ്ങൾ മുൾപടർപ്പുകളാൽ
വരിഞ്ഞു മുറുക്കി
ഇടിമിന്നൽപ്പിണറുകളാൽ
ഒടുവിലെന്നെ കീറിമുറിച്ചു
തുന്നിച്ചേർത്തു കിടത്തി

വിജനമായ വീഥികളിൽ
വഴിവിളക്കുകൾ കുട പിടിച്ചുനിന്നു
അകലെയൊരു നിഴലായി
പ്രതിബിംബം കണ്ടെൻ്റെയുള്ളം
പിടച്ചുണർന്നു

അതിദ്രുതം മുന്നോട്ട് പോകവെ
നിഴലും മാഞ്ഞുപോയി
മനസ്സിടറി പെയ്യുന്ന
പെരുമഴയായെൻ്റെ കണ്ണുനീർ
തോരാതെ പിന്നെയും പെയ്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക