Image

ദൈവത്തിന്റെ പൂന്തോട്ടം- (കവിത: മാര്‍ഗരറ്റ് ജോസഫ് )

മാര്‍ഗരറ്റ് ജോസഫ് Published on 08 May, 2020
 ദൈവത്തിന്റെ പൂന്തോട്ടം- (കവിത: മാര്‍ഗരറ്റ് ജോസഫ് )
എത്ര പവിത്രം, മനോജ്ഞം, മഹത്തരം!
ദൈവമേ,  അങ്ങേ പൂന്തോട്ടം;
ആത്മ സൂനങ്ങളെമ്പാടും, നിരന്തരം-
മറ്റൊലിക്കൊള്ളുന്നു സ്‌തോത്രഗീതം;
ചുറ്റുമയയ്ക്കുന്നു താന്‍ തിരു നേത്രങ്ങള്‍,
ആരുമില്ലാത്തൊരിടം കണ്ടു,
അക്ഷണം ഭൂവിലേയ്ക്കായി നോട്ടം,
അമ്പേ തളര്‍ന്ന മുഖമങ്ങ്.
ദുര്‍ഘടമാം വഴി, കുന്നും മലകളും,
 ദുഷ്‌ക്കരമത്രെ യാത്രയതില്‍;
സര്‍വജ്ഞനെത്തിയരുമതന്‍ ചാരത്ത്,
ദുഃഖങ്ങളൊക്കെയകറ്റിടുന്നോന്‍;
പാതിയടഞ്ഞ കണ്‍പോളകള്‍ കൂട്ടി-
ഓതി 'നിനക്ക് സമാധാനം';
കെട്ടിപ്പിടിച്ചു കരുണക്കരങ്ങളാല്‍,
പെട്ടെന്ന് വിശ്രമതീരത്തായ്;
ഉദ്യാനപാലകനേറ്റെടുക്കുന്നവ-
എല്ലാം മേല്‍ത്തരം മാത്രമല്ലെ?
നിന്‍ വിരഹത്താലേറ്റം തകര്‍ന്നവര്‍-
പ്രിയപ്പെട്ടവരെന്നാലും,
ഏകാന്തയാത്രികനല്ല, നീയോര്‍ക്കുക-
എ്ത്ര ഹൃദയങ്ങള്‍ കൂടെയുണ്ട്?
നിത്യഭവനത്തിലെത്തുന്ന നാള്‍ മുതല്‍,
പ്രത്യാശയോടെ മന്നിടത്തില്‍,
ആത്മശാന്തിക്കായ് നിരന്തരം പൂജകള്‍,
അര്‍പ്പണം ചെയ്ത സ്‌നേഹപൂര്‍വ്വം,
സ്വന്തബന്ധങ്ങളുതിര്‍ക്കുന്ന സ്പന്ദങ്ങള്‍,
ശാന്തിമന്ത്രങ്ങളായ്ത്തീരട്ടെ;
ദിവ്യപൂജാവനം തന്നില്‍നിന്നാരെയും,
ആനയിച്ചിടുമരുപീകളേ,
സാന്ത്വനതീരമണയുന്നവര്‍ക്കായി,
സ്വാഗതഗാഥകള്‍ പാടുകില്ലെ?
കാണാമറയത്ത് മുമ്പേ പറന്നവര്‍,
കാത്തിരിക്കുന്നുവോഗൂഢമായി;
ആദ്യന്തമില്ലാത്തൊരപ്പരിവേഷ
സ്വീകരിച്ചീടുവാന്‍ മറ്റാര്?

 ദൈവത്തിന്റെ പൂന്തോട്ടം- (കവിത: മാര്‍ഗരറ്റ് ജോസഫ് )
Join WhatsApp News
Sayyid sahal 2021-02-19 19:01:06
Nice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക