Image

കോവിഡ് ദുരിതകാലത്ത് കിഴക്കന്‍ പ്രവിശ്യയില്‍ സജീവ സേവനപ്രവര്‍ത്തനങ്ങളുമായി നവയുഗം സാംസ്‌ക്കാരികവേദി

Published on 08 May, 2020
കോവിഡ് ദുരിതകാലത്ത് കിഴക്കന്‍ പ്രവിശ്യയില്‍ സജീവ സേവനപ്രവര്‍ത്തനങ്ങളുമായി നവയുഗം സാംസ്‌ക്കാരികവേദി
ദമ്മാം: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍, കോവിഡ് 19 രോഗബാധ മൂലം പ്രയാസമനുഭവിയ്ക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി നവയുഗം സാംസ്‌ക്കാരികവേദിയുടെ വിവിധ  സാമൂഹ്യസേവന, സാംസ്‌ക്കാരിക, വിദ്യാഭാസ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നേറുന്നു. ദമ്മാം, കോബാര്‍, അല്‍ഹസ്സ, ജുബൈല്‍ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് നവയുഗം സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

കൊറോണ ബാധ മൂലം സൗദി സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിയ്ക്കുന്നതിന് മുന്‍പ് തന്നെ, കോവിഡ് 19 ടാസ്‌ക്ക് ഫോഴ്സ്  രൂപീകരിച്ചു കൊണ്ടാണ് നവയുഗം സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.അപ്പോള്‍ മുതല്‍ തന്നെ, സാമ്പത്തിക പ്രതിസന്ധിയില്‍ കഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഭക്ഷണസാധനങ്ങളുടെ കിറ്റുകള്‍ നല്‍കിയും, രോഗികളായവര്‍ക്ക് മരുന്നുകള്‍ എത്തിച്ചും, മറ്റു തൊഴിലാളികള്‍ക്ക് മാസ്‌ക്കുകള്‍ അടക്കമുള്ള ജീവന്‍സുരക്ഷാ ഉപകരണങ്ങള്‍ എത്തിച്ചും, യാത്രാസൗകര്യം ആവശ്യമുള്ളവര്‍ക്ക് അതിനു സൗകര്യം ഒരുക്കിയും നവയുഗം വോളന്റീര്‍മാര്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിന്റെയും, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബുകുമാറിന്റെയും, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്റെയും  നേതൃത്വത്തിലുള്ള വെല്‍ഫെയര്‍ കമ്മിറ്റിയാണ് കോവിഡ് 19 ടാസ്‌ക്ക് ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുന്നത്. നൂറുകണക്കിന് പ്രവാസികള്‍ക്ക് സഹായമെത്തിയ്ക്കാന്‍ നവയുഗം വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സാമൂഹ്യഒത്തുചേരല്‍ അസാധ്യമായ ഈ കാലത്ത്, ആധുനിക ശാസ്ത്ര സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് നവയുഗം കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യമേഖലയില്‍ സജീവമായി ഇടപെടുന്നത്. സൂം ആപ്പ് ഉപയോഗിച്ചുള്ള വിവിധ ഓണ്‍ലൈന്‍ സംഘടന മീറ്റിങ്ങുകളും, സാംസ്‌ക്കാരിക പരിപാടികളും നവയുഗം സംഘടിപ്പിയ്ക്കുന്നു. നവയുഗം കുടുംബവേദി, വനിതാവേദി, ബാലവേദി, വായനവേദി, കലാവേദി എന്നിവയും സജീവമായ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളുമായി പ്രവാസലോകവുമായി സംവദിയ്ക്കുന്നു. നവയുഗം ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ വിതരണം ചെയ്തും, വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഡിജിറ്റല്‍ പുസ്തകങ്ങള്‍ ലഭ്യമാക്കിയും, ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചും, പ്രശസ്ത വ്യക്തിത്വങ്ങളുടെയും, കലാകാരന്മാരുടെയും ഫേസ്ബുക്ക് ലൈവുകള്‍ സംഘടിപ്പിച്ചും, കര്‍ഫ്യുവിന്റെ മടുപ്പിനെ മറികടക്കാന്‍ പ്രവാസികളെയും കുടുംബങ്ങളെയും സഹായിയ്ക്കുന്ന വൈവിധ്യമായ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചു വരുന്നത്. നവയുഗം ബാലവേദി സംഘടിപ്പിച്ചു വരുന്ന, പ്രവാസി കുട്ടികളുടെ കലാവാസനയും, സര്‍ഗ്ഗശേഷിയും മാറ്റുരയ്ക്കുന്ന ബാലസര്‍ഗ്ഗോത്സവം-2020 എന്ന ഓണ്‍ലൈന്‍ കലോത്സവം പ്രത്യേകം ശ്രദ്ധേയമാണ്.

സൗദിയിലെ ഇന്ത്യന്‍ എംബസ്സി വോളന്റീര്‍ ഗ്രൂപ്പിന്റെയും,  നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കിന്റെയും പ്രവര്‍ത്തനങ്ങളിലും നവയുഗം വോളന്റീര്‍മാര്‍ സജീവമായി പങ്കാളിത്തം വഹിയ്ക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക