Image

നിമിഷങ്ങൾ കൊണ്ട് മാറിമറിഞ്ഞ ജീവിതം (ബിനു ചിലമ്പത്ത് സൗത്ത് ഫ്ലോറിഡ)

Published on 07 May, 2020
നിമിഷങ്ങൾ കൊണ്ട് മാറിമറിഞ്ഞ ജീവിതം (ബിനു ചിലമ്പത്ത് സൗത്ത് ഫ്ലോറിഡ)
എന്ത് പെട്ടെന്നാണ് ലോകം മാറിമറിഞ്ഞത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കൊറോണ/കോവിഡ് 19 എന്നിങ്ങനെ ഒരേ അർത്ഥമുള്ള രണ്ടു വാക്കുകൾ മാറി മാറി നമ്മുടെ കാതിൽ, നോട്ടങ്ങളിൽ  എത്രയോ തവണ വന്നു പതിഞ്ഞിരിക്കുന്നു. വളരെ ഭീതിജനകമായ ഒരു വാക്കായി കോവിഡ് -19   ലോകത്തെ തന്നെ കീഴടക്കിയിരിക്കുന്നു. പണ്ടൊക്കെ ഇത്തരം ഒരു പകർച്ചവ്യാധി ചില സ്ഥലങ്ങളുടെ മാത്രം വാർത്തകളായി വന്നിരുന്നു എങ്കിൽ ഇന്നത് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. ലോകം മുഴുവൻ ആയിരങ്ങൾ മരിച്ചു വീഴുന്നു. നമ്മുടെ അടുത്ത സുഹൃത്തുക്കളും നമ്മെ വിട്ടു പോയിരിക്കുന്നു. ഈ സാഹചര്യത്തെ എങ്ങനെ വിലയിരുത്തണം എന്നു പോലും നിശ്ചയമില്ല.

പണ്ട് ചെറുപ്പത്തിൽ മാതാപിതാക്കൾ  വസൂരിക്കഥകൾ പറഞ്ഞു തന്നത് ഇപ്പോൾ ഓർമ്മിക്കുന്നുവെങ്കിലും ഇത്രത്തോളം ഭീകരമായിരിക്കും ഒരു മഹാമാരിയുടെ അവസ്ഥ എന്ന് ചിന്തിച്ചിട്ടില്ല. നാട്ടിൽ നിന്നും ബന്ധുക്കളും കൂടെ പഠിച്ചവരും, നാട്ടുകാരുമൊക്കെ ഫോണിലും വാട്സ് ആപിലുമൊക്കെ നമ്മെ അന്വേഷിക്കുന്നു. കോവിഡിന് മരുന്ന് കണ്ടു പിടിച്ചിട്ടില്ലങ്കിലും "ഇഞ്ചിയും വെളുത്തുള്ളിയും മഞ്ഞളും തേനും നാരങ്ങാ നീരുമൊക്കെ ചേർത്ത് കഴിക്കൂ രോഗ പ്രതിരോധശേഷി കിട്ടട്ടെ " എന്നൊക്കെയുള്ള വാക്കുകൾ മനസിനും ശരീരത്തിനും തെല്ലെന്നുമല്ല സന്തോഷം പകരുന്നത്. സത്യത്തിൽ വലിയ ആശ്വാസമാണ് ആ ഫോൺ കോളുകളും സന്ദേശങ്ങളും നൽകുന്നത് എന്ന് പറയാതെ വയ്യ .

രാവിലെ ആശുപത്രിയിലേക്ക് (front liner അല്ലെങ്കിലും) പോകാനിറങ്ങുമ്പോൾ ഗരാജിൽ ഫോണിൽ ഭർത്താവ് കൂട്ടുകാരുമായി രാഷ്ട്രീയം പറയുന്നതിന് പകരം ഐ.സി.യുവിൻ്റെ കാര്യവും ജോലിത്തിരക്കിനെപറ്റിയും ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്തതിനെ പറ്റിയും പറയുന്നത് കേൾക്കാം. proning  ചെയ്ത് നടുവിനൊക്കെ ബുദ്ധിമുട്ടായി എന്ന് പറയുമെങ്കിലും front Iine respiratory therapist ആയി ജോലി ചെയ്യുന്ന അദ്ദേഹം ഇടയ്ക്ക് പറയും, "നമ്മുടെ മാതാപിതാക്കൾ ആണെന്ന് വിചാരിക്കും. അപ്പോൾ അവർക്ക് ഒരു കരുതൽ ഫീൽ ചെയ്യുമല്ലോ. എനിക്കും ഒരു സന്തോഷം "
ഹോസ്പിറ്റലിലെ ഇൻറർ കോമിലൂടെ code blue 19 എന്ന അനൗൺസ്മെൻ്റ് കേൾക്കുമ്പോഴുള്ള നെടുവീർപ്പും, നഷ്ടബോധവും code happy എന്ന് കേൾക്കുമ്പോഴുള്ള ആഹ്ളാദവും ഒക്കെ ജീവിതത്തിൻ്റെ നിത്യ വിശേഷങ്ങളായി മാറിയിരിക്കുന്നു.

മകളും അനുജത്തിയുമൊക്കെ കോവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരാണ്. മുൻ നിരയിൽ നിന്ന് ജോലി കഴിഞ്ഞ് അവർ അവരുടെ വിശേഷങ്ങളും, രോഗിയെ ഡിസ്ചാർജു ചെയ്യുവാൻ സാധിച്ച സന്തോഷവും രോഗികളുടെ കുടുംബങ്ങളോട് വീഡിയോ കോളുകളിലൂടെ ഗുഡ് ബൈ പറയിക്കേണ്ടി വന്നതിലുള്ള നിരാശയുമൊക്കെ ദിവസങ്ങളെ ആഴ്ച്ചകളാക്കി, മാസങ്ങളാക്കി മുൻപോട്ടു കൊണ്ടു പോകുന്നു.

ഇത് ലോകം മുഴുവൻ നടക്കുന്ന ഒരു വലിയ പ്രക്രിയയായി തുടരുമ്പോൾ ആരോഗ്യ പ്രവർത്തകർ നടത്തുന്ന മൂല്യവത്തായ പ്രവർത്തനങ്ങളെയും, അവരുടെ മഹാമനസ്കതയെയും നൈറ്റിംഗ് ഗേലിനെ പോലെ തന്നെ സ്മരണീയമാക്കുന്നു. ലോകത്താകമാനം ആയിരങ്ങൾ കോവിഡ് രോഗത്താൽ മരണപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അമേരിക്കൻ മലയാളികളെ സംബന്ധിച്ച് ഈ രണ്ടു മാസങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ എഴുതി ചേർക്കപ്പെട്ട ദിനങ്ങളാണ്.

ഒട്ടനവധി  മലയാളികൾ കോവിഡ് രോഗ ബാധയെ തുടർന്ന് നമ്മെ വിട്ടു പോയിരിക്കുന്നു. കൊച്ചു കുട്ടി മുതൽ മുതുമുത്തച്ഛൻ മാർവരെ ആ വിഭാഗങ്ങളിൽ പെടുന്നു. എന്തെന്ത് പ്രതീക്ഷയോടെ ജീവിതം തള്ളിനീക്കിയ പലരും ഇപ്പോൾ നമ്മോടൊപ്പമില്ല. രംഗബോധമില്ലാത്ത കോമാളിയാണ് മരണം എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളുവെങ്കിലും അത് അനുഭവത്തിൽ വന്നു ചേർന്ന കാലം കൂടിയാണ് കോവിഡ് 19 നമുക്ക് നൽകിയത് എന്ന് തീരാത്ത വേദനയോടെ തന്നെ കുറിക്കേണ്ടി വരുന്നു.

ജീവൻ്റെ ചൂടു നഷ്ടപ്പെട്ട് മരവിച്ച ശരീരങ്ങൾ ഉറ്റവരുടെ അന്ത്യചുംബനങ്ങൾ പോലും ഏറ്റുവാങ്ങാനാവാതെ ഭൗതികത നഷ്ടപ്പെടുമ്പോഴും മനസ് പറയുന്നു.

"ഇതൊരു തിരിച്ചറിവാണ് ... Wake up call ആണ് ..... ജീവിതം ഏറെ നന്മയോടെ... മൂല്യങ്ങളോടെ വീണ്ടും തുടരും...
  

നിമിഷങ്ങൾ കൊണ്ട് മാറിമറിഞ്ഞ ജീവിതം (ബിനു ചിലമ്പത്ത് സൗത്ത് ഫ്ലോറിഡ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക