Image

ഒരു സലോണ്‍ ഉടമസ്ഥയുടെ പ്രതിഷേധം (ഏബ്രഹാം തോമസ്)

Published on 08 May, 2020
ഒരു സലോണ്‍ ഉടമസ്ഥയുടെ പ്രതിഷേധം (ഏബ്രഹാം തോമസ്)
നോര്‍ത്ത് ഡാലസിലെ ഒരു സലൂണ്‍ , സലോണ്‍ ലാ മോഡിന്റെ ഉടമസ്ഥ ഒഷല്ലി ലൂതര്‍ പെട്ടെന്ന് പ്രസിദ്ധയായിരിക്കുകയായിരിക്കുകയാണ്. അവരുടെ മുദ്രാവാക്യം മൂവിംഗ് ഫോര്‍ വാര്‍ഡ് ഇന്‍ എ വേള്‍ഡ് വിത്ത് കൊറോണ വൈറസ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണ് ഒരു കൂട്ടം ആളുകള്‍.

ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ടിന്റെയും ഡാലസ് കൗണ്ടി ജഡ്ജിന്റെയും വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടുവാനുള്ള ഓര്‍ഡറുകളില്‍ പ്രതിഷേധിച്ച് ലൂതര്‍ തന്റെ സലോണ്‍ ഏപ്രില്‍ 28ന് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. സ്ഥാപനം അടയ്ക്കുവാന്‍ ആവശ്യപ്പെട്ട അധികാരികളോട് തനിക്ക് സ്ഥാപനത്തിന്റെ വാടക നല്‍കാന്‍ സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ചേ മതിയാകൂ എന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് പോലീസെത്തി അവരെ അറസ്റ്റ് ചെയ്ത് നീക്കുകയും സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. വാര്‍ത്ത ദേശീയ പ്രാധാന്യം നേടുകയും ചര്‍ച്ചയാവുകയും ചെയ്തു.

ഒരു മ്യൂസിഷ്യനും രണ്ട് പെണ്‍കുട്ടികളുടെ മാതാവുമായ ലൂതറിനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ വന്ന കുറിപ്പുകളില്‍ അവരുടെ മേക്കപ്പ് കഴിവുകള്‍ വെളിപ്പെടുത്താനായി അവരുടെ സേവനം സ്വീകരിക്കുന്നതിന് മുമ്പും ശേഷവുമുള്ള ഉപഭോക്താക്കളുടെ ചിത്രങ്ങളും കുട്ടികളുടെയും വളര്‍ത്തു നായ്ക്കളുടെയും ചിത്രങ്ങളും പങ്കു വച്ചു. സുരക്ഷ പാലിച്ച് സ്ഥാപനങ്ങള്‍ വീണ്ടും തുറന്ന് സാമ്പത്തികാവസ്ഥ രക്ഷിക്കുന്നതിനെകുറിച്ച് ചര്‍ച്ചകളും തകൃതിയായി നടന്നു.

നോര്‍ത്ത് ടെക്‌സസിലെ നഗരം ഫ്രിസ്‌കോയിലെ ഓപ്പണ്‍ ടെക്‌സസ് റാലിയില്‍ ലൂതര്‍ ഡാലസ് കൗണ്ടി ജഡ്ജ് ഗ്ലേ ജെന്‍കിന്‍സിന്റെ സീസ് ആന്റ് ഡെസിസ്റ്റ് ഓര്‍ഡര്‍ വലിച്ചുകീറി. സലോണ്‍ അടച്ചുപൂട്ടാനും മാപ്പ് അപേക്ഷിക്കുവാനുമുള്ള അധികൃതരുടെ അഭ്യര്‍ത്ഥന ലൂതര്‍ തള്ളി. തനിക്ക് തന്റെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കണം എന്ന് മറുപടി നല്‍കി. ജഡ്ജ് എറിക് മോയേ അവര്‍ക്ക് ഒരാഴ്ചത്തെ ജയില്‍ ശിക്ഷ നല്‍കി.
ലൂതറിന്റെ പ്രതിഷേധത്തിന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ചിലര്‍ അവരെ അനുകൂലിച്ചപ്പോള്‍ മറ്റു ചിലര്‍ തങ്ങള്‍ കൊറോണ വൈറസ് വ്യാപനം തടയുവാന്‍ ആവശ്യമെങ്കില്‍ തുടര്‍ന്നും വീട്ടിലിരിക്കുവാന്‍  തയ്യാറാണെന്ന് പറഞ്ഞു.
ലൂതറിന് പിന്തുണയ്ക്കുവാന്‍ ധാരാളം യാഥാസ്ഥിതികരുണ്ട്. ഇവര്‍ക്ക് ആവേശം പകരാന്‍ മുന്‍ വൈസ് പ്രസിഡന്റ് നോമിനിയും അലാസ്‌ക ഗവര്‍ണ്ണറുമായ സാറ പേലിന്‍ ഇവരെ സന്ദര്‍ശിച്ചു. ഡെമോക്രാറ്റുകളും(ജഡ്ജുമാര്‍ ഡെമോക്രാറ്റുകളാണ്) റിപ്പബ്ലിക്കനുകളും(ഗവര്‍ണ്ണര്‍ റിപ്പബ്ലിക്കനാണ്) ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍  അതിരുവിട്ട് പോകുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

ലൂതറിനെ അറിയാവുന്നവര്‍ അവര്‍ ഒരു രാഷ്ട്രീയ വിപ്ലവകാരിയോ യശപ്രാര്‍ത്ഥിയോ അല്ല എന്ന് പറഞ്ഞു. പ്രതിജ്ഞാബദ്ധയായ ഒരമ്മ, ഒരു മൃഗസ്‌നേഹി, ജനക്കൂട്ടത്തെ സംഗീത്തില്‍ ആറാടിക്കുന്ന ഒരു കലാകാരി എന്നാണ് അവരുടെ ബോയ്ഫ്രണ്ടായ ടിം ജോര്‍ജെഫ് അവരെ വിശേഷിപ്പിക്കുന്നത്. മൃഗങ്ങളെ രക്ഷപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്യുന്ന ലൂതറിന് ആറ് കുതിരകളും മൂന്ന് ചെറിയ കുതിരകളും രണ്ട് ചെറിയ കുരങ്ങുകളുമുണ്ട്.  ഇവയെ കശാപ്പുകാരുടെ കൈകളില്‍ നിന്ന് രക്ഷിച്ചാണ് ലൂതര്‍ ഏറ്റെടുത്തത്. സംഗീതത്തിലൂടെയാണ് താന്‍ ലൂതറിനെ പരിചയപ്പെട്ടതെന്നും ജോര്‍ ജെഫ് പറഞ്ഞു. ഇരുവരും ഇപ്പോള്‍ പൈലറ്റ് പോയിന്റില്‍ ലൂതറിന്റെ രണ്ടാമത്തെ മകള്‍(17), ജോര്‍ജെഫിന്റെ 10 വയസ്സുള്ള മകന്‍ എന്നിവര്‍ക്കൊപ്പം കഴിയുന്നു. ലൂതറിന്റെ മൂത്തമകള്‍ വേറെയാണ് താമസം. ലൂതറിന് രണ്ട് മുന്‍ ഭര്‍ത്താക്കന്മാരുണ്ട്.

രണ്ട് മാസമായി മോര്‍ട്ട്‌ഗേജ് പേമന്റ് നല്‍കിയിട്ടില്ലെന്നും ലൂര്‍ സലോണ്‍ തുറന്നില്ലെങ്കില്‍ മെയ്മാസത്തെ വാടകയും മുടങ്ങുമെന്ന് ജോര്‍ജെഫ് പറഞ്ഞു. തന്റെ സ്ഥാപനം തുറക്കുന്നതിനെകുറിച്ച് ലൂതര്‍ പരസ്യമായി പ്രതികരിച്ചതിന് ശേഷമാണ് ഓപ്പണ്‍ ടെക്‌സസ് പ്രസ്ഥാനം അവരെ സമീപിച്ചതെന്ന് ജോര്‍ ജെഫ് വെളിപ്പെടുത്തി.
അത്യാവശ്യ സര്‍വീസുകളില്‍പെടുന്നയവല്ല എന്ന കാരണത്താലാണ് മാര്‍ച്ച് അവസാനം വരെ സലോണ്‍ അത്‌പോലെയുള്ള മറ്റ് സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ ഉത്തരവായത്. ഏപ്രില്‍ 24ന് വീണ്ടും തുറന്ന സ്ഥാപനം ലൂതര്‍ക്ക് ജഡ്ജ് മോയേ ഏപ്രില്‍ 28ന് റിസ്‌ട്രെയിനിംഗ് ഓര്‍ഡര്‍ നല്‍കുന്നതുവരെ പ്രവര്‍ത്തിക്കുക ആയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക