Image

മനുഷ്യ രാശി പരിണാമത്തിന്റെ വക്കിലോ? (ഡോ. ഗംഗ. എസ്)

Published on 07 May, 2020
മനുഷ്യ രാശി പരിണാമത്തിന്റെ വക്കിലോ? (ഡോ. ഗംഗ. എസ്)
ഹേർഡ് (herd) ഇമ്മ്യൂണിറ്റി ആണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന വിഷയം. നീണ്ട ലോക്ക് ഡൗൺ ഒരു ശാശ്വത പരിഹാരം അല്ലല്ലോ.

വാക്സിൻ കൊണ്ടോ അല്ലെങ്കിൽ കൊവിഡ് വന്നു സുഖപ്പെട്ടു ഹേർഡ് ഇമ്മ്യൂണിറ്റി സമൂഹത്തിൽ ഉണ്ടാക്കിയെടുത്തു കൊണ്ടോ മാത്രമേ ഈ മാരണ വൈറസിൽ നിന്ന് രക്ഷയുള്ളു.

ഹേർഡ് ഇമ്മ്യൂണിറ്റിയുടെ പിറകെ പോകാൻ ചില യൂറോപ്യൻ രാജ്യങ്ങൾ തയ്യാറെടുത്തു കൊണ്ടിരിയ്ക്കുന്നു . അതിന് കാരണം വാക്സിൻ സംഭവം ഉടനെ നടക്കുന്ന കാര്യമല്ല എന്നതാണ്.

വാക്സിൻ വരും വരെ ലോകം ലോക്ക് ഡൗണിൽ ആയാൽ പട്ടിണി കൊണ്ട് കൊവിഡിനെ കൊണ്ട് ഉള്ളതിനെക്കാൾ ആൾക്കാർ മരിയ്ക്കാൻ സാധ്യത ഉണ്ട്.

വാക്സിൻ കണ്ടുപിടിയ്ക്കാൻ ഒന്നോ രണ്ടോ വർഷം ചിലപ്പോൾ എടുത്തേക്കാം എന്നും ചിലപ്പോൾ വാക്സിൻ സാധ്യമേ അല്ല എന്നും വിവിധ അഭിപ്രായങ്ങൾ ഉണ്ട്. എന്തായാലും ഒന്ന് കണ്ടു പിടിയ്ക്കണമെങ്കിൽ മാസങ്ങൾ എടുക്കും എന്നത് ഏറെക്കുറെ തീർച്ചയായി.

ഉറപ്പില്ല നാളെ ഏതെങ്കിലും രാജ്യം വാക്സിൻ കണ്ടു പിടിച്ചു കൂടെന്നില്ല.

അത് വരെ ബ്രേക്ക് ദി ചെയിനിന്റെ ഭാഗം ആയി ലോക്ക് ഡൗൺ മാസങ്ങളോളം നീട്ടുക പ്രായോഗികം അല്ല.

അപ്പോൾ പിന്നെ ഹേർഡ് ഇമ്മ്യൂണിറ്റി ആവാം എന്നാണ് രാജ്യങ്ങൾ ചിന്തിയ്ക്കുന്നത്. ഇന്ത്യയും ചിന്തിയ്ക്കേണ്ടി വരും. അല്ലാതെ മറ്റൊരു വഴിയില്ല. .

അതിന് പ്രതിരോധ ശേഷി കുറഞ്ഞ ആൾക്കാരെ മാറ്റി സംരക്ഷിച്ചു കൊണ്ട് (റിവേഴ്‌സ് ക്വാറന്റൈൻ ) ആരോഗ്യമുള്ള ചെറുപ്പക്കാർ സമൂഹത്തിൽ ഇറങ്ങി ഇടപഴകണം. തൊഴിലിൽ തുടരണം.

അങ്ങനെ സാവധാനം ഹേർഡ് ഇമ്മ്യൂണിറ്റി ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം ബൈ പ്രോഡക്ട് ആയി സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറ്റവും.

പക്ഷേ,
മറ്റ് രാജ്യങ്ങളെപ്പോലെ അല്ല ഇന്ത്യ. ജനസംഖ്യ ചൈനയ്ക്ക് ഏകദേശം ഒപ്പം ആണെങ്കിലും വിസ്തൃതിയുടെ കാര്യത്തിൽ ചൈനയ്ക്ക് ഇന്ത്യയെക്കാൾ മൂന്നിരട്ടി വലിപ്പം ഉണ്ട്.

ജനസാന്ദ്രത നമുക്ക് കൂടുതൽ ആണ്. അതായത് ചൈനയിൽ ഒരാൾ നിൽക്കുന്ന സ്ഥലത്ത് ഇന്ത്യയിൽ മൂന്നു പേർ നിൽക്കുന്നു.

വെറും 34 കോടി ജനങ്ങൾ ഉള്ള യൂ എസ് നും ഇന്ത്യയെക്കാൾ മൂന്നിരട്ടി വലിപ്പം ഉണ്ട്.

( ജനസംഖ്യ നിയന്ത്രണം അപ്പോഴും നമ്മുടെ സർക്കാരുകളുടെ അജണ്ടകളിൽ ഇല്ല.)

ചിലപ്പോൾ അതാവും കൊറോണ നമുക്ക് തരുന്ന ഏറ്റവും വലിയ വെല്ലുവിളി.

ശരിക്കും പറഞ്ഞാൽ വരും മാസങ്ങളിൽ ഇന്ത്യ കൊവിഡിനെ അതിജീവിയ്ക്കാൻ കഠിനമായി പ്രയത്നിയ്ക്കേണ്ടി വരും.

ഇന്നത്തെ കണക്ക് വച്ചു നോക്കിയാൽ രോഗം ബാധിച്ചവരുടെ എണ്ണം 53000 കഴിഞ്ഞു. ടെസ്റ്റുകൾ വച്ചുള്ള കണക്ക് ആണ്. യഥാർത്ഥ സംഖ്യ ഇതിലും വളരെ കൂടുതൽ ആവും. പക്ഷേ ഇത്രയും വലിയ ജനസംഖ്യ ഉള്ള രാജ്യത്ത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചു അത് തുലോം കുറവ് തന്നെ ആണ്.

ഹേർഡ് ഇമ്മ്യൂണിറ്റി കിട്ടണമെങ്കിൽ ജനതയുടെ 60-80% ആൾക്കാർക്ക് എങ്കിലും കോവിഡ് വരണം. സുഖപ്പെടണം.
അതായത് ഏകദേശം 100 കോടി ആൾക്കാർക്ക് അസുഖം വന്നു പോകണം.

ഇന്ത്യ പോലൊരു രാജ്യത്ത് അത് പ്രായോഗികം ആണോ?

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു ദരിദ്ര രാജ്യത്ത് അങ്ങനെ ഒന്നുണ്ടായാൽ മരണ നിരക്ക് വളരെ വളരെ കൂടുതൽ ആയിരിയ്ക്കും.( ഇപ്പോൾ 1700 നടുത്തു മാത്രമേ ഉള്ളൂ. )

അതെന്ത് കൊണ്ട്?
നമ്മുടെ ജനസംഖ്യയിൽ 40% 60 മേൽ പ്രായം ഉള്ളവർ ആണ്.

അതിനർത്ഥം ജനസംഖ്യയിൽ പാതിയിൽ കൂടുതൽ ആൾക്കാർ ചെറുപ്പക്കാർ ആണെന്ന്. അവർക്ക് റിസ്ക് കുറവ് ആണല്ലോ.

എന്നാലും,
ചെറുപ്പക്കാർ സമാധാനിയ്ക്കാൻ വരട്ടെ.

കൊവിഡ് പൂർണ്ണ ആരോഗ്യമുള്ള ചെറുപ്പക്കാർക്കേ പ്രശ്നം ഇല്ലാതുള്ളൂ. നമ്മുടെ ചെറുപ്പക്കാരിൽ ജീവിത ശൈലി രോഗങ്ങൾ ആയ രക്ത സമ്മർദ്ദം, പ്രമേഹം, കൂടുതൽ ആണ്. അത് പോലെ ചെറുപ്പക്കാരിൽ മൂന്നിൽ ഒരാൾ പുകയില ഉപയോഗിയ്ക്കുന്നുണ്ട്. ശ്വാസകോശ രോഗങ്ങൾ ( copd, ആസ്തമ, ) ഹൃദയ സംബന്ധ അസുഖങ്ങൾ, വൃക്ക രോഗങ്ങൾ, കാൻസർ തുടങ്ങി നമ്മുടെ നാട്ടിൽ കുറവല്ല.

കീമോ തുടങ്ങി ചികിത്സ ചെയ്യുന്നവരും പ്രതിരോധ ശേഷി കുറയ്ക്കുന്ന സ്റ്റിറോയ്ഡ് പോലുള്ള മരുന്ന് കഴിയ്ക്കുന്നവരും ധാരാളം ഉണ്ട് .കൂടാതെ ഇന്ത്യയിൽ ആകെ 2 ദശ ലക്ഷത്തിലധികം എയ്ഡ്‌സ് രോഗികൾ ഉണ്ട്. അതിൽ ഭൂരിഭാഗവും ചെറുപ്പക്കാർ ആണ്.

അതായത് മറ്റ് അസുഖങ്ങൾ ( co morbidities ) ഉള്ളവരും റിസ്ക് ഫാക്റ്റേർസും ഉള്ള സാഹചര്യത്തിൽ, ചെറുപ്പക്കാർ ആയത് കൊണ്ട് മാത്രം അവർക്ക് കോവിഡ് സുരക്ഷിതമായി വന്നു പോകുമെന്ന് ഉറപ്പില്ല.

ആശുപത്രികൾ, കിടക്കകൾ, വെന്റിലേറ്ററുകൾ തുടങ്ങി സൗകര്യങ്ങൾ ജനസംഖ്യനുപാതത്തിൽ ഇല്ലാത്തതും നമുക്ക് വെല്ലുവിളി ആണ് .

കൂട്ടുകുടുംബ വ്യവസ്ഥയുള്ളതും, ഇന്ത്യൻ കൾച്ചറിന്റെ പ്രത്യേകത കൊണ്ടും, തിങ്ങി ഞെരുങ്ങി പാർക്കുന്നത് കൊണ്ടും ഒന്നിൽ കൂടുതൽ ശുചിമുറിയോ ശൗചാലയമോ മിക്കവാറും വീടുകളിൽ ഇല്ലാത്തതും റിസ്ക് ഗ്രൂപ്പ് ആയവരെ മാറ്റി പാർപ്പിയ്ക്കാൻ തക്ക സാഹചര്യം ഇല്ലെന്ന് തന്നെ പറയാം.
70 -80 വയസിലും അധ്വാനിച്ചു കുടുംബം പോറ്റുന്ന ആൾക്കാരുടെ കൂടി നാടാണ് നമ്മുടേത്. മറ്റ് വൻകിട ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത അവരെ പെട്ടെന്ന് അനശ്ചിത കാലത്തേയ്ക്ക് ക്വാറന്റൈൻ ആക്കുക എളുപ്പം അല്ല.

അത് കൊണ്ട് തന്നെ ആണ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചു നീണ്ട ലോക്ക് ഡൗണിലേയ്ക്ക് ഇന്ത്യയെ നേരത്തെ എത്തിച്ചത്.

മാസ്ക്, സാനിറ്റൈസർ, സോഷ്യൽ ഡിസ്റ്റൻസ്, കൊറോണ ടെസ്റ്റ്‌, റിവേഴ്‌സ് ക്വാറന്റൈൻ എല്ലാം ഒരുമിച്ച് ദീർഘ കാലം നടപ്പാക്കുന്നതും ഇന്ത്യയിൽ പ്രത്യേകിച്ച് മുംബൈ, ചെന്നൈ, ബാംഗ്ലൂർ പോലെ യുള്ള സിറ്റികളിൽ പ്രാവര്ത്തികം ആക്കുക വളരെ ബുദ്ധിമുട്ട് ആണ്.

ഇത്രയും ഒക്കെ കഷ്ടപ്പെട്ട് കഴിഞ്ഞ് കൊറോണ ഹേർഡ് ഇമ്മ്യൂണിറ്റി പ്രദാനം ചെയ്യാതെ വന്നാൽ -?

കൊറോണ ഒരു പുതു വൈറസ് ആക കൊണ്ട് അതിന്റെ സ്വഭാവവും ഹേർഡ് ഇമ്മ്യൂണിറ്റിയും പ്രവചനാതീതം ആണ്. കണ്ടറിയേണ്ടതാണ്.
ചിലപ്പോൾ മ്യൂട്ടേഷൻ നടത്തുന്ന വഴിയിൽ അത് സ്വയം ഭസ്മാസുരനെ പ്പോലെ സ്വന്തം ആക്രമണ രോഗ ( virulent pathogenic ) സ്വഭാവം കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്താലോ !

കൊറോണ തരുന്ന ഹേർഡ് ഇമ്മ്യൂണിറ്റി എത്ര വർഷം നീണ്ടു നിൽക്കും എന്ന് ഇപ്പോൾ പ്രവചിയ്ക്കാൻ വയ്യ.
പോളിയോ, മുണ്ടിനീര്, മണ്ണൻ ഒക്കെ തരുന്ന ഇമ്മ്യൂണിറ്റി ജീവിത കാലം മുഴുവൻ കിട്ടുന്നതാണ്.

പിന്നെ ഉള്ള പ്രശ്നം,
ഒരു സമൂഹത്തിൽ വ്യാപിക്കുന്ന കൊറോണ ഒരേ strain വൈറസ് ആണോ എന്ന് അറിയില്ല. എ ബി സി എൽ എസ് എന്നിങ്ങനെ സീരീസ് ആയി ടൈപ്പുകൾ ഉണ്ട്. അപ്പോൾ ഇമ്മ്യൂണിറ്റി എല്ലാത്തിനും കൂടി പൊതുവായി കിട്ടുമോ എന്ന് പറയാൻ പറ്റില്ല. അതായത് ഒരു തരം വൈറസിൽ, ഉദ എ നിന്ന് കിട്ടുന്ന ഇമ്മ്യൂണിറ്റി മറ്റ് തരം വൈറസുകൾക്ക് ബി സി എൽ എസ് കൂടി ബാധകം ആണോ എന്നറിയില്ല.

അത് പോലെ കൊവിഡ് ഒരാൾക്ക് ഒരിയ്ക്കൽ വന്നിട്ട് വീണ്ടും വരുന്നുണ്ട് എങ്കിൽ ഹേർഡ് ഇമ്മ്യൂണിറ്റി തത്വം ഫലിയ്ക്കുന്നില്ല എന്നാണ്.അങ്ങനെ ഹേർഡ് ഇമ്മ്യൂണിറ്റിയെ വിശ്വസിച്ചു താരതമ്യേന വെർജിൻ കമ്മ്യൂണിറ്റി (വൈറസുമായ് അധികം ഇടപഴകാത്ത സമൂഹം ) ആയ നമ്മൾക്കിടയിലേയ്ക്ക് ന്യൂ യോർക്കിലെ പോലെ കൂട്ട ആക്രമണ (massive attack) ത്തിന് കൊറോണയെ അനുവദിച്ചാൽ massacre (കൂട്ടക്കൊല ) ന് തുല്യം ആവില്ലേ .

കുറേശ്ശ ആയി നിയന്ത്രിത അളവിൽ കൊറോണ വന്നാൽ ചിലപ്പോൾ സാവകാശത്തിൽ , ഉണ്ടെന്ന് പ്രതീക്ഷിയ്ക്കുന്ന ഹേർഡ് ഇമ്മ്യൂണിറ്റിയിലേക്ക് നമ്മൾ എത്തുമായിരിയ്ക്കും.
പക്ഷേ എന്തെങ്കിലും വീഴ്ചപറ്റിയാൽ കോവിഡിന്റെ അനിയന്ത്രിതമായ തള്ളിക്കയറ്റം ഉണ്ടായാൽ കാര്യങ്ങൾ പിടി വിട്ട് പോകും.

ഫലിതം പറയാനുള്ള സന്ദർഭം അല്ലെങ്കിലും,
ഒരു നമ്പൂതിരി ഫലിതം വായിച്ചത് ഓർക്കുന്നു.
നമ്പൂതിരി കിണറ്റിലേയ്ക്ക് ഏണിയിലൂടെ പതുക്കെ ഇറങ്ങുകയാണ് പക്ഷേ കാല് തെറ്റി ആൾ കിണറ്റിൽ വീഴുന്നു.
അപ്പോൾ അദ്ദേഹം പറയുന്നു.

"ഇങ്ങോട്ടേക്ക് തന്ന്യാ പുറപ്പെട്ടത്. പക്ഷേ ഇത്ര പെട്ടെന്ന് ഇവിടെ എത്തണ്ടായിരുന്നു. "
അതെ,
ഇനിയുള്ള സമയം നിർണ്ണായകമാണ്.
മനുഷ്യ രാശി ഒരു പരിണാമത്തിന്റെ വക്കിൽ ആണോ?
Survival of the fittest. കൊള്ളാവുന്നത് മാത്രം അതിജീവിയ്ക്കുക. ബാക്കി ----??

മനുഷ്യ രാശി പരിണാമത്തിന്റെ വക്കിലോ? (ഡോ. ഗംഗ. എസ്)
Join WhatsApp News
അവസാനിക്കാത്ത പരിണാമം 2020-05-08 05:58:19
പരിണാമം ഒരു തുടർ പ്രക്രിയ ആണ്, പ്രതേകിച്ചും മനുഷരിൽ!. പരിണാമം അവസാനിച്ചാൽ, കാലക്രമേണ അ ജീവി ഇല്ലാതെ ആവും. 600000 വർഷങ്ങളിലൂടെ പല പരിണാമത്തിനു വിധേയർ ആയതു ആണ് ആധുനിക മനുഷർ, ഇതിൻ ഇടയിൽ പല നര വംശങ്ങളും നശിച്ചു. ൧൦൦൦ വർഷങ്ങൾക്കു ശേഷം മനുഷർ ഭൂമിയിൽ ഉണ്ട് എങ്കിൽ അവർ ഇന്നത്തേതിൽ നിന്നും വളരെ വ്യത്യസ്തം ആയിരിക്കും. -ചാണക്യൻ
EVOLUTION? 2020-05-08 06:03:22
Survival of the fittest is outdated. Now it is the lucky that survive. It used to be the poor always die if they get sick. Now Corona has changed that old established norm.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക